ഫുക്കുഷിമയിൽ വിരിഞ്ഞ സൂര്യകാന്തി, ഇവാറ്റെയിൽനിന്നുള്ള യൂസ്റ്റോമ, ജെന്റിയാന, ഫ്രില്ലി പൂക്കളാണ് ടോക്കിയോ ഒളിന്പിക്സ് പൂച്ചെണ്ടുകളിലുള്ളത്. 2011 മാർച്ചിലെ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ സ്മരണപേറുന്നതാണ് സൂര്യകാന്തി പൂക്കൾ. ആണവ വികിരണങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പൂക്കൾമാത്രമേ ഫുക്കുഷിമയിലും ഇവാറ്റെയിലും കൃഷി ചെയ്യാൻ സാധിക്കുന്നുള്ളൂ. പച്ചക്കറികളോ മറ്റോ ഈ മണ്ണിൽ വിളയുക അസാധ്യം.
ജെന്റിയാന പൂക്കളുടെ കടും നീലയാണ് ഒളിന്പിക്സിന്റെ തീം വർണം. പൂച്ചെണ്ടിലെ പൂക്കൾ 2020 ഒളിന്പിക്സിന്റെ ഭാഗ്യ ചിഹ്നമായ മിറൈറ്റോവയുമായി ബന്ധിച്ചിരിക്കുന്നത് കടും നീല നിറത്തിലുള്ള റിബണിനാൽ. മിറൈ എന്നാൽ ഭാവി എന്നും റ്റോവ എന്നാൽ നിത്യത എന്നുമാണ് അർഥം. നിത്യതയുടെ സുഗന്ധമുള്ള പൂക്കളുമായി മെഡൽ ജേതാക്കൾ അവരുടെ രാജ്യങ്ങളിലേക്ക് ജപ്പാന്റെ ഓർമകളുമായി യാത്രയായി...
ടോക്കിയോയിൽനിന്ന് ആൻ ജോബി