ഗാന്ധിജിയും ദക്ഷിണാഫ്രിക്കയും
Saturday, September 18, 2021 11:57 PM IST
ദാദ അബ്ദുല്ല എന്ന ഗുജറാത്തി വ്യാപാരിയുടെ കേസുകൾ വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ദക്ഷിണാഫ്രിക്കയിലെ ദർബനിൽ നിന്നും പ്രിട്ടോറിയയിലേക്കുള്ള ട്രെയിൻയാത്രയ്ക്കിടെ ഇന്ത്യക്കാരനായതുകൊണ്ട് വെള്ളക്കാർക്കൊപ്പം ഒന്നാം ക്ലാസിൽ യാത്ര ചെയ്യാൻ അവകാശമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ ട്രെയിനിൽനിന്ന് ഒരിക്കൽ ഇറക്കി വിട്ടു.
അന്നു മുതൽ വർഗവിവേചനത്തിന്റെ തീവ്രത മനസിലാക്കാൻ ശ്രമിച്ച അദ്ദേഹം വൈകാതെ തന്നെ വെള്ളക്കാർക്ക് കറുത്ത വർഗക്കാരോടുള്ള വിവേചനത്തിന്റെ തീവ്രത മനസിലാക്കി. പിന്നീട് നീണ്ട ഇരുപത്തിയൊന്ന് വർഷക്കാലം ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരല്ലാത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചത്.
തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. താമസിക്കാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ആരംഭിച്ചു. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം "ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി.
ഇടയ്ക്ക് ഇന്ത്യയിലെത്തിയ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ച് ലഘുലേഖകളും പത്രപ്രസ്താവനകളും ഇറക്കി. ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീൻ തയ്ബാജി, സർ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദർശിച്ചു. ഇതിനിടയ്ക്ക് മുംബൈയിൽ പ്ലേഗ് പടർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി കോൽക്കത്തയിലെ ദേശീയ കോണ്‍ഗ്രസിൽ പങ്കെടുത്തു.
ഡിസംബർ 27 ന് ഡി.എ. വാച്ചയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.