ടോക്കിയോയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. 2013ൽ പതിനാറാം വയസിൽ ലോക യൂത്ത് ചാന്പ്യൻഷിപ്പിലൂടെ ജാവലിൻ പോരാട്ടവേദിയിലെ ഇന്ത്യൻ മുഖമായ നീരജ്, തന്റെ ഇരുപത്തിമൂന്നാം വയസിൽ ഒളിന്പിക് സ്വർണം ഇന്ത്യക്കു സമ്മാനിച്ചു.
ഒളിന്പിക്സിൽ അഭിനവ് ബിന്ദ്രയ്ക്കു ശേഷം (2008 ബെയ്ജിംഗ് ഒളിന്പിക്സിൽ ഷൂട്ടിംഗിൽ) സ്വർണം നേടുന്ന ഏക താരമെന്ന നേട്ടവും ഇരുപത്തിമൂന്നുകാരനായ നീരജ് സ്വന്തമാക്കി.
1900ത്തിലെ പാരീസ് ഒളിന്പിക്സിൽ ബ്രിട്ടീഷ്-ഇന്ത്യക്കാരനായി ട്രാക്കിലിറങ്ങി പുരുഷ വിഭാഗം 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും വെള്ളി നേടിയ നോർമാൻ പ്രിച്ചാർഡ് മാത്രമാണ് മുന്പ് അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ മെഡൽ എത്തിച്ചത്. എന്നാൽ, യഥാർഥ ഇന്ത്യക്കാരന്റെ അത്ലറ്റിക്സിലെ ചരിത്ര സ്വർണമാണ് നീരജ് ടോക്കിയോയിൽ അണിഞ്ഞത്.