ദേശസ്നേഹം, ജനാധിപത്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളുടെ അടിത്തറയിലാണ് നമ്മുടെ പാര്‍ട്ടി പടുത്തുയര്ത്തപ്പെട്ടതെങ്കിലും ഇന്ന് അടിത്തറ ഇളക്കുമ്പോള്‍ ഏലസും തകിടും കോഴിത്തലയുമാണ് തെളിഞ്ഞുവരുന്നത്. നമ്മുടെ നേതാക്കള്‍ പലരും രാത്രിയുടെ യാമങ്ങളില്‍ പോലും ഉറക്കമിളച്ചു പണിയെടുത്തതിന്റെ ഫലമാണ് ഈ കാണുന്നതെന്നതു മറന്നുപോകരുത്. കാലത്തിനൊപ്പം നമ്മള് വളരുകയാണെന്നതിന്റെ സൂചനകള്‍കൂടിയാണ് ഇതു നമുക്കു നല്‍കുന്നത്.
കുടുംബയോഗങ്ങളിലൂടെ പാര്‍ട്ടി വളരുമെന്നു പറയുന്നതു പഴഞ്ചന്‍ രീതികളാണ്. ആളുകളെ വീഴ്ത്താന്‍ കൂടോത്രമാണ് കൂടുതല്‍ നല്ലത്. ഇതിനായി സെമികേഡര്‍ മന്ത്രവാദികളെ നാം വളര്‍ത്തിയെടുക്കണം. നമ്മുടെ സമ്മേളനവേദികള്‍ മന്ത്രവാദക്കളങ്ങളായി മാറണം. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഒതുങ്ങിനില്ക്കുന്നതായിരിക്കരുത് പാര്‍ട്ടിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍.
അയല്‍സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കണം. പാർട്ടിയുടെ പേരിൽ കൊടിമരങ്ങളല്ല, പാലമരങ്ങളായിരിക്കണം ഇനി നമ്മള് സ്ഥാപിക്കേണ്ടത്. രക്തസാക്ഷി മണ്ഡപങ്ങളേക്കാള് രക്തയക്ഷി മണ്ഡപങ്ങളാണ് ഉയരേണ്ടത്. അങ്ങനെ പാര്‍ട്ടിക്ക് ഒരു ആധുനിക മുഖം നല്‍കാനുള്ള ശ്രമത്തിന് നമുക്കു കൈകോര്‍ക്കാം, തേങ്ങയുടയ്ക്കു സാമീ... ജയ് ഓം ഹ്രീംഗ്രസ്!
മിസ്ഡ് കോൾ=റോഡ് പണി പൂർത്തിയാക്കാൻ കാലു പിടിക്കാമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
- വാർത്ത
= കാലു മാറാമെന്നായിരിക്കും!