ഭീകരവാദത്തിന്റെ ഇരയായ നൈജീരിയ
തോമസ് എം. പോൾ
Thursday, July 10, 2025 1:07 AM IST
പടിഞ്ഞാറൻ ആഫ്രിക്ക ക്രൈസ്തവരക്തം വീണു കുതിർന്നുകൊണ്ടിരിക്കുകയാണ്. ബുർക്കിന ഫാസോ, നൈജർ, മാലി, ഛാഡ്, കാമറൂൺ, നൈജീരിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ മുതലായ രാജ്യങ്ങളാണ് പടിഞ്ഞാറൻ ആഫ്രിക്കയിൽ ഈ രക്തച്ചൊരിച്ചിലിനു വേദിയാകുന്നത്. ഈ അരുംകൊലകൾ കാണാനോ ലോകശ്രദ്ധയിൽ കൊണ്ടുവരാനോ മാധ്യമങ്ങൾ തയാറാകുന്നില്ല എന്നത് ഒരു നഗ്നസത്യം.
പാശ്ചാത്യലോകത്തു കുടിയേറ്റക്കാർക്കോ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്കോ എതിരായി എന്തെങ്കിലും സംഭവിച്ചാൽ ഇക്കൂട്ടർ സടകുടഞ്ഞ് എഴുന്നേൽക്കും. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന് ഉച്ചത്തിൽ നിലവിളിക്കും. എന്നാൽ, ആഫ്രിക്കയിൽതന്നെ ആയിരക്കണക്കിനു ക്രൈസ്തവരെ കുരുതികൊടുത്തിട്ടും മനുഷ്യാവകാശ പ്രവർത്തകരോ മാധ്യമങ്ങളോ ചെറുവിരൽപോലും അനക്കിയിട്ടില്ല. വേട്ടക്കാരുടെ പേരു പറയാൻ മാധ്യമങ്ങൾക്കു പേടിയാണോ എന്ന് നിഷ്പക്ഷമതികൾ ചോദിച്ചുപോകുന്ന അവസ്ഥ.
ജൂൺ 13നാണ് ഇസ്ലാമിക തീവ്രവാദികളായ ഫുലാനി ഗോത്രക്കാർ യെലെവാത്ത പട്ടണത്തിലെ കത്തോലിക്കാ പള്ളിയിൽ അഭയം തേടിയെത്തിയിരുന്നവരിൽ ഇരുനൂറിലേറെപ്പേരെ കൂട്ടക്കൊല ചെയ്തത്. ബെന്യൂ സംസ്ഥാനത്തെ ക്രൈസ്തവഗ്രാമങ്ങളിൽ നടന്നുപോന്നിരുന്ന അതിക്രമപരന്പരയിലെ അവസാനത്തെ കൃത്യമായിരുന്നു അത്. ദിനംപ്രതിയെന്നവണ്ണം നൈജീരിയയിൽ രക്തം ചിന്തപ്പെടുന്നുണ്ട്.
ജൂൺ 22 നൈജീരിയയിൽ പ്രാർഥനാദിനമായി ആചരിക്കാൻ ലാഗോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തിരുന്നു. ഭരണകൂടത്തിന്റെ നിസംഗതയ്ക്കു നേർക്കുള്ള ക്രൈസ്തവരുടെ നിസഹായതയുടെ നിശബ്ദ പ്രതിഷേധമായിരുന്നു അത്. ആർച്ച്ബിഷപ് എഴുതിയതുപോലെ, നിരപരാധികളുടെ രക്തം കുടിച്ച് ഭൂമിക്ക് മതിയായിരിക്കുന്നു!
നൈജീരിയയിൽ ശരിയത്ത് നിയമം
12 സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം നിലവിൽ വന്നതോടെ അവിടങ്ങളിൽ ജീവിതം ദുഃസഹമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിൽ പതിനായിരം മനുഷ്യരാണ് കൊല്ലപ്പെട്ടത്. സായുധസംഘങ്ങളാണ് കൊലകൾ നടത്തുന്നത്. ബൊക്കൊ ഹറാമിൽനിന്ന് ആവേശംകൊണ്ട് വളർന്നുവരുന്ന നിരവധി കില്ലർ സ്ക്വാഡുകളുണ്ട്. കൊള്ളയും കൊലയും തീയിടലും തട്ടിക്കൊണ്ടുപോകലും ഈ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ദിനചര്യയിൽപ്പെടുന്നു.
ഈ പ്രതിസന്ധികൾക്കു നടുവിലും സഭ അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നു. പൊന്തിഫിക്കൽ മിഷൻ വർക്കിന്റെ ദേശീയ ഡയറക്ടർ ഫാ. സോളമൻ പാട്രിക് സാക്കു പറയുന്നു, “ക്രൈസ്തവർ നേരിടുന്ന വിവിധ ഭീഷണികളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഭീതിദമായ ചിത്രങ്ങളും വാർത്തകളും പ്രചരിക്കുന്നുണ്ട്. അവ കാണുന്പോൾ മനുഷ്യർ പള്ളിയിൽ വരില്ല എന്നു ചിന്തിച്ചുപോകും. എങ്കിലും, കുർബാനയ്ക്കും കൂദാശകൾക്കും ആളുകൾ ധാരാളമായി വരുന്നു. ഈ സംശയങ്ങളുടെ സാഹചര്യത്തിലും സഭയാണ് അവർക്ക് പ്രത്യാശയും ഉറപ്പും നൽകുന്നത്.” വിശേഷിച്ചും ക്രൈസ്തവപീഡനം രൂക്ഷമായിരിക്കുന്ന വടക്കൻ നൈജീരിയയിൽ സഭ തഴച്ചുവളരുകയാണെന്ന് അദ്ദേഹം പറയുന്നു. ഇതു ശരിവയ്ക്കുകയാണ് കദുന സംസ്ഥാനത്തെ സരിയ രൂപതാ മെത്രാൻ ഹബീല ദാബോയും.
ക്രൈസ്തവരുടെ ജീവിതം എളുപ്പമാണെന്നല്ല അതിനർഥം. ബിഷപ് ദാബോ പറയുന്നു, “തീവ്ര ഇസ്ലാമിക വാദികളുടെ ആക്രമണങ്ങളും ക്രിമിനൽ പ്രവൃത്തികളും ഗോത്ര സംഘട്ടനങ്ങളും അവരുടെ ജീവിതത്തെ സംഘർഷഭരിതമാക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ഇസ്ലാം മതവിശ്വാസികൾക്ക് ഈ ആക്രമണങ്ങളിൽ പങ്കൊന്നുമില്ല. അവരും തീവ്രവാദികളുടെ ഇരകളാണ്. ക്രൈസ്തവരും മുസ്ലിംകളും സമാധാനത്തിൽ കഴിഞ്ഞുകൂടിയിരുന്ന രാജ്യമാണ് നൈജീരിയ.
ആഘോഷങ്ങൾ ഞങ്ങൾക്കു പൊതുവായിരുന്നു. ഞങ്ങൾ പരസ്പരം വിരുന്നൂട്ടിയിരുന്നു. ഒന്നിച്ചാണ് ഫുട്ബോൾ കളിച്ചിരുന്നതും ചന്തയിൽ പോയിരുന്നതും. അപ്പോഴാണ് തീവ്രവാദികൾ വരുന്നത്. അവരുടെ അഭിപ്രായത്തിൽ മുസ്ലിമല്ലാത്തവർക്കു ജീവിക്കാൻ അവകാശമില്ല. അതോടെ ക്രൈസ്തവരുടെ ജീവിതം ദുഃസഹമായിത്തീർന്നു.”
ക്രിസ്തുമതം ആകർഷകമോ?
ഭീഷണമായ ഇത്തരം സാഹചര്യങ്ങളിലും ആളുകൾ ക്രൈസ്തവസഭയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. 2020ന്റെ തുടക്കത്തിൽ കദുനാ സെമിനാരിയിൽനിന്ന് നാലു സെമിനാരിക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം ബിഷപ് ദാബോ അനുസ്മരിക്കുന്നു. അവരിൽ പതിനെട്ടുകാരനായ മൈക്കിൾ നാദി എന്ന സെമിനാരിക്കാരനെ തീവ്രവാദികൾ കൊന്നുകളഞ്ഞു.
മൂന്നുപേർ ജീവനോടെ തിരിച്ചുവന്നു. ഈ സംഭവത്തെത്തുടർന്ന് സഭാ നേതൃത്വം ഭയപ്പെട്ടത് മേലിൽ സെമിനാരി പഠനത്തിനു യുവാക്കൾ എത്തില്ലെന്നാണ്. എന്നാൽ, നേരേമറിച്ചാണു സംഭവിച്ചത്. കൂടുതൽ ചെറുപ്പക്കാരാണ് വൈദികരാകാൻ ആഗ്രഹിച്ചു സെമിനാരിയിൽ ചേർന്നത്. സ്നേഹിക്കാൻ പഠിപ്പിച്ച സമാധാന രാജാവായ യേശുവിനെ അനുഗമിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു.
ഏതു തരത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനവും ‘പാശ്ചാത്യ’ ജീവിതശൈലിയുടെ ഭാഗമാണെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും ബൊക്കോ ഹറാം കരുതുന്നു. വിദ്യാഭ്യാസത്തെ സ്വാതന്ത്ര്യത്തിന്റെ താക്കോലായാണ് ക്രൈസ്തവർ വിലമതിക്കുന്നത്. ഉത്തര നൈജീരിയയിൽ ക്രൈസ്തവസഭ അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്തുന്നുണ്ട്. “എന്റെ ജനം അറിവ് നേടാൻ ദാഹിക്കുകയണ്. വിദ്യാഭ്യാസമാണ് അവർക്ക് വികസനത്തിനുള്ള സാധ്യതകൾ നൽകുന്നത്. തെറ്റും ശരിയും തിരിച്ചറിയാൻ സഹായിക്കുന്നത് വിദ്യാഭ്യാസമാണ്” -ബിഷപ് ദാബോയുടെ ഈ വാക്കുകൾ പ്രസക്തമാണ്.
ആഫ്രിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള നൈജീരിയ ഒരു സാന്പത്തികശക്തിയുമാണ്. 2023 മേയിലാണ് ബോള അഹമ്മദ് ടിൻസു പ്രസിഡന്റാകുന്നത്. അദ്ദേഹം രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അത് അസ്ഥാനത്തായി. അസംസ്കൃത വസ്തുക്കൾ ധാരാളമുള്ള നൈജീരിയ ഒരു ദരിദ്രരാജ്യമായി തുടരേണ്ട ആവശ്യമില്ല. അവ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുന്നില്ല. രാജ്യം നേരിടുന്ന വലിയ വെല്ലുവിളി സമൂഹജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ള അഴിമതിയാണ്.
എന്തുകൊണ്ട് ആക്രമണങ്ങൾ?
കൂടുതൽ സുരക്ഷിതത്വം വാഗ്ദാനം ചെയ്താണ് പ്രസിഡന്റ് ബോള ടിൻസു അധികാരമേറ്റതെങ്കിലും അവസ്ഥ കൂടുതൽ മോശമായെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ (നൈജീരിയ) ഡയറക്ടർ ഇസാ സനൂസി പറയുന്നു. ബൊക്കോ ഹറാമും ഐഎസ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസുമാണ് ഏറ്റവുമധികം ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത്.
ഈ ഗ്രൂപ്പുകൾ വടക്കുകിഴക്കൻ മേഖലകളിൽ ശക്തമാണ്. ലോകത്തിനു മുന്പിൽ വെളിപ്പെടാത്ത അനേകം അക്രമസംഭവങ്ങളും നൈജീരിയയിൽ അരങ്ങേറുന്നുണ്ടെന്ന് സനൂസി പറയുന്നു. മേയ് 24-26 തീയതികളിൽ ഫുലാനി ഭീകരർ കുട്ടികളുൾപ്പെടെ 30 പേരെ കൊലപ്പെടുത്തി. പോലീസും പട്ടാളവുമൊക്കെ നിഷ്ക്രിയരാണ്. ഓശാനഞായറാഴ്ച പ്ലാറ്റോ സംസ്ഥാനത്ത് 56 ക്രൈസ്തവരെ നിഷ്ഠുരമായി വധിച്ചു. അന്ന് മുറിവേറ്റ അനേകർ പിന്നീടു മരണത്തിനു കീഴടങ്ങി.
നൈജീരിയൻ സമൂഹത്തിൽ മതം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
എല്ലാ കാര്യങ്ങളും മതത്തിന്റെ കണ്ണിലൂടെ കാണുന്ന ഒരു വ്യവസ്ഥയാണ് അവിടെയുള്ളത്. ജനസംഖ്യാപെരുപ്പവും കാലാവസ്ഥാ വ്യതിയാനവും സാന്പത്തിക സ്രോതസുകളുടെ കുറവുമൊക്കെ അക്രമത്തിലേക്കു തള്ളിവിടുന്നു. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള നാടോടികളായ ഫുലാനികൾ ഇടയന്മാരാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അവിടത്തെ പുൽമേടുകൾ അർധ മരുഭൂമിയായി മാറുകയും ഇടയന്മാർ മേച്ചിൽസ്ഥലം തേടി തെക്കൻ പ്രദേശങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്നു.
കൂടുതൽ പച്ചപ്പും ജലലഭ്യതയുമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കൃഷിക്കാരാണ് കൂടുതൽ. അവർ ഭൂരിഭാഗവും ക്രൈസ്തവരുമാണ്; ഫുലാനികളാകട്ടെ മുസ്ലിംകളും. ഫുലാനികളിലെ തീവ്രവാദികളായ ഒരു ന്യൂനപക്ഷം അക്രമവും കൊള്ളയും കൊലയും നടത്തി ക്രൈസ്തവരെ ഇല്ലാതാക്കാമെന്നും അങ്ങനെ അവരുടെ കൃഷിസ്ഥലങ്ങൾ കൈയേറി തങ്ങളുടെ ആടുകളെയും കാലികളെയും പോറ്റാമെന്നും കരുതുന്നു, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഭരണകൂടം ഒന്നും കണ്ടില്ലെന്നു നടിക്കുകയും.