കോട്ടയത്ത് അതിജീവന പോരാട്ടം
Tuesday, March 30, 2021 11:37 PM IST
തോൽക്കാൻ മനസില്ല, തോറ്റാൽ നിലനിൽപ്പുമില്ല എന്ന നിലയിൽ അതിജീവന പോരാട്ടത്തിലാണു കോട്ടയത്തെ ഒരുനിര നേതാക്കൾ. ഉമ്മൻ ചാണ്ടി, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. ജോർജ്, മോൻസ് ജോസഫ് തുടങ്ങിയ പ്രമുഖരുടെ ജില്ലയിൽ തീപാറുന്ന പോരാട്ടമാണ്. അര നൂറ്റാണ്ടോളം യുഡിഎഫ് രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായിരുന്നു കോട്ടയം. മുന്നണി ബന്ധം മുറിഞ്ഞതോടെ ചങ്ങനാശേരിയിലും കടുത്തുരുത്തിയിലും കേരള കോണ്‍ഗ്രസുകളുടെ നേർക്കുനേർ പോരാട്ടമാണ്.
പാലാ
പാലായുടെ രാഷ്ട്രീയഭൂമികയിൽ നിർണായകവും അത്യാവേശകരവുമാണ് അങ്കം. കെ.എം. മാണി 54 വർഷം കരുതിസൂക്ഷിച്ച പാലാ അദ്ദേഹത്തിനുശേഷം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മാണി സി. കാപ്പൻ പിടിച്ചു. ഒന്നര വർഷത്തിനുശേഷം കേരള കോണ്‍ഗ്രസ്-എം ചെയർമാനും മുൻ എംപിയുമായ ജോസ് കെ. മാണി എൽഡിഎഫിലും മാണി സി. കാപ്പൻ എൻസികെ രൂപീകരിച്ച് യുഡിഎഫിലും സ്ഥാനാർഥികളായി പോരാടുന്നു. ഇരുവർക്കും ഇത് നിലനിൽപ്പിനുള്ള അഭിമാന പോരാട്ടം. കോണ്‍ഗ്രസിലായിരിക്കെ വനിതാ കമ്മീഷൻ അംഗമായിരുന്ന ശേഷം ബിജെപിയിലെത്തിയ സംസ്ഥാന ഉപാധ്യക്ഷയായ ഡോ. ജെ. പ്രമീളാദേവി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നു.
കെ.എം. മാണിയുടെ രാഷ്ട്രീയ പാരന്പര്യവും എൽഡിഎഫ് പിന്തുണയുമാണ് ജോസ് കെ. മാണിയുടെ കരുത്ത്. ഒപ്പം എംപിയായിരിക്കെ നടപ്പാക്കിയ വികസന പദ്ധതികളും. നാലുതവണ പാലായിൽ മത്സരിച്ച് 2019ലെ ഉപതെരഞ്ഞെടുപ്പിൽ 2,943 വോട്ടുകൾക്ക് വിജയിച്ച മാണി സി. കാപ്പൻ ഒന്നര വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും മുന്നോട്ടുവയ്ക്കുന്നു. അടിയൊഴുക്കുകളും എൻഡിഎയുടെ വോട്ടുകളുടെ വ്യതിയാനവും പാലായുടെ വിധി നിർണയിക്കും.
പൂഞ്ഞാർ
പൂഞ്ഞാറിൽ തീ പാറുന്ന ചതുഷ്കോണ മത്സരമാണ്. 2016ലെ ചതുഷ്കോണമത്സരത്തിൽ 28,000 വോട്ടിന്റെ ഭൂരിപക്ഷം പിടിച്ച പി.സി. ജോർജ്. ഇത്തവണ ജോർജിനെ നേരിടുന്നവർ നിയമസഭയിലേക്കു കന്നിക്കാരാണെങ്കിലും മറ്റു തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ തന്നെയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കേരള കോണ്‍ഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് എൽഡിഎഫ് വോട്ടുകളും കരുത്തുപകരുന്നു. യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി പ്രസിഡന്റുമാണ്. മണ്ഡലത്തിലെ പരന്പരാഗത യുഡിഎഫ് വോട്ടുകളിലാണ് ടോമി കല്ലാനിയുടെ പ്രതീക്ഷ. എം.പി. സെൻ ബിഡിജെഎസ് ജില്ലാ പ്രസിഡന്റാണ്.
യുഡിഎഫിനും എൽഡിഎഫിനും അനുകൂല സാധ്യതകൾ പലതെങ്കിലും പി.സി. ജോർജിന്റെ ഒറ്റയാൻ നീക്കം എത്രത്തോളം വോട്ടാകുമെന്നതിലാണ് ജനത്തിന്റെ നോട്ടം.
പുതുപ്പള്ളി
51 വർഷം നയിച്ച പുതുപ്പള്ളിയെ വിട്ട് ഉമ്മൻ ചാണ്ടി നേമത്തേക്കു മാറുമോ എന്ന ചോദ്യത്തോടെയാണ് ജില്ലയിൽ തെരഞ്ഞെ ടുപ്പു രാഷ്ട്രീയത്തിന് ചൂടുപിടിച്ചത്. മനസുതുറക്കാതെ ഡൽഹിയിൽനിന്നെത്തിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വീട്ടിലെത്തിയതോടെ അനുയായികൾ തടങ്കലിലാക്കിയതുപോലെയായി. പുതുപ്പള്ളി വിടില്ലെന്നു പ്രഖ്യാപിച്ചശേഷമാണ് ഉമ്മൻ ചാണ്ടിക്കു മോചനം കിട്ടിയത്. പുതുപ്പള്ളി പോരാട്ടം 2016ന്റെ തനിയാവർത്തനമാണ്.
തുടർച്ചയായ പന്ത്രണ്ടാം അങ്കത്തിനിറങ്ങുന്ന ഉമ്മൻ ചാണ്ടിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് വീണ്ടും നേരിടുന്നു. ബിജെപി സംസ്ഥാന സമിതി അംഗം എൻ. ഹരിയാണ് എൻഡിഎ സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും നേടിയ വിജയം എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. എന്നാൽ തദ്ദേശവും കുഞ്ഞൂഞ്ഞും രണ്ടും രണ്ട് കഥ എന്നതാണു പുതുപ്പള്ളിയുടെ മനോഗതി.
കാഞ്ഞിരപ്പള്ളി
സിറ്റിംഗ് എംഎൽഎയുടെയും രണ്ടു മുൻഎംഎൽഎമാരുടെയും പോരാട്ടം കൊണ്ടു ശ്രദ്ധേയമാകുകയാണു കാഞ്ഞിരപ്പള്ളി. കേരള കോണ്‍ഗ്രസ് എമ്മിലെ ഡോ. എൻ. ജയരാജ് നാലാം മത്സരത്തിന് ഇറങ്ങുന്പോൾ ഒരിക്കൽ എൽഡിഎഫിൽ കാഞ്ഞിരപ്പള്ളിയെ നിയമസഭയിൽ പ്രതിനിധീകരിച്ച അൽഫോൻസ് കണ്ണന്താനം എൻഡിഎ സ്ഥാനാർഥിയായും മൂവാറ്റുപുഴയിൽനിന്നു വിജയിക്കുകയും കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനത്തോടു മുൻപ് പരാജയപ്പെടുകയും ചെയ്ത കോണ്‍ഗ്രസിലെ ജോസഫ് വാഴയ്ക്കൻ യുഡിഎഫ് സ്ഥാനാർഥിയായും മത്സരിക്കുന്നു.
പ്രചാരണം അവസാനഘട്ടത്തിലെത്തുന്പോൾ പ്രവചനാതീതമാണ് ഇവിടത്തെ ഫലം. മൂന്നു സ്ഥാനാർഥികൾക്കും അനുകൂലമാകാവുന്ന പ്രാദേശിക, വ്യക്തി, സാമുദായിക ഘടകങ്ങൾ മണ്ഡലത്തിലുണ്ട്. എൽഡിഎഫ് ബലം ജയരാജിന് നേട്ടമാകുമെന്നു പറയുന്പോൾ കാഞ്ഞിരപ്പള്ളി ബൈപ്പാസ്, കുടിവെള്ള പദ്ധതികൾ എന്നിവ പതിറ്റാണ്ടുകളായി ഇഴയുന്ന സാഹചര്യം പരിമിതിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേർത്ത ഭൂരിപക്ഷമായിരുന്നു യുഡിഎഫിന്. എംഎൽഎയായിരിക്കെ സിവിൽ സ്റ്റേഷൻ ഉൾപ്പെടെ നിർമിച്ചതിന്റെ വികസനപട്ടികയാണ് കണ്ണന്താനത്തിന്റെ ബലം. പ്രചാരണത്തിൽ വാഴയ്ക്കനും ഒപ്പം നിൽക്കുന്നു. ജില്ലയിൽ ബിജെപിയുടെ ഏക എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ മുപ്പതിനായിരത്തിനു മുകളിൽ എൻഡിഎ വോട്ടുകളുണ്ട്. പള്ളിക്കത്തോട് പഞ്ചായത്ത് ഭരണവും ബിജെപിക്കാണ്.
കടുത്തുരുത്തി
കേരള കോണ്‍ഗ്രസുകൾ നേർക്കുനേർ എന്നതാണ് ഏറെക്കാലവും കടുത്തുരുത്തിയുടെ പാരന്പര്യം. സിറ്റിംഗ് എംഎൽഎ കേരള കോണ്‍ഗ്രസ് -ജോസഫിലെ മോൻസ് ജോസഫും മുൻ എംഎൽഎ കേരള കോണ്‍ഗ്രസ്-എമ്മിലെ സ്റ്റീഫൻ ജോർജും തമ്മിലാണ് വീണ്ടുമൊരു പോരാട്ടം. പരസ്പരം മത്സരിച്ച് രണ്ടു പേരും വിജയിച്ച ചരിത്രവുമുണ്ട്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജി. ലിജിൻലാലാണ് എൻഡിഎ സ്ഥാനാർഥി.
ഒന്നര പതിറ്റാണ്ടിലെ നേട്ടങ്ങളുമായാണ് യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫിന്റെ പര്യടനം. സ്റ്റീഫൻ ജോർജിലൂടെ മണ്ഡലംതിരിച്ചുപിടിക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗവും (എൽഡിഎഫ്), കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗവും (എൻഡിഎ) മത്സരിച്ചപ്പോൾ ഐക്യ കേരള കോണ്‍ഗ്രസ്-എമ്മിൽ മോൻസ് നേടിയ 42,256 ഭൂരിപക്ഷത്തെ തിരികെ പിടിക്കാനുള്ള തന്ത്രമാണ് എൽഡിഎഫ് തേടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എൽഡിഎഫ് നേടിയത് മാറ്റമാണെന്ന് സ്റ്റീഫൻ ജോർജ് കരുതുന്നു. എന്നാൽ കടുത്തുരുത്തിയുടെ മനസിൽ തനിക്ക് ഇടമുണ്ടെന്ന് മോൻസ് ഉറപ്പുപറയുന്നു.
കഴിഞ്ഞതവണ എൻഡിഎയിൽ പി.സി. തോമസ് 17,536 വോട്ടുകളാണ് നേടിയത്. ഇത്തവണ താമര ചിഹ്നത്തിൽ ലിജിൻ ലാൽ എത്തിയതോടെ വോട്ടു ബലം കാൽ ലക്ഷം എത്തുമെന്ന് ബിജെപി കരുതുന്നു.
കോട്ടയം
അക്ഷരനഗരിയിൽ കോണ്‍ഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ മൂന്നാമൂഴം മത്സരിക്കുന്പോൾ എതിർക്കുന്നത് അഭിഭാഷകനും മുൻ ഡിവൈഎഫ്ഐ നേതാവുമായ കെ. അനിൽകുമാറും ബിജെപിയിലെ മിനർവ മോഹനും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും യുഡിഎഫിനൊപ്പമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 33,632 വോട്ടുകളായിരുന്നു തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം. അതേസമയം എൻഡിഎ 12,582 വോട്ടുകളുമായി ജില്ലയിൽ മോശം പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ഏറ്റുമാനൂർ
യുഡിഎഫിലെ സ്ഥാനാർഥിനിർണയംകൊണ്ട് ശ്രദ്ധേയമായ ഏറ്റുമാനൂരിൽ ഫലം പ്രവചനാതീതമാണ്. യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫിലെ പ്രിൻസ് ലൂക്കോസും എൽഡിഎഫിൽ സിപിഎമ്മിലെ വി.എൻ. വാസവനും എൻഡിഎയിൽ ബിജെപിയിലെ ടി.എൻ. ഹരികുമാറും പോരാടുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച ലതിക സുഭാഷ് സ്വതന്ത്രയായി ജനവിധി തേടുന്നു. പൊതുവെ യുഡിഎഫിനൊപ്പം നിന്ന ഏറ്റുമാനൂർ പുനർവിഭജനത്തിനു പിന്നാലെയാണ് ഇടത്തേക്കു ചെരിഞ്ഞുതുടങ്ങിയത്. കേരള കോണ്‍ഗ്രസ്-എമ്മിൽ തോമസ് ചാഴികാടന്റെ നാലു തുടർവിജയത്തിനു പിന്നാലെ സിപിഎമ്മിലെ കെ. സുരേഷ് കുറുപ്പ് മണ്ഡലത്തെ ഇടതുചേരിയിലാക്കി.
സിപിഎം സുരേഷ് കുറുപ്പിനെ ഒഴിവാക്കിയാണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനെ കളത്തിലിറക്കിയത്. ഏറ്റുമാനൂർ തിരിച്ചുപിടിക്കുമെന്ന ഉറപ്പിലാണ് അഭിഭാഷകനായ പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം. ബിഡിജെഎസിൽനിന്നു മണ്ഡലം ഏറ്റെടുത്ത് ബിജെപി മുൻ നഗരസഭാംഗം ടി.എൻ. ഹരികുമാറിനെ കളത്തിലിറക്കിയതോടെ പോരാട്ടം മുറുകി. മണ്ഡലത്തിൽ യുഡിഎഫിനും എൽഡിഎഫിനും വ്യക്തമായ മേൽക്കൈയുള്ള പ്രദേശങ്ങൾ പലതാണ്. ഈ കേന്ദ്രങ്ങളിലെ വോട്ട് ധ്രുവീകരണം ആർക്ക് അനുകൂലമാകുന്നുവോ അവിടേക്കു ചായും വിജയക്കൊടി. ബിഡിജെഎസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27,450 വോട്ടുകൾ നേടിയ മണ്ഡലം ഇത്തവണ ബിജെപി നേരിട്ട് ഏറ്റെടുത്തതിലെ പ്രതിഫലനവും ലതിക സുഭാഷ് നേടുന്ന വോട്ടുകളും നിർണായകം.
ചങ്ങനാശേരി
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലത്തിൽ സുഹൃത്തുക്കളായ മൂന്നു നേതാക്കൾ ഇത്തവണ മൂന്നു മുന്നണികളുടെ സ്ഥാനാർഥികളായി മത്സരിക്കുന്നു. ഇതിൽതന്നെ കേരള കോണ്‍ഗ്രസുകളുടെ നേർക്കുനേർ പോരാട്ടം ശ്രദ്ധേയം. യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫിലെ വി.ജെ. ലാലിയും എൽഡിഎഫിൽ കേരള കോണ്‍ഗ്രസ് എമ്മിലെ ജോബ് മൈക്കിളും എൻഡിഎയിൽ ബിജെപിയിലെ ജി. രാമൻനായരുമാണ് സ്ഥാനാർഥികൾ. മൂന്നു സ്ഥാനാർഥികളെയും ചങ്ങനാശേരിക്കാർ അടുത്തറിയുന്നതിനാൽ വ്യക്തിപരമായ വോട്ടുകളും നിർണായകമാകും.
വി.ജെ. ലാലി അധ്യാപകനും ജോബ് മൈക്കിൾ അഭിഭാഷകനും ജി. രാമൻനായർ ഐഎൻടിയുസി നേതാവുമായി മൂന്നു പതിറ്റാണ്ടിലേറെയായി ചങ്ങനാശേരിയിൽ സജീവമാണ്. സ്ഥാനാർഥികളുടെ നിലയും നിലപാടും നോക്കിയാണ് ചങ്ങനാശേരിയിലെ വോട്ടർമാർ വിധിയെഴുതാറുള്ളത്. സി.എഫ്. തോമസ് കേരള കോണ്‍ഗ്രസിൽ നാൽപ്പതു വർഷം തുടരെ വിജയിച്ചു. സിഎഫിനുശേഷമുള്ള ആദ്യതെരഞ്ഞെടുപ്പുമാണ്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇവിടെ ഭൂരിപക്ഷം നേർത്തതായിരുന്നു. ഇത്തവണയും മത്സരം പ്രവചനാതീതമാണ്.
വൈക്കം
മൂന്നു വനിതകൾ മത്സരിക്കുന്ന സംസ്ഥാനത്തെ ഏക മണ്ഡലമാണ് വൈക്കം. എൽഡിഎഫിൽ സിപിഐയിലെ സിറ്റിംഗ് എംഎൽഎ സി.കെ. ആശയും യുഡിഎഫിൽ കോണ്‍ഗ്രസിലെ ഡോ. പി.ആർ. സോനയും എൻഡിഎയിൽ ബിജെപിയിലെ അജിത സാബുവുമാണ് സ്ഥാനാർഥികൾ. വൈക്കം സംവരണ മണ്ഡലം ഏറെക്കാലവും ഇടതിനൊപ്പമാണ്. കയർ, കക്ക, കായൽ തൊഴിലാളികളും കർഷകരും തിങ്ങിപ്പാർക്കുന്ന വൈക്കത്ത് കഴിഞ്ഞകാല വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് സി.കെ. ആശയുടെ പ്രചാരണം. ജില്ലയിലെ ഏറ്റവും അവികസിത മേഖലയാണ് വൈക്കമെന്നതിനാൽ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് പി.ആർ. സോന. ക്ഷേത്രനഗരിയായ വൈക്കത്തിന്റെ വികസനത്തിനു മാസ്റ്റർ പ്ലാനുമായിട്ടാണ് എൻഡിഎ എത്തിയിരിക്കുന്നത്. സിപിഐ വനിതാ വിഭാഗം നേതാവായ ആശയെ നേരിടുന്ന സോന മുൻ കോട്ടയം നഗരസഭാധ്യക്ഷയും നിലവിലെ മെംബറുമാണ്. കേരള കോണ്‍ഗ്രസിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അജിത സാബു അടുത്തയിടെയാണ് ബിഡിജെഎസിലെത്തിയത്. ഒരിക്കൽ മാത്രം യുഡിഎഫ് വിജയക്കൊടി നാട്ടിയ വൈക്കത്ത് ഇക്കുറി മത്സരത്തിന് വീറ് പകരാൻ മൂന്നു വനിതകൾക്കും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.കെ. ആശയ്ക്ക് 24,584 വോട്ടുകളുടെ മുൻതൂക്കമുണ്ടായിരുന്നു.
റെജി ജോസഫ്