രണ്ടാം വട്ടമേശസമ്മേളനം
Monday, November 22, 2021 1:08 AM IST
1931 സെപ്റ്റംബറിലായിരുന്നു ലണ്ടനിൽ രണ്ടാം വട്ടമേശ സമ്മേളനം വിളിച്ചു കൂട്ടിയത്.സമ്മേളനത്തിന്റെ രണ്ട് ആഴ്ചകൾക്ക് മുൻപ് ലേബർ പാർട്ടി സർക്കാർ നിലംപതിച്ചിരുന്നു. തുടർന്ന് റംസെ മക്ഡൊണാൾഡ്, കണ്‍സർവേറ്റീവ് പാർട്ടിയോടൊത്ത് സഖ്യ സർക്കാർ രൂപീകരിച്ചു. ഗാന്ധി-ഇർവിൻ കരാർ വിജയമായിരുന്നതുകൊണ്ട് പ്രധാന പ്രതിനിധിയായി ഗാന്ധിജിയും രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
തങ്ങളുടെ ലക്ഷ്യം പൂർണസ്വരാജ് ആണെന്ന് കോണ്‍ഗ്രസ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഇന്ത്യയെ മുഴുവനായി പ്രതിനിധീകരിക്കുന്നുവെന്ന ഗാന്ധിജിയുടെ വാദത്തെ മുസ്ലിം ലീഗും, നാട്ടുരാജാക്കന്മാരും അംബേദ്കറും അംഗീകരിച്ചിരുന്നില്ല. വർഗീയ പ്രശ്നങ്ങളെക്കുറിച്ച് ഒരു തീരുമാനത്തിലെത്താതുള്ള ചർച്ചമൂലം സമ്മേളനം ഡിസംബർ വരെ നീണ്ടു.
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നത്, ഡൊമീനിയൻ പദവി നൽകുന്നത് എന്നിവ സംബന്ധിച്ച് ഒരു ചർച്ചയും സമ്മേളനത്തിൽ ഉണ്ടായില്ല. സമ്മേളനംകൊണ്ട് കാര്യമായ ഫലങ്ങളൊന്നുമില്ലാതിരുന്നതിനാൽ ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ഗാന്ധി സിവിൽ നിയമലംഘന പ്രസ്ഥാനം പുനരാരംഭിക്കുകയും ചെയ്തു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ നടന്ന ചർച്ചകളാണ് 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിയമം പാസാക്കുന്നതിന് പ്രേരകമായത്.