ഒരുപക്ഷേ, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൊണ്ടുവന്ന നിയമം റദ്ദ് ചെയ്യപ്പെട്ടത് ആദ്യമായിട്ടായിരിക്കണം. ഒപ്പം മെറിറ്റും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച വിദ്യാഭ്യാസ നിലപാട് അദ്ദേഹം പ്രാവർത്തികമാക്കി.
എല്ലാ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ദൃഢമായ ഒരു ബന്ധം പവ്വത്തിൽ പിതാവിനുണ്ടായിരുന്നു. പിതാവിന്റെ വിദ്യാർഥികൾത്തന്നെ വിവിധ സഭകളിൽ മെത്രാന്മാരും വൈദികരുമായി ശുശ്രൂഷ ചെയ്തിരുന്നത് ഇത്തരം ബന്ധത്തിനു ശക്തിപകർന്നിരുന്നു.
ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ ചെയർമാൻ, കേരളത്തിലെ ക്രൈസ്തവ മെത്രാൻ സമിതിയുടെ കോ-ഓർഡിനേറ്റർ, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പിതാവിന്റെ കാലഘട്ടത്തിലാണ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാതലവന്മാരുടെയും നേതൃത്വത്തിൽ മൂന്നു സംയുക്ത ഇടയലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്.
ഈ മൂന്ന് ഇടയലേഖനങ്ങളും പവ്വത്തിൽ പിതാവിന്റെ നേതൃത്വത്തിലാണ് രൂപംകൊണ്ടതും അംഗീകരിക്കപ്പെട്ടതും. അതിനു മുന്പോ അതിനു ശേഷമോ ഇപ്രകാരമുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല എന്നതും ഓർക്കേണ്ടതുണ്ട്.
മതാന്തര സംവാദത്തിലും അദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു. 1994ൽ അദ്ദേഹം നേതൃത്വം നൽകിയ ഇന്റർ റിലിജിയസ് ഫെലോഷിപ്പും അതിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനങ്ങളും ഏറെ സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വാമി ആശുരദാസും സുകുമാർ അഴീക്കോടും എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയും പിതാവിന്റെ സഹപാഠിയുമായിരുന്ന നാരായണപ്പണിക്കരും എല്ലാം ഈ ഒരു ഫെലോഷിപ്പിൽ സജീവ സാന്നിധ്യരായിരുന്നു.
ഏറെ താത്പര്യത്തോടെ അഭിവന്ദ്യ പവ്വത്തിൽ പിതാവ് നേതൃത്വം നൽകിയതായിരുന്നു പ്രശസ്തമായ ചങ്ങനാശേരി പുസ്തകമേള. എല്ലാ പ്രശസ്തരായ എഴുത്തുകാരും ഈ മേളയിൽ പങ്കെടുത്ത് സാഹിത്യ സദസുകൾക്കു നേതൃത്വം നൽകിയിരുന്നു.
വിദ്യാലയങ്ങളിൽ പുസ്തകമേളകൾ നിർബന്ധമായും സംഘടിപ്പിക്കാൻ പിതാവ് നൽകിയ നിർദേശം കുട്ടികളിൽ വായനാശീലം വളർത്താൻ ഇടയാക്കി. നല്ലൊരു ലൈബ്രറി സ്വന്തമായുണ്ടായിരുന്ന, നിഷ്ഠയേറിയ വായനക്കാരനായിരുന്ന പിതാവ് അരനൂറ്റാണ്ടിനു മുന്പുതന്നെ എല്ലാവർക്കും സമ്മാനമായി നൽകിയിരുന്നതു പുസ്തകങ്ങൾതന്നെയായിരുന്നു.
പവ്വത്തിൽ പിതാവ് ഒരു സമഗ്ര നേതൃത്വമായിരുന്നു. അതത്രയും ധീരവും ശക്തവുമായിരുന്നു; എല്ലാ സമൂഹത്തെയും എല്ലാ മേഖലകളെയും ചേർത്തുപിടിച്ച നേതൃത്വം. അദ്ദേഹം നൽകിയ കാഴ്ചപ്പാടുകൾ തീർച്ചയായും തലമുറകൾക്കു പ്രചോദനമായിരിക്കും.
റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ