സമദൂരവും ശരിദൂരവും
Saturday, October 19, 2019 11:39 PM IST
തെരഞ്ഞെടുപ്പുകളിൽ സ്വന്തം സമുദായതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വളരെ സൂക്ഷ്മതയോടെ നിലപാടുകൾ എടുക്കുന്ന കേരളത്തിലെ രണ്ടു സമുദായ സംഘടനകളാണ് ഈഴവരുടെ സമുദായ സംഘടനയായ എസ്എൻഡിപിയും നായന്മാരുടെ സമുദായ സംഘടനയായ എൻഎസ്എസും. ചോദ്യം ചെയ്യപ്പെടാനാവാത്ത രണ്ടു നേതാക്കളാണ് ഈ സംഘടനകളുടെ തലപ്പത്ത്. വെള്ളാപ്പള്ളി നടേശനും ജി.സുകുമാരൻ നായരും.
നടേശനെതിരേ സംഘടനയിലും സമുദായത്തിലും ശക്തമായ നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ അതെല്ലാം നിലച്ച മട്ടാണ്. വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങൾക്കു നേതൃത്വം കൊടുത്തിരുന്ന ഗോകുലം ഗോപാലൻ പിണറായിയുടെ അടുത്ത സുഹൃത്തായതുകൊണ്ടു കൂടിയാണോ ഇങ്ങനെ സംഭവിച്ചത് എന്നു സംശയിക്കുന്നവരുണ്ട്. ഏതായലും എസ്എൻഡിപിയിലെ ഇപ്പോഴത്തെ സ്ഥിതി വച്ചുനോക്കിയാൽ വെള്ളാപ്പള്ളി നടേശന്റെയും മകൻ തുഷാറിന്റെയും കാലം കഴിയാതെ അവിടെ ഒരു നേതൃത്വ മാറ്റം ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല.
ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് സുകുമാരൻ നായർ. പക്ഷേ അവിടെ മക്കൾവാഴ്ച ഒന്നും ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ല.
സമുദായ താത്പര്യങ്ങൾ പരിരക്ഷിക്കുന്നതിനു മുഖം നോക്കാതെ നിലപാടുകൾ എടുക്കുന്നവരാണ് ഇരുവരും.അവരുടെ നിലപാടുകൾക്കു കാരണമാകുന്ന ന്യായങ്ങൾ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്.
കൊല്ലത്തു പ്രധാനമന്ത്രി മോദി പങ്കെടുത്ത ചടങ്ങിലേക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാതിരുന്ന ആളാണ് നടേശൻ.
കോണ്ഗ്രസ് പാർട്ടി അടൂർ പ്രകാശിൽ നിന്നു റവന്യു വകുപ്പ് മാറ്റിയേക്കും എന്ന ആലോചന വന്നപ്പോൾ അത് ഈഴവർക്കതിരായ നീക്കമായി ചിത്രീകരിച്ചു കൊണ്ടു വെള്ളാപ്പള്ളിയും എത്തി. അന്നു മുതൽ സുകുമാരൻ നായർ നടത്തിയതെല്ലാം വർഗീയനീക്കമായി, സവർണ മേധാവിത്വ നീക്കമായി, ചിത്രീകരിക്കാൻ വെള്ളാപ്പള്ളി മടിക്കാറില്ല. അദ്ദേഹം ചെയ്തതോ? അക്കാര്യം ആരും ചോദിക്കാറില്ല. അങ്ങനെയായി നമ്മുടെ പത്രപ്രവർത്തനം. സുകുമാരൻ നായർ അങ്ങനെ ഒന്നും വാ തുറക്കാറില്ല. പറഞ്ഞാൽ നിലപാട് മാറ്റാറും ഇല്ല.
വെള്ളാപ്പള്ളിയുടെ നിലപാടുകൾ
വളരെ വ്യത്യസ്തമാണ് വെള്ളാപ്പള്ളിയുടെ വാക്കുകളും നീക്കങ്ങളും. മറ്റ് എല്ലാവരിലും അദ്ദേഹം വളരെ സൂക്ഷ്മമായി വർഗീയത കാണും. അക്കാര്യം തുറന്നടിക്കുകയും ചെയ്യും. തനിക്ക് ദോഷകരമായ നിലപാടുകളിലും അദ്ദേഹം വർഗീയത കാണും. മദ്യനിരോധന പ്രവർത്തനം പോലുള്ള സാമൂഹിക നീക്കങ്ങൾക്കു പിന്നിൽ പോലും അങ്ങനെ അദ്ദേഹം വർഗീയത കാണുന്നു. അതിന് നേതൃത്വം കൊടുക്കുന്ന അന്യസമുദായക്കാരെ വർഗീയരാക്കുക മാത്രമല്ല സ്വന്തം സമുദായക്കാരെ കുലംകുത്തിയായി ചിത്രീകരിക്കുകയും ചെയ്യും. കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ അങ്ങനെയാണ് അദ്ദേഹത്തിന്റെ ശത്രുവായത്.
സുധീരനെ തോൽപ്പിക്കാൻ ആലപ്പുഴയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടത്തിയ അധ്വാനം കുപ്രസിദ്ധമാണ്. എന്നിട്ടും അപരനെത്തി വോട്ടു പിടിച്ച് നേരിയ വോട്ടിന് തോൽപ്പിക്കുന്നതു വരെ സുധീരൻ വെള്ളാപ്പള്ളിയുടെ തട്ടകത്തിൽ അജയ്യനായി നിന്നു. ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് സഹായം കെടുക്കുന്ന വിഷയം വന്നപ്പോഴും കോഴിക്കോട് അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇറങ്ങി ജീവൻ നഷ്ടപ്പെടുത്തിയവരെ സഹായിക്കാൻ തുനിഞ്ഞപ്പോഴും ആ നീക്കങ്ങളിലും വെള്ളാപ്പള്ളി വർഗീയത കണ്ടു. ഒപ്പം പനയിൽ നിന്നു വീണു മരിക്കുന്നവർക്ക് ഇതേരീതിയിൽ സഹായം കൊടുക്കണമെന്ന് പറയുകയും ചെയ്തു.
മനസിലാക്കിയതു ബിജെപി
ഓരോ പാർട്ടിയോടും അടുത്തുനിന്ന് തനിക്കുവേണ്ടതെല്ലാം നേടുകയും അവരെ പുലഭ്യം പറയുകയും ചെയ്യുന്നതു ശീലമാക്കിയ വെള്ളാപ്പള്ളിയെ ശരിക്കും മനസിലാക്കിയതു ബിജെപിയും അമിത് ഷായുമാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പലതും പറഞ്ഞ് കൂടെ കൂട്ടി എങ്കിലും മേശപ്പുറത്തുനിന്നു വീണ അപ്പക്കഷണങ്ങൾ പോലും കൊടുത്തില്ല. ചതി മനസിലാക്കിയ വെള്ളാപ്പള്ളി പുതിയ താവളങ്ങൾ തേടി. അദ്ദേഹം ബിജെപി കൂടാരം വിട്ടപോലായി.
ചിദംബരത്തെയും ശിവകുമാറിനെയും വരെ ജയിലിലാക്കിയിരിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുകാർ ഉള്ളതുകൊണ്ട് മകൻ തുഷാർ ബിജെപി മുന്നണിയിൽ തന്നെ നിൽക്കുന്നു.
എന്നാൽ, ഗൾഫിൽ ജയിലിലാക്കപ്പെട്ട തുഷാറിനെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യാതിരുന്നത് തുഷാറിനെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം തത്വത്തിൽ ബിജെപി മുന്നണിയിലാണെങ്കിലും ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർത്താൻ കൂട്ടാക്കിയില്ല. ഫലത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നു കൊണ്ട് ഇടതുമുന്നണിയെ സഹായിക്കുന്നു.
വല്ലാത്ത വർഗീയത
ഗതിപിടിക്കാത്ത സ്വന്തം പാർട്ടി ഉള്ളപ്പോഴും തെരഞ്ഞെടുപ്പു വരുമ്പോൾ ഓരോ പാർട്ടിയിൽ നിന്നും ഈഴവർക്കു സീറ്റ് വാങ്ങിക്കൊടുക്കാൻ എന്ന പേരിൽ വർഗീയത വിളിച്ചുപറയുന്ന വെള്ളാപ്പള്ളി മറ്റു സമുദായങ്ങളിൽപ്പെട്ടവർ സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിച്ചാൽ അതിൽ വല്ലാത്ത വർഗീയത കാണും. ഏതാനും വർഷം മുന്പ് തങ്ങളുടെ സമുദായത്തിലെ പെണ്കുട്ടികളെ മറ്റൊരു സമുദായത്തിലെ യുവാക്കൾ വശീകരിച്ചുകൊണ്ടു പോകുന്നു എന്നു കണക്കുകൾ ഉദ്ധരിച്ച് ഒരു സമുദായ നേതാവ് പറഞ്ഞത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. അദ്ദേഹത്തിനുമാത്രം വശമായ ഹീനമായ ഭാഷയിൽ ആ നേതാവിനെ അദ്ദേഹം പരിഹസിച്ചതും സമുദായ സംഘർഷത്തിന് ശ്രമിക്കുന്നയാൾ എന്നുവരെ കുറ്റപ്പെടുത്തിയതും അത്തരം നീക്കത്തിനു ശ്രമിച്ചതും എല്ലാം മലയാളിയുടെ ഓർമയിലുണ്ട്.
അദ്ദേഹം പറയുന്നത് അപ്പാടെ അംഗീകരിക്കാത്ത ഈഴവ സമുദായത്തിലെ നേതാക്കളെ പോലും അദ്ദേഹം വല്ലാതെ നിന്ദിക്കും. കോന്നിയിലെ കോണ്ഗ്രസ് സ്ഥാനാർഥി സംബന്ധിച്ച നിലപാടിന് ആറ്റിങ്ങലിലെ എംപി അടൂർ പ്രകാശിനെ അദ്ദേഹം കുലംകുത്തിയായി ചിത്രീകരിച്ചിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു വരെ വെള്ളാപ്പള്ളി ഇടതുപക്ഷത്തിന് എതിരായിരുന്നു. കേരളത്തിൽ താമര വിരിയിക്കാൻ അദ്ദേഹം നടത്തിയ നീക്കങ്ങൾക്കിടയിലാണ് പല കാരണങ്ങൾകൊണ്ട് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതും പിണറായി വിജയൻ മുഖ്യമന്ത്രിയായതും. എന്നാൽ, പിണറായിയുടെ മുഖ്യമന്ത്രിക്കസേര താനാണു സംരക്ഷിക്കുന്നത് എന്ന മട്ടിൽ അദ്ദേഹം ഇപ്പോൾ അടുത്തുകൂടിയിരിക്കുകയാണ്. ശബരിമല സമരത്തിൽ പെട്ടുപോയ പിണറായിക്ക് നവോത്ഥാനം ഉണ്ടാക്കാൻ ഒരു ജാതിമുഖം വേണമായിരുന്നു. വെള്ളാപ്പള്ളി അങ്ങനെ അകത്തുകയറി. വെള്ളാപ്പള്ളി പരമാവധി എതിർത്തിട്ടും കേരളത്തിലെ മുഖ്യമന്ത്രി ആയവരാണ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും. എന്നിട്ടും ഇപ്പോൾ അവർ രണ്ടും ഈഴവനേതാക്കളായിരിക്കുന്നു വെള്ളാപ്പള്ളിയുടെ കണക്കിൽ!
ശരിദൂരം
പാലാ ഉപതെരഞ്ഞെടുപ്പു വന്നതോടെ വെള്ളാപ്പള്ളിയും ഇടതുമായുള്ള ബന്ധം വളരെ അടുത്തു. ഇടതു മുന്നണിയുടെ പാലായിലെ വിജയത്തിന് എസ്എൻഡിപിയുടെ നിലപാട് വളരെ സഹായം ചെയ്തു എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏറ്റുപറഞ്ഞതോടെ ബന്ധത്തിന്റെ ആഴം സുകുമാരൻ നായർക്കും മനസിലായി. നടേശന്റെ പാർട്ടി ഇടതു മുന്നണിയിൽ ഘടകകക്ഷിയാകുമോ എന്നുവരെ എത്തി അഭ്യൂഹങ്ങൾ. പതിവുപോലെ സാധ്യതകളുടെ സൂചനയുമായി കോടിയേരി വന്നു.
ഇടതു മുന്നണിയിൽ ജനപിന്തുണയുള്ള വേറൊരു പാർട്ടി വരുന്നത് സമ്മതിക്കാത്ത സിപിഐയുടെ കാനം രാജേന്ദ്രൻ എതിർപ്രസ്താവനയുമായി വന്നെങ്കിലും സിപിഎം തീരുമാനിച്ചാൽ തീരുമാനിച്ചതാണെന്ന് സുകുമാരൻ നായർക്കറിയാം. നടേശൻ ഓരോന്ന് നേടുകയും തങ്ങൾക്കുള്ളതെല്ലാം വാഗ്ദാനമായി ഇരിക്കുകയും ചെയ്യുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. പെരുന്ന അസ്വസ്ഥമാകുന്നു എന്നു മനസിലാവുകയും അത് ഇടതുമുന്നണിക്ക് അപകടം ഉണ്ടാക്കുമെന്നു തിരിച്ചറിയുകയും ചെയ്തതോടെ വെള്ളാപ്പള്ളി പ്ലേറ്റ് മാറ്റി. പാലായിൽ അങ്ങനെ സംഭവിച്ചു പോയതാണ് ഇക്കുറി എന്തു ചെയ്യണം എന്ന് തീരുമാനിച്ചില്ലെന്ന പ്രസ്താവനയുമായി വന്നു. പക്ഷേ പെരുന്ന ഉറച്ചുതന്നെ നിന്നു. ജനാധിപത്യമുന്നണിക്ക് ഒരു സമുദായ സംഘടനയുടെ തുറന്ന പിന്തുണയായി.
ഇടതു മുന്നണി ഭയക്കുന്നു
തിങ്കളാഴ്ച നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് തുറന്ന നിലപാടിലേക്കു വരികയായി. ഉപതെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളോടും എൻഎസ്എസ് സമദൂരമല്ല ശരിദൂരമായിരിക്കും പാലിക്കുക എന്നു വ്യക്തമാക്കി. ഇടതു മുന്നണി ഭയന്നു. സുകുമാരൻ നായരുടെ ശരിദൂരം ഇടതുമുന്നണിക്ക് എതിരാവുമെന്ന ഭയത്തോടെ കോടിയേരി ബാലകൃഷ്ണൻ ചില അനുരഞ്ജന നീക്കങ്ങളൊക്കെ നടത്തി. എൻഎസ്എസിന്റെ തെരഞ്ഞെടുപ്പ് സമീപനങ്ങളുടെ വില പണ്ട് വാഴൂരിൽ ശരിക്കും അനുകൂലമാക്കിയിട്ടുള്ള സിപിഐയുടെ സെക്രട്ടറി കാനം രാജേന്ദ്രനും ഇളകി.
ഇടതു സർക്കാർ മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തും എന്നെല്ലാം കോടിയേരി വാഗ്ദാനം ചെയ്തു. അത് അവസരമാക്കി സർക്കാരിന്റെ നിലപാടുകൾക്കെതിരേ ആഞ്ഞടിച്ചുകൊണ്ടു സുകുമാരൻ നായർ രംഗത്തെത്തി. ശരിദൂരം ആർക്ക് അനുകൂലം എന്ന് അതോടെ സംശയമില്ലാതെ വ്യക്തമാക്കപ്പെടുകയും ചെയ്തു. കാനത്തിനെയും ഇക്കുറി മുഖം നോക്കാതെ അടിച്ചിരുത്തി സുകുമാരൻ നായർ.
ഇതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും രംഗത്തുവന്നു. സാമുദായികമായി വോട്ട് ചോദിച്ചാൽ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതോടെ കോടിയേരി എൻഎസ്എസിനെ ഒതുക്കാൻ തങ്ങൾക്ക് ഒരു വടി കിട്ടി എന്ന മട്ടിൽ തെരഞ്ഞെടുപ്പു പരാതി കൊടുക്കും എന്നു ഭീഷണിപ്പെടുത്തി. അദ്ദേഹം ദേവലോകത്ത് പോയി ബാവായെ കണ്ടതടക്കം നടത്തിയ ശ്രമങ്ങൾ എന്തായിരുന്നു എന്നു ജനം ചിന്തിക്കുന്നു. ഏതായാലും സുകുമാരൻ നായരെ ഒന്നുകൂടി പ്രകോപിപ്പിക്കാനും ഇടതുമുന്നണിയിൽ പരാജയഭീതി വർധിക്കുന്നു എന്നു വരുത്താനുമല്ലാതെ കോടിയേരിയുടെ പരാതിനീക്കം കൊണ്ട് എൻഎസ്എസ് നിലപാടിൽ മാറ്റംവരുത്തിക്കാനാവില്ലെന്ന് ആർക്കാണറിയാത്തത്.
വളരെ കരുതിക്കൂട്ടി സൂക്ഷിച്ചു മാത്രം നിലപാടുകൾ എടുക്കുകയും പറയുകയും ചെയ്യുന്ന സുകുമാരൻ നായർ നിശബ്ദനായി കാത്തിരിക്കുന്നു. എൻഎസ്എസ് തങ്ങൾക്കുവേണ്ടിയാണ് പറഞ്ഞത് എന്നു ചിത്രീകരിച്ചു ജയിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്.
വെള്ളാപ്പള്ളി പതിവുപോലെ വലിയ ആക്ഷേപങ്ങളുമായി വന്നു. എൻഎസ്എസ് ഈഴവ വിരുദ്ധ സംഘടനയാണെന്നും ഈഴവനായ പിണറായിയെ പുറത്താക്കാൻ ശ്രമിക്കുന്നു എന്നുമെല്ലാം ആക്ഷേപങ്ങളുയർത്തി. ശരിദൂരം എന്നല്ലാതെ ഒന്നും പറയാത്ത സുകുമാരൻ നായരോ വെള്ളാപ്പള്ളിയോ ആരാണ് വർഗീയത ഇളക്കിവിടുന്നത്?
സമുദായ സംഘടനകളുടെയും നേതാക്കന്മാരുടെയും നിലപാടുകൾ സമുദായത്തിൽ പെട്ട എല്ലാവരും അംഗീകരിക്കുകയും അതനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്യുമോ? സമുദായമാകെ അങ്ങനെ ചെയ്യില്ല എങ്കിലും സ്വന്തം അണികളെ ശരിക്കും തെരഞ്ഞെടുപ്പു സജ്ജമാക്കിയ പാർട്ടിക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഫലത്തെ തങ്ങൾക്കനുകൂലമാക്കുവാൻ ഇത്തരം നിലപാടിലൂടെ സാധിക്കും. ജനാധിപത്യ മുന്നണിയുടെ വോട്ടർമാർ സജീവമായി നിരന്നാൽ തെരഞ്ഞെടപ്പു ഫലം അനുകൂലമാക്കാൻ ഇത് സഹായിക്കും. എന്നാൽ, സമുദായ സംഘടനകളുടെ ഇത്തരം തുറന്ന നിലപാടുകളോട് എതിർപ്പുള്ള സാധാരണക്കാർ മറിച്ചു വോട്ടു ചെയ്യാനും സാധ്യതയുണ്ട്.
അത്ഭുതം നടക്കില്ല!
വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണം നടന്ന ദിവസം ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാനാവില്ല എന്ന നിലപാടുമായി ഡോ. സുൽഫി നൂഹു വന്നതു വിസ്മയമായി. അതും അങ്ങനെ രോഗസൗഖ്യം കിട്ടിയ ക്രിസ്റ്റഫർ ജോളി എന്ന കുട്ടി ജീവിക്കുന്ന സാക്ഷ്യമായുള്ളപ്പോൾ. ദൈവവിശ്വാസി ആണ് താൻ എന്നുകൂടി വ്യക്തമാക്കിക്കൊണ്ടാണ് ഡോ.സുൽഫിയുടെ പോസ്റ്റ്. തിയറ്ററിൽ ശസ്ത്രക്രിയയ്ക്കായി കയറുന്പോൾ സുൽഫി "അള്ളാ'യോട് പ്രാർഥിക്കാറുണ്ടത്രെ. അദ്ദേഹത്തിന്റെ ദൈവത്തിന്റെ പേര് അതാകുമല്ലോ?
ഇത്രയും "വിശ്വാസമുള്ള' ഡോക്ടർ, മറിയം ത്രേസ്യ വഴി നടന്ന അത്ഭുതത്തെ പരിഹസിക്കുന്നത് എന്തിനെന്നു മനസിലാക്കാൻ പാഴൂർപടി വരെ പോകേണ്ടതില്ലല്ലോ? തങ്ങൾക്കു ചികിത്സിച്ചു സുഖപ്പെടുത്താൻ പറ്റാതിരുന്ന രോഗം അത്ഭുതകരമായി സുഖപ്പെട്ടു എന്ന് രേഖപ്പെടുത്തിയ ഡോക്ടറെയും സുൽഫിക്കു വല്ലാത്ത പരിഹാസം. സത്യം പറയുന്നതു പോലും തെറ്റാണത്രെ!
അനന്തപുരി/ദ്വിജൻ