എൽഡിഎഫ് സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നു: ആന്റണി
Thursday, March 25, 2021 11:59 PM IST
കോണ്ഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുമായി ദീപിക തിരുവനന്തപുരം ബ്യൂറോചീഫ് സാബു ജോണ് നടത്തിയ അഭിമുഖം.
ബിജെപി സിപിഎമ്മിനു വോട്ടു മറിക്കുമെന്നു കരുതാൻ കാരണം ?
=ബിജെപിക്കു സിപിഎമ്മിനെയോ സിപിഎമ്മിനു ബിജെപിയെയോ ഇഷ്ടമല്ല എന്നതു സത്യമാണ്. എന്നാൽ, ശത്രുവിന്റെ ശത്രു മിത്രം എന്ന തത്ത്വമാണ് ഇവിടെ പ്രാവർത്തികമാകാൻ പോകുന്നത്. രാജ്യത്ത് ഒരിടത്തും കോണ്ഗ്രസ് സർക്കാർ ഇല്ലാത്ത സ്ഥിതിയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. അതിനായി അവർ ഒരുപാടു സംസ്ഥാനങ്ങളിൽ കോണ്ഗ്രസ് ഭരണം അട്ടിമറിച്ചു. ഏറ്റവും ഒടുവിൽ പോണ്ടിച്ചേരിയിൽ വരെ.
കേരളത്തിലും ഒരു കോണ്ഗ്രസ് മുഖ്യമന്ത്രി വരുന്നത് അവർക്കു സഹിക്കാനാകില്ല. കോണ്ഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് ദേശീയതലത്തിൽ കോണ്ഗ്രസിന്റെ തിരിച്ചുവരവിനു കാരണമാകുമോ എന്ന ഭയവും അവർക്കുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്.
സ്വർണക്കടത്തിലുൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയല്ലേ ?
=ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒളിച്ചുകളിക്കുകയല്ലേ. സ്വർണം കടത്തി എന്നതു ശരി. എന്നാൽ, ആരാണു കടത്തിയതെന്നോ കടത്തിയ സ്വർണം എവിടേക്കു പോയെന്നോ കണ്ടെത്തുന്നില്ല. യുഎഇ കോണ്സുലേറ്റിലെ ഉന്നതരെ ചോദ്യം ചെയ്തിട്ടില്ല. എന്തുകൊണ്ടാണെന്നു ചിന്തിച്ചാൽ അതിന് ഉത്തരം കിട്ടും.
തുടർഭരണം ഉണ്ടായാൽ കേരളത്തിന്റെ സർവനാശം എന്നാണല്ലോ പറഞ്ഞത്. എന്താണ് അങ്ങനെ പറയാൻ കാരണം ?
=കഴിഞ്ഞ ഒരു മാസമായി മുഖ്യമന്ത്രിയുടെ രീതികളെല്ലാം അപ്പാടെ മാറി. പഴയ കർക്കശക്കാരന്റെ മുഖമല്ല ഇപ്പോൾ. നമ്മൾ പലപ്പോഴും പഴയ കാര്യങ്ങൾ പെട്ടെന്നു മറക്കും. മുഖ്യമന്ത്രിയുടെ ഭാവമാറ്റം കണ്ടു യഥാർഥ വസ്തുതകൾ ആരും മറക്കാൻ പാടില്ല. അതുകൊണ്ടാണ് സർവനാശം എന്ന മുന്നറിയിപ്പു ഞാൻ നൽകിയത്. അത് എന്റെ കടമയാണെന്നു ഞാൻ കരുതുന്നു.
തുടർഭരണം ഉണ്ടായാൽ എന്താണിത്ര അപകടം ?
=ജനവികാരത്തെ പുച്ഛിച്ചു തള്ളുന്ന ഒരു ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷം ഇവിടെ നടന്നത്. അഹന്തയും ആർഭാടവും ധൂർത്തും അഴിമതിയുമെല്ലാമാണ് അരങ്ങേറിയത്. രണ്ടു പ്രളയം മൂലം വൻനഷ്ടം നേരിട്ട കൃഷിക്കാർക്ക് ആശ്വാസം നൽകിയില്ല. കൊലപാതകങ്ങൾക്കു നേതൃത്വം നൽകിയ പാർട്ടിയാണത്. പിഎസ്സിയുടെ പോലും വിശ്വാസ്യത തകർത്തു. ഒരിക്കൽ കൂടി ഭരണം കൊടുത്താൽ വൻദുരന്തമാകും. തിരുത്തിക്കാൻ പോലും ഒരു ശക്തിക്കും സാധിക്കില്ല. നരേന്ദ്ര മോദിയുടെ ഏകാധിപത്യ ശൈലിയിലേക്കായിരിക്കും പിണറായിയും പോകുക.
ആദ്യ ഭരണത്തിൽ നരേന്ദ്ര മോദി ആർഎസ്എസ് അജൻഡ നടപ്പാക്കിയത് സാവകാശമായിരുന്നു. എന്നാൽ, വീണ്ടും വൻഭൂരിപക്ഷത്തിൽ ഭരണത്തിലെത്തിയതോടെ സകല ജനാധിപത്യ മര്യാദകളും മറന്ന് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതുതന്നെയാകും ഇവിടെയും സംഭവിക്കുക.
ഏതാണ്ട് എല്ലാ സർവേകളും തുടർഭരണം പ്രവചിക്കുകയാണ്. യുഡിഎഫിന്റെ സാധ്യതകൾ എങ്ങനെ കാണുന്നു ?
=സർവേകളിൽ എനിക്കു വിശ്വാസമില്ല. എന്നാൽ, സർവേകൾ വന്നതു നല്ലതാണെന്നാണ് എന്റെ അഭിപ്രായം. യുഡിഎഫ് പിന്നിലാണെന്നു കണ്ടാൽ യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും എല്ലാം മറന്ന് ഒരുമിച്ചു പ്രവർത്തിക്കും. അതു യുഡിഎഫിനു ഗുണം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കാര്യങ്ങൾ എൽഡിഎഫിന് അനുകൂലമായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറിവരികയാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണവും അതിൽ പ്രധാനമാണ്. പ്രസംഗങ്ങളല്ല, രാഹുലിന്റെ പെരുമാറ്റമാണ് ജനങ്ങളെ ആകർഷിക്കുന്ന ഘടകം. നിലവിൽ യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്.
സ്വർണക്കടത്തും മറ്റു നിരവധി ആരോപണങ്ങളും നേരിട്ട് സർക്കാർ അങ്ങേയറ്റം പ്രതിരോധത്തിലായിരുന്നപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ജയിക്കാൻ സാധിച്ചു. അതു യുഡിഎഫിന്റെ പരാജയം കൂടിയല്ലേ ?
=അല്ല, എൽഡിഎഫിന്റെ കുതന്ത്രങ്ങളുടെ വിജയമായിരുന്നു അത്. ജാതി, മത, സമുദായങ്ങളുടെ പിന്തുണ യുഡിഎഫിന്റെ കരുത്താണ്. എൽഡിഎഫിലെ ചില ചാണക്യന്മാർ സമുദായങ്ങളെ തമ്മിലടിപ്പിച്ചു. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും അകറ്റി. ഹിന്ദുക്കളിലെ വിവിധ വിഭാഗങ്ങളെ പരസ്പരം സംശയത്തിലാക്കി. ഹിന്ദുക്കളിലും മുസ്ലിംകളിലും അവിശ്വാസം വളർത്തി. അങ്ങനെ സമുദായങ്ങളെ തമ്മിലടിപ്പിച്ചു നേടിയ വിജയം ആയിരുന്നു അത്.
അതേ സ്ഥിതി ഇപ്പോഴും തുടരുകയല്ലേ ?
=ഇപ്പോൾ കുറേയൊക്കെ അവിശ്വാസവും അകൽച്ചയും മാറി. പരസ്പരം ഒരുമിപ്പിക്കാനും അകൽച്ച ഇല്ലാതാക്കാനുമാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. സമുദായ നേതൃത്വങ്ങളും പരസ്പരം ഐക്യത്തിൽ പോകാൻ തന്നെയാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ അവർ പരസ്പരം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സമുദായങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കോണ്ഗ്രസ് അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ് മുന്നണി വിട്ടതു യുഡിഎഫിനു നഷ്ടമാകുമോ?
=ഇക്കാര്യത്തിൽ ഒരു പോസ്റ്റ് മോർട്ടത്തിനില്ല. രണ്ടു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ തിരക്കുപിടിച്ച് എൽഡിഎഫിൽ പോയത് തെറ്റായിപ്പോയെന്നു ജോസ് കെ. മാണി വിഭാഗം എന്നെങ്കിലും ചിന്തിക്കും. സിപിഎമ്മിന്റെ ശൈലിയോട് അവരുടെ ആൾക്കാർക്കു കൂടുതൽ കാലം യോജിച്ചു പോകാൻ സാധിക്കില്ല.
ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എന്റെ നേതൃത്വത്തിലുള്ള പാർട്ടിയും കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസും എൽഡിഎഫിൽ പോയതല്ലേ. ഞങ്ങളെ പിന്തുണയ്ക്കുന്ന ആളുകൾക്ക് അവരുടെ രീതികളും സംസ്കാരവുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ലെന്നു ഞങ്ങൾക്കു രണ്ടു പേർക്കും ഏതാണ്ട് ഒരേ സമയത്തു ബോധ്യപ്പെട്ടു. ഞങ്ങൾ മുന്നണി വിട്ടു പുറത്തു വന്നു. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇതു പറയുന്നത്.
ശബരിമല വീണ്ടും ഒരു തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയർത്തിക്കൊണ്ടു വരുന്നത് മറ്റു വിഷയങ്ങളൊന്നുമില്ലാത്തതു കൊണ്ടാണോ ?
=ശബരിമല പറയാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ കോടതി വിധി വന്നാൽ എല്ലാവരുമായി കൂടിയാലോചിച്ചു മാത്രം തീരുമാനമെടുക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു കേട്ടപ്പോൾ പ്രതികരിച്ചു പോയതാണ്. അന്നു കോടതി വിധി വന്നപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞതാണ്. അന്നതു കേട്ടിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലല്ലോ.
വിശ്വാസ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് കോണ്ഗ്രസ് പാർട്ടിയുടെ നയമാണ്. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തി എന്നതു വസ്തുതയാണ്.
എൽഡിഎഫിന് ഒരു ക്യാപ്റ്റനുണ്ട്. യുഡിഎഫിനെ നയിക്കാൻ ഒരു ക്യാപ്റ്റനില്ല ?
=ചോദ്യം ചെയ്യപ്പെടാനാകാത്ത ക്യാപ്റ്റനുണ്ടാകുന്നതു ദോഷമാണ്. ഞങ്ങൾക്കു കൂട്ടുനേതൃത്വം എന്നതു ഞങ്ങൾ ആലോചിച്ചെടുത്ത തീരുമാനമാണ്. യുഡിഎഫ് അധികാരത്തിൽ വരുന്പോൾ കോണ്ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും. ഒരു പ്രശ്നവുമുണ്ടാകില്ല. അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുള്ള ഒരു സർക്കാർ ആയിരിക്കും അത്. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത ഭരണം ആകില്ല. വിവിധ ജനവിഭാഗങ്ങളുടെ വികാരങ്ങൾ മാനിക്കുകയും അവരുടെ അഭിപ്രായങ്ങൾക്കു ചെവി കൊടുക്കുകയും ചെയ്യുന്ന സർക്കാർ ആയിരിക്കും അത്.
ക്ഷേമ പെൻഷനുകൾ യഥാസമയം വിതരണം ചെയ്തതും ഭക്ഷ്യക്കിറ്റുകൾ നൽകിയതും
ജനങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ലേ ?
=ക്ഷേമപ്രവർത്തനങ്ങൾ പുതിയ കാര്യമല്ല. ആർ. ശങ്കറിന്റെ കാലത്തു തുടങ്ങിയതാണ്. സർക്കാരുകൾ മാറിമാറി വന്നപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകി എന്നു മാത്രം. കിറ്റ് കൊടുക്കുന്നതു മാത്രമാണോ സർക്കാരിന്റെ ചുമതല? രണ്ടു പ്രളയം വന്നു പോയിട്ടും നഷ്ടമുണ്ടായ കൃഷിക്കാർക്ക് എന്തെങ്കിലും ചെയ്തു കൊടുത്തോ? കോവിഡ് കാലത്തു കച്ചവടവും തൊഴിലും എല്ലാം നഷ്ടമായവർക്കു വേണ്ടി എന്തു ചെയ്തു? അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സ്ഥിരമായി തൊഴിൽ രഹിതരാക്കി നിർത്തി കിറ്റ് കൊടുക്കാനാണോ ഉദ്ദേശിക്കുന്നത്?
മലയോര കർഷകരെ കൈയേറ്റക്കാർ എന്നു വിളിച്ച് കുടിയിറക്കുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അതിനെതിരേ അതിശക്തമായ പോരാട്ടം നടത്തിയ പത്രമാണു ദീപിക. ഞാൻ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ഹൈറേഞ്ചിലും മലബാറിലും കുടിയിറക്കു നടന്ന സ്ഥലങ്ങളിലൂടെ ധാരാളമായി യാത്ര ചെയ്തിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ കർഷകരെ കുടിയിറക്കിയിരുന്ന രീതിക്ക് അവസാനമിട്ടത് ഞാനാണ്. എനിക്കതിൽ അഭിമാനമുണ്ട്.
1977 ൽ ഞാൻ മുഖ്യമന്ത്രി ആയപ്പോഴാണ് 1977 ജനുവരി ഒന്നിനു മുന്പ് കുടിയേറിയവർക്കു ഭൂമിയിൽ അവകാശം നൽകിയത്. കുടിയിറക്കിന് അന്ത്യം കുറിച്ചതും അന്നാണ്. പലയാളുകൾ കോടതിയിൽ പോയിട്ടും പല സർക്കാരുകൾ മാറി വന്നിട്ടും അതിനു ശേഷം കർഷകരെ ഒരിടത്തും കുടിയിറക്കിയിട്ടില്ല. കുടിയേറ്റ കർഷകർക്ക് അനുകൂലമായ നിലപാടുകൾ കൈക്കൊണ്ടിട്ടുള്ളത് എന്നും യുഡിഎഫ് ആണ്.
കേരളത്തിൽ വളരുന്ന പാർട്ടി ബിജെപി മാത്രമാണെന്നാണ് അവരുടെ നേതാക്കൾ അവകാശപ്പെടുന്നത് ?
=കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം ഒരു പ്രത്യേക വൈകാരിക അന്തരീക്ഷമാണു സൃഷ്ടിച്ചത്. ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയും പാളിപ്പോയി. ഇതുകൊണ്ടെല്ലാം ബിജെപിക്കു കുറച്ചു വളർച്ച ഉണ്ടായി. എന്നാൽ, കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് ഒരു പരിധിയുണ്ട്. കേരളത്തിന്റെ മണ്ണിനും സംസ്കാരത്തിനും യോജിച്ച പാർട്ടിയല്ല അത്.
എന്തൊക്കെ കുറ്റം പറഞ്ഞാലും വ്യത്യസ്ത മതങ്ങളിൽ പെടുന്നവർ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സംസ്കാരമാണു കേരളത്തിലുള്ളത്. അവരെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതു കേരളം പ്രോത്സാഹിപ്പിക്കില്ല.
മുപ്പത്തഞ്ചു സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് ?
=ആദ്യം കൈയിലുള്ള നേമം പോകാതെ നോക്കട്ടെ. കരുണാകരന്റെ മകനെ അവിടെ തോൽപ്പിക്കാൻ എളുപ്പമല്ല. ഇത്തവണ ബിജെപി രഹിത നിയമസഭയ്ക്കു സാധ്യത തള്ളിക്കളയാനാകില്ല.