ഹേയ എന്നറിയപ്പെടുന്ന പരിശീലനക്കളരിയിൽനിന്നാണ് ഓരോ സുമോ ഗുസ്തിക്കാരും പുറത്തുവരുന്നത്. ഭക്ഷണം മുതൽ വസ്ത്രധാരണം വരെ ഹേയയുടെ നിബന്ധനകൾക്കു വിധേയം. ചുരുങ്ങിയത് 67 കിലോഗ്രാം തൂക്കമെങ്കിലുമുള്ള 15നും 23നും ഇടയിൽ പ്രായമുള്ളവരെയാണു സുമോയിലേക്കു തെരഞ്ഞെടുക്കുക. വിദേശികൾക്കും സുമോ പഠിക്കാം. പക്ഷേ, ജപ്പാൻകാർ മാത്രമുള്ള ഹേയയിലായിരിക്കും അവർക്കു പ്രവേശനം.
രാവിലെ ആറിന് എഴുന്നേൽക്കുന്ന ഇവരുടെ പരിശീലനം 6.30ന് ആരംഭിക്കും. അഞ്ച് മണിക്കൂർ നീളുന്നതാണു പരിശീലനം. ചൻകൊ നാബ് (ജാപ്പനീസ് സ്റ്റൂ) ആണ് ഇവരുടെ മുഖ്യ ഭക്ഷണം. ഭക്ഷണത്തിനുശേഷം രണ്ടര മണിക്കൂർ ഉറക്കം. അതിനുശേഷം വീണ്ടും പരിശീലനം. രാത്രി 10 മണിയോടെ വീണ്ടും ഉറക്കത്തിലേക്ക്. ഒരു ദിവസം 10,000 കലോറിയാണ് ഇവർ ഭക്ഷണത്തിലൂടെ അകത്താക്കുന്നത്.
സുമോ ഗുസ്തിക്കാർ റിട്ടയർ ചെയ്തുകഴിയുന്പോൾ വേഗത്തിൽത്തന്നെ ശരീരം മെലിയിക്കും. കലോറികൂടുതലുള്ള ഭക്ഷണം വർജിച്ചാണിത്. ഇങ്ങനെ ശരീരത്തെ നിയന്ത്രിച്ചാലും സുമോ ഗുസ്തിക്കാരുടെ ആയുർദൈർഘ്യം 65 വയസാണ്, ശരാശരി ജാപ്പനീസ് പുരുഷന്മാരേക്കാൾ 13 വയസ് കുറവ്...
ടോക്കിയോയിൽനിന്ന് ആൻ ജോബി