ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ച സവിശേഷതകൾ കാലത്തെ അതിജീവിച്ചു നിലനിൽക്കും: പിണറായി വിജയൻ
ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ച സവിശേഷതകൾ കാലത്തെ അതിജീവിച്ചു നിലനിൽക്കും: പിണറായി വിജയൻ
കോണ്‍ഗ്രസ് നേതാവും കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും.

ഒരേ മണ്ഡലത്തിൽനിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ചു പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്‍ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സാമാജികരുടെ നിരയിലാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥാനം.

ആ സവിശേഷതതന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്‍റെ തെളിവാണ്.
1970ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും.

എന്നാൽ, ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോണ്‍ഗ്രസ് നേതാക്കളും കെ. കരുണാകരനും എ.കെ. ആന്‍റണിയുമടക്കം പാർലമെന്‍റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അതു വിട്ടുപോയതുമില്ല. കേരള ജനതയോടുള്ള അദ്ദേഹത്തിന്‍റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.

എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ ഈ ആത്മാർഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്‍റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.