എംജി യൂണിവേഴ്സിറ്റി ഹാൾ ടിക്കറ്റ്
Wednesday, June 17, 2020 11:16 PM IST
ചേർപ്പുങ്കൽ ബിവിഎം കോളജിൽ പരീക്ഷയെഴുതിയ അഞ്ജു പി. ഷാജിയുടെ ആത്മഹത്യയും തുടർന്ന് ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനിന്ന വിവരണങ്ങൾ, വിശദീകരണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, ആരോപണങ്ങൾ, പ്രത്യാരോപണങ്ങൾ എന്നിവയെല്ലാംകൊണ്ട് കലുഷിതമായിരുന്നല്ലോ കഴിഞ്ഞയാഴ്ച. അനുശോചന പ്രകടനങ്ങളും പ്രതിഷേധ പ്രകടനങ്ങളുംവഴി രാഷ്ട്രീയ പാർട്ടികളും നേതാക്കളും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തി. തങ്ങളുടെ റേറ്റിംഗ് കൂട്ടാൻ സാധിച്ചതിൽ അതീവ സന്തുഷ്ടരാണ് ചാനലുകൾ. ചില പത്രങ്ങൾക്കും സംതൃപ്തിയുടെ ദിവസങ്ങളായിരുന്നു അവ.
സംഭവത്തെത്തുടർന്നു സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും വൈസ് ചാൻസലർ കോളജ് പ്രിൻസിപ്പലിനെ ഡീബാർ ചെയ്യുകയും പത്രസമ്മേളനം നടത്തി ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.
മരിച്ചുപോയ വിദ്യാർഥിനിയെ ഇനി രക്ഷിക്കാനോ ശിക്ഷിക്കാനോ സാധ്യമല്ല. അതുകൊണ്ട് കോളജധികൃതരെ പ്രതിസ്ഥാനത്തു നിർത്തി ശിക്ഷ വിധിച്ച് രംഗം ശാന്തമാക്കാൻ സർവകലാശാലയ്ക്കു കഴിഞ്ഞു. പക്ഷേ, പ്രതികളാരെന്നോ കുറ്റമെന്തെന്നോ ഇനിയും വ്യക്തമല്ല.
സർവകലാശാല പ്രവർത്തനങ്ങൾ പതിവിൻപടി തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ തുടർച്ചാ പ്രക്രിയയിൽ ചെയ്യാൻപോകുന്ന രണ്ടു കാര്യങ്ങൾ 12-നു വൈസ് ചാൻസലറുടെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒന്ന്, പരീക്ഷാകേന്ദ്രങ്ങളിൽ കൗൺസലിംഗ് സൗകര്യമേർപ്പെടുത്തും. രണ്ട്, ഹാൾ ടിക്കറ്റിൽ വിദ്യാർഥിയുടെ സന്പൂർണവിലാസവും ഫോൺ നന്പരും രേഖപ്പെടുത്തും. ഈ "ആക്കാൻ' പോകുന്ന കാര്യം എന്തുകൊണ്ട് നേരത്തെ "ആക്കി'യില്ല എന്ന ചോദ്യം പ്രസക്തമല്ലേ? അതിനുത്തരവാദി ആരാണ്? "ആക്കും' എന്നു പറഞ്ഞ ഉദ്യോഗസ്ഥന്റെയോ "ആക്കാ'തിരുന്നതിന്റെ പേരിൽ ലഭിക്കാതെപോയ രേഖയുടെ അഭാവത്തിൽ വിദ്യാർഥിനിയുടെ രക്ഷാകർത്താക്കളെ വിവരമറിയിക്കാൻ സാധിക്കാതെവന്ന പ്രിൻസിപ്പലിന്റെയോ?
ഈ ചോദ്യങ്ങൾ നിലനിൽക്കുന്പോൾതന്നെ 14-നു പരീക്ഷാ കൺട്രോളറുടേതായി പത്രക്കുറിപ്പിലൂടെ പ്രിൻസിപ്പൽമാർക്കു ലഭിച്ച നിർദേശവുംകൂടി ചേർത്തു വായിക്കേണ്ടതാണ്. നിർദേശമിങ്ങനെ: കോളജ് പ്രിൻസിപ്പൽമാർ, മറ്റു കോളജുകളിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ പേര്, രജിസ്റ്റർ നന്പർ, ഓരോ ദിവസവും എഴുതുന്ന പേപ്പറിന്റെ പേര് എന്നിവ ക്രോഡീകരിച്ച്, [email protected] എന്ന ഇ-മെയിലിലേക്ക് ഇന്നു വൈകുന്നേരം അഞ്ചിനകം അറിയിക്കണം. പ്രിൻസിപ്പൽമാർ നല്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കേ പരീക്ഷാകേന്ദ്രം മാറി പരീക്ഷയെഴുതാനാവൂ.
ഓർക്കണേ, 16-ന് നടക്കുന്ന പരീക്ഷയെഴുതാൻ പോകുന്ന കുട്ടികളുടെ ഹാൾടിക്കറ്റിൽ രേഖപ്പെടുത്തേണ്ട കാര്യങ്ങൾ ശേഖരിച്ചു ക്രോഡീകരിച്ച് അയയ്ക്കാൻ 14-നാണു നിർദേശം നല്കുന്നത്. അയയ്ക്കുന്നതാകട്ടെ പത്രക്കുറിപ്പിലൂടെ; അതും അവധി ദിവസമായ ഞായറാഴ്ച! രാവിലെ പത്രം വായിച്ച് കുട്ടികളെ കണ്ടുപിടിച്ചു വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ചു വൈകുന്നേരം അഞ്ചിനുമുന്പായി അയച്ചിരിക്കണം. ന്യൂനമർദവും ചുഴലിക്കാറ്റും വരുന്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതുപോലെയാണോ യൂണിവേഴ്സിറ്റി പരീക്ഷയെഴുതുന്ന വിദ്യാർഥിയുടെ ഹാൾ ടിക്കറ്റിൽ ചേർക്കേണ്ട "ഡേറ്റ' ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനം നടത്തേണ്ടത്. ഈ "തട്ടിക്കൂട്ട്' വിജ്ഞാപനം 12-ാം തീയതി വൈസ് ചാൻസലർ നടത്തിയ പത്രസമ്മേളനത്തിന്റെ അനുബന്ധമല്ലേ? എന്നിട്ടുപോലും ഇവിടെയും "ആക്കും' എന്നു പറഞ്ഞ ഹാൾടിക്കറ്റിലെ സന്പൂർണ വിലാസവും ഫോൺ നന്പരും ആവശ്യപ്പെട്ടിട്ടില്ല.
എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ തെളിവാണ് ഈ യൂണിവേഴ്സിറ്റിയുടെ ഹാൾടിക്കറ്റ്. പരീക്ഷയെഴുതുന്ന വിദ്യാർഥിക്കും പരീക്ഷാ നടത്തിപ്പുകാർക്കും ഒരുപോലെ പ്രധാനപ്പെട്ട രേഖയാണിത്. അതിലെന്തെല്ലാമാണ് ഉൾപ്പെടുത്തേണ്ടത് എന്നുപോലും എംജി സർവകലാശാലയ്ക്കു തിട്ടമില്ല എന്നു വ്യക്തമാക്കുന്നതല്ലേ വൈസ് ചാൻസലറുടെ പത്രസമ്മേളനം? അതുകൊണ്ടാണല്ലോ ഭാവിയിൽ ഹാൾ ടിക്കറ്റിൽ വിദ്യാർഥിയുടെ പൂർണമായ മേൽവിലാസവും ഫോൺ നന്പരും നിർബന്ധമാക്കും എന്നു പറഞ്ഞത്.
അനാസ്ഥയ്ക്കും നിരുത്തരവാദിത്വത്തിനുമുള്ള മറ്റൊരു തെളിവാണ് ഹാൾടിക്കറ്റിലെ വ്യാകരണത്തെറ്റ്: "Candidate are not permitted to write anything on their hall tickets...' ഇതു പറയുന്പോൾ ഉടൻ വിശദീകരണവുമുണ്ടാകാം. ഒരു "സ്പെല്ലിംഗ് മിസ്റ്റേക്'അല്ലേ? എത്രയോ ഉദ്യോഗസ്ഥർ കൈമാറിവരുന്ന ഒരു രേഖയാണിത്? ഒരു സർട്ടിഫിക്കറ്റിൽ "not passed' എന്ന് എഴുതേണ്ടിടത്ത് "not'വിട്ടുപോയാലോ? ഒരു സുപ്രധാന രേഖയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉൾപ്പെടുത്താതിരിക്കുകയും അതിന്റെ പേരിൽ വന്നുഭവിച്ച വീഴ്ചയ്ക്ക് കോളജ് അധികൃതരെ ശിക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ നടപടിയല്ലേ സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്? കുറ്റക്കാരാരെന്നു പറയാൻ കേവലം സാമാന്യബുദ്ധി പോരേ?
ഡോ. തോമസ് മൂലയിൽ