ഖജനാവ് കാലിയായി കിടക്കുന്നതു കാരണം നാട്ടുകാർക്കു വല്ലപ്പോഴും സൗജന്യമായി കിട്ടിയിരുന്നതൊക്കെ ഏതാണ്ട് നിലച്ച മട്ടാണ്. കിറ്റുകൾ കുറ്റിയറ്റു, പള്ളിക്കൂടങ്ങളിലെ വറ്റുകൾ വറ്റിവരണ്ടു, പെൻഷൻ മുഴുവൻ ടെൻഷനിലായി, ഇപ്പോൾ കുന്പളം കുത്തിയാൽ ശന്പളം മുളയ്ക്കുമോയെന്നുള്ള ഗവേഷണത്തിലാണ് ധനമന്ത്രി. മുറുക്കിയുടുക്കാൻ കൊള്ളാവുന്ന മുണ്ടുപോലുമില്ലാതെ നിൽക്കുന്പോഴും സർക്കാർ മുടക്കമില്ലാതെ നടത്തിക്കൊണ്ടിരുന്ന സ്വപ്നപദ്ധതിയുണ്ട്; അതാണ് മാർക്കുദാനം!
സർക്കാരിന്റെ ഈ ജീവകാരുണ്യ സംരംഭത്തെ വിലകുറച്ചു കാണരുത്. രക്തദാനം മഹാദാനം എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു വലിയ പദ്ധതിയാണിത്. ഒന്നാം ക്ലാസിൽ മുതൽ പിഎസ്സി പരീക്ഷയിൽ വരെ മാർക്കുദാനം കൃത്യമായി നടന്നാൽ നമ്മുടെ നാട് പുരോഗതിയിലേക്കു കുതിക്കും! ഈ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാർ തട്ടിയെടുക്കാതെ നോക്കണം. പരീക്ഷ നടക്കുന്ന ഹാളിനു സമീപത്തുകൂടി പോയാൽത്തന്നെ മാർക്ക് വീഴുന്ന ഫൈവ് സ്റ്റാർ സ്കൂളുകൾ മറ്റേത് സംസ്ഥാനത്തുണ്ട്? യൂറോപ്പിലുണ്ടോ? അമേരിക്കയിലുണ്ടോ?
ഫൈവ് സ്റ്റാർ ഹോട്ടല്‍ ഏതാണ്, സ്കൂള്‍ ഏതാണ് എന്നു തിരിച്ചറിയാനാവാതെ നമ്മുടെ നാട്ടിലെത്തുന്ന വിദേശികള്‍ വട്ടംകറങ്ങുന്നതു നിങ്ങള്‍ കാണുന്നില്ലേ? ഈ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെല്ലാം പിള്ളേരാണല്ലോയെന്നു കഴിഞ്ഞ ദിവസം ഒരു സായിപ്പ് അദ്ഭുതപ്പെട്ടത്രേ!
ഹോട്ടലിനു ഫൈവ് സ്റ്റാര്‍ കിട്ടണമെങ്കില്‍ നിയമപ്രകാരം ബാര്‍ നിര്‍ബന്ധം. ഇനി സ്കൂളിനെ ഫൈവ് സ്റ്റാര്‍ ആക്കുന്പോൾ അങ്ങനെയൊരു പരിഷ്കാരംകൂടി പ്രതീക്ഷിക്കാമോ? സംഗതി ബാര്‍ ആയതുകൊണ്ടും സര്‍ക്കാരിനു മദ്യം സ്റ്റാര്‍ ആയതുകൊണ്ടും സ്കൂള്‍ എല്ലാം ഫൈവ് സ്റ്റാര്‍ ആക്കുന്നതുകൊണ്ടും ചോദിച്ചുപോകുന്നതാണ്. സ്കൂളിലെത്തിയ വിദ്യാർഥി അധ്യാപകനോട്: സാറേ ഒരു "ഫുൾ' എ പ്ലസ്!
മിസ്ഡ് കോൾപാപ്പരായി പ്രഖ്യാപിക്കണമെന്ന കെ. സുധാകരന്റെ ഹർജി തള്ളി.
വാർത്തകേരള പ്രദേശ് പാപ്പർ കമ്മിറ്റി പ്രസിഡന്റ്!