കർഷകന്റെ കണ്ണീരിനെന്തു വില?
Monday, June 29, 2020 11:24 PM IST
കാടിറങ്ങുന്ന ക്രൗര്യം -4
ചോര നീരാക്കി മണ്ണിൽ വിളയിക്കുന്നതെല്ലാം മൂപ്പെത്തുംമുന്പേ നഷ്ടമാകുന്നതിന്റെ ആശങ്കയിലാണു തൃശൂർ ജില്ലയിലെ ചില മേഖലകളിലെ കർഷകരും. ഇതോടൊപ്പം ജീവൻതന്നെ ഭീഷണിയിലാകുന്ന പ്രശ്നവും. വിളകളുടെ രോഗകാല പ്രശ്നങ്ങളും കടക്കെണിയും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടുന്ന കർഷകരെ വന്യമൃഗശല്യം കൂടുതൽ തളർത്തുന്നു.
നാട്ടാനച്ചന്തം കണ്ട് ആർത്തുവിളിക്കുന്ന തൃശൂരുകാർ കാടിറങ്ങുന്ന ആനയെ കണ്ടു ചങ്കുനീറുന്നത് ഇന്നത്തെ നേർക്കാഴ്ചയാണ്. കർഷകന്റെ കണ്ണീരിനെന്തു വില? കാടിറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ചിരി മായ്ക്കുന്ന കാഴ്ച തുടരുന്നു.
സുഭിക്ഷകേരളമെന്ന പേരിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടം നിലവിലെ കൃഷിനാശത്തിനു പരിഹാരം തേടേണ്ടതും ആവശ്യമാണ്. മണ്ണിൽ പൊന്നുവിളയുമെന്ന പ്രതീക്ഷയോടെ നാളത്തെ പ്രഭാതത്തെ ഉറ്റുനോക്കുന്നവന്റെ അധ്വാനത്തിന്റെ വിലയാണ് കാട്ടാനകളും കാട്ടുപന്നികളും കൃഷിയിടം ഉഴുതുമറിക്കുന്നതോടെ ഇല്ലാതാക്കുന്നത്. കൃഷി സംരക്ഷിക്കാൻ പെടാപ്പാടുപെടുന്ന കർഷകന്റെ ഗതികേടറിയാതെ മൃഗസംരക്ഷകരുടെ മുഖംമൂടിയണിഞ്ഞു വരുന്ന ചിലർ വിസ്മരിക്കുന്നത് അന്നം തരുന്നവന്റെ വില.
തൃശൂർ ജില്ലയിൽ ചാലക്കുടിയുടെ കിഴക്കൻ മലയോര പ്രദേശങ്ങളായ വെട്ടിക്കുഴി, പണ്ടാരംപാറ, ചൂളക്കടവ്, രണ്ടുകൈ, കോടാമല, കണ്ണംകുഴി, വെറ്റിലപ്പാറ പ്രദേശങ്ങളും, തോട്ടം മലയോര മേഖലയായ ചിമ്മിനി, വലിയകുളം, പാലപ്പിള്ളി, കാരികുളം എന്നിവിടങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. മറ്റത്തൂർ പഞ്ചായത്തിന്റെ വടക്കുകിഴക്കേ കോണിലുള്ള ചൊക്കന, നായാട്ടുകുണ്ട്, പത്തരക്കുണ്ട്, പോത്തൻചിറ, മുപ്ലി, താളൂപ്പാടം, കാരിക്കടവ്, കോടശേരി പഞ്ചായത്തിലെ കരിക്കാട്ടോളി, കോർമല, രണ്ടുകൈ, ചായ്പൻകുഴി എന്നിവിടങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഇവിടങ്ങളിൽ കാട്ടാനയും കാട്ടുപന്നികളും നാടിനും കർഷകനും ഭീഷണിയാകുന്പോൾ പുലിക്കണ്ണി പ്രദേശത്തു പുലിയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഇവിടെ പുലിയുടെ കാൽപ്പാടുകൾ കണ്ടതും വളർത്തുമൃഗങ്ങൾ പുലിയുടെ ഇരയാകുന്നതും പതിവുകാഴ്ചയാണ്. അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്ത് പരിധികളിൽ വരുന്ന വരാക്കര, വട്ടക്കൊട്ടായി, മംഗലംതണ്ട്, വെള്ളാനിക്കോട്, മുട്ടിത്തടി പ്രദേശങ്ങളിൽ കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിക്കുന്നതു നിത്യസംഭവമാണ്.
ചിന്നംവിളികൾക്കൊടുവിലെ കൃഷിനാശം
കഴിഞ്ഞ മൂന്നുവർഷത്തിനിടെ വെള്ളിക്കുളങ്ങര വില്ലേജ് പരിധിയിൽമാത്രം ലക്ഷങ്ങളുടെ കൃഷിനാശമാണു കാട്ടുമൃഗങ്ങൾ വരുത്തിവച്ചത്. വാഴ, തെങ്ങ്, കമുക്, പെെനാപ്പിൾ, നെല്ല്, ചേന, ചേന്പ്, കൂർക്ക, കപ്പ തുടങ്ങിയ കൃഷികളെല്ലാം കാട്ടാനകളുടെയും കാട്ടുപന്നികളുടെയും പരാക്രമത്തിൽ കർഷകനു കണ്ണീരു സമ്മാനിക്കുന്നു. ചക്കകളും കാട്ടാനകൾ തിന്നുതീർക്കുന്നു. ആനകളെ ഭയന്നു കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു പല കർഷകരും. മാൻകൂട്ടങ്ങളും കർഷകർക്കു തലവേദനയാണ്. വാഴക്കൃഷിയാണു മാനുകൾ പ്രധാനമായി നശിപ്പിക്കുന്നത്. കുലച്ച വാഴകൾ കൊന്പുകൊണ്ട് ഇടിച്ചുവീഴ്ത്തി കായ തിന്നുതീർക്കുകയാണു മാനുകൾ.
പൊലിഞ്ഞതു രണ്ടു ജീവൻ

രണ്ടുവർഷത്തിനിടെ വന്യമൃഗങ്ങൾ കവർന്നെടുത്തതു രണ്ടു ജീവനുകളാണ്. ചൊക്കന എസ്റ്റേറ്റ് പാഡിയിൽ താമസിക്കുന്ന തോട്ടംതൊഴിലാളി കൊഴപ്പ വീട്ടിൽ മുഹമ്മദലിയുടെ ഭാര്യ റാബിയ(34) കാട്ടാനയെ കണ്ടതിനെതുടർന്നുണ്ടായ മാനസികാഘാതത്തിലാണു മരിച്ചത്.
2018ൽ ഇഞ്ചക്കുണ്ട് റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യബസ് കണ്ടക്ടറായ നാസറിനു കാട്ടുപന്നി കുറുകെ ചാടിയതിനെതുടർന്നു ജീവൻ നഷ്ടപ്പെട്ടിരുന്നു.
രണ്ടാഴ്ച മുന്പ് വെള്ളിക്കുളങ്ങര നായാട്ടുകുണ്ട് റോഡിലൂടെ ബൈക്കിൽ വന്നിരുന്ന കരുവാന്തൊടി രാജുവിനെയും മകളെയും റോഡരികിൽ നിന്നിരുന്ന കാട്ടാന ആക്രമിച്ചു. താളൂപ്പാടം - മുപ്ലി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന പുത്തൻചിറ സ്വദേശി ഫിറോസ്, തോട്ടം തൊഴിലാളി പാത്തുമ്മ എന്നിവരും അടുത്ത കാലത്തു കാട്ടാനകളുടെ ആക്രമണത്തിനിരയായവരാണ്.
വെെകി കണ്ണുതുറക്കുന്ന അധികാരികൾ
ചൊക്കന എസ്റ്റേറ്റിൽ കാട്ടാനയെ കണ്ടു ഭയന്നു മരിച്ച റാബിയയുടെ ദുർവിധി മലയോര മേഖലയിൽ ജനങ്ങളുടെ ദുരിതത്തിനുനേരെ അധികാരികളുടെ കണ്ണുതുറപ്പിച്ചു. ചൊക്കനയിലെ റാബിയയുടെ വസതി മന്ത്രി സി. രവീന്ദ്രനാഥും ടി.എൻ. പ്രതാപൻ എംപിയും മറ്റു ജനപ്രതിനിധികളും സന്ദർശിച്ചിരുന്നു. വനം മന്ത്രി കെ. രാജുവിന്റെ സാന്നിധ്യത്തിൽ പ്രശ്ന പരിഹാരത്തിനായി അടുത്തുതന്നെ മറ്റത്തൂർ പഞ്ചായത്ത് ഒാഫീസ് ഹാളിൽ യോഗം വിളിച്ചുകൂട്ടുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിരുന്നു.
ഹാരിസണ് തോട്ടവും നികന്ന ആനക്കാനകളും
വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളിലായി ആയിരക്കണക്കിനേക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഹാരിസണ് റബർ പ്ലാന്റേഷനോടു ചേർന്നുള്ള ഗ്രാമങ്ങളിലാണു കാട്ടാനശല്യം കൂടുതൽ. പ്ലാന്റേഷൻ ആരംഭിച്ച സമയത്ത് അതിർത്തിയിലുടനീളം കിടങ്ങുകൾ നിർമിച്ചിരുന്നു. തോട്ടം തൊഴിലാളികൾ ആനക്കാന എന്നു വിളിക്കുന്ന ഈ കിടങ്ങുകൾ മിക്കതും മണ്ണു വീണു നികന്നുപോയ നിലയിലാണ്. സമയോചിതമായി അറ്റകുറ്റപ്പണി നടത്തി കാനകൾ പരിപാലിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ കാട്ടാനശല്യം ഒരു പരിധിവരെ തടയാമായിരുന്നു.
കിടങ്ങുകൾ നികന്നതുമൂലം എളുപ്പം കാടിറങ്ങുന്ന കാട്ടാനകൾ മുപ്ലിപ്പുഴ മുറിച്ചുകടന്ന് എസ്റ്റേറ്റിലും സമീപത്തെ ജനവാസ പ്രദേശങ്ങളിലും വിഹരിക്കുന്നു. പുഴയിറങ്ങി ഹാരിസണ് തോട്ടത്തിലൂടെ കടന്ന് ചൊക്കന വില്ലുകുന്നു വനത്തിൽ തന്പടിച്ചിട്ടുള്ള കാട്ടാനകളാണു കർഷകഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നത്. നികന്നുപോയ കിടങ്ങുകൾ പുനർനിർമിക്കാൻ ഹാരിസണ് മാനേജ്മെന്റ് തയാറായാൽ പ്രശ്നത്തിന് ഒരളവോളം പരിഹാരമാകും.
കാടു വിട്ടിറങ്ങാതിരിക്കാൻ
ആനപ്പാന്തം കാടുകളിൽനിന്ന് ഉദ്ഭവിക്കുന്ന കാട്ടരുവികളിലും ഇവിടത്തെ പ്രധാന ജലസ്രോതസായ പുന്നക്കുഴി തോടിലും താത്കാലിക തടയണകൾ കെട്ടി വേനലിൽ കാടിനുള്ളിലെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാം. വേനലിൽ വെള്ളം തേടിയിറങ്ങുന്ന മൃഗങ്ങളുടെ വരവിനെ പ്രതിരോധിക്കാൻ ഇതുപകരിക്കും. വനത്തിൽ പ്ലാവ്, കൈതച്ചക്ക, ഈറ്റ, പന തുടങ്ങിയവ വച്ചുപിടിപ്പിച്ചാൽ ഇവ തീറ്റതേടി നാട്ടിൽ ഇറങ്ങില്ലെന്നു കർഷകർ പറയുന്നു.
കാടിനുള്ളിൽ പ്രത്യേക സ്ഥലം വന്യമൃഗങ്ങളുടെ മാത്രം വിഹാരത്തിനായി വിട്ടുകൊടുക്കുക, ഇരകളായ സാധാരണക്കാരായ ജനങ്ങൾക്കു ബോധവത്കരണം നല്കി അവരെ കാട് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, നഷ്ടം സംഭവിക്കുന്നവർക്ക് ഇൻഷ്വറൻസ് നല്കിയും പ്രകൃതിസേവന പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചും പ്രോത്സാഹിപ്പിക്കുക, കാട്ടിലെ പ്രകൃതിവിഭവ ചൂഷണം തടയുക, കാട്ടുതീ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയവയും കർഷകർ നിർദേശിക്കുന്നു.
നഷ്ടം നികത്തേണ്ടത് ആര് ?
വന്യമൃഗങ്ങളുടെ ശല്യംമൂലം വ്യാപകമായി കൃഷിനാശം നേരിടുന്ന കർഷകർക്കു സർക്കാർ സഹായം കാര്യമായി ലഭിക്കുന്നില്ല. കൃഷിഭവനിലും വനം ഓഫീസിലും യഥാസമയം അപേക്ഷ നൽകിയിട്ടും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണു കർഷകരുടെ പരാതി. ഫണ്ടിന്റെ അപര്യാപ്തതയാണു നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തുന്നതെന്നു അധികൃതരുടെ വിശദീകരണം.
നടപ്പിലാകുമോ പരിഹാരം?
മലയോരത്തെ വന്യജീവി ശല്യം പരിഹരിക്കുന്നതിന് ചൊക്കന, നായാട്ടുകുണ്ട് പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മയിൽ രൂപീകരിച്ചിട്ടുള്ള ജനകീയ സമിതി ചില നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു:
1. വർഷങ്ങൾക്കുമുന്പ് വനാതിർത്തിയിൽ നിർമിച്ച കിടങ്ങുകൾ മൂന്നു മീറ്റർ വീതിയിലും മൂന്നു മീറ്റർ ആഴത്തിലും പുനർനിർമിക്കുക.
2. കിടങ്ങുകൾ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയ കിടങ്ങുകൾ നിർമിക്കുക.
3. വെള്ളിക്കുളങ്ങര-ചൊക്കന റോഡിൽ പത്തരക്കുണ്ട് മുതൽ നായാട്ടുകുണ്ട് വരെയുള്ള വനഭാഗത്തു റോഡിനിരുവശത്തും ഇരുന്പുപാളികൾകൊണ്ടുള്ള സുരക്ഷാവേലി നിർമിക്കുക.
4. കാട്ടാനശല്യം അനുഭവപ്പെടുന്ന റോഡുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു കൂടുതൽ വാച്ചർമാരെ നിയോഗിക്കുക.
ഇതോടു ചേർത്തു വായിക്കേണ്ടത്...
കിടങ്ങുകൾ ഫലപ്രദമല്ലെന്നു വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും പറയുന്നുണ്ട്. എങ്കിൽപിന്നെ എന്താണ് ഇതിനൊരു പരിഹാരമെന്ന് ഇവർ പറയുന്നില്ലെന്നതു വാസ്തവം.
സോളാർ വേലിയും നോക്കുകുത്തി
കാട്ടാനശല്യം തടയണമെന്ന മുറവിളിയെത്തുടർന്ന് മറ്റത്തൂർ പഞ്ചായത്തിലെ വനാതിർത്തിയിൽ 15 കിലോമീറ്ററോളം നീളത്തിൽ രണ്ടുവർഷം മുന്പ് സോളാർ വേലി നിർമിച്ചിരുന്നു. എന്നാൽ, ഇവയുടെ നിർമാണത്തിലെ അശാസ്ത്രീയതയും പരിപാലനത്തിലെ അനാസ്ഥയും മൂലം കാട്ടാനകളെ പ്രതിരോധിക്കാൻ സോളാർ വേലികൊണ്ടും സാധിച്ചില്ല. കാട്ടാനകൾ സോളാർ വേലിയിലേക്കു മരങ്ങൾ മറിച്ചിട്ട് വൈദ്യുതി പ്രവാഹം ഇല്ലാതാക്കിയശേഷം കൃഷിത്തോട്ടങ്ങളിലേക്ക് ഇറങ്ങിവരികയാണു ചെയ്യുന്നത്. പലയിടത്തും സോളാർ വേലികൾ തകർന്നു കിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല.
സോളാർ വേലികൾ കാട്ടാനകളെ പ്രതിരോധിക്കുന്നതിനു പര്യാപ്തമല്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
നടപടികളില്ലാത്തതു വേദനാജനകം
മലയോരപ്രദേശങ്ങളിലെ ജനവാസ മേഖലകളിലും കൃഷിഭൂമികളിലും കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യം നിരന്തരം കൂടിവരുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് അന്പനോളി സെന്റ് ജോർജ് ചർച്ച് വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളി പറഞ്ഞു. കാട്ടാനകളുടെ ആക്രമണം നിത്യസംഭവമായിട്ടും, കടുത്ത ഭീതിയിൽ കഴിയുന്ന കർഷകരുടെ പ്രശ്നങ്ങൾക്കു യാതൊരുവിധ പരിഹാരനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതു തികച്ചും ഖേദകരമാണ്. ഏറെ പ്രതിഷേധാർഹവുമാണ്.
കുടിയൊഴിഞ്ഞ് കുടുംബങ്ങൾ
സന്ധ്യയായാൽ വീടുകൾക്കു ചുറ്റും കാട്ടാനകൾ പതിവായതോടെ വെള്ളിക്കുളങ്ങര പത്തരക്കുണ്ട് മിച്ചഭൂമി കോളനിയിലുള്ള മിക്ക കുടുംബങ്ങളും താമസം മാറി. മൂന്നു വശവും വനംവകുപ്പിന്റെ തേക്കുതോട്ടത്താൽ ചുറ്റപ്പെട്ട ഇൗ കോളനിയിൽ നേരത്തെ പതിനഞ്ചോളം കുടുംബങ്ങളുണ്ടായിരുന്നു. രാത്രിയായാൽ വീടിനു സമീപം കാട്ടാനകളെത്തുന്നതു പതിവായതോടെ ഇവരിൽ പലരും കോളനിയിലെ വീടുകൾ ഉപേക്ഷിച്ച് വാടകവീടുകളിലേക്കു താമസം മാറ്റി.
കാട്ടാനഭീതിയിൽ കാടിന്റെ മക്കളും
മറ്റത്തൂർ പഞ്ചായത്തിലുള്ള ആദിവാസി കോളനികളിലും വന്യജീവികളുടെ ശല്യം അനുഭവപ്പെടുന്നുണ്ട്. ശാസ്താംപൂവം വനപ്രദേശത്തുള്ള ആനപ്പാന്തം കാടർ കോളനിയിലെ കുടുംബങ്ങളുടെ കൃഷി മാനും പന്നികളും നശിപ്പിക്കുന്നതായി ആദിവാസികൾ പരാതിപ്പെടുന്നു. വന്യജീവികളെ പ്രതിരോധിക്കുന്നതിനായി കോളനിക്കു ചുറ്റും സൗരോർജ വൈദ്യുതവേലി കെട്ടിയിട്ടുണ്ടെങ്കിലും കുറച്ചുനാളായി ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. സോളാർ വേലി അറ്റകുറ്റപ്പണി നടത്തി കാട്ടുമൃഗങ്ങളെ തടയാൻ നടപടിയെടുക്കണമെന്ന് ഇവർ നിരന്തരം വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടുവരികയാണ്. കാരിക്കടവ് മലയ കോളനിയിലും കാട്ടാനകളടക്കമുള്ള വന്യജീവികളുടെ ശല്യം അനുഭവപ്പെടുന്നുണ്ട്.
ക്ഷണിച്ചുവരുത്തുന്ന ദുരന്തം
തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ പലയിടങ്ങളിലും അനധികൃത ചാരായവാറ്റ് തകൃതിയാണ്. വനമേഖലയിൽ അനധികൃതമായി നടത്തുന്ന ഇത്തരം വാറ്റുകേന്ദ്രങ്ങളിൽനിന്നും ശർക്കരയുടെയും മറ്റുമായി പുറത്തേക്കു പോകുന്ന ഗന്ധം കാട്ടാനകളെ ആകർഷിക്കുന്ന ഒന്നാണ്. വാറ്റിന്റെയും മറ്റും രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും ഇവ രുചി തേടിയിറങ്ങുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പലയിടങ്ങളിലും കാട്ടാനകൾ വാറ്റുപകരണങ്ങളും മറ്റും തകർത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനധികൃത വാറ്റുകേന്ദ്രങ്ങൾക്കെതിരെ നടപടി കർശനമാക്കുന്നത് വന്യമൃഗങ്ങളുടെ കാടിറങ്ങലിനെ പ്രതിരോധിക്കാനും ഉപകരിക്കും. ഇതു മലയോര മേഖലയിലെ കർഷകർക്കും ഒരുതരത്തിൽ ആശ്വാസമാണ്.
(തുടരും)