മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
Friday, January 14, 2022 2:15 AM IST
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ചു കൂടുന്നു എന്നു കേട്ടറിഞ്ഞാണ് നല്ലൊരു ബിസിനസ് സാധ്യത മുന്നിൽ കണ്ട് ഒമിക്രോണ്‍ വൈറസ് അവിടേക്കു പോകാനായി കോവിഡ് തറവാട്ടിൽനിന്ന് ഇറങ്ങിയത്. ഒരു കൂട്ടിനായി ഡെൽറ്റ വൈറസിനെയും ഒപ്പം കൂട്ടി. കോവിഡ് തറവാട്ടിലെ പുതുതലമുറക്കാരനാണ് ഒമിക്രോണ്‍.
ദക്ഷിണാഫ്രിക്കയിൽ പോയി പഠനമൊക്കെ കഴിഞ്ഞു പുതിയ ഡിഗ്രികളുമൊക്കെ സന്പാദിച്ചു തിരിച്ചെത്തിയതാണ്. പഠനത്തിനു ശേഷം പല രാജ്യങ്ങളിലും ഒന്നു കറങ്ങി. അല്പം വൈകിയാണ് കേരളത്തിലേക്ക് എത്തിയത്. ഇനി അല്പകാലം ഇവിടെത്തന്നെ തങ്ങാനാണ് തീരുമാനം. പഴയപോലൊന്നുമല്ല, കേരളത്തിൽ ഇപ്പോൾ നല്ല തൊഴിൽ ജീവിത സാഹചര്യങ്ങളുണ്ടെന്നാണ് ഒമിക്രോണിന്റെ അഭിപ്രായം.
സ്വയംതൊഴിൽ സംരംഭം തുടങ്ങാനുള്ള ശ്രമത്തിനു നാട്ടുകാരിൽനിന്നു വലിയ പിന്തുണയാണു കിട്ടുന്നതത്രേ. പ്രത്യേകിച്ച് ഏതു വ്യവസായത്തിനും തടസം നിൽക്കുകയാണെന്നു പറയുന്ന രാഷ്ട്രീയക്കാർ തനിക്കു ബിസിനസ് ചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ മത്സരിക്കുന്ന കാഴ്ച അതിശയപ്പെടുത്തിയെന്നും ഒമിക്രോണ്‍ സന്തോഷത്തോടെ പറയുന്നു. ആളും അർഥവും നൽകി ഒരു വ്യവസായ സംരംഭത്തോട് ഇത്രയധികം സഹകരിക്കുന്ന രാഷ്ട്രീയക്കാരെ മറ്റൊരു നാട്ടിൽ ചെന്നാലും കാണാൻ കഴിയില്ലെന്ന അഭിപ്രായമാണ് ഈ സംരംഭകനുള്ളത്.
കേരളത്തിൽ കാലു കുത്തിയതിൽ പിന്നെ നിലത്തു കുത്തിയിരിക്കാൻ സമയം കിട്ടിയിട്ടില്ലെന്ന പരാതി മാത്രമേ പുള്ളിക്കാരനുള്ളൂ. ഇത്രയും വ്യവസായ സൗഹൃദമാണ് ഇവിടത്തെ അന്തരീക്ഷമെങ്കിൽ നേരത്തേ തന്നെ ഇങ്ങോട്ടു തിരിച്ചേനെയെന്നു പറയാനും മടിക്കുന്നില്ല. അങ്ങനെ ഓടിനടന്നു ബിസിനസ് ചെയ്യുന്നതിനിടയിലാണ് ഇപ്പോൾ തിരുവനന്തപുരത്തു നല്ലൊരു സംരംഭത്തിനു തുടക്കമിടാൻ അരങ്ങൊരുങ്ങിയിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. പത്തായിരം പേര് കൂടുന്ന പരിപാടി ആണെന്നാണ് അറിഞ്ഞത്. എങ്കിൽ പിന്നെ നമ്മുടെ പ്രോഡക്ടുകൾ അവിടെ നല്ല രീതിയിൽ വിറ്റഴിക്കാമെന്ന പ്രതീക്ഷയിലാണ് ഒമിക്രോണും ഡെൽറ്റയും തിരുവനന്തപുരത്തേക്കു വച്ചുപിടിച്ചത്.
തലസ്ഥാനനഗരിയിലേക്ക് എത്തിയപ്പോൾത്തന്നെ പോകുന്ന വഴിക്കെല്ലാം അലങ്കാരവും കൊടിതോരണങ്ങളും. ഒമിക്രോണിനു കാര്യങ്ങളത്ര പിടികിട്ടിയില്ല. അപ്പോഴാണ് ഡെൽറ്റ പറഞ്ഞത്, ഇത് ഈ നാട്ടിൽ പതിവുള്ളതാണെന്ന്. അവൻ രണ്ടു വർഷമായി കേരളത്തിലുള്ളതിനാൽ ഇവിടത്തെ രീതികളൊക്കെ പരിചിതമാണ്. ഇതൊക്കെ രാഷ്ട്രീയ സമ്മേളനത്തിന്റെ അലങ്കാരങ്ങളാണെന്നു ഡെൽറ്റ വിശദീകരിച്ചു. അപ്പോഴാണ് കൊടിയിലും അലങ്കാരങ്ങളിലുമൊക്കെ കോവിഡ് വൈറസിന്റെ രൂപത്തിലുള്ള ഒരു പടം ഒമിക്രോണ്‍ കണ്ടത്. എന്നാൽ, അതു നമ്മുടെ കുടുംബക്കാരുടെ പടമല്ലെന്നും അരിവാൾ ചുറ്റികയുടെ കൂടെയുള്ള നക്ഷത്രമാണെന്നും ഡെൽറ്റ പഠിപ്പിച്ചുകൊടുത്തു.
ഒരു ചെറിയ ബിസിനസുമായി കേരളത്തിലേക്കു വന്നതാണ് ഡെൽറ്റ. രണ്ടു വർഷംകൊണ്ടു നല്ല നിലയിലെത്തി. ഉത്പാദനം കാര്യമായി മെച്ചപ്പെട്ടതിനാൽ ഇറക്കുമതിയേക്കാൾ ഇപ്പോൾ കയറ്റുമതിയിലാണ് അവന്റെ ശ്രദ്ധ. ഈയൊരു ബിസിനസിന് കേരളത്തിൽ എപ്പോഴും സീസണ് ആണെന്നാണ് അവൻ പറയുന്നത്.
തലസ്ഥാനത്ത് ചെന്നപ്പോൾ സ്കൂൾ ഗ്രൗണ്ടിൽ സെറ്റ് സാരിയൊക്കെ ഉടുത്ത് ഇഷ്ടംപോലെ ആളുകൾ. ബേബികൾ മുതൽ മുതിർന്നവർ വരെയുണ്ട്. അപ്പോഴാണ് തിരുവാതിരപ്പാട്ട് ഉയർന്നത്. “ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ.” പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള തിരുവാതിരപ്പാട്ട് ആണത്രേ. ഓഹോ, മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുള്ള തിരുവാതിര ആണല്ലോ. നമ്മുടെ ബിസിനസ് വർധിപ്പിക്കാൻ സഹായ സഹകരണങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സർക്കാരിന്റെ ആളുകൾ നടത്തുന്ന പരിപാടി ആയതിനാൽ നമ്മുടെ കച്ചവടം തത്കാലം ഇവിടെ വേണ്ടെന്നു വച്ചാലോ? ഉണ്ണുന്ന ചോറിനു നന്ദി കാണിക്കണമല്ലോ! മുഷ്ടി ചുരുട്ടി മെഗാ തിരുവാതിരയ്ക്ക് അഭിവാദ്യം അർപ്പിച്ച ശേഷം സഖാവ് ഒമിക്രോണും സഖാവ് ഡെൽറ്റയും തിരിച്ചുനടന്നു.
മിസ്ഡ് കോൾ
= സർക്കാർ ജീവനക്കാർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണം.
- വാർത്ത
=അന്നു ‘ഗാന്ധിജി’യുടെ
എണ്ണം ഇത്തിരി കൂട്ടാം!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്