കാഷ്മീർ ബിൽ: ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ഒമർ അബ്ദുള്ള
Monday, August 5, 2019 4:25 PM IST
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. ബിൽ സംസ്ഥാനത്തെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകപക്ഷീയവും ഞെട്ടിക്കുന്നതുമായ തീരുമാനമാണ് കേന്ദ്രത്തിന്റേത്.
ഈ തീരുമാനം ദൂരവ്യാപകവും അപകടകരവുമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സുരക്ഷ വർധിപ്പിച്ചതിനു പിന്നാലെ ഞായറാഴ്ച രാത്രി ഒമർ അബ്ദുള്ളയടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. നേരത്ത, പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നായിരുന്നു ബിൽ അവതരണത്തെ മെഹബൂബ വിശേഷിപ്പിച്ചത്.