ജനനം കുറയുന്നു, മരണം കൂടുന്നു
Sunday, October 10, 2021 12:08 AM IST
ജനസംഖ്യാ കണക്കെടുപ്പുകൾ പoനവിഷയമാക്കുന്നത് പലപ്പോഴും വർഷങ്ങൾക്ക് ശേഷമാകും. എന്നാൽ, എല്ലാ വർഷവും ശേഖരിക്കപ്പെടുന്ന ജനന മരണ വിവരങ്ങളും അവയുടെ അപഗ്രഥനവും ബന്ധപ്പെട്ട വകുപ്പ് തൊട്ടടുത്ത വർഷങ്ങളിൽ പുറത്തു വിടാറുണ്ട്.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2021ൽ പ്രസിദ്ധീകരിച്ച 2019ലെ കേരളത്തിലെ ജനന മരണ കണക്ക് വിവരങ്ങൾ, കേരളത്തിന്റെ ആരോഗ്യസൂചികയുടെ ഒരു വ്യക്തമായ രേഖയാണ്. 2019ലെ ഈ വിവരശേഖരണത്തിന് ശേഷമാണ് കോവിഡ് 19 എന്ന മഹാമാരി ഇവിടെ എത്തിയത്.
ആരോഗ്യരംഗം, കേരളത്തിലെ ജനന മരണ വിവരങ്ങൾ, ജനന മരണ സമയങ്ങളിൽ ഗ്രാമ നഗരപ്രദേശങ്ങളിൽ ലഭ്യമാകുന്ന ആരോഗ്യ സേവനം മുതലായവയെപ്പറ്റി വളരെ വ്യക്തമായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾ മുന്നിൽ
2019ൽ കേരളത്തിലെ ആകെ ജനസംഖ്യ 3,48,10000 ആയിരുന്നു അതായത് ഏകദേശം 3.5 കോടിക്ക് തൊട്ടടുത്ത്. കാലാകാലങ്ങളിലെ ജനസംഖ്യാ കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നതു പോലെ സ്ത്രീകൾ പുരുഷൻമാരേക്കാൾ എണ്ണത്തിൽ മുൻപന്തിയിലാണ്. 1,67,01000 പുരുഷൻമാരുള്ള കേരളത്തിൽ സ്ത്രീകൾ 1,81,09,000 ആണ്.
2010 മുതൽ 2019 വരെയുള്ള 10 വർഷത്തെ ജനനനിരക്ക് ആദ്യമായി 14നു താഴെ എത്തിയത് 2019ൽ ആണ്, 13.79% ആണ് ജനനനിരക്ക്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും കൂടിയ മരണനിരക്കും 2019ൽ ആയിരുന്നു 7.77%.
ശിശുമരണനിരക്ക്
ശിശു മരണനിരക്ക് ഏറ്റവും താഴെ (5.18) എത്തിയതും ഈ വർഷത്തിൽ തന്നെയാണ് എന്നത് അഭിമാനകരമാണ്.
2018ൽ കേരളത്തിൽ 4.88 ലക്ഷം കുട്ടികൾ ജനിച്ചു എങ്കിൽ 2019 ൽ അത് 4.80 ലക്ഷം എന്നായി കുറഞ്ഞു. എന്നാൽ, രേഖപ്പെടുത്തപ്പെട്ട ജനനത്തിന്റെ അടിസ്ഥാനത്തിൽ 51.02 % ആൺകുട്ടികളും 48.97% പെൺകുട്ടികളുമാണ് 2019ൽ കേരളത്തിൽ ജനിച്ചത്. അതായത്, നേരിയ തോതിലെങ്കിലും കേരളത്തിലെ പെൺകുട്ടികളുടെ എണ്ണത്തിൽ ഇടിവ് സംഭവിക്കുന്നു.
ജനനത്തിലെ പുരുഷ സ്ത്രീ അനുപാതം 2018ലെ 963ൽ നിന്ന് 960 ആയി മാറിയിരിക്കുന്നു.
2018ൽ സംസ്ഥാനത്തെ ആകെ ജനനനിരക്ക് 14.10 ആയിരുന്നത് 2019 ൽ 13.79 ആയി കുറഞ്ഞിട്ടുണ്ട്. ആകെ 0.31 % ശതമാനത്തിന്റെ കുറവ് വന്നു.
ജനന നിരക്ക്
2019ലെ ഏറ്റവും കൂടിയ ജനനനിരക്ക് രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ജില്ല മലപ്പുറമാണ്. ഇവിടെ ജനനനിരക്ക് 20.73% ആണ്. ഏറ്റവും കുറവ് ജനനനിരക്ക് രേഖപ്പെടുത്തപ്പെട്ടത് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് 8.28 % മാത്രം.
കേരളത്തിൽ 2019ൽ നടന്ന ജനനങ്ങളിൽ 98.96 ശതമാനവും സർക്കാർ/സ്വകാര്യ ആശുപത്രികളിലാണ് നടന്നത് എന്നത് കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പംതന്നെ ജനിച്ച് 21 ദിവസങ്ങൾക്കകം ജനനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രേഖപ്പെടുത്തപ്പെട്ടത് 87.03 ശതമാനമാണ്.
98.96 ശതമാനം ജനനങ്ങളും ആശുപത്രികളിൽ നടന്നിട്ടും യഥാസമയം മുഴുവൻ ജനനവും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടാതെ വരുന്നത് വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നായി ബാക്കി നിൽക്കുന്നു.
ഗ്രാമപ്രദേശത്ത് 140314 പേർ ജനിച്ചപ്പോൾ 339799 പേർ ജനിച്ചത് നഗരത്തിലാണ്.
ഗ്രാമവാസികളിൽ 97.09 % അമ്മമാരും കുട്ടികൾക്ക് ജന്മം നല്കിയത് ആശുപത്രികളിലാണ്. നഗരപ്രദേശത്ത് അത് 99.73 ആയിരുന്നു. ഗ്രാമപ്രദേശത്തെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെ പര്യാപ്തതയും മറ്റു സൗകര്യങ്ങളുമാണ് ഇത് വെളിവാക്കുന്നത്. 2019ൽ മേയ് മാസത്തിലാണ് ഏറ്റവും ഉയർന്ന ജനനം രേഖപ്പെടുത്തപ്പെട്ടത്; 9.73%. ഏറ്റവും കുറഞ്ഞത് ഫെബ്രുവരിയിലും; 6.94 %.
അമ്മമാരുടെ പ്രായം
2019ൽ 25 നും 29നും ഇടയിൽ പ്രായമുള്ള അമ്മമാരാണ് കൂടുതലും കുട്ടികൾക്ക് ജന്മം നല്കിയത്.
ജനനനിരക്കിൽനിന്ന് മരണനിരക്കിലേക്കു വരുമ്പോൾ 2018ലെ 2.59 ലക്ഷത്തിൽനിന്ന് 2019ൽ അത് 2.71 ലക്ഷമായി കൂടുകയുണ്ടായി. 172,544 പേർ ഗ്രാമപ്രദേശത്ത് മരിച്ചപ്പോൾ നഗരപ്രദേശത്ത് മരിച്ചവർ 98,023 ആയിരുന്നു
പുരുഷൻമാരുടെ മരണനിരക്ക് 54.85% ആയിരുന്നപ്പോൾ സ്ത്രീകളുടെ മരണനിരക്ക് 45.15 % ആയിരുന്നു. അതായത് കേരളത്തിലെ പുരുഷൻമാരുടെ മരണനിരക്ക് സ്ത്രീകളുടേതിനേക്കാൾ 9.70 % കൂടിനിൽക്കുന്നു.
ആകെ മരണനിരക്ക് 2018ൽ 7.47 ആയിരുന്നത് 2019 ൽ 7.77 ശതമാനമായി കൂടി. ഏറ്റവും ഉയർന്ന മരണ നിരക്ക് പത്തനംതിട്ട ജില്ലയിൽ (10.95) രേഖപ്പെടുത്തപ്പെട്ടപ്പോൾ ഏറ്റവും കുറവ് രേഖപ്പെടുത്തപ്പെട്ടത് മലപ്പുറത്തായിരുന്നു, 4.93 ശതമാനം.
ഇക്കാലയളവിലെ ശിശുമരണനിരക്ക് 0.92 % മാത്രം ആയി കുറഞ്ഞിട്ടുണ്ട്. തലേവർഷം ഇത് 1.07 % ആയിരുന്നു.
ഗ്രാമത്തിലെ ശിശുമരണങ്ങൾ 887 ആയിരുന്നപ്പോൾ നഗരത്തിലേത് 1601 ആയിരുന്നു. ഏറ്റവും കൂടുതൽ ശിശു മരണനിരക്ക് രേഖപ്പെടുത്തപ്പെട്ടത് (10.93) കോഴിക്കോട്ടും ഏറ്റവും കുറവ്(1.83) കൊല്ലത്തും കാസർകോട്ടും ആയിരുന്നു.
2019ൽ കേരളത്തിൽ മരിച്ച 61.01% ആളുകളും ആശുപത്രികളിലാണ് മരിച്ചത്.
ആശുപത്രികൾ
ജനനസമയത്ത് ലഭിക്കുന്ന പരിചരണത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിൽ 67.83 ശതമാനം ആളുകളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോൾ, 31.13 ശതമാനം ആളുകൾ സർക്കാർ ആശുപത്രികളെ ആണ് സമീപിക്കുന്നത്. ഗ്രാമങ്ങളിൽ 78.75 ശതമാനം അമ്മമാർക്ക് സ്വകാര്യ ആശുപത്രികളുടെ സേവനം ലഭിക്കുമ്പോൾ 18.34 ശതമാനം അമ്മമാർക്ക് സർക്കാർ ആശുപത്രി സേവനം ലഭിക്കുന്നു. നഗരങ്ങളിൽ ഇത് 63. 32 ഉം 36.41 ശതമാനവുമാകുന്നു.
2019ലെ കണക്കുപ്രകാരം കേരളത്തിലെ ഗ്രാമങ്ങളിലെ 78.75% ജനനങ്ങളും നടന്നത് സ്വകാര്യ ആശുപത്രികളിലായിരുന്നു.18.34 ശതമാനം സർക്കാർ ആശുപത്രികളിലും. നഗരങ്ങളിലെ 63.32 ശതമാനം സ്വകാര്യ ആശുപത്രികളിലും 36.41 ശതമാനം സർക്കാർ ആശുപത്രികളിലും ആയിരുന്നു.
സർക്കാർ ആശുപത്രികളിൽ പ്രസവം 59.87 ശതമാനവും സിസേറിയൻ 38.78% ശതമാനവും എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഇത് യഥാക്രമം 54.47%, 41.92% എന്നിങ്ങനെ ആയിരുന്നു.
വിവാഹത്തിന് ശേഷം ആദ്യത്തെ നാലു വർഷത്തിനിടയിൽ അമ്മമാരിൽ 53.71 ശതമാനം പേർ കുട്ടികൾക്ക് ജന്മം നല്കുന്നു. 5 മുതൽ 9 വരെ കാലയളവിൽ 30.76 ശതമാനം പേരും 10 മുതൽ 14 വരെ വർഷങ്ങളിൽ 11.48% പേരും കുട്ടികൾക്ക് ജന്മം നല്കുന്നു.
ഹൃദയാഘാതം ഒന്നാമത്
2019ലെ മരണങ്ങളിൽ 26.35% മരണങ്ങളും ഹൃദയസ്തംഭനം മൂലം ആയിരുന്നു. 15.81% പുരുഷൻമാരുടെയും 10.54 % സ്ത്രീകളുയെയും മരണകാരണം ഹൃദയസംബന്ധിയായ രോഗങ്ങൾ ആയിരുന്നു. ആസ്തമയും അനുബന്ധ രോഗങ്ങളും മൂലം 10.48% ആളുകൾ മരിച്ചപ്പോൾ അർബുദം മൂലം 7.43 ശതമാനം ആളുകളാണ് മരണപ്പെട്ടത്. ആത്മഹത്യയിലൂടെ 2.01 ശതമാനം ആളുകളും മരിക്കുകയുണ്ടായി.
മതത്തിന്റെ അടിസ്ഥാനത്തിൽ 2019ലെ ജനനം പരിശോധിക്കുമ്പോൾ 1,97,061 പേർ ഹിന്ദുക്കളും 2,12,933 പേർ മുസ്ലിങ്ങളും, 68,596 പേർ ക്രിസ്ത്യാനികളും 1408 പേർ മറ്റുള്ളവരും ആണ്.
ഹിന്ദുവായ മാതാക്കൾക്ക് ഒന്നാമത്തെ കുട്ടിയായി 103871 പേർ ജനിച്ചപ്പോൾ രണ്ടാമത്തെ കുട്ടിയായി 79849 ഉം മൂന്നാമതായി 11663ഉം നാലാമതായി 1159 കുട്ടികളും ആണ് ജനിച്ചത്. മുസ്ലിം മാതാക്കൾക്ക് ഒന്നാമത്തെ കുട്ടിയായി 80359 പേരും രണ്ടാമത് 70060 പേരും മൂന്നാമത് 45958 പേരും നാലാമതായി 13321 പേരും ജനിച്ചു.
ക്രിസ്ത്യൻ മാതാക്കൾക്ക് ഒന്നാമത്തെ കുട്ടിയായി 32893 പേരും രണ്ടാമത് 25685ഉം മൂന്നാമത് 8176 നാലാമത് 1192 പേരുമാണ് ജനിച്ചത്. ചില വിഭാഗങ്ങളിൽ ഒന്ന് രണ്ട് കുട്ടികൾ എന്നത് കഴിഞ്ഞാൽ ജനനനിരക്ക് കുത്തനെ ഇടിയുന്നതായും കാണാം.
കേരളത്തിന്റെ ജനന മരണ നിരക്ക് വിശകലനം ചെയ്യപ്പെടുമ്പോൾ ഇവിടത്തെ അടിസ്ഥാനസൗകര്യങ്ങളുടെയും ആരോഗ്യമേഖലയുടെയും വളർച്ചയുടെ ഒരു പഠനം കൂടിയാണിത്. സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും സഹകരണ പ്രവർത്തനത്തിന്റെ ഫലമാണ് ഈ റിപ്പോർട്ടിൽപ്രദിപാദിക്കപ്പെടുന്ന പുരോഗമനപരമായ കാര്യങ്ങൾ.
ആന്റണി ആറിൽചിറ