തോറ്റത് ജോ അല്ല, ക്യാപ്റ്റൻ
അനന്തപുരി/ ദ്വിജന്
Saturday, June 4, 2022 11:27 PM IST
അനന്തപുരി/ ദ്വിജന്
സെഞ്ചുറി അടിക്കുവാൻ ക്യാപ്റ്റൻതന്നെ കളത്തിലിറങ്ങി കൃത്യമായ കരുനീക്കങ്ങൾ നടത്തിയ തൃക്കാക്കരയിൽ ക്യാപ്റ്റനെയും മന്ത്രിസഭാംഗങ്ങളെ ആകെയും വല്ലാതെ ഞെട്ടിച്ചു കൊണ്ട് ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ അന്പരപ്പിക്കുന്ന വിജയം തരുന്ന പാഠങ്ങൾ എന്തെല്ലാമാണ്? ജനം നല്കിയ ഈ തിരിച്ചടി കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തന ശൈലിയിൽ വല്ല മാറ്റവും ഉണ്ടാക്കുമോ? പ്രതിപക്ഷത്തിന് മൃതസഞ്ജീവനി ആകുമോ?
തൃക്കാക്കരയിലേത് ക്യാപ്റ്റനെതിരായ ജനവിധിയല്ലെന്നും ഈ ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്നും പറയുന്ന നേതാക്കൾ അത്തരം നടപടികൾക്കു തയാറാകുമെന്ന് കരുതാനാവില്ല. തെരഞ്ഞെടുപ്പുവിജയത്തെ വിനയത്തോടെ സ്വീകരിക്കുന്നു എന്നും അമിതമായി ആഹ്ലാദിക്കുന്നില്ലെന്നും പറയുന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകൾ ആത്മാർഥതയുള്ളതാണെങ്കിൽ അവർക്ക് നല്ലതായി ഭവിക്കും.
പലപ്പോഴും ജനവിധി തരുന്ന പാഠം ആരും പഠിക്കാറില്ലെന്നതാണ് ചരിത്രം. തങ്ങൾ അർഹിക്കുന്ന വിജയം ഞങ്ങൾ നേടി എന്നാവും പലപ്പോഴും ജയിച്ചുകഴിഞ്ഞാലുള്ള മനോഭാവം. ജയിപ്പിച്ചവരെ മറക്കുന്നു. എന്തുമാകാം എന്ന് ചിന്തിക്കുന്നു. ഇതാണ് കേരള ജനത അനുഭവിക്കുന്ന രാഷ്ട്രീയ ദുര്യോഗം.
രാഷ്ട്രീയപ്രബുദ്ധമായ വിധി
തൃക്കാക്കരയിലെ വോട്ടർമാരുടെ രാഷ്ട്രീയപ്രബുദ്ധതയുടെ അടയാളമായി ഈ ജനവിധി. പിണറായിയുടെ സ്വപ്നപദ്ധതിയായി ചിത്രീകരിക്കപ്പെടുന്ന കെ -റെയിലിനോടുള്ള ജനങ്ങളുടെ പ്രതികരണമായിരിക്കും ഈ തെരഞ്ഞെടുപ്പു ഫലമെന്ന് അർധമനസോടെ ഇടതു നേതാക്കൾ വോട്ടെടുപ്പിനുമുന്പ് പറഞ്ഞതാണ്.
ആ യാഥാർത്ഥ്യം വലിയ ചലനമുണ്ടാക്കുന്നതായിരുന്നു. ഇടതുമുന്നണി ജയിച്ചാൽ കെ-റെയിൽ വേണമെന്ന് ജനം പറഞ്ഞതായി കരുതതുമെന്ന ചിന്ത ഇടതു പക്ഷക്കാരായ കുറേപ്പേരെയെങ്കിലും വീട്ടിലിരുത്തിക്കാണും. ഒപ്പം കെ- റെയിൽ വിരുദ്ധരെയെല്ലാം മറ്റു ന്യായങ്ങൾ മറന്നും ഉമയ്ക്ക് വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തിരിക്കണം. അക്കൂട്ടരിൽ ബിജെപിക്കാരും ആം ആദ്മിക്കാരും ഒക്കെ കാണും.
നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരേ പരാതിയുമായി അതിജീവിതയ്ക്കു വരേണ്ടിവന്നത് നിശ്ചയമായും സർക്കാരിനെതിരേ ജനവികാരമുണ്ടാക്കി. പരാതിക്കാരിയായ രണ്ടാമത്തെ നടിയുടെ കേസിലെ പ്രതി നാട്ടിലെത്തുന്നത് വൈകിയതിലും സർക്കാരിന്റെ ഒത്തുകളികളോ വീഴ്ചകളോ ഉണ്ടെന്ന് പലരും കരുതുന്ന നിലയിലായി കാര്യങ്ങൾ
കോവിഡ് കാലത്ത് നല്ല കാര്യങ്ങൾ ചെയ്തെങ്കിലും ജനം അനുഭവിക്കുന്ന വിലക്കയറ്റം തടയാൻ ഒന്നും ചെയ്യാത്ത സർക്കാർ, കേന്ദ്രം ഇന്ധനവില കുറച്ചിട്ടും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ തയാറാകാത്ത സർക്കാർ തുടങ്ങിയ ഘടകങ്ങൾ സർക്കാരിനെതിരേ വോട്ട് ചെയ്യുവാൻ പ്രേരണയായിരിക്കണം. മുസ്ലിം തീവ്രവാദികളോട് സർക്കാർ കാണിച്ച മൃദുസമീപനം വലിയ ആശങ്കയാണ് ഉയർത്തിയത്.
അവർക്ക് പ്രകടനം നടത്താൻ അനുവാദം കൊടുത്തത്. തീ തുപ്പുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും നടപടിയെടുക്കാൻ വൈകിയത്. അവസാനം പി.സി. ജോർജിനെതിരേ നടപടി എടുത്തപ്പോൾ ആലപ്പുഴക്കാർക്കെതിരേ നടപടിയെടുക്കാതിരിക്കുവാൻ സാധിക്കാതെ വന്നത് - എല്ലാം കണ്ട ജനം പലതും മനസിൽ കുറിച്ചു.
ആയിരത്തിലധികം വോട്ടർമാർ പണം മുടക്കി പോളിംഗ് ബൂത്തിലെത്തി നോട്ടയ്ക്ക് വോട്ട് ചെയ്തതു വലിയ മുന്നറിയിപ്പാണ്. ഇന്നത്തെ രാഷ്ട്രിയക്കാരോടുള്ള പ്രതിഷേധമാണ്.
പരിക്കേറ്റ് ക്യാപ്റ്റൻ
കോണ്ഗ്രസ് തട്ടകമായ തൃക്കാക്കരയിൽ കോണ്ഗ്രസ് സ്ഥാനാർഥി ജയിക്കുന്നത് അതിൽതന്നെ വലിയ സംഭവമല്ല. എന്നാൽ, തെരഞ്ഞെടുപ്പുഫലം സർക്കാരിന്റെ വികസന സമീപനങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാവും എന്നു ചിത്രീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് പ്രചാരണം ഏറ്റെടുക്കുകയും 21 മന്ത്രിമാരെയും തൃക്കാക്കരയിൽ വിന്യസിക്കുകയും ചെയ്തതോടെ ജോ ജോസഫ് എന്ന സ്ഥാനാർഥിയേക്കാൾ പിണറായി വിജയനായി അവിടെ യഥാർഥ സ്ഥാനാർഥി. അവിടെ ജോ ജയിച്ചിരുന്നെങ്കിൽ പിണറായി ആകുമായിരുന്നു യഥാർഥ ജേതാവ് എന്ന് ഇടതുപക്ഷം പറയുമായിരുന്നില്ലേ?
തെരഞ്ഞെടുപ്പു ഫലം പൂർണമായും പുറത്തുവരുന്നതിനു മുന്പു തോൽവി മണത്തുതുടങ്ങിയപ്പോൾ തന്നെ പ്രചാരണത്തിന് നേതൃത്വം കൊടുത്തത് ക്യാപ്റ്റൻ ആയിരുന്നില്ലെന്നും ജില്ലാ കമ്മറ്റി ആയിരുന്നെന്നും ജില്ലാ സെക്രട്ടറി മോഹനൻ പ്രഖ്യാപിച്ചതും, തെരഞ്ഞെടുപ്പ് സർക്കാരിനനെതിരായ വിധിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ചാടിപ്പറഞ്ഞതും അർഥഗർഭമാണ്.
രണ്ടു യാഥാർഥ്യവും ജനങ്ങളെ ഓർമപ്പെടുത്തുകയായിരുന്നില്ലേ ഈ നേതാക്കൾ. ജില്ലാ നേതൃത്വം നിർദേശിച്ച നേതാവിനെ അമേരിക്കയിൽനിന്നുള്ള ഉപദേശപ്രകാരം മാറ്റുകയായിരുന്നു എന്നായിരുന്നല്ലോ അന്നത്തെ കഥ. മുഖ്യമന്ത്രി അന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നു.
പടനായകൻ എന്ന നിലയിൽ അവശ്യ അവസരങ്ങളിൽ എത്തി കരുനീക്കങ്ങൾ നിരീക്ഷിക്കുന്നതിനു പകരം പടനയിക്കുവാൻ പടക്കളത്തിൽ നിറഞ്ഞു നിൽക്കാൻ തീരുമാനിച്ച പിണറായി സ്വയം ഏറ്റുവാങ്ങിയതാണ് ഈ തിരിച്ചടി. തോറ്റത് ജോ അല്ല, പിണറായിയാണ് എന്ന ഉമയുടെ പ്രസ്താവനയാണ് സാധാരണക്കാരന്റെ വികാരം.
ദുർബലനാകുമോ?
ക്യാപ്റ്റൻ പാർട്ടിയിലെങ്കിലും കൂടുതൽ ദുർബലനാകാനുള്ള സാധ്യതയല്ലേ തെളിയുന്നത്? മുന്നണിയിൽ അതിനു കരുത്തുള്ള പാർട്ടികളോ നേതാക്കളോ ഇപ്പോൾ ഇല്ല എന്നത് ക്യാപ്റ്റന് ഗുണമാണ്. ഈ നിലയിൽ പോയാൽ കേരളത്തിൽ പാർട്ടിയുടെ കാര്യം എന്താകും എന്ന ചിന്തയുള്ളവർ പാർട്ടിയിൽ ഉണ്ടാകും. പാർട്ടിയുടെ ദേശീയ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ളവർക്ക് അത്തരം ചിന്തയുണ്ട് എന്ന് കരുതപ്പെടുന്നുണ്ട്.
പിണറായിയെ സംബന്ധിച്ചിടത്തോളം ഈ തോൽവികൊണ്ട് നൈയാമികമായി ഒരു ശക്തിക്കുറവും ഉണ്ടാകുന്നില്ല. നിയമസഭയിൽ 99 പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് ബാക്കി നാലുവർഷത്തെ ഭരണം ഭംഗിയായി മുന്നോട്ട് പോകൂം. പാർട്ടിയിലും അദ്ദേഹത്തിന് പിന്തുണയുണ്ട്. എന്തും ചെയ്യാം. കെ- റെയിൽ ആവേശത്തോടെ നടപ്പാക്കാം. അങ്ങനെ വന്നാൽ ഈ തിരിച്ചടി ഒരു പാഠവും അദ്ദേഹത്തെ പഠിപ്പിക്കില്ല എന്നാണ് അർഥം.
ജനാധിപത്യമുന്നണി
പ്രതിപക്ഷത്തിന് വലിയ ആത്മവിശ്വാസം പകരുന്ന വിജയമാണിത്. കേരളം എന്നും ഭരിക്കുന്നത് സിപിഎമ്മോ പിണറായിയോ ആയിരിക്കണമെന്നില്ലെന്ന് തൃക്കാക്കര വ്യക്തമാക്കി. കെ-റെയിൽ സമരം പോലുള്ള സർക്കാർ വിരുദ്ധ സമരങ്ങൾ ഇനി കൂടുതൽ ശക്തമാകും. സഖാക്കൾ സമരത്തെ നേരിടാൻ കളത്തിലിറങ്ങാനും മതി. എങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും.
ഈ ജനവിധി കോണ്ഗ്രസിന് ആശ്വാസകരമാണെങ്കിലും അതിരു കടന്ന ആവേശം പകരുന്നതല്ല. ഒരു പക്ഷേ തൃക്കാക്കരയിൽ ഉണ്ടായേക്കാമായിരുന്ന തോൽവി കേരളത്തിലെ കോണ്ഗ്രസിനെയും ജനാധിപത്യമുന്നണിയെയും വലിയ ദുരന്തത്തിൽപ്പെടുത്തുമായിരുന്നു. അതൊഴിവാക്കപ്പെട്ടത് നിസാര കാര്യമല്ല. കേരളത്തിലെ നേതാക്കൾ മാത്രം നയിച്ച് ജയിച്ച വിജയമാണിത് എന്നതും കോണ്ഗ്രസിനാകെ പാഠമാകേണ്ടതാണ്. പ്രാദേശിക നേതാക്കൾ ശക്തരാകുന്നതിലൂടെ മാത്രമേ ഇനി കോണ്ഗ്രസിന് രക്ഷപ്പെടാനാവു.
ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുമുന്നണിക്കെതിരേ കോണ്ഗ്രസിനനൊപ്പം നിന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഏറ്റവും പ്രധാനം നേതാക്കൾ പുലർത്തിയ ഐക്യമായിരുന്നു. വിജയിക്കേണ്ടത് കോണ്ഗ്രസിന് ജീവന്മരണ വിഷയമായിരുന്നു. അതു മനസിലാക്കി പലരും ത്യാഗങ്ങൾ സഹിച്ച് പ്രവർത്തിച്ചു. പടനായകത്വം സതീശനായിരുന്നു എങ്കിലും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രചാരണത്തിൽ കാണിച്ച ആത്മാർഥതയും വിട്ടുവീഴ്ചകളും അനിതരസാധാരണമായിരുന്നു.
സാദിഖലി തങ്ങളുടെ പര്യടനം
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജൂണ് മൂന്നു മുതൽ 23 വരെ കേരളത്തിലാകെ മതസൗഹാർദ പര്യടനം നടത്തുകയാണ്. എല്ലാ ജില്ലയിലും രാവിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും വ്യാപാരി- കർഷക പ്രതിന്ധികളെയും പങ്കെടുപ്പിച്ച സൗഹാർദ സംഗമവും ഉച്ചകഴിഞ്ഞ് പാർട്ടി കണ്വൻഷനുമാണ് പരിപാടി. എൻഎസ്എസ്, എസ്എൻഡിപി യോഗം പ്രതിനിധികൾ, ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ എന്നിവരെ സന്ദർശിച്ച് സംസാരിക്കും എന്നാണ് ലീഗിന്റെ ഒൗദ്യോഗിക പത്രക്കുറിപ്പ് പറയുന്നത്.
കേരളം വർഗീയമായ വല്ലാതെ ചേരിതിരിയുന്ന ഒരു കാലത്ത് അതിലെ പ്രധാന ഘടകമായ മുസ്ലിം സമുദായത്തിന്റെ അതി ്രമുഖനായ നേതാവ് ഇത്തരമൊരു ദൗത്യത്തിനിറങ്ങുന്നത് പ്രശംസനീയമാണ്. മറ്റു സമുദായങ്ങൾ ഉന്നയിക്കുന്ന സന്ദേഹങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന വിധത്തിൽ മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ ഇതിലൂടെ സാധിക്കണം. ലൗ ജിഹാദ് പോലുള്ള കുത്സിതനീക്കങ്ങൾ നടത്തുന്ന തീവ്രവാദികളെയും അവർക്ക് സംരക്ഷണം കൊടുക്കുന്നവരെയും ഒറ്റപ്പെടുത്താനും അവർക്കു സംരക്ഷണം കൊടുക്കാതിരിക്കാനും ഉന്നതതലത്തിൽ തീരുമാനവും നടപടിയും ഉണ്ടാകണം. സാധാരണക്കാരായ പ്രതികൾ പ്രണയിനിക്കുവേണ്ടി സുപ്രീംകോടതി വരെ കേസുമായി പോകുന്നത് സ്വന്തം ചെലവിലല്ലെന്ന് ആർക്കാണറിയാത്തത്.
നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത പ്രണയക്കാരുടെ സംഭവങ്ങൾ, വർഷങ്ങളായി പ്രണയത്തിലിരുന്നവനെ ഏതാനും മാസമായ പ്രണയത്തിലായവനു വേണ്ടി ഉപേക്ഷിച്ച് ഒളിച്ചോടുന്നതു പോലുള്ള മനസിലാക്കാൻ ബുദ്ധിമുട്ടുള്ള സംഭവങ്ങൾ, ധാരാളമുണ്ട്. പല സഭാ നേതാക്കളുടെയും കൈയിൽ കൃത്യമായ കണക്കുകളുമുണ്ട്. യാഥാർഥ്യം ഇതായിരിക്കുന്പോഴും അങ്ങനെയൊന്നുമില്ല എന്ന് പറയുന്നവരെ ആർക്കാണ് വിശ്വസിക്കാനാവുക?
ചോർന്നു പോയ വിശ്വാസം പുനരാർജിക്കുന്നതിനുള്ള കൃത്യമായ നടപടികൾക്കു തുടക്കം കുറിക്കുവാൻ തങ്ങളുടെ പര്യടനത്തിനായാൽ അത് കേരളചരിത്രത്തിലെതന്നെ നല്ല സംഭവമാകും. അതല്ല എല്ലാവരെയും കണ്ട് കുശലം പറഞ്ഞ് യാത്ര തുടർന്നാൽ മറ്റു പലരും നടത്തിയിട്ടുള്ള പര്യടനംപോലെ അവർക്ക് മാത്രം പ്രയോജനം ഉണ്ടാക്കുന്ന ഒന്നായി പരിണമിക്കും. അത്തരം ഒരു യാത്രയല്ല പാണക്കാട് തങ്ങൾമാരിൽനിന്നും ജനം പ്രതിക്ഷിക്കുന്നത്.
ബാലൻ പറയാതെ പറഞ്ഞത്
തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾക്കിടയിൽ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ ബാലനും ഒരു ഉൾവിളിയുണ്ടായി. സ്വകാര്യ സ്കൂളുകളിലെ നിയമനം പിഎസ്സിക്കു വിടണം. പിറ്റേന്നുതന്നെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തീർത്തു പറഞ്ഞു. അങ്ങനെ ഒരു നീക്കം ഇപ്പോൾ ഇല്ല. പിന്നെന്തിന് ബാലൻ അത്തരം ഒരു പ്രസ്താവന നടത്തി?
1957 ലെ ഇംഎംഎസ് മന്ത്രിസഭയുടെ കാലം മുതൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ വരെയുള്ള ഇടതുപക്ഷങ്ങൾ ഇതിനായി നിയമനിർമാണങ്ങൾ വരെ നടത്തിയതാണ്. വി.എസിന്റെ ഭരണകാലത്ത് സ്വാശ്രയ കോളജുകൾക്ക് മുക്കു കയറിടാൻ ബേബി മന്ത്രി കൊണ്ടുവന്ന നിയമം കോടതിവരാന്തയിൽ ചെന്നപ്പോഴേ തട്ടി ദൂരെക്കളഞ്ഞു.
എൻഎസ്എസ് നേതാവ് സുകുമാരൻ നായർ തുറന്നു പറഞ്ഞതാണ് സത്യം. സമൂഹത്തിൽ ഉണ്ടായിരിക്കുന്ന പുരോഗതി നോക്കാതെ പാലിക്കപ്പെടുന്ന സംവരണങ്ങൾ പോലുള്ള ഏർപ്പാടുകൾ മൂലം സർക്കാർ സർവീസിൽ കടന്ന കയറാൻ വല്ലാതെ ക്ലേശിക്കുന്ന ക്രൈസ്തവർക്ക് കിട്ടുന്ന ഏതാനും ചില പോസ്റ്റുകൾ കൂടി ഇല്ലാതാക്കാനുള്ള നീക്കമാണ് ഈ നിർദേശം. അതു പറഞ്ഞാണ് ബാലൻ പേടിപ്പിക്കാൻ നോക്കിയത്. പക്ഷേ ആരു പേടിക്കാൻ? ഇന്ത്യൻ ഭരണഘടന ഉള്ളിടത്തോളം കാലം നടക്കാത്ത ഒന്ന്.