കൂടെ നിൽക്കുക
Thursday, September 9, 2021 10:32 PM IST
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഒരു വാക്കുപോലും പറയാതെ ഒരു കുറിപ്പ് പോലും എഴുതാതെ ഈ ലോകം വിട്ടു പോവുക എന്നത് ഏറ്റവും വേദനാജനകമായ ഒരു കാര്യമാണ്.
ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ?
എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?
ഇങ്ങനെയുള്ള ചിന്തകൾ ഉറ്റവരെ അലട്ടുകയും ആ വിയോഗത്തിന്റെ വേദനയിൽനിന്ന് മോചിതരാകാൻ പ്രയാസപ്പെടുകയും ചെയ്യാറുണ്ട്.
സെപ്റ്റംബർ 10 എല്ലാവർഷവും ആത്മഹത്യാ പ്രതിരോധ ദിനം ആയി ആചരിക്കുന്നു. “പ്രവൃത്തിയിലൂടെ പ്രത്യാശ സൃഷ്ടിക്കുക” എന്നതാണ് ഈ വർഷത്തെ ആശയം. നമ്മുടെ കൂടെ ജീവിക്കുന്നവരുടെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുകയാണെങ്കിൽ ആദ്യം തിരിച്ചറിയുക നമ്മൾ തന്നെയാണ്.
മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുമാറുക, ആലോചനയിൽ മുഴുകുക, ജീവിതം മടുത്തു എന്ന് പ്രകടിപ്പിക്കുക, പ്രകോപനങ്ങൾ ഇല്ലാതെ ദേഷ്യപ്പെടുക, കരയുക, ലഹരി വസ്തുക്കൾ ഉപയോഗിക്കുക എന്നിങ്ങനെയുള്ള പെരുമാറ്റ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് ഒട്ടും മടിക്കാതെ നിനക്കെന്തു പറ്റി എന്ന് ചോദിക്കുക. തുറന്ന് സംസാരിക്കാനുള്ള വേദി ഒരുക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.
ശ്രദ്ധയോടെ കേൾക്കുക, അവരുടെ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് മനസിലാകുന്നുണ്ട് എന്നു ബോധ്യപ്പെടുത്തുക, ആത്മവിശ്വാസം പകർന്നു നൽകുക. ആത്മഹത്യയെപ്പറ്റി സൂചിപ്പിക്കുന്നു എങ്കിൽ അതിനെ ഒട്ടും അവഗണിക്കരുത്. അവരുടെ പ്രശ്നങ്ങളിൽ നിങ്ങൾ കൂടെയുണ്ടെന്ന് വിശ്വാസം കൊടുക്കുക. വിദഗ്ധ പരിചരണത്തിനായി ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ, വേദനയിൽ ആയിരിക്കുന്ന, നമ്മുടെ സഹജീവികളോട് കരുതലോടെയും സഹാനുഭൂതിയുടെയും പെരുമാറാനും ജീവിതത്തിന്റെ അർഥവും മൂല്യവും വ്യാപ്തിയും തിരിച്ചറിഞ്ഞു മുന്നേറാൻ അവരുടെ കൂടെ നിൽക്കാനും തയാറാകുക എന്ന സന്ദേശമാണ് ഈ വർഷത്തെ ആത്മഹത്യാ പ്രതിരോധ ദിനം പങ്കുവയ്ക്കുന്നത്...
ഓർക്കുക!
മറ്റുള്ളവർക്കായി നിങ്ങൾ മാറ്റിവയ്ക്കുന്ന നിങ്ങളുടെ ആ ഒരു നിമിഷം ഒരാളുടെ ജീവനും നിരവധിപേരുടെ സന്തോഷത്തിനും കാരണമായേക്കാം...
അനീറ്റ മേരി നിക്കോളാസ്
(കൊച്ചി ലൂർദ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)