11 -ാം വയസിൽ 80 കിലോയായിരുന്നു തൂക്കം. അമിതവണ്ണം കുറയ്ക്കാനായി അമ്മാവനാണ് അവനെ നിർബന്ധിച്ചു പാനിപ്പട്ടിലെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയതും സ്പോർട്സിലേക്കു തിരിച്ചുവിട്ടതും. ഇവിടെ പരിശീലനം നടത്തിക്കൊണ്ടിരുന്ന ഹരിയാനയുടെ ദേശീയതാരമായ ജയ്വീറിന്റെ (ജയ് ചൗധരി ) ത്രോകളാണു ജാവലിനിലേക്ക് ആകർഷിച്ചത്. പിന്നീടു നടന്നതെല്ലാം ചരിത്രം.
2014ൽ ആദ്യമായി 7000 രൂപയ്ക്കു സ്വന്തമായി ഒരു ജാവലിൻ വാങ്ങിയ ഈ യുവപ്രതിഭ 2016-ൽ പോളണ്ടിൽ നടന്ന അണ്ടർ -20 ലോക ചാമ്പ്യൻഷിപ്പിൽ 86.48 മീറ്റർ എറിഞ്ഞ് ജൂണിയർ ലോക റിക്കാർഡോടെ സ്വർണം നേടി. 2018 ൽ കോമൺവെൽത്ത് ഗെയിംസിലും, 88.06 മീറ്റർ എറിഞ്ഞ് ഏഷ്യൻ ഗെയിംസിലും സ്വർണം കരസ്ഥമാക്കി.
ഇന്നു ഭാരതജനത മുഴുവൻ ടോക്കിയോയിലെ ജാവലിൻ പിറ്റിലേക്കു കണ്ണുംനട്ട് പ്രാർഥനാപൂർവം കാത്തിരിക്കുകയാണ്, ഇന്ത്യൻ ആർമിയിലെ ഈ യുവ സുബേദാർ രാജ്യത്തിനായി ഒരു സ്വർണം വിരിയിക്കുന്നതും കാത്ത്.
സെബി മാളിയേക്കൽ