രാഷ്ട്രീയക്കളികളുമായി ബിജെപി തിരിച്ചെത്തുന്നു
Monday, June 15, 2020 12:01 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാനാണു മറ്റെന്തു വിഷയത്തെക്കാളും ബിജെപി മേധാവികൾ പ്രാധാന്യം നൽകുന്നത് എന്നതൊരു രഹസ്യമല്ല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യഘട്ടങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ വൈകിയത് എന്തുകൊണ്ടാണ്? മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ മറിച്ചിടുന്നതിനു കൂറുമാറ്റം സംഘടിപ്പിക്കാനായിരുന്നില്ലേ? ബിജെപി കേന്ദ്രനേതാക്കളുടെ നിർദേശപ്രകാരമാണ് കമൽനാഥ് സർക്കാരിനെ മറിച്ചിട്ടതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻതന്നെ പറയുന്നതായ ഓഡിയോ- വീഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.
ബിജെപി ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ടെങ്കിലും ക്ലിപ്പ് വൈറലായതിന്റെ പിറ്റേന്നു തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ടു ചൗഹാൻ പറഞ്ഞത് തെറ്റു ചെയ്തവരെ നശിപ്പിക്കുന്നത് ഒരു പുണ്യപ്രവൃത്തിയാണ് എന്നാണ്. ഗൂഢാലോചനയിലൂടെയും പ്രലോഭനങ്ങളിലൂടെയുമാണ് കോൺഗ്രസ് സർക്കാരിനെ ബിജെപി താഴെയിറക്കിയതെന്നു കമൽനാഥ് ട്വിറ്ററിലെ തെളിവു ചൂണ്ടിക്കാട്ടി വിശദീകരിച്ചു. മാർച്ച് 23-ന് ശിവരാജ്സിംഗ് ചൗഹാൻ അധികാരമേറ്റശേഷമാണു കേന്ദ്രം ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല.
കമൽനാഥ് സർക്കാരിനെ താഴെയിറക്കുന്നതിനുവേണ്ടിയാണ് കേന്ദ്രം ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതു താമസിപ്പിച്ചതെന്നു കോൺഗ്രസ് ആരോപിക്കുന്നു. രാജ്യമാകെ കൊറോണ വൈറസ് പടരുന്നതിന് അതിടയാക്കിയെന്നു മുൻമന്ത്രിയും കോൺഗ്രസ് മീഡിയവിഭാഗം തലവനുമായ ജിത് പട്വാരി പറഞ്ഞു. കമൽനാഥിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്.
അതേസമയം, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപതിച്ചതിൽ കോൺഗ്രസ് ഹൈക്കമാൻഡിനും ചെറിയൊരു ഉത്തരവാദിത്വമുണ്ട് എന്നതു വസ്തുതയാണ്. ജ്യോതിരാദിത്യ സിന്ധ്യക്കു വാഗ്ദാനം ചെയ്യപ്പെട്ടരാജ്യസഭാ സീറ്റ് നൽകിയിരുന്നെങ്കിൽ രാഷ്ട്രീയ കൂറുമാറ്റ സംഭവങ്ങൾ നടക്കില്ലായിരുന്നു. സിന്ധ്യ പ്രതിഷേധിച്ചു കോൺഗ്രസ് വിട്ടപ്പോൾ 22 എംഎൽഎമാർ കൂടെപ്പോയതാണ് കമൽനാഥ് സർക്കാരിന്റെ പതനത്തിനു വഴിവച്ചത്. കോൺഗ്രസുകാരും പുണ്യവാളന്മാരൊന്നുമല്ല. രാഷ്ട്രീയ മുതലെടുപ്പു നടത്താനും കൂറുമാറ്റങ്ങൾ സംഘടിപ്പിക്കാനും വിദഗ്ധരായിരുന്നു പഴയകാലത്ത് അവരും.
ലോക്ക് ഡൗൺ ഒന്നോ രണ്ടോ ആഴ്ച മുന്പ് ഏർപ്പെടുത്തിയിരുന്നെങ്കിൽ പല ജീവനുകളും രക്ഷിക്കാമായിരുന്നു. കോവിഡിനെതിരായ പോരാട്ടം കുറേക്കൂടി ഫലപ്രദമാക്കാമായിരുന്നു.
അംഗബലം കൂട്ടാനുള്ള കളികൾ
രാജ്യസഭയിൽ അംഗബലം വർധിപ്പിക്കാനുള്ള നീക്കങ്ങളിലാണു ബിജെപി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. നിയമസഭകളിലെ കോൺഗ്രസിന്റെ അംഗസംഖ്യ എംഎൽഎമാരുടെ രാജിമൂലമോ അവർ ബിജെപിയിൽ ചേരുന്നതുമൂലമോ കുറഞ്ഞുവരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയോടു കൂറുപുലർത്തുന്ന എംഎൽഎമാർ പാർട്ടിവിട്ടതിനാൽ അവിടെനിന്ന് എത്രപേരെ രാജ്യസഭയിലേക്കു ജയിപ്പിക്കാൻ കോൺഗ്രസിനു കഴിയുമെന്നു കണ്ടറിയണം.
രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് ഒരാളെ ജയിപ്പിക്കാനുള്ള അംഗബലമേ ബിജെപിക്കുള്ളൂ. അതേസമയം ജൂൺ 19-നു നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു രണ്ടു സ്ഥാനാർഥികളെ ബിജെപി നിർത്തിയിരിക്കുന്നു. ബിജെപി നേതാക്കൾ രണ്ടു ഡസനോളം കോൺഗ്രസ് എംഎൽഎമാരെ ബന്ധപ്പെട്ട് കൂറുമാറാൻ ഓരോരുത്തർക്കും 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറയുന്നു. ഇവിടെയും ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ഏതായാലും ബിജെപിയുടെ ഈ വെല്ലുവിളി നേരിടാൻ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ യോജിച്ചു രംഗത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലും ബിജെപിയുടെ ലക്ഷ്യം രാജ്യസഭാ സീറ്റുകൾ മാത്രമല്ല കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻകൂടിയാണ്. കളി തുടങ്ങിക്കഴിഞ്ഞു.
ബിജെപിയുടെ കരുത്തനും തന്ത്രജ്ഞനുമായ അമിത് ഷാ ബിഹാറിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. വലിയ രാഷ്ട്രീയക്കളികളിൽനിന്ന്, തനിക്കു മാത്രം അറിയാവുന്ന കാരണങ്ങളാൽ, ഏതാനും മാസം മാറിനിന്ന അമിത് ഷാ രണ്ടു സംസ്ഥാനങ്ങളിലും വർച്വൽ പൊതുയോഗങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടത്. ബംഗാളിലെ വിദൂരഗ്രാമങ്ങളിൽ അമിത് ഷായുടെ പ്രസംഗം ജനങ്ങൾക്കു കാണാനും കേൾക്കാനുമായി 70,000 എൽഇഡി സ്ക്രീനുകൾ ഒരുക്കിയിരുന്നു.
ആദ്യത്തെ വർച്വൽ യോഗം ബിജെപി നേതാക്കൾക്കു പ്രതീക്ഷ നൽകുന്നതായിരുന്നു എന്നാണു റിപ്പോർട്ട്. ബംഗാൾ അത്ര എളുപ്പമുള്ള പ്രദേശമല്ലെന്നും മമതാ ബാനർജിയെ കൈകാര്യം ചെയ്യാൻ പ്രാദേശിക സ്വാധീനമുള്ള നേതാക്കൾ വേണമെന്നും ഡൽഹിയിലെ എസി മുറികളിലിരുന്ന് തെരഞ്ഞെടുപ്പ് വിദഗ്ധർ തയാറാക്കുന്ന തന്ത്രങ്ങൾ പോരെന്നും അവർ നേരത്തേ മനസിലാക്കിയിരുന്നു. ബംഗാളിലെ പെൺകടുവയെ നേരിടാൻ ഒരു ‘പുലിമുരുകൻ’ തന്നെ വേണം.
നിതീഷുമായി ധാരണ
മഹാരാഷ്ട്രയിൽ നേതൃതർക്കം മൂലമുണ്ടായ പരാജയത്തിൽനിന്നു പാഠം പഠിച്ച അമിത് ഷാ ബിഹാറിൽ നിതീഷ്കുമാറുമായി ധാരണയുണ്ടാക്കി. എൻഡിഎ ജയിച്ചാൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് നിതീഷ്കുമാർ തന്നെയായിരിക്കും മുഖ്യപ്രചാരകനും നേതാവുമെന്ന് അമിത് ഷാ പറഞ്ഞു. സീറ്റ് വിഭജനത്തിലും അമിത് ഷാ നിതീഷിന്റെ പാർട്ടിയോട് ഉദാരസമീപനം സ്വീകരിച്ചേക്കും.
വിപുലമായ വിഭവങ്ങളും അധികാരവും കൈയിലുള്ള ബിജെപി രണ്ടു സംസ്ഥാനങ്ങളും വിജയിക്കാൻ സാധ്യമായതെന്തും ചെയ്യും. കോവിഡും തുടർന്നുള്ള ദുരിതങ്ങളും പാവങ്ങളെ കാവിപ്പാർട്ടിയിൽനിന്ന് അകറ്റിയതായി ചില സംശയങ്ങളുണ്ടായിരുന്നു. ഗ്രാമങ്ങളിലെ അതീവദരിദ്രരും കുടിയേറ്റ തൊഴിലാളികളും കോവിഡ് കാലത്ത് വലിയ ദുരിതങ്ങൾക്കിരയായി. മോദി മാജിക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം രാജ്യത്തെ ചോദ്യംചെയ്യപ്പെടാത്ത നേതാവാണെന്നും ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രധാനമാണ്.
കോവിഡ് മഹാമാരിയുടെ ഏറ്റവും മോശമായ ഘട്ടം രാജ്യത്ത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ചില വിദഗ്ധർ പറയുന്നത്. രാജ്യം മഹാമാരിയുടെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധ തെരഞ്ഞെടുപ്പിലേക്കു തിരിക്കുകയും വിലപ്പെട്ട വിഭവങ്ങൾ ചെലവേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കുകയും ചെയ്യേണ്ടതുണ്ടോ? പ്രചാരണസമയത്ത് സാമൂഹിക അകലം പാലിക്കാൻ കഴിയുമോ? ഈ സമയത്ത് സമൂഹത്തെ രാഷ്ട്രീയമായി വിഭജിക്കണോ? കുറച്ചുകൂടി സുരക്ഷിതമായ സമയത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും രാജ്യം ഇപ്പോൾ കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതല്ലേ നല്ലത്?
തെരഞ്ഞെടുപ്പ് ഏതാനും മാസംകൂടി മാറ്റിവയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും വരില്ല. അപകടകരമായ വിധത്തിൽ തകർന്ന സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കേണ്ട സമയമാണിത്. സന്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനും തൊഴിലുകൾ സൃഷ്ടിക്കാനും വിപണി ഉണർത്താനും നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ കരുനീക്കങ്ങളും വൃത്തികെട്ട കളികളും എല്ലാ അർഥത്തിലും ഒഴിവാക്കണം. സമൂഹത്തിൽ വിഭജനമുണ്ടാക്കുന്ന എല്ലാ നടപടികളും ലോക്ക് ഡൗൺ ചെയ്യണം. അതാണ് ഇപ്പോഴത്തെ ആവശ്യം.