‘ചുരുളി’ സൃഷ്ടിച്ച സാംസ്കാരിക ചുഴികൾ
അഡ്വ. ചാർളി പോൾ
Wednesday, July 2, 2025 12:00 AM IST
വിനോയ് തോമസിന്റെ ‘കളിഗെമനാറിലെ കുറ്റവാളികൾ’എന്ന കഥയെ ആധാരമാക്കി എസ്. ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശേരി സംവിധാനവും നിർവഹിച്ച് 2021 നവംബർ 19ന് ഒടിടിയിൽ റിലീസ് ചെയ്ത ‘ചുരുളി’ എന്ന സിനിമ വീണ്ടും വിവാദമാവുകയാണ്.
ചിത്രത്തിൽ തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജോജു ജോർജ് ‘ചുരുളി’ തന്റെ ജീവിതത്തിൽ ഏൽപ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കൾ സ്കൂളിൽ പോകുമ്പോൾപോലും ചുരുളിയിലെ ട്രോളുകൾ പറഞ്ഞ് മറ്റുള്ളവർ മക്കളെ കളിയാക്കുന്നുവെന്നും പറഞ്ഞു.
ചുരുളിയിലെ ജോജുവിന്റെ കഥാപാത്രം പറയുന്ന തെറികൾ മക്കളെ അവരുടെ സഹപാഠികൾ കാണിച്ചിരുന്നു. അതുകണ്ടു മക്കൾക്കു തല കുനിക്കേണ്ടി വന്നു. അപ്പ ഈ സിനിമയിൽ അഭിനയിക്കരുതായിരുന്നുവെന്ന് മക്കൾ ജോജുവിനോടു പറഞ്ഞു. വൈകിയെങ്കിലും ഈ തിരിച്ചറിവ് ജോജുവിനെങ്കിലും ഉണ്ടായത് നന്നായി.
അനിയന്ത്രിതമായി അസഭ്യവാക്കുകൾ ഉപയോഗിക്കുന്ന ‘ചുരുളി’ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽനിന്ന് നീക്കണമെന്ന ഹർജിയിൽ സെൻസർ ബോർഡ് ഉൾപ്പെടെയുളള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച സന്ദർഭത്തിൽ കേരള ഹൈക്കോടതി ചുരുളിയിലെ ഭാഷാപ്രയോഗങ്ങൾ ഭീകരമാണെന്നു വാക്കാൽ പരാമർശിച്ചിരുന്നു. സിനിമയുടെ ഏതാനും ഭാഗങ്ങൾ കോടതി നേരിൽ കണ്ടിരുന്നു.
സിനിമ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന കലാമാധ്യമം ആയതിനാൽ ഈ സിനിമ തിയറ്ററിൽനിന്ന് നീക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഒടിടിയിൽ റിലീസ് ചെയ്തത് സെൻസർ ചെയ്ത പതിപ്പല്ലെന്ന് സെൻസർ ബോർഡ് അന്ന് വിശദീകരിച്ചിരുന്നു. അഭിഭാഷകയായ തൃശൂർ സ്വദേശി ഫയൽ ചെയ്ത ഹർജി ജസ്റ്റീസ് എൻ. നഗരേഷ് ആണ് പരിഗണിച്ചത്.
ചിത്രത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ള അസഭ്യവാക്കുകളിലൂടെ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതായി ഹർജിക്കാരി ആരോപിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ കാണുന്നതിന് കുട്ടികൾക്കും കൗമാരക്കാർക്കും തടസമില്ല. ഒരു ഇന്ത്യൻ മലയാള ഭാഷാ സയൻസ് ഫിക്ഷൻ മിസ്റ്ററി ഹൊറർ ത്രില്ലർ സിനിമ എന്നായിരുന്നു ചിത്രത്തിന്റെ വിശേഷണം.
മയിലാടുംപറമ്പിൽ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ തേടി ചുരുളിയിൽ കൂലിപ്പണിക്കാരുടെ വേഷത്തിൽ എത്തുന്ന രഹസ്യപോലീസുകാരായ ആന്റണിയും ഷാജിവനും കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കുറ്റവാളികൾ ആയിരുന്നവരുടെ ലോകമാണ് ചുരുളി. ചോദിക്കാനും പറയാനും ആരുമില്ലാത്ത ലോകം. നിയമവ്യവസ്ഥയ്ക്ക് അപ്പുറമാണ് ഈ ലോകം. ചുരുളിക്കാരെ സംബന്ധിച്ചിടത്തോളം സ്വർഗരാജ്യം. ലൈംഗികച്ചുവയുള്ള അധമപ്രയോഗങ്ങളും അസഭ്യപ്രയോഗങ്ങളും സാധാരണീകരിക്കപ്പെടുന്ന ഒരിടം.
സിനിമയുടെ നിർമിതിയിൽ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്കൃത വസ്തുവാണ് തെറിഭാഷ. അത് ഭീകരം മാത്രമല്ല, കേട്ടാൽ അറയ്ക്കുന്ന വഷളൻ പ്രയോഗങ്ങൾ കൂടിയാണ്. വാറ്റുചാരായത്തോടൊപ്പം അനായാസം വാർന്നുവീഴുകയാണ് വഷളൻഭാഷ. തെറി പ്രയോഗങ്ങളിൽ ലിംഗപദവി തുല്യത കാണാനാകും. ശരീരത്തിലെ ലൈംഗിക അവയങ്ങളെയും ലൈംഗികബന്ധങ്ങളെയും തെറിക്കായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീയെ പുരുഷന്റെ ലൈംഗിക കാമനയ്ക്കുള്ള വസ്തുവായി കണക്കാക്കുന്ന തെറി പരാമർശങ്ങളുമുണ്ട്.
നീതിവ്യവസ്ഥകളെ പരിഹസിച്ച് അപരലോകം സൃഷ്ടിക്കുകയും അധമഭാഷയെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. നീതിന്യായ വ്യവസ്ഥകളുടെ അഭാവത്തിലും പരിഷ്കൃതസംവിധാനങ്ങളുടെ അപര്യാപ്തതയിലും സ്വർഗരാജ്യത്തിലാണ് തങ്ങൾ എന്ന് വിശ്വസിക്കുന്ന ചുരുളിയിലെ മനുഷ്യർ തികച്ചും സാങ്കല്പികസമൂഹമാണ്. അവർ ഏതെങ്കിലും ജാതിയെയോ സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. തെറിഭാഷയുടെ കർതൃത്വം സംവിധായകൻ ആരുടെയും തലയിൽ കെട്ടിവയ്ക്കുന്നുമില്ല. തെറിപരിശീലനം ലക്ഷ്യംവയ്ക്കുന്നുമില്ല. പക്ഷേ ഇത്തരം സിനിമ പൊതുസമൂഹത്തിൽ സാംസ്കാരിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.
കല എന്നതിനോടൊപ്പം ഒരു സാംസ്കാരിക ഉത്പന്നം കൂടിയാണ് സിനിമ. അതിനാൽ സാംസ്കാരിക വ്യവഹാരങ്ങളെ പരിഗണിച്ചുകൊണ്ടുമാത്രമേ സിനിമയെ വിലയിരുത്താനാവൂ. സഭ്യമേത്, സഭ്യേതരമേത് എന്ന വരമ്പുകൾ നിർണയിക്കേണ്ടതും അതു പാലിക്കേണ്ടതുമാണ്. പ്രത്യേകിച്ചും കുടുംബസമേതം ഒടിടിയിൽ ചിത്രം കാണേണ്ടിവരുമ്പോൾ. അധമമെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള ഭാഷണങ്ങൾക്കു പ്രയോഗസാധുത ലഭിക്കുംവിധം അവയെ ചിത്രത്തിൽ രൂപപ്പെടുത്തിയിട്ടുള്ളത് അക്ഷന്തവ്യമായ അപരാധമാണ്. ചുരുളി ഒരു സാംസ്കാരിക ചുഴിയാണ് സൃഷ്ടിച്ചത്. അത് പൊതുസമൂഹത്തെ മലിനമാക്കി. വാക്കുകളിലൂടെ വിസർജ്യം വർഷിക്കുകയായിരുന്നു ചുരുളി എന്ന സിനിമ.
‘ധിക്കാരിയുടെ കാതൽ’ എന്ന പുസ്തകത്തിലെ ‘രാഷ്ട്രീയ പ്രവർത്തനവും ആഭാസ സാഹിത്യവും’ എന്ന പ്രബന്ധത്തിൽ സി.ജെ. തോമസ് എഴുതി, “അശക്തി ബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് തെറി പറയൽ.” തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും (താനിപ്പോൾ തെറി ചുമന്നു നടക്കുകയാണെന്ന് നടൻ ജോജു അഭിമുഖത്തിൽ പറഞ്ഞിരുന്നു). ഭാഷാപ്രയോഗങ്ങൾ തെറിയായി മാറുന്നത് അശക്തിബോധത്തിൽ നിന്നാണെന്ന് ആറു പതിറ്റാണ്ടുമുമ്പ് സി.ജെ. തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്.
ഗ്രാമ്യഭാഷ, നാടൻ ശൈലി, വാമൊഴി വഴക്കം, വന്യ സാഹചര്യ ഭാഷ എന്നൊക്കെ പറഞ്ഞ് ഇത്തരം ആഭാസങ്ങളെ ന്യായീകരിക്കരുത്. കേരള സംസ്കാരത്തിന്റെ മരണമണിയാണ് ഇവിടെ മുഴങ്ങിയത്. ദ്വയാർഥ പ്രയോഗങ്ങളും വിടുവായത്തവുംഅശ്ലീലവും ആഭാസത്തരങ്ങളും തെറിയും ഒരു കലയിൽ പ്രയോഗിക്കുമ്പോൾ അതിർവരമ്പുകൾ ഉണ്ടാകണം.
‘സംസ്കാരം’ എന്ന വാക്കിനർഥം ‘അപരനെക്കുറിച്ചുള്ള കരുതൽ’ എന്നാണ്. പൊതുസമൂഹത്തെക്കുറിച്ചുള്ള ഒരു കരുതൽ ഇതിന്റെ സൃഷ്ടികർത്താക്കൾക്ക് ഇല്ലാതെപോയിട്ടുണ്ട്. അതാണ് വീണ്ടും സമൂഹത്തിൽ തിരിച്ചടികൾ സമ്മാനിക്കുന്നത്; തെറി ചുമന്നു നടക്കുകയും അതിന്റെ പേരിൽ ഇപ്പോൾ വിലപിക്കേണ്ടിയും വരുന്ന സാഹചര്യമൊരുക്കുന്നത്.