ഉത്തരമലബാറിനും ജനപ്രിയൻ; വികസനത്തിന്‍റെ വേഗതാരം
ഉത്തരമലബാറിനും ജനപ്രിയൻ; വികസനത്തിന്‍റെ വേഗതാരം സ്വന്തം ലേഖകൻ
കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുൻ മുഖ്യമന്ത്രിയാണ് അന്തരിച്ച ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ വികസന പദ്ധതികൾ ഏറെയാണ്.

കണ്ണൂർ-കാസർഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിർമാണ പ്രവൃത്തി പൂർത്തിയായത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ്. ഇരിക്കൂർ മണ്ഡലത്തിലൂടെയുള്ള 50 കിലോമീറ്റർ ദൂരത്തിന് 232 കോടി രൂപയാണു മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി അനുവദിച്ചത്. മലയോര മേഖലയുടെ മുഖഛായ തന്നെ മാറ്റുവാൻ മലയോര ഹൈവേയ്ക്ക് കഴിഞ്ഞു.

തളിപ്പറന്പ്-മണക്കടവ്-കൂർഗ് റോഡ് യാഥാർഥ്യമാക്കിയതും ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടി ധനകാര്യമന്ത്രിയായിരിക്കുന്പോഴാണ് ബജറ്റിൽ കൂർഗ് റോഡിനു വേണ്ടി തുക വകയിരുത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ തുക അനുവദിക്കുകയും ചെയ്തു. മലയോര ഹൈവേയും കൂർഗ് റോഡും യാഥാർഥ്യമാതോടെ ഒട്ടേറെ വികസന പദ്ധതികളാണ് മലയോര മേഖലയിലേക്ക് കടന്നുവന്നത്.

കെ.സി. ജോസഫ് എംഎൽഎ ആയിരുന്നപ്പോൾ ഇരിക്കൂർ മണ്ഡലത്തിന്‍റെ വികസനത്തിനുവേണ്ടി നിരവധി കാര്യങ്ങളാണ് മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മൻചാണ്ടി ചെയ്തത്.

കാർത്തികപുരം പാലം, മണിയൻകൊല്ലിപാലം എന്നിവ യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് നുച്യാട് പാലം നിർമിച്ചത്. മലയോര മേഖലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നായ ഉദയഗിരി പഞ്ചായത്ത് രൂപീകരിക്കാൻ മുൻകൈയെടുത്തത് ഉമ്മൻചാണ്ടി തൊഴിൽമന്ത്രിയായിരുന്നപ്പോഴാണ്.

കോൺഗ്രസ് നേതാവായ തോമസ് വെക്കത്താനത്തിന്‍റെ നേതൃത്വത്തിൽ 1978ലാണ് ഉദയഗിരി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഉമ്മൻചാണ്ടിയെ കണ്ട് അറിയിച്ചത്. 1980ൽ ഉദയഗിരി പഞ്ചായത്ത് യാഥാർഥ്യമാവുകയും ചെയ്തു.

കുടിയേറ്റ മേഖലയായ ശ്രീകണ്ഠപുരത്തെ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം സാക്ഷാത്കരിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്. മലയോര മേഖലയുടെ മാത്രമല്ല, കണ്ണൂർ ജില്ലയുടെ വികസനത്തിന് സമഗ്ര സംഭാവനകളാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലയളവിൽ നടത്തിയത്.

കണ്ണൂർ വിമാനത്താവള നിർമാണം വേഗത്തിലായക്കുകയും വിമാനത്താവള ടെർമിനലിന് തറക്കല്ലിട്ട് ഒടുവിൽ യാഥാർഥ്യമാക്കി പരീക്ഷണ പറക്കൽ നടത്തിയതിനുശേഷമാണ് മുഖ്യമന്ത്രി കസേരയിൽ നിന്നും പടിയിറങ്ങിയത്. കണ്ണൂർ നഗരസഭ കോർപറേഷൻ രൂപീകരിക്കാൻ മുൻകൈയെടുത്തതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്പോഴാണ്.

ശ്രീകണ്ഠപുരത്തിനു സമീപം നിടിയേങ്ങയ്ക്കടുത്ത കാക്കണ്ണൻപാറയിൽ കലാഗ്രാമം തറക്കല്ലിട്ടതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സംസ്ഥാന ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് കാക്കണ്ണൻപാറയിലെ മൂന്ന് ഏക്കർ സ്ഥലത്തു ഗ്ലോബൽ ആർട്ട് വില്ലേജ് ഒരുക്കിയത്.

ഉത്തരമലബാറിന്‍റെ വികസന സ്വപ്നങ്ങൾക്കു നിറമേകി അഴീക്കൽ തുറമുഖത്തുനിന്നും ചരക്ക്കപ്പൽ ഗതാഗതം ആരംഭിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഇരിട്ടി താലൂക്ക് രൂപീകരിച്ചതും ശ്രീകണ്ഠപുരം, പാനൂർ, ഇരിട്ടി, ആന്തൂർ നഗരസഭകളും കണ്ണൂർ കോർപറേഷൻ രൂപീകരിച്ചും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നു 2011-2016 കാലയളവിലായിരുന്നു.

ഏഴു പുതിയ പാലങ്ങളുമായി തലശേരി-വളവുപാറ കെഎസ്ടിപി റോഡിന്‍റെയും തലശേരി-മാഹി ബൈപ്പാസിന്‍റെയും പ്രവൃത്തി തുടങ്ങിയതും മൊയ്തുപാലത്തിന്‍റെ നിർമാണവും ഉമ്മൻചാണ്ടിയുടെ കാലയളവിലായിരുന്നു.

കണ്ണൂർ വിമാനത്താവളം, അഴീക്കൽ പോർട്ട്, കൈത്തറി ഗ്രാമം, കണ്ണൂർ കോട്ട വികസനം, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, മുണ്ടയാട് സ്പോർട്സ് കോംപ്ലക്സ് തുടങ്ങി നിരവധി പദ്ധതികളാണു കണ്ണൂരിനായി ഇക്കാലയളവിൽ കൊണ്ടുവന്നത്.

കാർഷിക മേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സാധിച്ചു. വില തകർച്ചയിൽ കാർഷികോത്പന്നങ്ങൾക്ക് തറ വില പ്രഖ്യാപിച്ചതിനോടൊപ്പം വന്യമൃഗശല്യങ്ങൾക്കെതിരേ ആനമതിൽ നിർമാണം ഉൾപ്പെടെ നടപ്പിലാക്കി. വളയംചാലിൽ ആനമതിൽ നിർമിച്ചതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്.

കാസര്‍ഗോഡിനും സ്വപ്നനായകൻ

കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും ഏറെ പരിചിതനായിത്തീര്‍ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അനാരോഗ്യത്തിന്‍റെ പിടിയിലമര്‍ന്നപ്പോള്‍ പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ഡി.വി.ബാലകൃഷ്ണന്‍ വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്‍റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത അനുഭവമാണ്.

ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്‍നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്‍ഗോഡിന്‍റെ മലയോര മേഖലയില്‍ വെള്ളരിക്കുണ്ടിലും വടക്കന്‍ മേഖലയില്‍ മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്.

ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും കാഞ്ഞങ്ങാടിനെ ആശ്രയിക്കാതെ സ്വന്തമായ നിലയില്‍ വളര്‍ച്ചയും വികസനവും നേടുന്നതിനുള്ള അടിത്തറയൊരുക്കിയത് വെള്ളരിക്കുണ്ട് താലൂക്കിന്‍റെ പിറവിയാണ്.എല്ലാ ജില്ലകളിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡിന് ഒരു മെഡിക്കല്‍ കോളജ് അനുവദിച്ചതും അതിന് എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ഏറ്റവുമധികം അനുഭവിച്ച ജില്ലയിലെ ഏറ്റവും പിന്നോക്കമേഖലകളിലൊന്നായ ഉക്കിനടുക്കയെ തെരഞ്ഞെടുത്തതും അതിന് ഏറ്റവുമധികം ഫണ്ട് അനുവദിച്ചതും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.

സര്‍ക്കാര്‍ മാറിയതോടെ അതിന് കൃത്യമായ തുടര്‍ച്ച ലഭിക്കാതിരുന്നതിനാലാണ് മെഡിക്കല്‍ കോളജ് ഇന്നും പൂര്‍ത്തിയാകാതെ നില്ക്കുന്നത്.അതുപോലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജ് എന്ന പദ്ധതിയുടെ ഭാഗമായി ഉദുമ മണ്ഡലത്തിലെ കുണിയയിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെ കരിന്തളത്തും പുതിയ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ തുടങ്ങിയതും ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്.

പെരിയ ആയംപാറയിലെ സീമെറ്റ് നഴ്സിംഗ് കോളജും ആ കാലഘട്ടത്തിന്‍റെ സംഭാവനയാണ്.കാലങ്ങളായി റെയില്‍പാതകള്‍ കുരുക്കിട്ട റോഡ് ഗതാഗതത്തിന് വികസനത്തിന്‍റെ പുതുവഴികള്‍ തുറന്ന് പടന്നക്കാട് ദേശീയപാതയിലും നീലേശ്വരം രാജാ റോഡിലും പുതിയ മേല്‍പാലങ്ങള്‍ നിര്‍മിച്ചതും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ്.

കാഞ്ഞങ്ങാട്ടെ മാധ്യമപ്രവര്‍ത്തകനായിരുന്ന ബി.സി.ബാബുവിന്‍റെ അകാലവിയോഗത്തെ തുടര്‍ന്ന് പാതിവഴിയിലായ വീട് പൂര്‍ത്തിയാക്കാന്‍ പ്രവാസി സംഘടനയുടെ സഹായത്തോടെ അഞ്ചു ലക്ഷം രൂപയുടെ സഹായമെത്തിച്ചുനല്‍കിയതും സഹപ്രവര്‍ത്തകര്‍ നന്ദിയോടെ ഓര്‍ക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.