പച്ചാളം ഭാസിയുടെ പത്താമത്തെ ഭാവം!
Sunday, June 14, 2020 3:24 PM IST
വലിഞ്ഞുകയറി വന്നതാണെങ്കിലും മാസ്കിനെ മലയാളി സ്നേഹത്തോടെ മുഖാവരണം എന്നു വിളിച്ചു ബഹുമാനിച്ചു. കോവിഡാശാൻ കെട്ടിപ്പൊതിഞ്ഞുകൊണ്ടു തന്ന സമ്മാനങ്ങളിൽ കൊള്ളാവുന്ന ഒന്നായിരുന്നു മാസ്ക് എന്നാണ് ഇപ്പോൾ ഡാക്കിട്ടർമാരുടെ അഭിപ്രായം. ചൈനീസ് ജലദോഷം മൂലം ചില്ലറ ആരോഗ്യപ്രശ്നങ്ങളുള്ള ലോകാരോഗ്യസംഘടന പോലും ഒടുവിൽ ഇതു സമ്മതിച്ചു.
മാസ്ക് വയ്ക്കേണ്ടതുപോലെ വച്ചാൽ പല രോഗങ്ങളും ആറടി അകലെ നിൽക്കുമത്രേ. ഇനി വയ്ക്കേണ്ടതു പോലെ വച്ചില്ലെങ്കിലോ ആറടി അല്ല പത്തടി ആഴത്തിൽ നീണ്ടുനിവർന്നു കിടക്കാം! പണ്ടൊക്കെ കള്ളന്മാരുടെയും കൊള്ളക്കാരുടെയുമൊക്കെ മുഖത്തായിരുന്നു ആവരണവും അലങ്കാരവുമൊക്കെ കണ്ടിട്ടുള്ളത്. ഇപ്പോൾ മുഖത്ത് ആവരണവും അലങ്കാരവും ഇല്ലെങ്കിൽ അവൻ കള്ളനും കൊള്ളക്കാരനുമായി മാറും!
മാസ്ക് വച്ചു കോവിഡിനെ കോമാളിയാക്കാമെങ്കിലും നാട്ടുകാരിൽ പലർക്കും ഇതു പോലീസ് ആപ്പു പോലെ പൊല്ലാപ്പ് ആയ ലക്ഷണവുമുണ്ട്. എതിരേ വരുന്നവനെ കണ്ടാൽ ചിരിക്കണോ അതോ ചിരിച്ചെന്നു വരുത്തണോ എന്ന കാര്യത്തിലാണ് ഏറ്റവുമധികം കണ്ഫ്യൂഷൻ. അയാൾ ചിരിച്ചെങ്കിൽ തിരിച്ചൊന്നു ചിരിച്ചു കാണിച്ചില്ലെങ്കിൽ മോശമല്ലേ.. ഇനി പുള്ളി മൈൻഡ് ചെയ്യാതെ പോവുകയായിരുന്നെങ്കിൽ നമ്മുടെ ചിരി കംപ്ലീറ്റും വേസ്റ്റാകും. വരുന്നതു ചിരിയാണേലും പാരയാണേലും അതിനെ തിരിച്ചറിയാൻ ഒരു വഴിയുമില്ലെന്നതാണ് മാസ്കിട്ട കാലത്തെ മറിമായം.. ഇനി മുഖത്തിന്റെ പടം വച്ച മാസ്കിട്ടാലോ? നോക്കുന്പോഴെല്ലാം ആ മുഖത്തു ചിരിയായിരിക്കും... അതുംനോക്കി എപ്പോഴും ചിരിച്ചുകൊണ്ടിരുന്നാൽ മാസ്ക് മാത്രമല്ല, മനഃശാസ്ത്രജ്ഞനെക്കൂടി കണ്ടുവയ്ക്കേണ്ടി വരും. അതുകൊണ്ടു മാസ്കിട്ട പരിചയക്കാരെ കാണുന്പോൾ ചിരിച്ചോ ഇല്ലയോ എന്നു തിരിച്ചറിയാനാവാത്ത പച്ചാളം ഭാസിയുടെ പത്താമത്തെ ഭാവം കാണിച്ചു മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ് പലരും.
എല്ലാവരും ഹെൽമറ്റ് വയ്ക്കണം എന്നു പറഞ്ഞപ്പോൾ മലയാളി കാണിച്ച മര്യാദ എന്തായാലും മാസ്കിന്റെ കാര്യത്തിലും ഒട്ടും തെറ്റിച്ചില്ല എന്നു വഴിയിലിറങ്ങി നടന്നാൽ മനസിലാകും! തലയിൽ വയ്ക്കേണ്ട ഹെൽമറ്റ് കൈയിലും കണ്ണാടിയിലും തൂക്കിയിട്ടു തലങ്ങും വിലങ്ങും പായുന്നതാണല്ലോ പലർക്കും ശീലം. പോലീസിനെ മാത്രം കാണിക്കാൻ കൊള്ളാത്ത തല ആയതുകൊണ്ടാണോ എന്നറിയില്ല അവരെ കാണുന്പോൾ കൈയിൽ കിടക്കുന്ന ഹെൽമറ്റ് പലരുടെയും തലയിൽ കയറും, അല്ലാതെ ആര് എന്തു പറഞ്ഞാലും ഇവരുടെ തലയിൽ കയറില്ല! അതുപോലെ മാസ്കിന്റെ കാര്യത്തിലും മലയാളി മാസ് ആണ്.
മുഖാവരണം എന്നാണ് മാസ്കിനെ വിളിക്കുന്നതെങ്കിലും ധരിക്കുന്നതു കണ്ടിട്ട് പലർക്കും ഇതു കണ്ഠാവരണമാണോയെന്ന സംശയം ഇല്ലാതില്ല. വൈറസ് താടിയിൽ വന്നു തട്ടാതിരിക്കാനാണെന്നു തോന്നുന്നു കെട്ടുന്പോൾ മുതൽ ചിലരുടെ താടിയിൽ ഒട്ടിപ്പിടിച്ചിരിക്കുകയാണ് മാസ്ക്. മറ്റു ചിലർ വൈറസ് വന്നു കഴുത്തിനു കുത്തിപ്പിടിക്കാതിരിക്കാനായി മാസ്കിനെ കഴുത്തിൽ തൂക്കിയിട്ടാണ് നടപ്പ്. മാസ്കിനെ ഒരു തരത്തിലും കോവിഡ് ബാധിക്കരുതെന്ന കരുതലോടെ അതിനെ നാലായി മടക്കി പോക്കറ്റിലിട്ടു കൊണ്ടുനടക്കുന്നവരെയും കാണാം.
രാഷ്ട്രീയക്കാരുടെ മാസ്കിന്റെ കാര്യമാണ് ബഹുകഷ്ടം... അത് ഇതുവരെ നേതാവിന്റെ മുഖം ശരിക്കൊന്നു കണ്ടിട്ടു പോലുമില്ലത്രേ. കാമറ കാണുന്പോഴെല്ലാം താഴ്ത്തേണ്ടി വരുന്നതിനാൽ അവരിൽ പലരും കഴുത്തിന്റെ അളവുനോക്കിയാണ് മാസ്ക് വാങ്ങുന്നതെന്നും കേൾക്കുന്നു. എത്ര വലിയ നേതാവായാലും പതിവായി മാസ്ക് പാതി താഴ്ത്തിക്കെട്ടിയാൽ നാളെ പതാക പാതി താഴ്ത്തിക്കെട്ടേണ്ടി വരുമെന്ന കോവിഡ് വചനം മറക്കാതിരിക്കാം.
മിസ്ഡ് കോൾ
• ബിജെപി റാഞ്ചുമെന്നു ഭീതി; രാജസ്ഥാനിൽ കോണ്ഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റി.
- വാർത്ത
• റിസോർട്ട് ക്വാറന്റൈൻ!