Monday, January 24, 2022 2:24 AM IST
ഇന്ത്യൻ രാഷ്്ട്രീയത്തിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ഫലം വരുന്പോൾ തൂക്കുനിയമസഭയാണെങ്കിൽ ഭൂരിപക്ഷമുണ്ടാക്കുന്നത് ആയാറാം ഗയാറാം (കുതിരക്കച്ചവടം) പ്രതിഭാസങ്ങളാണ്. സ്വന്തം നേട്ടത്തിനുവേണ്ടി യജമാനന്മാരെയും പ്രത്യയശാസ്ത്രത്തെയും വിശ്വാസത്തെയും മാറ്റുന്നത് പുതിയ കാര്യമല്ല. പ്രമുഖ നേതാക്കൾപോലും നടത്തിയിട്ടുള്ള ഇത്തരം തെരഞ്ഞെടുപ്പനന്തര പ്രതിഭാസങ്ങൾക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. അതേസമയം, 1977-ൽ ജഗ്ജീവൻ റാം, ഹേമാവതി നന്ദൻ ബഹുഗുണ തുടങ്ങിയ മുതിർന്ന നേതാക്കൾ "കോൺഗ്രസ് ഫോർ ഡമോക്രസി' രൂപീകരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുമായി ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെതിരേ മത്സരിച്ചതുപോലെ തെരഞ്ഞെടുപ്പിനു മുന്പുള്ള കൂട്ടുകെട്ടുകളുമുണ്ട്.
അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശ നിഷേധങ്ങളോടും, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അന്തരിച്ച ഇന്ദിരാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ ഭരണഘടനാപരമായ യാതൊരു അധികാരവുമില്ലാതിരുന്നിട്ടും സഞ്ജയ് ഗാന്ധി നടത്തിയ എണ്ണമറ്റ അധികാരദുർവിനിയോഗത്തിന്റെയും തീരുമാനങ്ങളുടെയും കടുത്ത നടപടികളോടുമുള്ള പ്രതിഷേധമായിരുന്നു അത്.
തെരഞ്ഞെടുപ്പ് വിജയവും സ്ഥാനമാനങ്ങളും ഉറപ്പാക്കാൻ രാഷ്്ട്രീയനേതാക്കൾ നടത്തുന്ന കൂറുമാറ്റങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവാണ് ഇന്നു നാം കാണുന്നത്. ഉത്തർപ്രദേശിൽ, കാവി യജമാനന്മാരിൽനിന്നു പിന്നാക്ക വിഭാഗത്തിൽപ്പെട്ട നേതാക്കളോടുള്ള പെരുമാറ്റത്തിൽ അതൃപ്തരായി ബിജെപിയിൽനിന്ന് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ പലരും സമാജ്വാദി പാർട്ടിയിലേക്കു മാറുന്നത് നാം കണ്ടു. ഇതിനു തിരിച്ചടിയായി, എസ്പിയുടെ പരമോന്നത നേതാവിന്റെ ദത്തുസഹോദരി-മുലായം സിങ്ങിന്റെ രണ്ടാം ഭാര്യയിലുള്ള മകൾ- ഉൾപ്പെടെ ഏതാനും നേതാക്കളെ പാർട്ടിയിലേക്കു കൊണ്ടുവരാൻ ബിജെപിക്കു കഴിഞ്ഞു. കോൺഗ്രസിന്റെ റായ്ബറേലി എംഎൽഎയും ബിജെപിയിലേക്ക് ചേക്കേറിയതോടെ കളി പുരോഗമിക്കുകയാണ്.
ഗോവയിൽ 17 എംഎൽഎമാർ ഉണ്ടായിരുന്ന കോൺഗ്രസിൽ ഇപ്പോൾ അവശഷിക്കുന്നത് മൂന്നുപേരാണ്. മറ്റുള്ളവർ ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്ന ടിഎംസി ഉൾപ്പെടെയുള്ള പാർട്ടികളിലേക്കു പോയി. മമതയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ, ടിഎംസി, ശിവസേനയ്ക്കൊപ്പമുള്ള ശരത്പവാറിന്റെ എൻസിപി സഖ്യത്തിൽ ചേരാൻ ശ്രമിക്കുകയാണ്.
രണ്ട് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് ഇത്തരം അവസരവാദ മാറ്റങ്ങൾ നടക്കുന്നത്. സ്ഥലപരിമിതിമൂലം മുഴുവൻ വിശദാംശങ്ങളും രേഖപ്പെടുത്താനാവില്ല. ഗോവയിൽ കോൺഗ്രസ് വിട്ടു ടിഎംസിയിലെത്തിയ പ്രമുഖ നേതാവ് അവിടെ വീർപ്പുമുട്ടിലായതിനാൽ തിരികെയെത്തിയതുപോലെ പാർട്ടിവിടുന്ന പലരും മാതൃസംഘടനയിലേക്കു മടങ്ങുന്നതിനാൽ സ്ഥിതിഗതികൾ വീണ്ടും കുഴയുകയാണ്. അഭിലഷണീയവും അനഭിലഷണീയവുമായ സകല മാർഗങ്ങളുമുപയോഗിച്ചു ഏതുവിധേനയും വിജയിക്കാൻ ശ്രമിക്കുന്ന കളി, തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു എതിർപാളയത്തെ ഒതുക്കി ജനപിന്തുണ നേടാനും വോട്ടുകൾ സമാഹരിക്കാനുമുള്ള ശ്രമത്തിലാണ്.
ബിജെപിക്കു യുപിയെന്നാൽ
രാഷ്്ട്രീയമായി, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തിൽ സ്വാധീനം ചെലുത്തുമെന്നതിനാൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ബിജെപിയുടെ ബഹുജന അടിത്തറ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ സീറ്റുകൾ നിലനിർത്തുക എന്നത് തീർച്ചയായും ബിജെപിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമാണ്. സംഘപരിവാറിന്റെ ബഹുജന അടിത്തറയിൽ എത്രത്തോളം ഇടിവ് സംഭവിച്ചുവെന്ന് തെരഞ്ഞെടുപ്പിനുശേഷമേ അറിയാൻ കഴിയൂ.
പാർലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലെ അംഗബലത്തിൽ സ്വാധീനം ചെലുത്തുമെന്നതിനാലും ബിജെപിയെ സംബന്ധിച്ചിടത്തോളം, യുപിയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ പ്രധാനമാണ്. കാരണം, പാർലമെന്ററി കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ രാജ്യസഭയിൽ ഭൂരിപക്ഷമുണ്ടായെ മതിയാകൂ. മറ്റ് നാല് സംസ്ഥാനങ്ങളിലെ ഫലങ്ങൾക്കും എല്ലാ പാർട്ടികളുടെയും നിലവിലെ ശക്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനാകും. രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് പ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും സമാജ് വാദി പാർട്ടിയും. പാർട്ടികളുടെ തന്ത്രങ്ങളും കൗശലങ്ങളുമൊക്കെ വരുന്ന ആഴ്ചകളിൽ വെളിപ്പെടും.
ചുരുക്കത്തിൽ, ബിജെപിയും സഖ്യകക്ഷികളും ഹിന്ദുത്വയോടൊപ്പം പിന്നാക്കവിഭാഗങ്ങളിൽ, ജനപ്രിയ ഭാഷയിൽ പറഞ്ഞാൽ ‘കമണ്ഡൽ പ്ലസ്’ തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എസ്പിയും സഖ്യകക്ഷികളും ആശ്രയിക്കുന്നത് ‘മണ്ഡൽ പ്ലസ്' തന്ത്രങ്ങളിലാണ്. അതായത് ഒബിസി പിന്തുണയ്ക്കൊപ്പം ന്യൂനപക്ഷങ്ങളെ ചേർത്തുള്ള തന്ത്രം. യുവാക്കളെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും കേന്ദ്രീകരിച്ചാണ് കോൺഗ്രസ് കളിക്കുന്നത്. പ്രതിപക്ഷം മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി ഭിന്നിച്ചുനിൽക്കുന്നതിനാൽ ബിജെപിക്കാണ് നേട്ടമെങ്കിലും ദുർബലാവസ്ഥയിലായ ഭീം ആർമി തലവനും ആസാദ് സമാജ് പാർട്ടിയുടെ സ്ഥാപകനുമായ ചന്ദ്രശേഖർ ആസാദും ബിഎസ്പിയുടെ അടിസ്ഥാനവോട്ടുകളിൽ കുറെയെങ്കിലും നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.
ബിജെപി വിരുദ്ധ വോട്ടുകൾ
സാധാരണഗതിയിൽ, ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് കാവി പാർട്ടിക്ക് ഗുണം ചെയ്യും. ആദ്യഘട്ടത്തിൽ, തെരഞ്ഞെടുപ്പിനെ നേരിടാൻ ബിഎസ്പിയുമായി ചേർന്നു പ്രവർത്തിക്കുന്ന 12 ദളിത് സംഘടനകളുമായി "സമാജിക് സമാവേഷ് ഗത്ബന്ധൻ' എന്ന പേരിൽ ഒരു സഖ്യവും ആസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. “ഈ ഗത്ബന്ധനിൽ ഭാരതീയ വീർ ദൾ, ലോക്തന്ത്ര സുരക്ഷാ പാർട്ടി, സർവജൻ ലോക് സമാജ് തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്നു. അവർ ബാൽമീകി, പാൽ, കശ്യപ്, പഞ്ചാൽ തുടങ്ങി നിരവധി സമുദായങ്ങളെ പ്രതിനിധീകരിക്കുന്നു. "യുപി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഞങ്ങൾ ഐക്യമുന്നണി അവതരിപ്പിക്കും. 403 സീറ്റുകളിലേക്ക് ഞങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ, ഞങ്ങളുടെ സഖ്യത്തിൽ 100ൽ അധികം ചെറുപാർട്ടികളുടെ അംഗങ്ങൾ ഉണ്ടായിരിക്കും.' ആസാദ് പറഞ്ഞു.
എന്നിരുന്നാലും, സമാജ്വാദി പാർട്ടിയിൽനിന്നും സഖ്യകക്ഷികളിൽ നിന്നും ബിജെപിക്ക് ശക്തമായ വെല്ലുവിളിയുണ്ട്. ഒബിസി പിന്തുണയുള്ള എസ്പിക്ക് ലാലു യാദവിന്റെ ആർഎൽഡിയുടെയും ന്യൂനപക്ഷത്തിന്റെയും പിന്തുണകൂടിയാകുന്പോൾ പ്രബല രാഷ്്ട്രീയ ശക്തിയാകും.
ബിഎസ്പിയുമായി ചേർന്ന് എസ്പിക്ക് നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് അഖിലേഷ് യാദവ് ആദ്യം കരുതിയിരുന്നത്, എന്നാൽ തുടർന്നുള്ള സംഭവങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ അസ്ഥാനത്തായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിനാശം നേരിട്ട കോൺഗ്രസ് പാർട്ടിയിലായിരുന്നു അഖിലേഷിന്റെ അടുത്ത പ്രതീക്ഷ. ന്യൂനപക്ഷങ്ങൾക്കൊപ്പം എല്ലാ ഒബിസി ഗ്രൂപ്പുകളെയും അദ്ദേഹം അണിനിരത്തിയതോടെ ഇപ്പോഴത്തെ കാര്യങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. എന്നിരുന്നാലും, അഖിലേഷിന്റെ പദ്ധതികൾ തകർക്കാൻ കോൺഗ്രസിന് കഴിയും. സ്ത്രീകൾക്ക് 40% സീറ്റുകൾ നൽകാനും യുവാക്കളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാനുമുള്ള പ്രിയങ്കയുടെ തന്ത്രവും ന്യൂനപക്ഷങ്ങളെ ആകർഷിക്കുന്ന രാഹുലിന്റെ വാക്കുകളും അഖിലേഷ് യാദവിന്റെ പദ്ധതികളെ തകർക്കാൻ കഴിയുന്നതാണ്. ബിജെപിയും എസ്പിയും ബിഎസ്പിയുമൊക്കെ ജാതിരാഷ്ട്രീയം മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ ജാതിരാഷ്്ട്രീയത്തിന് അടിപ്പെടാത്ത മധ്യമവർഗത്തിന്റെ പിന്തുണ നേടാൻ കോൺഗ്രസിനാകും.
അഖിലേഷിന്റെ ബന്ധുക്കൾ
അഖിലേഷിന്റെ അടുത്ത ബന്ധുക്കളെ അടർത്തിയെടുക്കാനായെങ്കിലും അവർക്കൊന്നും ജനപിന്തുണയില്ലാത്തതിനാൽ ബിജെപിക്ക് വലിയ നേട്ടമൊന്നും ഉണ്ടാകാനിടയില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം, നിലവിലെ രംഗം നോക്കുമ്പോൾ ഒബിസി വിഭാഗം എസ്പിക്ക് മുൻഗണന നൽകിയതിനാൽ ഹിന്ദു വോട്ടുകൾ ഭിന്നിച്ചു എന്നത് ഒരു പ്രധാന പോരായ്മയാണ്. രണ്ടാമതായി, നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിയെ ഒരു ഒബിസി ആയി അവതരിപ്പിക്കാൻ വിജയകരമായി കഴിഞ്ഞെങ്കിലും ഇത്തവണ അതുകൊണ്ട് കാര്യമായ ഗുണമുണ്ടാകുമോയെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുയോഗങ്ങൾ നിരോധിച്ചതിനാൽ മോദിയുടെ പ്രസംഗചാതുര്യവും വ്യക്തിപരമായ നാടകീയ അവതരണവുമൊന്നും സാധ്യമായേക്കില്ല. എല്ലാത്തിനുമുപരി, പഠിക്കാൻ താത്പര്യമുള്ള വിദ്യാർഥികളുടെ കാര്യത്തിൽ നാം കണ്ടെത്തിയ ഓൺലൈൻ സ്വാധീനം അത്ര വിജയകരമായ അനുഭവമായിരുന്നില്ല. മോദിയുടെ വ്യക്തിപരമായ അവതരണത്തിനും ആകർഷകമായ പ്രസംഗത്തിനുമുള്ള ആതേ സ്വാധീനം വെർച്വൽ മീറ്റിംഗുകളിൽ ഉണ്ടാകില്ല. മഹാമാരിയുടെ മൂർദ്ധന്യാവസ്ഥ കാരണം വോട്ടുചെയ്യാനെത്തുന്നവരുടെ എണ്ണത്തെക്കുറിച്ചും ആർക്കും ഉറപ്പില്ല. എല്ലാറ്റിനുമുപരിയായി, നിലവിലെ മുഖ്യമന്ത്രിയുടെ ഭരണവിരുദ്ധതയുടെ റിക്കാർഡ് ഒരു പ്രതികൂല ഘടകമായി മാറിയേക്കാമെന്നതും തള്ളിക്കളയാനാവില്ല.
മോദി-ഷാ തന്ത്രങ്ങൾ
എന്നിരുന്നാലും, അമിത് ഷായെന്ന തന്ത്രജ്ഞന്റെ മനസിലുള്ള പദ്ധതികളും മോദിയുടെ സ്വന്തം പദ്ധതികളും എന്താണെന്ന് അറിയുന്നതിനുമുന്പ് ഒരു നിഗമനത്തിലെത്താനാവില്ല. ഓരോ നിയോജക മണ്ഡലത്തിനും വേണ്ടിയുള്ള തന്ത്രങ്ങൾക്കും കൗശലങ്ങൾക്കും പേരുകേട്ട ഇരുവരും തെരഞ്ഞെടുപ്പ് നടത്തിപ്പിൽ പ്രഗത്ഭരാണ്. ബിജെപി വിരുദ്ധ വോട്ടുകളുടെ ഭിന്നിപ്പ് ഇരുവരും എത്രത്തോളം മുതലെടുക്കുമെന്ന് കണ്ടറിയണം. ഹിന്ദുത്വതന്ത്രം പയറ്റാൻ ഇരുവരും എത്രത്തോളം മുന്നോട്ടുപോകുമെന്നതും കണ്ടറിയേണ്ടതാണ്. ഇപ്പോൾത്തന്നെ അടിത്തറയിട്ടുകഴിഞ്ഞ കൃഷ്ണ ജന്മഭൂമി, ശിവജന്മഭൂമി വിഷയങ്ങളും ഉയർത്താനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കാം.
ഉത്തർപ്രദേശിൽ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന കാര്യം ഉറപ്പാണ്. സംവരണവും ഹിന്ദുത്വയും തമ്മിലുള്ള പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ മാന്ത്രികരും തങ്ങളുടെ തൊപ്പിയിൽനിന്ന് എന്തു പുറത്തെടുക്കുമെന്ന് കാണുന്നത് കൗതുകകരമായിരിക്കും.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ