ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
Monday, February 15, 2021 1:17 AM IST
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടിയാണു ജോ ബൈഡന്റെ അമേരിക്കൻ പ്രസിഡന്റായുള്ള തെരഞ്ഞെടുപ്പു ലോകം സ്വീകരിച്ചത്. അതുപോലെ തന്നെ, അനേകകോടി ജനങ്ങൾ അദ്ദേഹത്തിന്റെ പ്രതിജ്ഞയെടുപ്പ് ടി. വി. യിൽ കാണുകയും ചെയ്തു. ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തിൽ മുഴങ്ങിക്കേട്ടത്. മുൻ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ പ്രസംഗത്തിന്റെ ഉൗർജസ്വലതയോ, പ്രശസ്തമായ വാചകങ്ങളുടെ സാന്നിധ്യമോ ഇല്ലാതിരുന്നിട്ടുകൂടി ലോകജനത വളരെ ശുഭ പ്രതീക്ഷയോടു കൂടിയാണ് ആ വാക്കുകൾ ശ്രവിച്ചത്.
എല്ലാവരും ഒരുമിക്കാനും ആ ഒരുമയിൽ കൂടി എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. “എല്ലാ അമേരിക്കക്കാരും ഈ യജ്ഞത്തിൽ എന്നോടുകൂടി ചേരാൻ ഞാൻ അഭ്യർഥിക്കുന്നു. ഐക്യമുണ്ടെങ്കിൽ നമുക്കു വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ബൃഹത്തായ കാര്യങ്ങൾ. തെറ്റുകൾ തിരുത്തുവാൻ സാധിക്കും. ഈ മാരകമായ വൈറസിനെ തോല്പിക്കാൻ സാധിക്കും”. പ്രതിജ്ഞയുടെ മുന്‍പായി ജോർജ് ടൗണ്‍ ജെസ്യൂട്ട് യൂണിവേഴിസിറ്റിയുടെ മുൻപ്രസിഡന്റായിരുന്ന ഫാ. ലിയോ ഡോണവന്റെ പ്രാർഥനയിലും ഈ ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനമായിരുന്നു: “കരുണാനിധിയും സ്നേഹസന്പന്നനുമായ ദൈവമേ, എല്ലാ പൗരന്മാരുടെയും ഐക്യത്തിനുവേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു”.
അമേരിക്കയുടെ കത്തോലിക്കാ വിശ്വാസിയായ രണ്ടാമത്തെ പ്രസിഡന്റാണ് ജോ ബൈഡൻ. അമേരിക്കൻ കത്തോലിക്കരിൽ അന്‍പത്തിരണ്ടു ശതമാനം പേർ അദ്ദേഹത്തിനു വോട്ടു ചെയ്തു. ബൈഡന്റെ കാബിനറ്റിൽ ഒന്‍പതു പേർ കത്തോലിക്കരാണ്.
ഡിഫൻസ് സെക്രട്ടറിയായ ജനറൽ ലോയ്ഡ് ഓസ്റ്റ്യനും പ്രസിഡന്റിന്റെ മകൻ ബോയും ഒരുമിച്ച് ഇറാക്കിലെ അവരുടെ സേവനകാലത്ത് എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കു ചേരുമായിരുന്നു. ഇന്നു സുപ്രീംകോടതിയിലെ ഒന്‍പതു ജഡ്ജിമാരിൽ ആറുപേരും കത്തോലിക്കാ വിശ്വാസികളാണ്. അമേരിക്കൻ സെനറ്റിൽ ഇപ്പോഴുള്ള 25 പേർ (നൂറിൽ) കത്തോലിക്കരാണ്. അതിൽ 15 പേർ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ പെട്ടവരാണ്. കോണ്‍ഗ്രസിലെ 435 പേരിൽ 141 പേർ കത്തോലിക്കരാണ്. കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായ സ്പീക്കർ നാൻസി പെലോസിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായ കെവിൻ മക്കാർത്തിയും കത്തോലിക്കരാണ്.
ഇത്രയും വലിയ ക്രൈസ്തവവിശ്വാസികളുടെ സഹകരണത്തോടെയാണു ബൈഡൻ തന്റെ പ്രസിഡന്റായുള്ള ഒൗദ്യോഗിക ജീവിതം തുടങ്ങുന്നത്. അതുമാത്രമല്ല തന്റെ ഒൗദ്യോഗികമായ ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് വൈസ് പ്രസിഡന്റിനെയും രണ്ടു പാർട്ടികളുടെ നേതാക്കന്മാരെയും കൂട്ടി അദ്ദേഹം ജോണ്‍ എഫ്. കെന്നഡി യുടെ സംസ്കാരകർമങ്ങൾ നടന്ന സെന്റ് മാത്യുസ് കത്തീഡ്രലിൽ കുർബാനയിൽ സംബന്ധിച്ചു. ഇത്രയും വലിയ വിശ്വാസത്തിന്റെ ഒരു സാന്നിദ്ധ്യം ഇതിനു മുന്‍പുള്ള ചടങ്ങുകളിൽ ഉണ്ടായിരുന്നില്ല.
ഫ്രാൻസിസ് മാർപാപ്പ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടു സന്ദേശമയച്ചു: “ലോകരാഷ്ട്രങ്ങൾ തമ്മിലും അമേരിക്കക്കാർ തമ്മിലും പരസ്പരധാരണയും സൗഹാർദവും സമാധാനവും വളർത്തുന്നതിനുള്ള അങ്ങയുടെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കുന്നതിന്, എല്ലാ വിജ്ഞാനത്തിന്റെയും സത്യത്തിന്റെയും ഉറവിടമായ ദൈവത്തോടു ഞാൻ പ്രാർഥിക്കുന്നു”. വാഷിംഗ്ടണ്‍ ഡിസി യിലെ ആർച്ച്ബിഷപ് കർദിനാൾ വിൽട്ടണ്‍ ഗ്രിഗറിയും പ്രസിഡന്റിനെ അഭിനന്ദിച്ചു സന്ദേശമയച്ചു. ഇത്രയും വലിയ അഭിനന്ദനങ്ങളും ആശംസകളും കിട്ടുന്പോഴും വിഭിന്നസ്വരങ്ങൾ കത്തോലിക്കരിൽ നിന്നു വരുവാൻ തുടങ്ങി.
അമേരിക്കയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റും അവിടത്തെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയായ ലോസ് ആഞ്ചലസിന്റെ മെത്രാപ്പോലീത്തായുമായ ആർച്ച്ബിഷപ് ജോസ് ഗോമസ് വിഭിന്ന സ്വരത്തിലാണ് സംസാരിച്ചത്. ബൈഡന്റെ വിജയത്തിൽ അഭിനന്ദിച്ച അദ്ദേഹം സാമൂഹ്യവിഷയങ്ങളിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെ സ്വാഗതം ചെയ്തതിനുശേഷം ഭ്രൂണഹത്യയെക്കുറിച്ചുള്ള ബൈഡന്റെ നയങ്ങളെ ശക്തമായി എതിർത്തു: “എനിക്കു തീർച്ചയായും പറയേണ്ടിവരും, നമ്മുടെ പുതിയ പ്രസിഡന്റ് നടപ്പാക്കാൻ പോകുന്ന പല നയങ്ങളും അസാന്മാർഗിക തിന്മകളെയും മനുഷ്യജീവിതത്തിന്റെ മാഹാത്മ്യത്തെ ചോദ്യം ചെയ്യുന്ന പ്രവണതകളെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന്, പ്രത്യേകിച്ച്, ഭ്രൂണഹത്യ, ഗർഭധാരണനിരോധനം, വിവാഹം, ജെൻഡർ എന്നീ കാര്യങ്ങളിൽ.”
കത്തോലിക്കാ വിശ്വാസിയും ഉറച്ച ദൈവഭക്തിയുടെ ഉടമയുമാണെങ്കിലും അദ്ദേഹം ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഭ്രൂണഹത്യ, ജെൻഡർ ഐഡന്റിറ്റി, സ്വവർഗവിവാഹം എന്നിവയെപ്പറ്റിയുള്ള നയങ്ങളാണു പിന്തുടരുന്നത്. ബിൽ ക്ലിന്റണ് ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ കാണിച്ചിരുന്ന വൈമുഖ്യം പോലും മാറ്റി വളരെ സ്വതന്ത്രമായ സമീപനമാണു ബൈഡൻ എടുക്കുന്നത്. പ്രസിഡന്റ് ഒബാമയുടെ കാലത്തു സ്വവർഗവിവാഹം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള നയതീരുമാനം ആദ്യമായി പ്രഖ്യാപിച്ചതു വൈസ് പ്രസിഡന്റ് ബൈഡനായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി, സ്ത്രീകളുടെ തെരഞ്ഞെടുക്കുവാനുള്ള അവകാശത്തിന്റെ പ്രതിഫലനമാണു ഭ്രൂണഹത്യയ്ക്കുള്ള അവകാശമെന്നു വ്യാഖ്യാനിക്കുന്നു. ഈ അവകാശവാദം ക്രൈസ്തവവിശ്വാസികളിൽ വലിയൊരു ഭാഗം ശക്തമായി എതിർക്കുന്നു.
1973 ലെ സുപ്രീംകോടതി വിധിയാണ് അമേരിക്കയിലെ അന്‍പതു സംസ്ഥാനങ്ങളിലും ഭ്രൂണഹത്യ നിയമപരമാക്കിയത്. 1973 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഭ്രൂണഹത്യാ നിരക്കിൽ 80 ശതമാനം വർധനവുണ്ടായി. 1981 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ അതു പകുതിയായി കുറഞ്ഞെങ്കിലും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളുടെ ജീവനാണ് ഗർഭഛിദ്രം വഴി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു യാഥാസ്ഥിതികത പുലർത്തുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ പലവിധ നിയമങ്ങൾ വഴി ഗർഭഛിദ്രത്തിനുള്ള നിയമത്തിനു നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി അതുകൊണ്ടു ഒരു പുതിയ വിധി കിട്ടുന്നതിനുവേണ്ടി കൂടുതൽ ആഴമായ വിശ്വാസമുള്ള ജഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിക്കാൻ ശ്രമിച്ചുപോന്നു. ഈ അടുത്തകാലത്തെ സുപ്രീംകോടതി ജഡ്ജിയുടെ നിയമനത്തിന് ഈ വലിയ വടംവലി അമേരിക്കൻ നിയമസഭയിൽ നടന്നതാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ ഈ സ്വതന്ത്രമായ നയം വിശ്വാസതീക്ഷ്ണതയിൽ ഉറച്ചുനിൽക്കുന്ന കത്തോലിക്കരും പ്രോട്ടസ്റ്റന്റ് വിശ്വാസികളും എതിർക്കുക യാണ്.
മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രൊ-ലൈഫ് ആഭിമുഖ്യമുള്ള വ്യക്തിയായിരുന്നു. ആദ്യമായി പ്രൊ-ലൈഫ് റാലിയെ അഭിസംബോധന ചെയ്ത പ്രസിഡന്റ് അദ്ദേഹമായിരുന്നു. ട്രംപിന് പ്രൊ-ലൈഫ് സമൂഹത്തിൽനിന്നും ഭ്രൂണഹത്യയെ എതിർക്കുന്നവരിൽനിന്നും വളരെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. അദ്ദേഹത്തിന് എതിരായി പല ആരോപണങ്ങളുണ്ടായിട്ടും ആ പിന്തുണയ്ക്ക് ഒരു കുറവും വന്നില്ല. ഇപ്പോഴും അദ്ദേഹത്തിനു കലവറയില്ലാത്ത പിന്തുണ കിട്ടുന്നു. “മെക്സിക്കോ സിറ്റി പോളിസി” എന്നു പറയുന്ന ഒരു നയം അദ്ദേഹം പുനർനടപ്പാക്കി. അതായതു ഭ്രൂണഹത്യനടത്താനായി വിദേശത്തുള്ള സംഘടനകൾക്ക് അമേരിക്കയുടെ സാന്പത്തികസഹായം തടയുന്ന ഒരു നയമായിരുന്നു അത്.
പക്ഷേ ബൈഡൻ വന്നതിനുശേഷം ട്രംപ് നടപ്പിലാക്കിയ നിരോധനം ഒരു എക്സിക്യൂട്ടിവ് ഉത്തരവു വഴി എടുത്തുകളഞ്ഞു. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നയമാണു പ്രസിഡന്റ് നടപ്പാക്കുന്നത്. 2007 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയിൽ താൻ വ്യക്തിപരമായി ഭ്രൂണഹത്യക്ക് എതിരാണെങ്കിലും തന്റെ അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് എഴുതുകയുണ്ടായി.
അതുകൊണ്ട് വലിയൊരു ശതമാനം കത്തോലിക്കർക്ക് അദ്ദേഹത്തെ ഒരു കത്തോലിക്കാവിശ്വാസിയായി കാണാൻ പ്രയാസമായിത്തീർന്നിട്ടുണ്ട്. അമേരിക്കയിലെ മെത്രാൻസമിതിയുടെ മുൻ പ്രതിനിധി ജെയിഡ് ഹെൻറിക്സ് സഭയുടെ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു. ഭ്രൂണഹത്യ വലിയ പാപമാണ്. പരസ്യജീവിതത്തിൽ അതു പ്രോത്സാഹിപ്പിക്കുന്നവർ അവരുടെ ആത്മീയജീവിതത്തെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. സഭയ്ക്ക് അതിനെപ്പറ്റി യാതൊരു സംശയവുമില്ല. ടെക്സസ് സംസ്ഥാനത്തിലെ സെന്റ് ആൻഡ്രൂസ് കത്തോലിക്കാ ദേവാലയത്തിലെ വികാരി ജനങ്ങൾക്കെഴുതിയ ലേഖനത്തിൽ പ്രസിഡന്റിനെ വിമർശിച്ചുകൊണ്ട് എഴുതി: അദ്ദേഹം മൂല്യങ്ങളില്ലാത്ത മനുഷ്യനാണ്. അതേസമയം ബൈഡൻ പുനർജീവിപ്പിച്ച സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള പദ്ധതികളെ രണ്ടു മെത്രാൻസമിതികളുടെ അധ്യക്ഷന്മാർ ഫെബ്രുവരി മൂന്നിലെ അവരുടെ സന്ദേശങ്ങളിൽ പുകഴ്ത്തുകയുണ്ടായി.
ഒരു വിഭാഗം കത്തോലിക്കാ പ്രതിനിധികൾ എതിർക്കുന്പോൾ, വേറൊരു വിഭാഗം സമന്വയത്തിന്റെ സമീപനം സ്വീകരിക്കണമെന്നു നിർദേശിക്കുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ ആർച്ച്ബിഷപ് പ്രസിഡന്റുമായി സൗഹാർദപരമായ സമീപനം സ്വീകരിക്കണമെന്നു നിർദേശിക്കുന്നു. പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി വിശുദ്ധ കുർബാനയ്ക്കു പോയിരുന്ന വൈറ്റ് ഹൗസിന് തൊട്ടടുത്തുള്ള സെന്റ് സ്റ്റീഫൻ കത്തോലിക്കാ പള്ളിയിലെ ഇപ്പോഴത്തെ വികാരി പറയുന്നത് വളരെ സൗമ്യതയോടുകൂടി അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കണമെന്നാണ്.
ഭ്രൂണഹത്യ, ജെൻഡർ ഐഡന്റിറ്റി, സ്വവർഗവിവാഹം എന്നിവയെപ്പറ്റി ഡെമോക്രാറ്റിക് പാർട്ടി പുലർത്തുന്ന അഭിപ്രായങ്ങൾ അദ്ദേഹം എടുത്തിരിക്കുന്നതു കാരണം ശക്തമായ എതിർപ്പു വിശ്വാസികളായ പൗരന്മാരിൽനിന്ന് അദ്ദേഹം നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ വിശ്വാസമാണു തനിക്കു പ്രചോദനം തരുന്നതെന്നും തന്റെ വിഷമഘട്ടങ്ങളിൽ വിശ്വാസമാണ് ശക്തികൊടുത്തതെന്നും പലപ്പോഴും ആവർത്തിച്ചു പറയാറുണ്ട്. പക്ഷേ, ഡെമോക്രാറ്റിക് പാർട്ടിയുടെ തീവ്രമായ സ്വതന്ത്രനയങ്ങൾ വലിയ എതിർപ്പു വിളിച്ചു വരുത്തുന്നു.
സൗഹാർദതയോടെ എതിർപ്പു പ്രകടിപ്പിക്കുക എന്നതാണു പലരും എടുക്കുന്ന മനോഭാവം. ജി. കെ. ചെസ്റ്റർട്ടണ്‍ ഏറ്റവും വലിയ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ സെന്റ് തോമസ് അക്വിനാസിനെക്കുറിച്ചു പറഞ്ഞ വാക്കുകൾ പലരുടെയും ബൈഡനെക്കുറിച്ചുള്ള സമീപനത്തിന് പ്രചോദനം കൊടുക്കുന്നു: ബഹുമാനത്തോടുകൂടി അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നു.
റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ
(ഇന്റർ ചർച്ച് കൗണ്‍സിൽ ജോയിന്റ് സെക്രട്ടറിയാണു ലേഖകൻ)