ഇത് കേരള കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ (കെസിവൈഎം) രൂപീകരണത്തിലേക്കു നയിച്ചു. സ്വാശ്രയ വിദ്യാഭ്യാസത്തിലും ആരാധനക്രമ പരിഷ്കരണത്തിലും കര്‍ശനമായ നിലപാട് സ്വീകരിച്ചു. അശരണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആശാഭവന്, സ്നേഹനിവാസ് എന്നീ സ്ഥാപനങ്ങളും മെത്രാഭിഷേക രജതജൂബിലിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ജീവകാരുണ്യനിധിയും പിതാവ് ആരംഭിച്ചു.
സീറോ മലബാര്‍ സഭാ സ്ഥിരം സിനഡ് അംഗം, ഇന്റർചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ സ്ഥാപക ചെയര്മാന്, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന്, ഇന്റര്‍ റിലിജിയസ് ഫെലോഷിപ്പ് ഫൗണ്ടേഷന്റെ സ്ഥാപക ചെയര്മാന്, സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന്, വിയന്ന കേന്ദ്രമായ എക്യുമെനിക്കല്‍ പ്രസ്ഥാനമായ പ്രോ ഓറിയന്തെ ഫൗണ്ടേഷന്റെ സ്ഥിരാംഗം, സീറോ മലബാര്‍ കമ്മീഷന് ഫോര്‍ പബ്ലിക് അഫയേഴ്സ് ചെയര്മാന് എന്നീ പദവികള്‍ വഹിച്ചു.
കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ്, യാക്കോബായ സുറിയാനി സഭകള്‍ തമ്മിലുള്ള ഡയലോഗിനുള്ള അന്താരാഷ്ട്ര കമ്മീഷന് അംഗം എന്നീ നിലകളിലും അദ്ദേഹം സഭൈക്യ ചര്‍ച്ചകളില്‍ സജീവമായിരുന്നു.
ഭാരതീയവും പൗരസ്ത്യവുമായ ക്രിസ്തീയ പൈതൃകത്തിന്റെ പരിപോഷണാര്‍ഥം ചങ്ങനാശേരി മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയ മാര്‍ത്തോമ്മാ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഏഴു ദിവസം ഔദ്യോഗിക ദുഃഖാചരണംആര്ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തെത്തുടര്‍ന്ന് അതിരൂപത ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മാര്‍ പവ്വത്തിലിനായി പ്രത്യേക പ്രാര്‍ഥന നടത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 24ന് രാവിലെ 9.30നു മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും അനുസ്മരണ സമ്മേളനത്തോടെയും ദുഃഖാചരണം സമാപിക്കും. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക, മതനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ ഭൗതികശരീരം കാണാന്‍ അവസരംചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീരം ഇന്നും നാളെയും കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലും രാവിലെ ഒന്‍പതു മുതല്‍12 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ആറുവരെയുമാണ് സമയക്രമീകരണം.