കോട്ടയം മെഡി.കോളജ് ആശുപത്രി സാധാരണക്കാരുടെ സ്വന്തം സൂപ്പർ സ്പെഷാലിറ്റി
Friday, July 11, 2025 12:20 AM IST
വി.എൻ. വാസവൻ സഹകരണ, തുറമുഖം, ദേവസ്വം മന്ത്രി
ആതുരസേവനത്തിൽ കേരളത്തിന് എന്നുംഅഭിമാനകരമായ പ്രവർത്തനംനടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. അത് അവിടുത്തെ അത്യാധുനിക സൗകരങ്ങളിലൂടെ മാത്രം നേടാനായതല്ല, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്.
അതുല്യമായ നേട്ടങ്ങൾ
എൽഡിഎഫ് സർക്കാർ വന്ന് ഒമ്പതു വർഷത്തിനിടെ 1,165 കോടിരൂപയുടെ വികസനപദ്ധതികളാണ് 89 പദ്ധതികളിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളജ് അത്തരം ഏഴെണ്ണം വിജയകരമായി നടത്തി. 233 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇവിടുത്തെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം നാലായിരത്തിലധികം ഇന്റവെൻഷണൽ റേഡിയോളജി പ്രൊസീജറും നൂറിലധികം മേജർ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജറുകളും ചെയ്ത് ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപന്തിയിലെത്തി.
വർഷം രണ്ടായിരത്തിലധികം മേജർ ഓപ്പറേഷൻ ചെയ്യുന്ന ഹൃദയശസ്ത്രക്രിയാ വിഭാഗമാണ് ഇവിടെയുള്ളത് . ഓപ്പൺ ഹാർട്ട് സർജറി, പീഡിയാട്രിക് ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ എന്നിവ നടത്തുന്നതിൽ അസാമാന്യമികവ് പുലർത്തുന്നു. വർഷം ആയിരത്തിനുമേൽ മേജർ ഓപ്പറേഷൻ ചെയ്യുന്ന ന്യൂറോസർജറിവിഭാഗം.
വളരെ സങ്കീർണവും ചെലവേറിയതുമായ അയോർട്ടിക് അന്യൂറിസം ആൻഡ് അയോർട്ടിക് റൂട്ട്സർജറിയിൽ അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്പൂർത്തിയാക്കിയ ഇന്ത്യയിലെ മൂന്നു പ്രധാന അയോർട്ടിക് സർജറി സെന്ററുകളിലൊന്നാണ് ഇവിടുത്തെ ഹൃദയശസ്ത്രക്രിയാ വിഭാഗം.
കഴിഞ്ഞ 10 വർഷംകൊണ്ട് ആയിരത്തിലധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്ത് ഇന്ത്യയിലെ ഏറ്റവുമധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്യുന്ന സെന്ററായി. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ഇവിടെ പിറന്നു. ഗൈനക്കോളജിയിൽ മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന, മരണത്തോട് മുഖാമുഖംനിന്ന 249 അമ്മമാരെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ചികിത്സിച്ചു ഭേദമാക്കി.
വിപുലമായ ചികിത്സാ സൗകര്യങ്ങൾ
പണിപൂർത്തിയായ എട്ടുനിലയുള്ള സർജിക്കൽ ബ്ലോക്ക്, നിർമാണംനടക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് എന്നിവ 526 കോടിരൂപയുടെപദ്ധതികളാണ്. സർജിക്കൽ ബ്ലോക്കിൽ 565 കിടക്കയും14 ഓപ്പറേഷൻ തിയറ്ററുമുണ്ട് .
സൂപ്പർ സ്പെഷലിറ്റി ബ്ലോക്കിൽ 365 കിടക്കയും12 ഓപ്പറേഷൻ തിയറ്ററുമുണ്ട്. 36 കോടിരൂപ മുടക്കി കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം പൂർത്തീകരിച്ചു. പത്തരക്കോടി രൂപ മുടക്കുള്ള സാംക്രമികരോഗ ചികിത്സാവിഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി, അഞ്ച് നിലയുള്ള അത്യാഹിതവിഭാഗം കെട്ടിടം നിർമിച്ചത്.
നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങളുംആശുപത്രിയിൽ നടത്തി. ആർദ്രം പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി ഗൈനക്കോളജി വിഭാഗത്തിനായി 8.5 കോടിരൂപ മുടക്കി.
മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾക്ക് ഒന്നരക്കോടി, സിടി സിമുലേറ്ററിന് നാല് കോടി, പിജി റെസിഡൻസ് ക്വാർട്ടേഴ്സിന് 12.10 കോടി, വനിതകളുടെ 450 ബെഡ് ഹോസ്റ്റലിന് 12.24 കോടി, 13 ഐസൊലേഷൻ കിടക്കകൾക്ക് 16.5 കോടി, എംആർഐ ഡിഎസ് എ സംവിധാനത്തിന് 11.5 കോടി, ബേൺസ് ഐസിയു 16.9 കോടി, സ്കിൻ ലാബ് 4.8 കോടി, നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിന് അഞ്ച് കോടിഎന്നിങ്ങനെ ചെലവഴിച്ചു.
ഏഴ് കോടിരൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചു. പാരാമെഡിക്കൽ ഹോസ്റ്റലിന് ആറ് കോടി, എപ്പിഡമിക് വാർഡിന് ആറ് കോടി, 32 സ്ലൈസ് സിടി സ്കാനിന് 4.28 കോടി, ഫാർമസി കോളജിന് 27.2 കോടി എന്നിങ്ങനെ ചെലവഴിച്ചു. കുട്ടികളുടെആശുപത്രിയിൽ 6.5 കോടിരൂപയുടെപദ്ധതികൾ നടപ്പാക്കി.
മികവിന്റെ മുദ്രചാർത്തിയ അംഗീകാരങ്ങൾ
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്ക്ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സ്ഥാപനത്തിനുള്ള ആരോഗ്യമന്ഥൻ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കാണ് ലഭിച്ചത്. 2022ലെ മെഡിസെപ് ബെസ്റ്റ് പെർഫോമറായി.
കോട്ടയം എംസിഎച്ച് തുടങ്ങിയ പദ്ധതികളും അനവധി. ആദ്യമായിട്രാൻസ്ജെൻഡർ ക്ലിനിക്ആരംഭിച്ചു. കേരളത്തിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി എംഡിഎസ് കോഴ്സ് കോട്ടയം ദന്തൽ കോളജിൽ ആരംഭിച്ചു. സർക്കാർ തലത്തിലെ ആദ്യ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ ഒന്നാമതും ആകെ ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമെത്തി. കേരളശ്രീ പുരസ് കാരം ലഭിച്ചിട്ടുള്ള ഏറ്റവുംസമർഥനായ ഡോക്ടറാണ് സൂപ്രണ്ട് ടി.കെ. ജയകുമാർ.
മാസ് കാഷ്വാലിറ്റി കൈകാര്യം ചെയ്യുന്നതിൽ വിജയം
ദുരന്തസാഹചര്യങ്ങളിൽ മാസ് കാഷ്വാലിറ്റിയെ മികച്ചരീതിയിൽ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, നൂറിലധികം പേർ മരിച്ച പുല്ലുമേട് ദുരന്തം, തേക്കടി ബോട്ടപകടം തുടങ്ങി കൂട്ടിക്കൽ ഉരുൾപൊട്ടൽ വരെ എത്രയെത്ര സംഭവങ്ങൾ മെഡിക്കൽ കോളജ് മാസ് കാഷ്വാൽറ്റി കൈകാര്യം ചെയ്തു. ഇതിനെല്ലാം സാക്ഷിയായ എളിയ പൊതുപ്രവർത്തകനായിരുന്നു ഞാൻ. പ്രതിവർഷം പത്തേകാൽ ലക്ഷം ഒപിയും 1,10,000 ഐപിയുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
മൂർഖന്റെ കടിയേറ്റ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച വാവ സുരേഷിനെ ഈ ആതുരാലയം ജീവിതത്തിലേക്കു മടക്കിയെത്തിച്ചത് ആരും മറന്നിട്ടുണ്ടാകില്ല.
അതിവേഗം ടീം രൂപീകരിച്ച് നടത്തിയ പ്രവർത്തനം കേരളം അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. മറ്റൊരിക്കൽ, മണിപ്പാലിൽനിന്നുവരെ രക്ഷയില്ലെന്നു പറഞ്ഞ് തിരിച്ചയച്ച രോഗിയുടെ 43 കിലോ വരുന്ന ട്യൂമർ ഇവിടെ നീക്കംചെയ്തു.
ജൂലൈ മൂന്നിനുണ്ടായ ദുരന്തത്തിൽ ഡി. ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം അതിദാരുണവും വേദനാജനകവുമാണ്. അന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഹത്തായ ഈ ആരോഗ്യസ്ഥാപനത്തെ ആ അപകടം ഉപയോഗപ്പെടുത്തി തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.