കൊറോണക്കാലവും ചില ഭാഷാവിചാരങ്ങളും
Tuesday, June 2, 2020 12:58 AM IST
ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട മഹാവ്യാധി ലോകമെന്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. ഭീതി പരത്തി വിഹരിക്കുന്ന വൈറസിനൊപ്പം ചില വാക്കുകളും നമുക്കു പരിചിതമായി. കൊറോണ, കോവിഡ്, ലോക്ക്ഡൗൺ, സോഷ്യൽ ഡിസ്റ്റൻസിങ്, ക്വാറന്റീൻ മുതലായവ. ഇവയെ തത്സമങ്ങളായോ തർജമ ചെയ്തോ മലയാളികൾ സ്വീകരിച്ചുകഴിഞ്ഞു. ഇവയ്ക്കുമുന്പിൽ ചില ശബ്ദങ്ങൾ കൂട്ടിച്ചേർത്ത് സമസ്തപദങ്ങൾ സൃഷ്ടിക്കുന്ന പ്രവണതയും നാം കണ്ടുതുടങ്ങി.
"കൊറോണ'യോട് ഇതരം ചേർത്ത് കൊറോണേതരം എന്നും അനന്തരം ചേർത്ത് കൊറോണാനന്തരം എന്നും സമാസങ്ങൾ ഉണ്ടാക്കാം. രണ്ടും അന്യഭാഷാ പദങ്ങളായതിനാൽ കൊറോണയിതരം എന്നോ കൊറോണയനന്തരം എന്നോ പ്രയോഗിക്കരുത്. കൊറോണേതരത്തിന് കൊറോണയല്ലാത്ത എന്നും കൊറോണാനന്തരത്തിനു കൊറോണയ്ക്കു ശേഷമെന്നും അർഥം.
കോവിഡിനോട് ഇതരം ചേർത്താൽ കോവിഡിതരം എന്നേ വരൂ. കോവിഡേതരം തെറ്റായ പ്രയോഗമാണ്. കോവിഡല്ലാത്ത എന്നർഥം. കോവിഡിനുശേഷം എന്നർഥം കിട്ടാൻ കോവിഡനന്തരം എന്നു മതി. കോവിഡാനന്തരം തെറ്റുതന്നെ. ലോക്ക്ഡൗണിനോട് ഇതരം ചേർത്ത് ലോക്ക്ഡൗണിതരമെന്നും അനന്തരം ചേർത്ത് ലോക്ക്ഡൗണനന്തരമെന്നും ശരിയായ രൂപങ്ങൾ സൃഷ്ടിക്കാം. ലോക്ക്ഡൗണേതരവും ലോക്ക്ഡൗണാനന്തരവും നിലവിലുള്ള നിയമങ്ങൾ ഉൾക്കൊള്ളുന്നില്ല. കമ്യൂണിസ്റ്റിതരം, കോൺഗ്രസ്സനന്തരം എന്നിവപോലെ കോവിഡിതരവും കോവിഡനന്തരവും.
സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ സാമൂഹിക അകലം പാലിക്കൽ എന്നത്രേ നാം പരിഭാഷപ്പെടുത്തിയത്. മൊഴിമാറ്റത്തിന്റെ സൂചനയ്ക്കപ്പുറം ചില വസ്തുതകൾ അതുൾക്കൊള്ളുന്നുണ്ട്. സാമൂഹിക എന്ന വിശേഷണത്തോട് അകലം ഘടിപ്പിക്കുന്പോൾ സാമൂഹികാകലം എന്നു ചേർത്തെഴുതണം. സമൂഹത്തെ സംബന്ധിച്ച അകലം, സാമൂഹികമായ അകലം, സമൂഹത്തിലെ അകലം എന്നെല്ലാം സാമൂഹികാകലത്തെ വിഗ്രഹിക്കാം. എങ്ങനെ വിഗ്രഹിച്ചാലും സമൂഹത്തിൽ ഓരോ വ്യക്തിയും പാലിക്കേണ്ട സന്പർക്കപരമായ അകലം എന്ന വിവക്ഷിതം സാമൂഹികാകലത്തിനു ലഭിക്കുകയില്ല.
ജാതീയമായ ഉച്ചനീചത്വം നിലനിന്നിരുന്ന കാലത്തിന്റെ ശേഷിപ്പുകൾ സാമൂഹികാകലം എന്ന പ്രയോഗം ഉൾക്കൊള്ളുന്നുണ്ട്. സമൂഹമോ സമുദായമോ ഒരു കാലത്ത് അകന്നുനിന്നതിന്റെ ബാക്കിപത്രം. ആ ശേഷിപ്പ് ഇനിയും നാം പേറേണ്ടതുണ്ടോ? കൊറോണക്കാലത്ത് ആളുകൾ പരസ്പരം അകലം പാലിക്കണമെന്നതിന് ആളകലം പാലിക്കണം എന്ന പ്രയോഗമല്ലേ ആശയവ്യക്തതയ്ക്കു നല്ലത്? ജനാധിപത്യരാജ്യത്തു കുറേക്കൂടി സ്വീകാര്യം സാമൂഹികാകലത്തെക്കാൾ ആളകലമല്ലേ? ആളകലത്തിന് ആളുകൾ തമ്മിലുള്ള അകലം എന്നർഥം നേരേ ലഭിക്കുകയും ചെയ്യും. ശരീരസംബന്ധിയായ അകലം എന്നർഥമുള്ള ശാരീരികാകലം സാമൂഹികാകലത്തെക്കാൾ ഭേദമാണ്.
അന്യസംസ്ഥാന തൊഴിലാളികൾ കൊറോണക്കാലത്ത് അതിഥിത്തൊഴിലാളികളായി. അതിഥിയും തൊഴിലാളിയും വിശേഷണ വിശേഷ്യങ്ങളായതിനാൽ അതിഥിത്തൊഴിലാളി എന്നു സമാസിച്ചെഴുതണം. അപ്പോൾ ഉത്തരപദാദിയിലെ "തകാരം' ഇരട്ടിക്കുമെന്നു വിശേഷം. വിരുന്നുകാരൻ എന്നു രൂഢ്യർഥമുള്ള അതിഥിശബ്ദത്തെ തൊഴിലാളിയോടു ചേർത്തെഴുതിയപ്പോൾ അർത്ഥോന്നതിയല്ല പ്രത്യുത അർഥാപകർഷമാണു സംഭവിച്ചത്.
വിരുന്നുതൊഴിലാളി എന്നൊരു പ്രയോഗവും കാണാനിടയായി. അതിഥി എന്ന സംസ്കൃത ശബ്ദവും തൊഴിലാളി എന്ന മലയാളപദവും ചേർത്ത "അതിഥിത്തൊഴിലാളി'യുടെ അസ്വാരസ്യം വിരുന്നുതൊഴിലാളിക്കില്ല എന്നു വേണമെങ്കിൽ കരുതാം. വിരുന്നും തൊഴിലാളിയും തനി മലയാള പദങ്ങളാണല്ലോ. അതിഥിത്തൊഴിലാളിക്കു പകരം മറുനാടൻ തൊഴിലാളിയെന്നോ മറുനാട്ടുതൊഴിലാളിയെന്നോ ആക്കിയാൽ നല്ല മലയാളമായി. മറുനാടൻ മലയാളിയും പ്രവാസി മലയാളിയുമൊക്കെ നമുക്ക് ഏറെ പരിചിതമാണല്ലോ. അന്യസംസ്ഥാനങ്ങളിൽനിന്നു കുടിയേറിയതിനാലാവാം കുടിയേറ്റ തൊഴിലാളികൾ എന്നു വ്യവഹരിക്കാനിടയായത്. കുടിയേറ്റത്തൊഴിലാളികൾ എന്നു സമാസിച്ചെഴുതണം.
പകർച്ചപ്പനി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസമെന്നു ക്വാറന്റീനെ സാമാന്യമായി വിശേഷിപ്പിക്കാം. ഏകാന്തത്തടവ് എന്നൊരു പ്രയോഗം ഭാഷയിലുണ്ടല്ലോ. രോഗമുണ്ടെന്നു സംശയിക്കുന്ന ആളിനു സ്വഗൃഹത്തിലോ ആശുപത്രിയിലോ ഹോട്ടലിലോ ഏകാന്തവാസമാകാം. സന്ദർഭനിഷ്ഠമായി ഗൃഹവാസം, ആശുപത്രിവാസം, ഹോട്ടൽവാസം എന്നൊക്കെ പറഞ്ഞാലും ക്വാറന്റീൻ എന്ന വിവക്ഷിതം ലഭിക്കും.
മലയാളം സ്വന്തം ഭാഷയാണ്. അത് എങ്ങനെയും പറയുകയും എഴുതുകയും ചെയ്യാം. കാര്യം മനസിലാക്കിയാൽ മതിയല്ലോ. ഇങ്ങനെയുള്ള മാനദണ്ഡമാണു വികലരൂപങ്ങളുടെ തള്ളിക്കയറ്റത്തിനു കാരണം. മലയാളഭാഷ കൈകാര്യംചെയ്യുന്ന കർമമണ്ഡലങ്ങളിൽ വ്യാപരിക്കുന്ന പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരുമാണു നിദാന്തജാഗ്രത പുലർത്തേണ്ടത്. മറിച്ചായാൽ ഭാഷാദൂഷണം സംസ്കാരദൂഷണമായി മാറാം.
ഡോ. ഡേവിസ് സേവ്യർ
(പാലാ സെന്റ് തോമസ് കോളജ് മലയാളവിഭാഗം തലവനാണു ലേഖകൻ)