മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു
Wednesday, May 13, 2020 11:00 PM IST
കൊറോണ വൈറസിനെതിരേ യുദ്ധത്തിലാണ് അങ്ങയുടെ നേതൃത്വത്തിൽ കേരള ജനത. അഭിമാനാർഹമായ വിജയമാണ് ഇക്കാര്യത്തിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്നത്. രോഗത്തെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും മറുനാട്ടിൽ ഒറ്റപ്പെട്ടുപോയ പ്രവാസികളെ സ്വന്തം മണ്ണിലേക്കു തിരിച്ചുകൊണ്ടുവരാൻ വഴിയൊരുക്കിയതും ഈ നാട്ടിൽ തൊഴിലാളികളായി കടന്നുവന്ന അന്യ സംസ്ഥാനക്കാർക്കു കരുണയോടെ പരിരക്ഷ നല്കിയതും സർക്കാരിന്റെ മനുഷ്യസ്നേഹത്തിന്റെ തെളിവുകളാണ്.
കൊറോണയെക്കാൾ ഭീകരവും മാരകവുമായ ഒരു വൈറസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പടരുന്നത് അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു. തിരുവല്ലയിൽ ദിവ്യ എന്ന സന്യാസാർഥിനി കിണറ്റിൽ വീണു മരിച്ചതിന്റെ പേരിൽ സമർപ്പിതരായ ഞങ്ങളുടെ ജീവിതനിയോഗത്തെയും സ്വതന്ത്ര മനസോടെ ഞങ്ങൾ തെരഞ്ഞെടുക്കുന്ന ജീവിതാന്തസിനെയും എത്ര വികലവും വിരൂപവുമായിട്ടാണു ചിലർ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശ്രമങ്ങളെ വേശ്യാലയങ്ങളെന്നു മുദ്ര കുത്തി, പറയാൻപോലും അറപ്പുതോന്നുന്ന അശ്ലീലഭാഷയിൽ ഞങ്ങളുടെ ജീവിതത്തെ വികലമാക്കി ചിത്രീകരിച്ചു സകല മതവിശ്വാസികളുടെയും മനസിൽ സന്യാസജീവിതത്തിന്റെ അന്തസും മഹത്വവും വികലമാക്കുന്ന ഈ മാരക വൈറസിനെ നശിപ്പിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് അങ്ങേക്കു പ്രാപ്തിയുള്ള ഡിപ്പാർട്ട്മെന്റ് ഉണ്ടല്ലോ. കേരള പോലീസ് എത്രയോ കേസുകൾ വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു.
കോവിഡ്- 19 സാമൂഹ്യ അകലംകൊണ്ട് പ്രതിരോധിക്കാം. സമയത്തു ചികിത്സ കിട്ടിയാൽ സുഖപ്പെടും. പക്ഷേ, ഞങ്ങളുടെ ജീവിതത്തിന്റെമേൽ കരിനിഴൽ പടർത്തുന്ന ഈ വൈറസ് മരണത്തെക്കാൾ ഭയാനകമാണ്. സ്ത്രീത്വത്തിനു നേരേയുള്ള വെല്ലുവിളിയും ഒളിഞ്ഞിരുന്നുള്ള ആക്രമണവുമാണ്. മറഞ്ഞിരുന്നു വിഷം ചീറ്റുന്നവരുടെ ഉള്ളിലുള്ള വിഷം നശിപ്പിക്കാൻ കഴിയില്ലായിരിക്കാം. പക്ഷേ, വ്യാപനം തടയുന്നതിനു നടപടിയെടുക്കാനുള്ള ഇച്ഛാശക്തി അങ്ങേക്കുണ്ട്. നമ്മുടെ ഭരണ സംവിധാനത്തിനുണ്ട്.
ഞങ്ങളുടെ ദേവാലയങ്ങളിൽ ഇപ്പോൾ വിശുദ്ധ ബലികളില്ല. പരസ്യമായ ആരാധനയില്ല. ലോക്ക്ഡൗണിന്റെ കഴിഞ്ഞ അൻപതു നാളുകളായി രാവും പകലും ഞങ്ങൾ ഇടമുറിയാതെ പ്രാർഥിക്കുകയാണ് ഈ പരീക്ഷണ നാളുകളിൽ കേരള ജനതയ്ക്കുവേണ്ടിയും അവരെ നയിക്കുന്നവർക്കുവേണ്ടിയും.
സമർപ്പിതർ ഓരോരുത്തരുടെയും ശരീരം പവിത്രമായ ആലയമാണ്. അതിൽ ദൈവത്തിനു പ്രതിഷ്ഠിതമായ ഒരു മനസുണ്ട്. അവിഹിത വിഷയങ്ങളിൽ നിഗൂഢമായ തൃപ്തി കണ്ടെത്തുന്ന മാനസിക രോഗികൾക്കും യുക്തിവാദികൾക്കും ശരീരത്തെ സുഖഭോഗത്തിനുള്ള വസ്തുവായിട്ടേ കാണാൻ കഴിയൂ. അവരുടെ അർഥരഹിതമായ ജല്പനങ്ങൾക്കുമുന്പിൽ തകരുന്നതല്ല ഞങ്ങൾ സ്വീകരിച്ചിരിക്കുന്ന ജീവിത നിയോഗങ്ങൾ. 2020 മേയ് 12-ന് ഒരു ഓൺലൈൻ മാധ്യമത്തിൽ സമർപ്പിതരെ അങ്ങേയറ്റം താറടിച്ച് എഴുതിയ ലേഖനം അങ്ങ് ഒന്നു പരിശോധിക്കണം. കത്തോലിക്കാ വിശ്വാസത്തെ മാത്രമല്ല, ഞങ്ങളുടെ മാതാപിതാക്കളുടെ നെഞ്ചിലാണ് അവർ ചവിട്ടിയത്. അവരുടെ ലേഖനത്തിന്റെ ശീർഷകംതന്നെ അത്യന്തം മ്ലേച്ഛമായിരുന്നു.
ഇതൊക്കെ കേട്ട് ഹൃദയം തകർന്നു കരയുന്ന മാതാപിതാക്കൾ ഞങ്ങൾക്കുമുണ്ട്. ഒന്നോ രണ്ടോ കുടുംബമല്ല, ലോകത്ത് 40 ലക്ഷത്തോളമുണ്ടു സമർപ്പിതരുടെ കുടുംബങ്ങൾ. ജീവിക്കാൻ വകയില്ലാത്ത കുടുംബത്തിൽനിന്നു നിർവാഹമില്ലാതെ ഇറങ്ങിയവരുമല്ല. കൊറോണയെക്കാൾ ഭീകരമായ രോഗം ഉള്ളിൽ കൊണ്ടുനടക്കുന്ന ചിലർ എഴുതിയിരിക്കുന്നതുപോലെ കത്തോലിക്കാ പിതാക്കന്മാർ നട തള്ളിയതുമല്ല. ഒരാളുടെ ജീവിതനിയോഗം അയാളുടെ സ്വതന്ത്ര മനസിന്റെ തീരുമാനമാണ്. അതിനുള്ള അവകാശം ഇവിടത്തെ ഏതൊരു പൗരനുമുണ്ട്.
മാതൃഭാഷയുടെ മഹനീയതപോലും നശിപ്പിക്കുന്ന അറപ്പും വെറുപ്പും ഉളവാക്കുന്ന അശ്ലീലത്തിൽ പൊതിഞ്ഞ, ഞങ്ങളുടെ ജീവിതത്തെയും ജീവിതാന്തസിനെയും മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന, ഇത്തരം വാർത്തകൾ അങ്ങയുടെ ശ്രദ്ധയിൽപെടുത്തുന്നു. ഞങ്ങളുടെ സമർപ്പിത ജീവിതത്തെ കളങ്കിതപ്പെടുത്തുന്ന ഇത്തരക്കാരെ നിയമത്തിന്റെ മുന്പിൽ കൊണ്ടുവരണം.
സിസ്റ്റർ ആൻസി പോൾ എസ്എച്ച്, മാനന്തവാടി