കർഷകനു കരുത്തായ നേതാവ്
Wednesday, April 10, 2019 11:29 AM IST
തിരുവനന്തപുരം: നിയമ ബിരുദം നേടി വന്ന കുഞ്ഞുമാണിച്ചനെ പിതാവ് കരിങ്ങോഴയ്ക്കൽ മാണിച്ചേട്ടൻ അയച്ചതു ബാറിലേക്കല്ല മലബാറിൽ ചേട്ടന്മാരോടൊപ്പം മണ്ണു പൊന്നാക്കാനും കൂടെ നിയമം പ്രാക്ടീസ് ചെയ്യാനുമായിരുന്നു. പാലാക്കാരൻ മാണി കോഴിക്കോട് ബാറിൽ പ്രാക്ടീസ് ചെയ്തു തുടങ്ങിയതിന്റെ കാരണം അതു കൂടിയായിരുന്നു.
1964 ൽ പിറന്ന കേരളകോണ്ഗ്രസ് 1967 ലെ ഇ.എം.എസ് മന്ത്രിസഭയുടെ കർഷക വിരുദ്ധ നീക്കങ്ങൾക്കെതിരേ പടനയിച്ചു. ഇലഞ്ഞിക്കൽ ബേബിച്ചായന്റെ (ഇ. ജോൺ ജേക്കബ്) നേതൃത്വത്തിൽ അടിയും തിരച്ചടിയും എല്ലാമായി കർഷകനു വേണ്ടി പൊരുതിയ നാളുകൾ. ആ മന്ത്രിസഭ മറിച്ചിട്ട് 1969 ൽ അച്യുതമേനോൻ മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ കേരള കോണ്ഗ്രസ് നേതാവ് കെ.എം. ജോർജും മന്ത്രിയായി. കിട്ടിയത് ആരോഗ്യവും ഗതാഗതവും വകുപ്പുകൾ മാത്രം. കർഷകർക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാനാകുമായിരുന്നില്ല ആ വകുപ്പുകൾ വച്ച്. എങ്കിലും കർഷകന്റെ പരാതികൾ സെക്രട്ടേറിയറ്റിൽ വിലയുള്ളതാവുകയായിരുന്നു.
സ്നേഹിച്ചു കൂടെക്കൂടുന്നവർക്കെല്ലാം കൊന്നുതിന്നാനാണ് കൊതി എന്നു തിരിച്ചറിഞ്ഞ പാർട്ടി 1970 ൽ പക്ഷേ അച്യുതമോനോൻ നയിച്ച മുന്നണിയിൽ ചേർന്നില്ല. രണ്ടു മുന്നണികളോട് പടവെട്ടി 133 ൽ 14 സീറ്റുമായി കേരളാ കോണ്ഗ്രസ് കരുത്തു കാട്ടി. അച്യുതമേനോൻ മന്ത്രിസഭയിലെ കൃഷി മന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ അവതരിപ്പിച്ച കർഷകത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ കർഷകവിരുദ്ധ വകുപ്പുകൾക്കെതിരേ ശക്തമായി പോരാടിക്കൊണ്ട് മാണി കർഷകരുടെ ശബ്ദമായി.
1975ൽ അടിയന്തരാവസ്ഥക്കാലത്തു മന്ത്രിസഭയിൽ എത്തിയ മാണിക്കു ധനകാര്യവകുപ്പു കിട്ടിയതോടെ കർഷകർക്കു വേണ്ടി ചെയ്യാൻ അവസരമായി. അത് അദ്ദേഹം ഒരു കർഷകന്റെ മനസോടെ നിർവഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബജറ്റുകളെ കിഴക്കു നോക്കി ബജറ്റുകൾ എന്ന് എതിരാളികൾ വിളിച്ചു രസിച്ചു. മാണി ആ ആക്ഷേപം ഒരു അഭിമാനമായി കരുതി. ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്കു വേണ്ടി 2015 മാർച്ച് 13 ന് അവതരിപ്പിച്ച വിവാദ ബജറ്റിലും അദ്ദേഹം തന്റെ പ്രിയപ്പെട്ട സമൂഹത്തെ മറന്നില്ല. റബറിന്റെ വിലയിടിവു മൂലം തളർന്ന കർഷകനു റബറിനു കിലോഗ്രാമിന് 150 രൂപ വച്ചു കൊടുക്കാൻ 300 കോടി രൂപയാണ് അദ്ദേഹം വകയിരുത്തിയത്.
കർഷക ബജറ്റ്
1976 മാർച്ച് 18 നാണു മാണിയുടെ ആദ്യത്തെ ബജറ്റ് വന്നത്. അച്യുതമേനോൻ മുഖ്യമന്ത്രി. ബജറ്റിന്റെ തലേന്നു മുഖ്യമന്ത്രിയെ ബജറ്റ് വിവരങ്ങൾ ധരിപ്പിക്കാൻ ധനമന്ത്രി എത്തി. ബജറ്റ് നിർദേശങ്ങൾ കേട്ടു. പുതിയ നികുതിയില്ല. അഭിഭാഷകർക്കു ക്ഷേമ നിധി. ഇടുക്കി ജില്ലയ്ക്ക് സിവിൽ ലൈൻസ്. ഇടുക്കിയിൽ നിന്ന് ഒഴുകിയെത്തുന്ന ജലം ഉപയോഗിച്ച് മൂവാറ്റുപുഴ- മീനച്ചിൽ റിവർവാലി പദ്ധതി. കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ആനുകൂല്യങ്ങൾ. കാർഷികാദായനികുതിയുടെ പരിധി 5000 രൂപയിൽ നിന്ന് 8000 രൂപ ആക്കി ഉയർത്തി. മാണിയുടെ ആ ബജറ്റിൽ കാർഷിക മേഖലയുടെ വിഹിതം 25.7 കോടി രൂപയായിരുന്നു. കർഷകൻ പരിഗണിക്കപ്പെടേണ്ടവനാണെന്ന് കേരളത്തോട് പറഞ്ഞ ആദ്യ ബജറ്റായിരുന്നു അത്.
കർഷകത്തൊഴിലാളി പെൻഷൻ
1980 ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണി അധികാരത്തിലെത്തി. മാണി ആയിരുന്നു ധനമന്ത്രി. 1980 മാർച്ച് 21 ന് ഇടതുമുന്നണിയുടെ ആദ്യത്തെ ബജറ്റ് വന്നു. നികുതിരഹിത ബജറ്റായിരുന്നു അതും. കിഴക്കുനോക്കി ബജറ്റു തന്നെ. കർഷകരുടെ കടങ്ങൾക്കു പലിശയിളവ്, കാർഷികാദായ നികുതിയുടെ പരിധി വർധിപ്പിക്കൽ, തോട്ടംനികുതി പരിഷ്കരണം, വിള ഇൻഷ്വറൻസ്, കന്നുകാലി ഇൻഷ്വറൻസ്, കരിന്പുവിലയിൽ വർധന. ആ ബജറ്റുമായി നായനാരെ കാണാൻ പോയി. എന്തു കേട്ടാലും നമ്മുടെ പാവം സഖാക്കൾക്ക് എന്തുകിട്ടും കുഞ്ഞുമാണീ എന്ന് ചോദിക്കാറുള്ള നായനാർക്കു വേണ്ടി ഒരു സർപ്രൈസ് മാണി ഉണ്ടാക്കിവച്ചിരുന്നു. 60 കഴിഞ്ഞ കർഷകത്തൊഴിലാളികൾക്കു സർക്കാർ പെൻഷൻ.
ഇന്ത്യയിൽ ആദ്യത്തെ സംഭവമായിരുന്നു അത്. സർക്കാർ പണം എടുത്തു തൊഴിലാളികൾക്കു കൊടുക്കുന്നു എന്ന രൂക്ഷമായ വിമർശനം ഉണ്ടായി. നായനാർ തന്നെ ധനമന്ത്രിയെ പ്രതിരോധിച്ചു.
1981 മാർച്ച് 20 ന് നായനാർ സർക്കാരിനുവേണ്ടി രണ്ടാമത്തെ ബജറ്റും അവതരിപ്പിച്ചു. കാർഷികാദായ നികുതിയുടെ പരിധി ഉയർത്തി. പച്ചക്കപ്പ, ഇഞ്ചി എന്നിവയ്ക്കു നികുതി ഇല്ലാതാക്കി. വളത്തിന്റെ വില്പന നികുതി ഒഴിവാക്കി. കാർഷികകടങ്ങളുടെ പലിശ കുറച്ചു. അങ്ങനെ കാർഷിക മേഖലയുടെ മുഖം തലോടിയാണ് അദ്ദേഹം ആ ബജറ്റും തയാറാക്കിയത്.
1982 ജൂലൈ രണ്ടിനായിരുന്നു കരുണാകരൻ സർക്കാരിനു വേണ്ടിയുള്ള ആദ്യ ബജറ്റ്. കുട്ടനാട്ടിലും തൃശൂരിലും നെൽകർഷകർക്കു രണ്ടാംകൃഷിക്കും സബ്സിഡി. കാർഷികാദായ നികുതിയുടെ പരിധി കൂട്ടി.
1983 മാർച്ച് 18 ന് അവതരിപ്പിച്ച രണ്ടാം ബജറ്റ് വരൾച്ച മൂലം തകർന്ന കർഷകർക്കു സാന്ത്വനമായി. വരൾച്ച ബാധി മേഖലയിലെല്ലാം മോറട്ടോറിയം വന്നു.
കമ്മിയോ മിച്ചമോ?
കരുണാകരനും മാണിയും തമ്മിൽ ഉടക്കായി. കരുണാകരൻ നിർദേശിക്കുന്ന ചെലവുകൾക്കെല്ലാം പണം കൊടുക്കില്ലെന്നായി. ഈ പശ്ചാത്തലത്തിലാണ് 1984 മാർച്ച് 17 ന് മാണിയുടെ അടുത്ത ബജറ്റ് വരുന്നത്. മാണിയിൽ നിന്നു ധനവകുപ്പു മാറ്റാൻ കരുണാകരൻ ചരടുവലിക്കുന്ന കാലമായിരുന്നു അത്. മാണി പതിവുപോലെ കാർഷിക കടാശ്വാസവും വെള്ളംവറ്റിക്കാൻ സബ്സിഡിയും എല്ലാം പ്രഖ്യാപിച്ചു. പട്ടയവിതരണം സമയബന്ധിതമായി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
മാണിയുടെ ബജറ്റ് കളവാണെന്ന വാദവുമായി കോണ്ഗ്രസിന്റെ ആസ്ഥാന സാന്പത്തിക വിദഗ്ധൻ ഗോപാലകൃഷ്ണൻ രംഗത്തുവന്നു. കണക്കുകൾ ശരിയല്ല, മാണി അവകാശപ്പെടുന്നതുപോലെ സംസ്ഥാനത്തു മിച്ചം ഇല്ല എന്നെല്ലാമായി തർക്കം. കേന്ദ്ര മന്ത്രി മക്വാനയും രംഗത്തുവന്നു. കരുണാകരൻ രണ്ടുകൂട്ടത്തിലും കൂടി. മാണി പറഞ്ഞതും ശരി, മക്വാന പറഞ്ഞതും ശരി എന്നു കരുണാകരൻ പറഞ്ഞു. വിവാദം കത്തിനിൽക്കെ കരുണാകരൻ മാണിയിൽ നിന്നു ധനവകുപ്പ് ഏറ്റെടുത്തു. പകരം വന്ന ധനമന്ത്രി തച്ചടി നിയമസഭയിൽ പറഞ്ഞ കണക്കനുസരിച്ച് മാണിയായിരുന്നു ശരി എന്നു ലോകം കണ്ടു.
കർഷക പെൻഷൻ
മാണി വീണ്ടും ധനമന്ത്രി ആകുന്നത് 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ്. ആ മന്ത്രിസഭയ്ക്കുവേണ്ടി 2011 ജൂലൈ എട്ടിന് അവതരിപ്പിച്ച ബജറ്റിൽ മാണി ചിരകാല സ്വപ്നമായ കർഷക പെൻഷൻ പ്രഖ്യാപിച്ചു. പാവപ്പെട്ട രോഗികൾക്കു വേണ്ടിയുള്ള കാരുണ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാ ജില്ലയിലും ഡയാലിസിസ് സെന്ററുകൾ, ഇടുക്കിയിലും പത്തനംതിട്ടയിലും മലപ്പുറത്തും മെഡിക്കൽ കോളജുകൾ, മലയോര വികസന അഥോറിട്ടി, പത്താം ക്ലാസു വരെ ഉച്ച ഭക്ഷണം, ഭൂപരിഷ്കരണ നിയമത്തിൽ നിന്നു കശുമാവിൻതോട്ടങ്ങളെ ഒഴിവാക്കൽ തുടങ്ങിയ പരിപാടികളും പ്രഖ്യാപിച്ചു. 2012 മാർച്ച് 20 ന് അവതരിപ്പിച്ച രണ്ടാമത്തെ ബജറ്റിൽ ഹൈടെക് കൃഷി യുടെ വ്യാപനം, മുല്ലപ്പെരിയാറിനു സംരക്ഷണ അണക്കെട്ട്, പഞ്ചായത്തുതോറും ഗ്രീൻഹൗസ് തുടങ്ങിയ പദ്ധതികൾ ഉണ്ടായിരുന്നു. 2013 മാർച്ച് 15 നും 2014 ജനുവരി 25 നും അടുത്ത ബജറ്റുകൾ വന്നു. കർഷകർക്ക് ഇൻഷ്വറൻസും പട്ടയം നല്കാൻ തീവ്രപരിപാടിയും എല്ലാം അതിലുണ്ടായിരുന്നു.
കലാപത്തിനിടയിലും റബർ കർഷകൻ
മാണിയുടെ 13-ാമത് ബജറ്റ് 2015 മാർച്ച് 13 ന് അവതരിപ്പിച്ചു. മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ ഇടതു പക്ഷം നടത്തിയ എല്ലാ നീക്കവും പരാജയപ്പെട്ടു. ആ ബജറ്റിലും മാണി കർഷകനെ മറന്നില്ല. റബർ കിലോയ്ക്ക് 150 രൂപ വച്ചു വാങ്ങാനുള്ള ഏർപ്പാടുണ്ടാക്കി. അതിനായി 300 കോടി രൂപയും പ്രഖ്യാപിച്ചു. അതായിരുന്നു മാണിയുടെ അവസാനത്തെ ബജറ്റ്. അതിലും അദ്ദേഹം കർഷകരെ ഹൃദയത്തോടു ചേർത്തുപിടിച്ചു.
ടി. ദേവപ്രസാദ്