ചൗരി ചൗരാ സംഭവം
Friday, October 15, 2021 11:20 PM IST
നിസഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ചൗരി ചൗരാ സംഭവം ഉണ്ടാകുന്നത്. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നിന്നു ലഭിക്കുന്ന സമ്പത്തിനു കുറവ് വന്നാലേ ഇന്ത്യയിൽ നിന്നുമൊരു പിന്മാറ്റത്തെക്കുറിച്ചു ചിന്തിക്കൂ എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു.
അങ്ങനെയാണ് ഗാന്ധിജിയും അനുയായികളും 1922 ഫെബ്രുവരി ഒന്നിന് സിവിൽ ആജ്ഞാലംഘനം ഗുജറാത്തിലെ ബർദോളിയിൽനിന്നു തുടങ്ങാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു. നാടെങ്ങും ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾക്കു തീയീട്ടാണ് ജനങ്ങൾ പ്രതികരിച്ചത്.
കാരണം ഇന്ത്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് പരുത്തി വാങ്ങി ഇംഗ്ലണ്ടിൽ നെയ്ത് തുണിത്തരങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത് ഉയർന്ന വിലയ്ക്ക് അക്കാലത്തു വിറ്റിരുന്നു. മുപ്പതിനായിരത്തോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് ബ്രിട്ടീഷുകാർ പ്രതികരിച്ചത്. ഇതോടെ സമരം കൂടുതൽ ശക്തമാക്കുകയാണ് എന്ന് ഗാന്ധിജി വൈസ്രോയ് റീഡിംഗ് പ്രഭുവിനെ അറിയിച്ചു. ബോംബെയിലെ ഗവർണർ ഈ സമരത്തെ ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചത്.
പ്രക്ഷോഭം ശക്തമായതോടെ പോലീസ്കാർ പ്രക്ഷോഭകാരികളെ നേരിടാൻ ഇറങ്ങി.1922 ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിൽ നിസഹകരണപ്രസ്ഥാനത്തോട് അനുബന്ധിച്ച് റാലി നടത്തിയ ജനങ്ങളെ പോലീസുകാർ മർദ്ദിക്കുകയും വെടിവയ്പ് നടത്തുകയും ചെയ്തു. ഇതേത്തുടർന്ന് രോഷാകുലരായ ജനങ്ങൾ .
ചൗരി ചൗരാ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും സ്റ്റേഷന് തീ വയ്ക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ 22 പോലീസുകാർ കൊല്ലപ്പെട്ടു. തന്റെ അപക്വമായ തീരുമാനമാണ് ഇതിനു പിന്നിലെന്നു കരുതിയ ഗാന്ധിജി നിസഹകരണ സമരം പിൻവലിച്ച് ആറു ദിവസം നിരാഹാരം അനുഷ്ഠിച്ചു. ചൗരി ചൗരാ സംഭവത്തിന്റെ പേരിൽ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.