കുരിശ്-ക്രൈസ്തവരുടെ മാതൃഭാഷ
Thursday, April 1, 2021 10:22 PM IST
ഇന്നു ദുഃഖവെള്ളി. മനുഷ്യകുലത്തിന്റെ പാപമോചനദ്രവ്യമായി ദൈവപുത്രനായ ഈശോമി ശിഹാ കുരിശിൽ സ്വയം ബലിയായ പുണ്യദിനം! മിശിഹായുടെ മനുഷ്യാവതാരവും പരസ്യജീവിതവും പീഡാസഹനവും കുരിശുമരണവും തിരുവുത്ഥാനവും മനുഷ്യനുവേണ്ടി ദൈവം ഒരുക്കിയ രക്ഷാകരചരിത്രത്തിന്റെ ദിവ്യാനുഭവങ്ങളായി ഓരോ വിശ്വാസിയും തിരിച്ചറിയുന്ന വിശുദ്ധ ദിനമാണ് ദുഃഖവെള്ളി. ലോകം മുഴുവനുള്ള ക്രൈസ്തവ വിശ്വാസികൾ ദേവാലയങ്ങളിൽ ഒന്നുചേർന്ന് ഇന്നു ദൈവപുത്രനായ ഈശോമിശി ഹാ മനുഷ്യരക്ഷയ്ക്കായി ഏറ്റുവാങ്ങിയ പീഡാനുഭവങ്ങൾ ധ്യാനിക്കുന്നു. അവിടത്തെ കുരിശിന്റെ വഴിയിൽ നിറഞ്ഞ വിശ്വാസത്തോടെ പങ്കുചേരുന്നു.
കുരിശ് ഒരു ഭാഷയാണ്. ലോകത്തെവിടെയും ഏതു രാജ്യക്കാർക്കും ഭാഷക്കാർക്കും മതവിശ്വാസികൾക്കും ഒരു നിമിഷംകൊണ്ടു മനസിലാകുന്ന വിശ്വഭാഷ. മനുഷ്യാസ്തിത്വത്തിന്റെ സകല സമസ്യകളും വ്യഥകളും നിലവിളികളും വ്യാഖ്യാനിക്കാൻ എല്ലാവരും ഉപയോഗിക്കുന്ന ഭാഷയായി കുരിശ്, ശിഖരങ്ങൾ വിരിച്ച് മാനവിക ഭാവങ്ങളിലേക്കു പടർന്നുകഴിഞ്ഞു.
കുരിശ് ക്രൈസ്തവന്റെ മാതൃഭാഷയാണ്. കാൽവരിയിൽ മുളച്ചുപൊന്തിയ കുരിശാണ് ഇന്ന് മർത്യദുഃഖത്തിന്റെ പ്രഥമ പര്യായമായി ഏവരുടെയും മനസിൽ പതിഞ്ഞിരിക്കുന്നത്.
മിശിഹായുടെ ജീവന്റെ കുതിപ്പും കിതപ്പും അവന്റെ തോളിൽ താണിരുന്ന് പകർത്തിയെടുത്തതുകൊണ്ടാണ് കാൽവരിയിലെ കുരിശ് ക്രൈസ്തവന്റെ ഹൃദയത്തിൽ പുനഃപ്രതിഷ്ഠിതമായത്.
മിശിഹാ മനുഷ്യകുലത്തോടു സംസാരിക്കുന്ന കാലാതിവർത്തിയായ ഭാഷ കുരിശിന്റെ ഭാഷയാണ്. സഹനത്തിന്റെയും വേദനയുടെയും മാത്രമല്ല, സഹനങ്ങളെ പ്രഹരിക്കുന്നവർക്കുള്ള പ്രാർഥനയാക്കാൻ ശേഷിയുള്ള മഹാത്യാഗത്തിന്റെയും ഭാഷയാണു കുരിശ്. കുരിശിലൂടെ സംവദിക്കുന്ന മിശിഹായെ സ്നേഹിക്കുന്നതുകൊണ്ടാണ് ക്രൈസ്തവർ സഹനത്തെ സ്വീകരിക്കാൻ മനസുള്ള സമൂഹമായി വളർന്നത്. മനുഷ്യജീവിതത്തിലെ വ്യസനങ്ങൾ കുരിശിലേക്കു പരിഭാഷപ്പെടുത്താനുള്ള ആത്മീയ പരിശീലനമാണു ക്രൈസ്തവ വിശ്വാസം. ""എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും’’ (മത്താ 5:11). അഷ്ടഭാഗ്യങ്ങൾ ഉദ്ദീരണംചെയ്ത ഗിരിപ്രഭാഷണത്തിൽ മുഴങ്ങിയ മിശിഹായുടെ ഈ വചനങ്ങളുടെ വാഴ്ത്തലാണു കാൽവരിയിലെ കുരിശിൽ നിറവു നേടുന്നത്.
""മിശിഹായുടെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ.’’ എന്ന് വിശുദ്ധ പത്രോസ് തന്റെ ലേഖനത്തിലൂടെ വിശ്വാസികളെ പ്രബുദ്ധരാക്കുന്നത്, പിന്നീടു തനിക്കു കുരിശിൽ തലകീഴായി തറയ്ക്കപ്പെട്ടു ജീവബലി അർപ്പിക്കേണ്ടിവരും എന്നറിഞ്ഞിട്ടല്ല. ""മിശിഹായുടെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാന്മാർ. ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഡ സഹിക്കുന്നതെങ്കിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നിലയിൽ അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ മഹത്വപ്പെടുത്തട്ടെ’’(1 പത്രോസ് 4: 13-16). വിശുദ്ധ പത്രോസിന്റെ ഈ വാക്കുകൾ, കാൽവരിയിലെ മിശിഹായുടെ കുരിശ് ഉള്ളിൽ പൂത്തുവിടർന്നതിന്റെ പരസ്യ പ്രഘോഷണമാണ്.
കുരിശിന്റെ വിജ്ഞാനം
മിശിഹായുടെ കുരിശ് ക്രിസ്ത്യാനിയുടെ വിജ്ഞാനകോശമാണ്. കാരണം, കുരിശാണ് അവിടത്തെ പാഠശാലയിലെ ഏക പാഠപുസ്തകം. ക്രൈസ്തവസഭയെ ധന്യജീവിതംകൊണ്ട് അലങ്കരിച്ച മഹാവിശുദ്ധരെല്ലാം കുരിശിന്റെ വിജ്ഞാനം സ്വായത്തമാക്കിയ ആത്മീയതേജസുകളായിരുന്നു. ""നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ, അത് ദൈവത്തിന്റെ ശക്തിയത്രേ’’ (1 കൊറി1:18) എന്നു പഠിപ്പിച്ചുകൊണ്ട്, ലൗകികവിജ്ഞാനത്തെ ഭോഷത്തമാക്കിയ ദൈവത്തിന്റെ ജ്ഞാനസ്രോതസായി വിശുദ്ധ പൗലോസ് കുരിശിനെ അവതരിപ്പിക്കുന്നതു ശ്രദ്ധേയമാണ്. കുരിശിൽനിന്നു പാഠങ്ങൾ പഠിക്കുകയാണു മിശിഹാ യുടെ അനുയായിയുടെ വിദ്യാഭ്യാസം.
കുരിശ് മിശിഹായുടെ സുവിശേഷമാണ്. തന്റെ പരസ്യജീവിതത്തിൽ തന്നെ അനുഗമിച്ചവരോടെല്ലാം അരുളിയതും അവരെ പഠിപ്പിച്ചതുമായ എല്ലാ പാഠങ്ങളുടെയും പ്രായോഗിക മാതൃക അവിടന്നു പ്രദർശിപ്പിച്ചതു കുരിശിലായിരുന്നു. എല്ലാ സുവിശേഷമൂല്യങ്ങളുടെയും അകവും തികവുംകൊണ്ടു രൂപപ്പെട്ടതാണ് ഈശോമിശിഹായുടെ കുരിശ്!
ദുഃഖവെള്ളിയിൽ കാൽവരിയിൽ ഉയർന്ന കുരിശ് സ്വർഗസ്ഥനായ പിതാവിനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. ""എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.’’ (യോഹ 3:16). മനുഷ്യരെയാകെ പാപത്തിൽനിന്നു രക്ഷിക്കാൻ സ്വന്തം പുത്രനെ ബലി നൽകുന്നതിന് രൂപപ്പെട്ട അൾത്താരയായ കുരിശ്, യഥാർഥത്തിൽ ദൈവസ്നേഹത്തിന്റെ ചിഹ്നമാണ്.
ബൈബിളിൽ മിശിഹായുടെ ഏറ്റവും അടിസ്ഥാനമൂല്യമായി നൽകുന്നത് ദൈവത്തോടുള്ള സ്നേഹത്തെപ്രതി മനുഷ്യർ പരസ്പരം പകരുന്ന, ക്ഷമിക്കുന്ന സ്നേഹമാണ്. കുരിശിൽ കിടന്ന് ഈശോ പഠിപ്പിച്ച ക്ഷമയുടെ പാഠത്തിനപ്പുറം മനുഷ്യനിലെ ദൈവികത പ്രസരിക്കുന്ന മറ്റൊരു ഭാവമുണ്ടോ ചരിത്രത്തിൽ? മനുഷ്യനു സങ്കൽപ്പിക്കാനാകാത്ത കൊടുംയാതനകൾക്കു മുകളിൽ നാട്ടിയ മരക്കുരിശിനോടൊട്ടിക്കിടന്ന്, ഞരന്പു പൊട്ടുന്ന നിമിഷത്തിലാണ് ""പിതാവേ, അവരോടു ക്ഷമിക്കേണമേ! അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല,’’(ലൂക്ക 23:34) എന്ന മഹാ ക്ഷമയുടെ അദ്ഭുതമൊഴികൾ അവിടുന്ന് ഉച്ചരിച്ചത്. കാൽവരിയിലെ മിശിഹായുടെ കുരിശ്, ക്രൈസ്തവന്റെ വിശ്വവിജ്ഞാനകോശമാകുന്നത് ഇങ്ങനെയാണ്. ഈശോ ലോകത്തെ പഠിപ്പിച്ച അപരോന്മുഖതയുടെ വ്യാകരണം, കുരിശിന്റെ ഭാഷയിലാണ് ഒരു വിശ്വാസി വായിച്ചെടുക്കുന്നത്.
നിങ്ങൾക്ക് ഇന്ന് ആരെയാണു വേണ്ടത്?
ബൈബിളിന്റെ താളുകളിൽ, അനീതി നിറഞ്ഞ ആൾക്കൂട്ടവിചാരണയുടെ കറപുരണ്ട ഭാഗങ്ങളുണ്ട്. നേതാക്കൾ ആരോപിച്ച ഒരു കുറ്റവും മിശിഹായിൽ കാണാതെ വന്നപ്പോൾ സാധാരണ തിരുനാളിൽ മോചിപ്പിക്കാറുള്ള ഒരു കുറ്റവാളിയുടെ സ്ഥാനത്ത് ഈശോയെ മോചിപ്പിക്കാനാണു പീലാത്തോസ് ആഗ്രഹിച്ചത്. കൊള്ളയും കൊലയും നടത്തി ജയിലിൽ കിടക്കുന്ന കൊടും കുറ്റവാളി ബറാബാസിനെ വേണോ ഈശോയെ വേണോ എന്ന ചോദ്യത്തിന്, ""ബറാബാസിനെ മോചിപ്പിക്കുക, ഈശോയെ കുരിശിൽ തറയ്ക്കുക’’ എന്ന മുറവിളിയാണു മറുപടിയായത്.
നീതിയെ അനീതിയുടെ കൂട്ടിലടച്ച്, നിത്യനിന്ദയുടെ പുറംകുപ്പായം പുതപ്പിക്കുന്ന അധികാരിവർഗം, ജനക്കൂട്ടത്തിലേക്ക് ഒരു കൊടുംകുറ്റവാളിയെ കൂടുതുറന്നു വിടുകയാണ്.
ഒരു കുറ്റവാളിയുടെ ചങ്ങലയഴിയുന്പോൾ, അയാളുടെ കുറ്റങ്ങളും കുറ്റവാസനകളുമാണ് കൂട്ടത്തോടെ സമൂഹത്തിലേക്കു വിതറുന്നത്! ഇന്നും ബറാബാസുമാർ മോചിപ്പിക്കപ്പെടുന്നുണ്ട്. സത്യവും നീതിയും അവഹേളനത്തിന്റെ വെറും എഴുന്നള്ളിപ്പുകൾ മാത്രമാകുന്നുമുണ്ട്.
എങ്കിലും എല്ലാ ദുഃഖവെള്ളിയിലും കാൽവരിയിലെ കുരിശിന്റെ വേരുകൾ മിശിഹായുടെ ചോരയും നീരും തിരയുന്നുണ്ട്. തന്റെ ചോരയും കണ്ണീരും വിയർപ്പും ഹൃദയത്തിൽനിന്ന് ഇറ്റിയ അവസാനത്തെ ജീവജലത്തുള്ളിയും കുരിശിന് ഉണ്ണാൻ കൊടുത്തിട്ടാണ് അവിടന്നു മണ്ണിൽനിന്നു വിടചൊല്ലി വിണ്ണിലേക്കുള്ള യാത്ര ആരംഭിച്ചത്! മിശിഹായുടെ അവസാനത്തെ നെഞ്ചിടിപ്പും തന്നിലേക്ക് ആഗിരണംചെയ്ത കുരിശ് മനുഷ്യനു രക്ഷയുടെ അച്ചാരമാണ്. പ്രത്യാശയുടെ പ്രതീകമാണ്, മഹത്വത്തിന്റെ ചിഹ്നമാണ്.
ഇന്നും, മനുഷ്യന്റെ വേദനകൾക്കു മിശിഹായുടെ മുറിവുകളിലേക്കു യാത്ര ചെയ്യാനുള്ള വാതിലായി കുരിശ് കരങ്ങൾ വിരിച്ചുനിൽക്കുന്നു. നമുക്കും അവിടത്തെ അനുകരിക്കാം; തന്നെത്തന്നെ പരിത്യജിച്ചുകൊണ്ട് സ്വന്തം കുരിശെടുത്ത് അവനെ അനുഗമിക്കാം.
ആർച്ച്ബിഷപ് ജോർജ് ഞറളക്കാട്ട്