അഫ്ഗാൻ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കോ?
Monday, July 12, 2021 1:13 AM IST
അഫ്ഗാനിസ്ഥാൻ വീണ്ടുമൊരു ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുകയാണ്. താലിബാനുമായുണ്ടാക്കിയ സന്ധിയെത്തുടർന്ന് 20 വർഷമായി തുടരുന്ന സൈനികസാന്നിധ്യം അവസാനിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതോടെയാണ് അവിടത്തെ രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നത്.
അമേരിക്കയ്ക്കൊപ്പം നാറ്റോ സഖ്യവും ബ്രിട്ടനും അഫ്ഗാൻ ദൗത്യം അവസാനിപ്പിക്കുകയാണ്.
വിദേശസൈന്യങ്ങൾ പിൻവാങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ ആക്രമണം കടുപ്പിച്ച താലിബാൻ രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തെന്നാണ് കഴിഞ്ഞദിവസം അവകാശപ്പെട്ടത്. അമേരിക്കൻ സൈന്യം പിന്മാറിയാൽ ആറുമാസത്തിനകം രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുമെന്ന് രഹസ്യാന്വേഷണ വിദഗ്ധർ നേരത്തേ മുന്നറിയിപ്പു നല്കിയതാണ്.
താലിബാൻ മുന്നേറ്റം ശക്തമായതോടെ ഇതുവരെ സജീവമല്ലാതിരുന്ന പല പ്രാദേശിക സംഘങ്ങളും പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അവരവരുടെ പ്രദേശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യമാണിവർക്ക്. ചിലയിടങ്ങളിൽ സർക്കാർ സൈന്യത്തിനൊപ്പമാണു പോരാട്ടമെങ്കിലും പലയിടത്തും സ്വന്തം ശക്തികേന്ദ്രങ്ങൾ കാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഇതാണ് അഫ്ഗാനിസ്ഥാൻ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കെന്ന ആശങ്കയുണർത്തുന്നത്.
താലിബാന്റെ വരവ്
തൊണ്ണൂറുകളിൽ നജിബുള്ള സർക്കാരിന്റെ പതനത്തിനു ശേഷം നിരവധി മുജാഹിദീൻ ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയും രാജ്യം ആഭ്യന്തരയുദ്ധത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തതാണ്. ആയിരക്കണക്കിന് അഫ്ഗാൻകാരാണ് കൊല്ലപ്പെട്ടത്.
1996ൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും വിരലിലെണ്ണാവുന്ന രാഷ്ട്രങ്ങളേ താലിബാൻ ഭരണത്തെ അംഗീകരിച്ചിരുന്നുള്ളൂ. 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനെ വിട്ടുകൊടുക്കാൻ താലിബാൻ വിസമ്മതിച്ചതോടെ അമേരിക്കയും സഖ്യരാജ്യങ്ങളും സൈനികനടപടി ആരംഭിക്കുകയും താലിബാൻ ഭരണം ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു.
വിദേശസൈന്യങ്ങളുടെ പിൻവാങ്ങലിനൊപ്പം താലിബാൻ ആക്രമണം കടുപ്പിച്ചതോടെ പഴയ മുജാഹിദീൻ കമാൻഡർമാർ സ്വന്തം സൈന്യങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ നിർബന്ധിതരായിരിക്കുകയാണ്. സർക്കാർ സുരക്ഷാസേനയിൽ അവർക്കു വിശ്വാസമില്ല. അങ്ങനെ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ ശത്രുവിനെതിരേ നേർക്കുനേർ നിൽക്കുകയാണ്.
എല്ലാവരും ആയുധമെടുക്കുന്നു
നാലു പതിറ്റാണ്ട് അഫ്ഗാനിസ്ഥാനിൽ നിലനിന്ന സംഘർഷത്തിലെ നായകർ തന്നെയാണ് ഇപ്പോഴും ഉയർന്നു വരുന്നത്. അബ്ദുൾ റഷീദ് ദോസ്തം, ഇസ്മായിൽ ഖാൻ, അതാ മുഹമ്മദ് എന്നിവർ. വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം താജിക്, ഉസ്ബെക് വംശീയ സംഘങ്ങളെ ഉയിർത്തെഴുന്നേൽപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ശക്തികേന്ദ്രമല്ലാത്ത പ്രദേശങ്ങളിൽക്കൂടി കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. പഖ്തൂൺ ആധിപത്യമുള്ള താലിബാന്റെ ശക്തികേന്ദ്രങ്ങളായി കരുതപ്പെടുന്നത് പൂർവ, ദക്ഷിണ അഫ്ഗാനിസ്ഥാനാണ്. പല വടക്കൻ പ്രദേശങ്ങളിലും താലിബാൻ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. പല നഗരങ്ങളും വരുതിയിലാക്കി. ബാൽക് പ്രവിശ്യയുടെ തലസ്ഥാനമായ മസർ-ഇ-ഷരീഫിലേക്കുള്ള പ്രധാന റോഡുകളെല്ലാം നിയന്ത്രിക്കുന്നത് താലിബാനാണ്. സർക്കാർ സൈന്യങ്ങൾ പൊരുതാൻ പോലുമാവാതെ പലയിടത്തുനിന്നും പലായനം ചെയ്തുകഴിഞ്ഞു. ചിലയിടങ്ങളിൽ സർക്കാർ സൈനികർ താലിബാനൊപ്പം ചേരുകയുമാണ്. താജിക്കിസ്ഥാനുമായുള്ള പ്രധാന അതിർത്തി താലിബാൻ കൈയടക്കി. സുപ്രധാന വ്യാപാരപാതയാണിത്.
വംശീയ പോരാട്ടവും
വടക്കൻ ജില്ലകളിൽ വംശീയസംഘങ്ങളുടെ പോരാട്ടം സർക്കാർ സൈന്യത്തിന് ഒരുപരിധിവരെ സഹായകരമാണ്. എന്നാൽ, പ്രാദേശിക നേതൃത്വങ്ങൾ ശക്തി പ്രാപിക്കുന്നത് കാബൂൾ സർക്കാരിനെ ദുർബലപ്പെടുത്തുന്നുമുണ്ട്.
വടക്കൻ അഫ്ഗാനിലെ താലിബാന്റെ വിജയം ആശ്ചര്യപ്പെടുത്തുന്നതല്ലെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. മുമ്പ് എതിരാളികളായിരുന്ന ചില വിഭാഗങ്ങളെ അവർ കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ട്. സൈനികവിജയം മാത്രമല്ല, നയതന്ത്ര വിജയം കൂടി ഇത്തവണ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇതിനർഥം. ദേശീയ പ്രസ്ഥാനമെന്ന പ്രതീതിയുണ്ടാക്കുകയാണ് താലിബാന്റെ ഉദ്ദേശ്യം. പഖ്തൂൺ വംശജരാണ് പരമ്പരാഗത താലിബാൻ പോരാളികളെങ്കിലും അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു വംശജരെയും ഇപ്പോൾ താലിബാനോടു ചേർക്കുന്നുണ്ട്. പഖ്തൂണികളല്ലാത്തവരെ താലിബാന്റെ നേതൃത്വത്തിൽ പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കുന്നു.
താലിബാന്റെ നേതൃത്വ കൗൺസിലിൽ നാലിലൊന്ന് പഖ്തൂൺ ഇതരരാണ്. വംശീയ ന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ ജില്ലകളിലെ നിഴൽഗവർണർമാരും മേഖലാ കമാൻഡർമാരും പോലുള്ള സുപ്രധാന സ്ഥാനങ്ങളിലേക്കു നിയോഗിക്കുന്നു. വിവിധ വംശീയതകളെ ഉൾക്കൊള്ളുന്ന വിശാലമനസുള്ളവരെന്ന സന്ദേശം നല്കാനാണ് ശ്രമം. ഇതുവഴി കൂടുതൽ രാഷ്ട്രീയ സ്വീകാര്യത നേടിയെടുക്കാനും.
അതോടൊപ്പം വടക്കൻ അഫ്ഗാനിലെ ഗോത്രത്തലവന്മാരുടെ അസംതൃപ്തി മുതലെടുക്കാനും താലിബാൻ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പേരിൽ അവർ കാബൂൾ സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ്. അവരിൽ പലരും താലിബാനൊപ്പം ചേർന്നുകഴിഞ്ഞു.
പിടിച്ചുനിൽക്കാൻ പെടാപ്പാടു പെടുകയാണു കാബൂളിലെ അഷ്റഫ് ഘനി സർക്കാർ. അവരും വംശീയസംഘങ്ങളെ ഒപ്പം നിർത്താനാണു ശ്രമിക്കുന്നത്. പ്രാദേശിക യുദ്ധപ്രഭുക്കളെ കൂടുതലായി ആശ്രയിക്കുന്നത് സർക്കാർ എത്രത്തോളം ആശയക്കുഴപ്പത്തിലാണെന്നതിന്റെ സൂചനയാണ്.
ഇന്ത്യക്ക് ആശങ്ക
അമേരിക്കൻ സർക്കാരും താലിബാനും തമ്മിലുണ്ടാക്കിയ സന്ധിയിൽ ഇന്ത്യക്ക് ആശങ്കയുളവാക്കുന്ന ചില സംഗതികളുണ്ട്. അഫ്ഗാൻ മണ്ണിൽനിന്ന് അമേരിക്കയ്ക്കെതിരേ ഒരു തീവ്രവാദവും താലിബാൻ സംഘടനകൾ നടത്തില്ലെന്നു പറയുന്നു. എന്നാൽ ജയ്ഷ്-ഇ- മുഹമ്മദ്, ലഷ്കർ- ഇ-ത്വയിബ തുടങ്ങിയ ഇന്ത്യാവിരുദ്ധ അഫ്ഗാനി തീവ്രവാദ സംഘടനകളെപ്പറ്റി ഒരു പരാമർശം പോലും സന്ധിയിൽ ഇല്ല. അവരുടെ പ്രവർത്തനം നിർബാധം തുടരുമെന്നാണ് മനസിലാക്കേണ്ടത്.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ച കാലത്ത് അവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇപ്പോഴത്തെ ഘനി സർക്കാരുമായി ഇന്ത്യ നല്ല ബന്ധത്തിലുമാണ്. സന്ധിക്കുശേഷം താലിബാനുണ്ടാകുന്ന അധികാരശക്തി ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
അഫ്ഗാൻ സൈന്യത്തിന്റെ വിഘടനമാണ് വരുംനാളുകളിൽ കാണേണ്ടിവരികയെന്നു പലരും കരുതുന്നു. സൈനികർ വിവിധ വംശീയസൈന്യങ്ങൾക്കൊപ്പം ചേരുന്നത് ദേശീയസൈന്യത്തെ ദുർബലപ്പെടുത്തും. സാമ്പത്തിക, രാഷ്ട്രീയ, ധാർമിക പിന്തുണ അഫ്ഗാൻ സർക്കാരിന് അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽനിന്നു രക്ഷിക്കാൻ അതിനൊന്നും കഴിഞ്ഞെന്നു വരില്ല. അങ്ങനെ സംഭവിച്ചാൽ അവസാനിക്കാത്ത യുദ്ധമായിരിക്കും ഫലം. ആരും ജയിക്കാത്ത യുദ്ധം.
എസ്. ജയകൃഷ്ണൻ