വികസനം: കേരള മോഡൽ!
Monday, January 24, 2022 2:18 AM IST
ഒന്നര വർഷംകൊണ്ട് 11 പുതിയ മെഡിക്കൽ കോളജുകളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുകയാണ് തമിഴ്നാട്. ഈ മാസം 12നാണ് ഈ മെഡിക്കൽ കോളജുകൾ ഉദ്ഘാടനം ചെയ്ത് ഈ വർഷംതന്നെ മെഡിക്കൽ പ്രവേശനത്തിനു സജ്ജമായത് . ഇതുവഴി 1450 എംബിബിഎസ് സീറ്റുകൾ തമിഴ്നാട്ടിൽ അധികമായി സൃഷ്ടിക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ അണ്ണാ ഡിഎംകെ സർക്കാരിന്റെ അവസാനകാലത്ത് കേന്ദ്രത്തിന്റെകൂടി പങ്കാളിത്തത്തോടെയായിരുന്നു 4,080 കോടിയോളം രൂപ മുതൽമുടക്കിൽ കെട്ടിടങ്ങൾ നിർമിച്ച് മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. 2,145 കോടി രൂപ കേന്ദ്രം നൽകി. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 80 ആയി. ആകെ മെഡിക്കൽ സീറ്റുകൾ 11, 825.
11 മെഡിക്കൽ കോളജുകളിൽ അവസാനം തറക്കല്ലിട്ടത് ഊട്ടിയിലെ നീലഗിരി മെഡിക്കൽ കോളജിനായിരുന്നു. 2020 ജൂലൈ ഒമ്പതിന് അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ശിലാസ്ഥാപനം നിർവഹിച്ചു. 447.32 കോടി രൂപയാണ് മുതൽമുടക്ക്. അതിനുശേഷം തമിഴ്നാട്ടിൽ ഭരണമാറ്റമുണ്ടായി. എന്നാൽ അതൊന്നും വികസനത്തെ ബാധിച്ചില്ല. 2022 ജനുവരി 12ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഊട്ടിയിലേതടക്കം 11 മെഡിക്കൽ കോളജുകളും ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും സമയബന്ധിതമായി ലഭ്യമാക്കിയതിനാൽ ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിൽത്തന്നെ ഈ 11 കോളജുകളും ലിസ്റ്റ്ചെയ്തു കഴിഞ്ഞു.
കേരളത്തിൽ രണ്ടെണ്ണം; പത്തു വർഷംകൊണ്ട്
കേരളത്തിലും എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ എന്ന പദ്ധതി 2011ൽ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. “1947 മുതല്‍ 2011 വരെയുള്ള 64 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളജുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത് എട്ട് മെഡിക്കല്‍ കോളജുകളാണ് ആരംഭിക്കാന്‍ പോകുന്നത്”. എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം. പത്തു വർഷംമുമ്പ് പ്രഖ്യാപിച്ച ഈ എട്ടു മെഡിക്കൽ കോളജുകളിൽ ഇതുവരെ പൂർത്തിയായത് രണ്ടെണ്ണം മാത്രം.
എട്ടെണ്ണം പ്രഖ്യാപിച്ചെങ്കിലും മഞ്ചേരി, കോന്നി, പാലക്കാട്, തിരുവനന്തപുരം, ഇടുക്കി, വയനാട്, കാസർഗോഡ് എന്നിങ്ങനെ ഏഴ് പുതിയ മെഡിക്കൽ കോളജുകൾക്കാണ് ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതിയിട്ടത്. 2011 ലെ ബജറ്റിൽ ഫണ്ട് വകയിരുത്തിയ മഞ്ചേരി മെഡിക്കൽ കോളജ് 2013ൽ ഉദ്ഘാടനം ചെയ്തു. 2014 സെപ്റ്റംബർ 19 ന് പാലക്കാട് മെഡിക്കൽ കോളജും യാഥാർഥ്യമായി. ഇവ കൂടാതെ ഇഎസ്ഐ നിർമിച്ച കൊല്ലം ഇഎസ്ഐസി ഗവൺമെന്റ് മെഡിക്കൽ കോളജും സംസ്ഥാന സർക്കാർ ഏറ്റെടുത്ത കണ്ണൂർ പരിയാരം, കൊച്ചി കളമശേരി സഹകരണ മെഡിക്കൽ കോളജുകളുമാണ് സംസ്ഥാനത്തെ സമീപകാല മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ സർക്കാർ സംഭാവന.
രണ്ടാം വർഷം തീർന്ന ഇടുക്കി
2014 സെപ്റ്റംബർ 17ന് ഇടുക്കി മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ രണ്ടുവർഷങ്ങളിൽ 50 വിദ്യാർഥികൾക്കു വീതം എംബിബിഎസ് പ്രവേശനവും കിട്ടി. എന്നാൽ അക്കാദമിക് സൗകര്യങ്ങളില്ലെന്ന കാരണത്താൽ മെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരം നിലനിർത്താൻ കഴിഞ്ഞില്ല. ഈ വിദ്യാർഥികളെ പിന്നീട് മറ്റു കോളജുകളിലേക്കു മാറ്റേണ്ടിവന്നു. കഴിഞ്ഞ വർഷം ഓണ്‍ലൈനായി പരിശോധന നടത്തിയെങ്കിലും നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങൾ ഒരുക്കാനായില്ലെന്നാണ് മെഡിക്കൽ കൗണ്‍സിലിന്റെ വിലയിരുത്തൽ. ഇക്കൊല്ലവും ഇടുക്കിയിൽ പ്രവേശനമില്ല. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയത്തും എറണാകുളത്തും എത്തിപ്പെടേണ്ട ഗതികേട് ഇടുക്കിക്കാർക്ക് തുടരുകയും ചെയ്യുന്നു.
രാഷ്ട്രീയ പോരിൽ കോന്നി
2013 ജനുവരി 25ന് ഉമ്മൻ ചാണ്ടി നിർമാണോദ്ഘാടനം നിർവഹിച്ചു. ബജറ്റിൽ 25 കോടി രൂപയും നബാർഡ് 1432.5 കോടി രൂപയും അനുവദിച്ചു. 300 കിടക്കകളോടെ 3,30,000 ചതുരശ്ര അടിയിൽ കെട്ടിടം, അനുബന്ധ റോഡുകൾ, കുടിവെള്ള പദ്ധതി, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയായിരുന്നു ഒന്നാംഘട്ടം. 2016ൽ യുഡിഎഫ് സർക്കാർ അധികാരം ഒഴിയുന്പോൾ ഇവ ഏറെക്കുറെ പൂർത്തീകരിച്ചിരുന്നു. എന്നാൽ സൗകര്യങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ അനുമതി നൽകിയില്ല. പിന്നീടു വന്ന എൽഡിഎഫ് സർക്കാർ മെഡിക്കൽ കോളജ് പണികൾ മുന്നോട്ടു കൊണ്ടുപോകാൻ ആദ്യം താത്പര്യം കാട്ടിയില്ല. പഴിചാരലിലും രാഷ്ട്രീയ പകപോക്കലിലും പദ്ധതി തടസപ്പെട്ടു.
പിന്നീട് എൽഡിഎഫ് സർക്കാർ താത്പര്യകാട്ടി. 2020 സെപ്റ്റംബർ 14ന് ഒപി വിഭാഗം ആരംഭിച്ചു. ഉദ്ഘാടനങ്ങൾ പലതുനടന്നു. മെഡിക്കൽ കൗൺസിലിന്റെ അനുമതി നേടാൻ പല അഭ്യാസങ്ങളും നടത്തിയെങ്കിലും ഇക്കൊല്ലവും മെഡിക്കൽ പ്രവേശനമില്ല.
പേരിലൊതുങ്ങി കാസർഗോഡ്
എൻഡോസൾഫാൻ ദുരിതവും കടുത്ത പിന്നാക്കാവസ്ഥയും നേരിടുന്ന കാസർഗോഡ് ജില്ലയ്ക്ക് മെഡിക്കൽ കോളജ് വാഗ്ദാനം ചെയ്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത് 2013 നവംബർ 30നാണ്. ഏറെക്കാലം പദ്ധതി ഈ തറക്കല്ലിലൊതുങ്ങിനിന്നു. പിന്നീട് പണി തുടങ്ങിയെങ്കിലും ഭരണമാറ്റമുണ്ടായതോടെ അവഗണനയായി. കോവിഡ് ഭീഷണിയുടെ ആരംഭത്തിൽ അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കി കോവിഡ് ചികിത്സയ്ക്കു സജ്ജീകരിച്ചു. ആശുപത്രി സമുച്ചയത്തിന് 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടിരുന്നു. എന്നാൽ നിർമാണം എങ്ങുമെത്തിയിട്ടില്ല. ചികിത്സയ്ക്ക് മുഖ്യമായും മംഗളൂരുവിനെ ആശ്രയിക്കുന്ന കാസർഗോട്ടുകാർക്ക് നല്ലൊരു ആശുപത്രിയെങ്കിലും ആഗ്രഹിക്കാൻ അവകാശമുണ്ട്.
തർക്കം തീരാതെ വയനാട്
വയനാട് മെഡിക്കൽ കോളജിനായി മടക്കിമലയില്‍ 2015ല്‍ യുഡിഎഫും 2018ൽ എൽഡിഎഫും രണ്ടുതവണ തറക്കല്ലിട്ടു. എന്നാല്‍ പിന്നീടുണ്ടായ പ്രളയത്തിനു ശേഷം ജിഎസ്ഐ പഠനറിപ്പോര്‍ട്ടനുസരിച്ച് ഇവിടം മെഡിക്കൽ കോളജ് നിർമാണത്തിന് അനുയോജ്യമല്ലെന്ന തീരുമാനത്തിലെത്തി നടപടികള്‍ അവസാനിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളജ് എവിടെവേണമെന്നതു സംബന്ധിച്ച് ഇപ്പോഴും തർക്കങ്ങൾ മാത്രമാണു നടക്കുന്നത്.
65,000 കോടി രൂപയുടെ അതിവേഗ ട്രെയിനാണ് നമ്മുടെ സർക്കാരിന്റെ പുതിയ സ്വപ്നം. അതിനുള്ള പണം പലിശയ്ക്കു വാങ്ങാൻ അമിത ഉത്സാഹവുമുണ്ട്. എന്നാൽ നാട്ടുകാർക്ക് അവശ്യംവേണ്ട വിദഗ്ധ ചികിത്സയ്ക്കും കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനും മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ടിവരുന്നു. കെ-റെയിലാകട്ടെ കൊച്ചുവേളിയിലും കാസർഗോട്ടും തീരും. മറ്റു സംസ്ഥാനങ്ങളിലേക്കു പോകണമെങ്കിൽ സാദാ ട്രെയിൻ തന്നെ ആശ്രയം.
വാർത്താ വീക്ഷണം / സി.കെ. കുര്യാച്ചൻ