ശരവേഗത്തിൽ എന്‍ഐഎ അന്വേഷണം
Monday, July 20, 2020 11:14 PM IST
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കള്ളക്കടത്ത് ഏറെ ശ്രദ്ധേയമായത് അതിനു പിന്നിലുള്ള ഉന്നതബന്ധങ്ങളുടെ പേരിലാണ്. നയതന്ത്ര ചാനലിലെ സൗകര്യം ഉപയോഗപ്പെടുത്തിയതു മാത്രമല്ല വിഷയം. ഭരണസിരാകേന്ദ്രത്തില്‍ വരെ നീണ്ടുചെല്ലുന്നു അതിന്റെ കണ്ണികള്‍. ഉന്നതരെ സ്വാധീനിച്ചും വ്യാജരേഖ സൃഷ്ടിച്ചും സ്വര്‍ണം കടത്തുകയായിരുന്നു സംഘം. അന്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ സര്‍ക്കാര്‍തന്നെ പകച്ചുപോയതില് അത്ഭുതമില്ല.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഐടി ഫെലോയായിരുന്ന അരുണ്‍ ബാലചന്ദ്രന് എന്നിവര്‍ അന്വേഷണ പരിധിയിലായിക്കഴിഞ്ഞു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയുമായി അരുണിന് ബിസിനസ് ബന്ധങ്ങളുണ്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നു. പ്രതികള്‍ക്കു ഫ്ളാറ്റെടുത്തു നല്കിയതും അവരുമായി ഗൂഢബന്ധം പുലര്‍ത്തിയതും കുരുക്കുന്നത് ശിവശങ്കറിനെ മാത്രമല്ല, സര്ക്കാരിനെക്കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് ശിവശങ്കര്‍ എന്തൊക്കെ വഴിവിട്ട കാര്യങ്ങള്‍ ചെയ്തെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
നുണകൾ പൊളിച്ചടുക്കി
ശരവേഗത്തിലാണു ദേശീയ ഏജന്‍സികളുടെ അന്വേഷണം. തെളിവുകള്‍ നിരത്തി നുണകളെ പൊളിച്ചടുക്കി സംഘം മുന്നോട്ടുപോകുന്നു. സ്വര്‍ണം കൊടുത്തയച്ച ഫൈസൽ ഫരീദിനെ പ്രതിയാക്കുകയും ദുബായ് പോലീസിനെക്കൊ ണ്ടു കസ്റ്റഡിയിലെടുപ്പിക്കുകയും ചെയ്തു. ഇയാളെ വിട്ടുകിട്ടിയാല്‍ അന്വേഷണത്തിന്റെ വേഗം ഇനിയും കൂടും. ഉന്നതരിലേക്കുള്ള വഴികൾ തെളിയുകയും ചെയ്യും.
സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്നു പ്രതികളുമായി എം. ശിവശങ്കറിനു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനാല്‍ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്കും അന്വേഷണം നീളുകയാണ്. ഇക്കൊല്ലം അഞ്ചുതവണ സ്വപ്ന വിദേശത്തു പോയിരുന്നു. ലോക്ക്ഡൗണിനു തൊട്ടുമുന്‍പ് ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പമാണ് ദുബായില്‍ പോയത്. കസ്റ്റഡിയിലുള്ള പ്രതികള്‍ പ്രധാന കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞതായാണു സൂചന.
ഇനി കുടുങ്ങാനുള്ളത് വലയിലായതിനെക്കാൾ വലിയ മത്സ്യങ്ങളാണ്. അതുകൊണ്ടുതന്നെ അന്വേഷണസംഘം മുന്നോട്ടുള്ള ചുവടുകൾ കൂടുതൽ സൂക്ഷ്മതയോടെ വയ്ക്കുന്നു.
ചില്ലറക്കാരനല്ല ഫൈസല്‍
തീര്‍ത്തും ദുരൂഹതകള്‍ നിറഞ്ഞ വ്യക്തിത്വമാണ് ഫൈസല്‍ ഫരീദിന്റേത്. ഇയാൾ ചില്ലറക്കാരനല്ലെന്നു കസ്റ്റംസും പറയുന്നു. ദുബായില്‍ ബിസിനസ് നടത്തുന്നുവെന്നു പറയുന്പോഴും നാട്ടില്‍ ഫൈസല്‍ കടംകയറി പത്തു കോടി നല്കാനുള്ളയാളാണ്. മലയാള സിനിമയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. നാലു സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി. മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്റെയും ന്യൂജനറേഷന് സംവിധായകന്റെയും ചിത്രങ്ങൾക്കു പണം ചെലവഴിച്ചിട്ടുണ്ട്. ബിനാമി വഴിയായിരുന്നുവെന്നു മാത്രം.
നാട്ടില്‍ സാധാരണക്കാരനായി അറിയപ്പെടുന്ന ഫൈസല്‍ ദുബായിലെത്തിയാല്‍ ആഡംബരജീവിതമാണു നയിക്കുന്നത്. ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം നടത്തിവരികയാണ്.
സ്വര്‍ണക്കടത്തു കേസില്‍ ഫൈസല്‍ ഫരീദിനെ വിമാനത്താവള ജീവനക്കാരും സഹായിച്ചിരിക്കാമെന്നാണു കണ്ടെത്തല്‍. ബാഗേജ് അയയ്ക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്നു കാണിച്ചു ഫൈസല്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ കത്തില്‍ കോണ്‍സലേറ്റിന്റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ബാഗ് കോണ്‍സലേറ്റ് വിലാസത്തില്‍ അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി നല്‍കിയതെന്നു കണ്ടെത്തണം.
എല്ലാ കള്ളക്കടത്തും വ്യാജക്കത്തു വഴിതന്നെയാണെന്ന നിഗമനത്തിലാണു കസ്റ്റംസ്. അറ്റാഷെയെക്കുറിച്ചു കൂടുതല്‍ അറിഞ്ഞില്ലെങ്കില്‍ കേസില്‍ പല കാര്യങ്ങളും പുറത്തുവരില്ല. ബാഗിന്റെ കാര്യത്തിലും വ്യക്തത വരണമെങ്കില്‍ അറ്റാഷെയുടെ മൊഴിയെടുക്കണം.
കത്തുകൾ വ്യാജം
ജൂണ്‍ 30നു 30 കിലോ സ്വര്‍ണമടങ്ങിയ ബാഗ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതിനു പിറ്റേന്ന് സരിത് ഈ ബാഗ് ശേഖരിക്കാന്‍ എത്തിയിരുന്നു. സരിത്തും ഒരു കത്ത് ഹാജരാക്കിയിരുന്നു. വരുന്ന ഡിപ്ലോമാറ്റിക് ബാഗ് അറ്റാഷെയ്ക്കു വേണ്ടി സ്വീകരിക്കാനുള്ള കത്തായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട വേ ബില്ലും സരിത് ഹാജരാക്കി. എന്നാല്‍ ഈ കത്തും വേ ബില്ലും വ്യാജമായിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
ആവശ്യമായ ഫോര്‍മാറ്റിലല്ല സരിത് ഹാജരാക്കിയ കത്തുള്ളത്. ഒപ്പം പ്രോട്ടോകോള്‍ ഓഫീസറുടെ ഒപ്പും ഈ കത്തിലില്ല. ഈ സാഹചര്യത്തില്‍ ഫൈസല്‍ ഫരീദ് സ്വർണം അയച്ചതും സരിത് സ്വീകരിക്കാന്‍ എത്തിയതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലായിരുന്നു എന്നു വ്യക്തമാവുകയാണ്. അയച്ച സ്ഥലത്തും ലഭിച്ച സ്ഥലത്തും ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനയുണ്ടായില്ല എന്നതാണ് കസ്റ്റംസിന് സംശയം ഉണ്ടാക്കുന്ന കാര്യം. വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞത് എങ്ങനെ എന്നതില്‍ വിശദമായ അന്വേഷണമുണ്ടാകും.
മൊഴികളിൽ പൊരുത്തക്കേട്
യുഎഇ അറ്റാഷെയുടെ ഗണ്മാന് ജയഘോഷിന്റെ മൊഴികൾ പൊരുത്തക്കേടുകൾ നിറഞ്ഞതാണ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് ആവർത്തിക്കുന്ന ഇയാളാണ് കോണ്സലേറ്റിലേക്കുള്ള പല ബാഗുകളും വാങ്ങിയിരുന്നത്. ഇതില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് ജയഘോഷിന്റെ മൊഴി. ഇതു പൂര്‍ണമായും വിശ്വസിക്കാന്‍ എന്‍ഐഎയും കസ്റ്റംസും തയാറല്ല. സരിത്തിനൊപ്പമാണ് ഇയാള്‍ ബാഗ് വാങ്ങാൻ പോയിരുന്നത്. തട്ടിപ്പ് വാര്‍ത്ത പുറത്തുവന്ന ശേഷം ജയഘോഷ് പലതവണ സരിത്തിനെയും സ്വപ്നയെയും വിളിച്ചിതിന്റെ കോള്‍രേഖകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ജയഘോഷ് പറഞ്ഞ പല മൊഴികളിലും തീയതികളിലും വിശദീകരണം ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം ആത്മഹത്യക്കു ശ്രമിച്ച ഇയാൾ ആശുപത്രിയിലാണ്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചതിനാൽ ജയഘോഷിലേക്കു കൂടി അന്വേഷണം നീളും.
ജോണ്സണ് വേങ്ങത്തടം