പരീക്ഷയുടെ തലേന്ന് അധികം ഉറക്കമിളച്ചിരുന്ന് പഠിക്കരുത്. നിശ്ചിത സമയത്തിനും 15 മിനിറ്റ് മുന്പ് പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശ്രമിക്കുക. ഹാൾടിക്കറ്റ്, പേനകൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ കൃത്യമായി കൊണ്ടുപോകാൻ മറക്കരുത്. പരീക്ഷാഹാളിൽ കയറുന്നതിനു തൊട്ടു മുന്പ്, വെപ്രാളപ്പെടുകയോ പുസ്തകം തുറന്നുനോക്കുകയോ ചെയ്യേണ്ടതില്ല.
സ്വസ്ഥമായ മനസോടെ വേണം പരീക്ഷാഹാളിൽ പ്രവേശിക്കുവാൻ. രജിസ്റ്റർ നന്പർ തെറ്റുകൂടാതെ, കൃത്യമായി എഴുതുക. പരീക്ഷയുടെ തുടക്കത്തിൽ ലഭ്യമാകുന്ന ’കൂൾ ഓഫ് ടൈം’ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാനും പഠിച്ചകാര്യങ്ങളും ഉത്തരങ്ങളും മനസിലേക്കു കൊണ്ടുവരുവാനും വിനിയോഗിക്കണം. നന്നായി അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതുക. ചോദ്യത്തിന്റെ നന്പർ കൃത്യമായി രേഖപ്പെടുത്തുക എന്നത് ഏറെ പ്രധാനമാണ്.
അവസാനത്തെ അഞ്ചു മിനിറ്റിൽ എഴുതിയ ഭാഗങ്ങൾ പെട്ടെന്നു വായിച്ചുനോക്കുകയും ഏതെങ്കിലും ചോദ്യങ്ങൾ വിട്ടുപോയിട്ടുണ്ടോയെന്നു പരിശോധിക്കുകയും അശ്രദ്ധമൂലം എന്തെങ്കിലും തെറ്റുവരുത്തിയിട്ടുണ്ടെങ്കിൽ തിരുത്തുകയും ചെയ്യുക.
ഐടി പരീക്ഷയിൽ, മോഡൽ പരീക്ഷയുടെ ചോദ്യശേഖരത്തിൽനിന്നുതന്നെയായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. ആ ചോദ്യങ്ങൾ നേരത്തെതന്നെ ചെയ്തു പരിശീലിക്കണം. ഐടി പ്രാക്ടിക്കൽ പരീക്ഷ ചെയ്യുന്പോൾ എല്ലാ ചോദ്യവിഭാഗങ്ങളും ഓപ്പണ് ചെയ്യാൻ മറക്കരുത്.
ഒരു വിഷയത്തിലെ പരീക്ഷ തീർന്നാൽ അതിനേക്കുറിച്ചുള്ള അമിതമായ സന്തോഷമോ, ഉത്കണ്ഠയോ ചർച്ചകളോ ഒഴിവാക്കുക. അടുത്ത പരീക്ഷയ്ക്കായി ഒരുങ്ങാൻ സമയം വിനിയോഗിക്കുക. ഓർക്കുക - പരീക്ഷ ഒരിക്കലും ഒരു പേടിസ്വപ്നമാകരുത്. മറിച്ച് ഉന്നത വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണത്. സന്തോഷത്തോടെയും ത്യാഗപൂർണമായ അധ്വാനത്തോടെയും ആത്മവിശ്വാസത്തോടെയും നമുക്കാ ചവിട്ടുപടികൾ കയറാം. വിജയാശംസകൾ..........
ബാബു ടി. ജോൺമുൻ ഹെഡ്മാസ്റ്റർ, ദേശീയ അധ്യാപക അവാർഡ് ജേതാവ്