പൊട്ടലും ചീറ്റലുമായി ബിജെപി
Wednesday, June 8, 2022 11:34 PM IST
മതനിന്ദയ്ക്കെതിരേ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിഷേധം ഉയർത്തിയതോടെ ബിജെപിയും നരേന്ദ്ര മോദി സർക്കാരും ഒട്ടൊരു പ്രതിരോധത്തിലായി. ഒഐസിസിയുടെ പ്രതികരണങ്ങൾ സങ്കുചിതവും പരപ്രേരണയാലും തെറ്റിദ്ധാരണയിൽനിന്നുമാണെന്നും തിരിച്ചടിച്ചെങ്കിലും ബിജെപിക്കും സർക്കാരിനും തങ്ങളുടെ കടുംപിടിത്തങ്ങളിൽനിന്നു തെല്ലൊന്ന് അയയേണ്ടി വന്നു എന്നതാണു യാഥാർഥ്യം. ബിജെപി അതിവേഗമാണ് തീവ്രവിഷം ചീറ്റിയ തങ്ങളുടെ വക്താക്കളെ പുറത്താക്കിയത്. നൂപുർ ശർമയെ സസ്പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തു.
അതിരുകവിഞ്ഞ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് പാർട്ടി നേതൃത്വം അണികൾക്കും നേതാക്കൾക്കും കർശന താക്കീതും നൽകി. ഇതുവരെ പുലർത്തിയിരുന്ന തീവ്ര നിലപാടുകളിൽനിന്നു ബിജെപി പെട്ടെന്നുപിൻവാങ്ങുകയാണോ എന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഒരു അച്ചടക്ക പാലനം. ഒരുപക്ഷേ, ഇത് അറബ് രാജ്യങ്ങളുടെ അതൃപ്തി മയപ്പെടുത്താനുള്ള ഒരു മാർഗം മാത്രമായിരുന്നില്ല. 2024 തെരഞ്ഞെടുപ്പിന് കളമൊരുക്കിവയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ബിജെപിക്ക് ഉണ്ട്.
ജാഗ്രതാ നിർദേശം
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികരണങ്ങളിൽ കർശന ജാഗ്രത വേണമെന്ന നിർദേശം നൽകിയത്. കാശിയിലെ ജ്ഞാൻവാപി മോസ്ക്, മഥുരയിലെ ഷാഹി ഈദ്ഗാഹ് തുടങ്ങിയ സ്ഥലങ്ങളിലെ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കും. ഇന്ത്യൻ ഭരണഘടന അനുസരിച്ചു മുന്നോട്ടു പോകണം എന്നായിരുന്നു നഡ്ഡയുടെ വാക്കുകൾ. അതിനു തൊട്ടു മുൻപായാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എല്ലാ മോസ്കുകളിലും ശിവലിംഗം തെരയേണ്ടതില്ല എന്ന പ്രസ്താവന നടത്തിയത്. ഭാഗവതിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഒരു മത വിഭാഗത്തെയും മത നേതാക്കളെയും അപമാനിക്കുന്നതിനെ പാർട്ടി ശക്തമായി എതിർക്കുന്നു എന്നു ബിജെപിയും പ്രഖ്യാപിച്ചു.
മുഹമ്മദ് നബിക്കെതിരായ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ചർച്ചകളിൽ നേതാക്കൾക്ക് പ്രസ്താവനകളും പരാമർശങ്ങളും കടുത്ത ജാഗ്രതയോടെ മതിയെന്നു ബിജെപി നിർദേശിച്ചിരിക്കുകയാണ്. ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്നും മതചിഹ്നങ്ങളെയും വിമർശിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുതെന്നും പാർട്ടി വക്താക്കൾക്ക് ബിജെപി നേതൃത്വം നിർദേശം നൽകി. പാർട്ടി നിർദേശിക്കുന്നവർ മാത്രം ചാനൽ ചർച്ചകളിലും മറ്റും പങ്കെടുത്താൽ മതിയെന്നും നിർദേശമുണ്ട്. പാർട്ടി മീഡിയ സെൽ ആണ് ഇനി ടിവി ഷോകളിലും ചർച്ചകളിലും പങ്കെടുക്കുന്നവരെ നിയോഗിക്കുക. ചർച്ചകളിൽ സഭ്യമായും സുവ്യക്തമായും മാത്രം സംസാരിക്കുക, ആവേശഭരിതരാകരുത്, നിയന്ത്രണം വിട്ടു സംസാരിക്കരുത്, ആരുടെയും പ്രേരണയാൽ പോലും പാർട്ടിയുടെ ആശയങ്ങളും തത്വങ്ങളും ലംഘിക്കരുത്, ചർച്ചകളിൽ നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾക്കു മുൻതൂക്കം നൽകണം, സങ്കീർണമായ സർക്കാർ വിഷയങ്ങളെക്കുറിച്ചു സംസാരിക്കരുത്, ചർച്ചയുടെ വിഷയത്തെക്കുറിച്ച് മുൻകൂട്ടി മനസിലാക്കി ഗൃഹപാഠം ചെയ്തുവേണം ചർച്ചകളിൽ പങ്കെടുക്കാൻ തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഇതൊന്നും പിൻമാറ്റമല്ല
ഇതുകൊണ്ടൊന്നും ധ്രുവീകരണ തന്ത്രണങ്ങളിൽനിന്നു ബിജെപിയും ആർഎസ്എസും അകലുകയാണെന്ന വിധിയെഴുത്തിലേക്കു നീങ്ങേണ്ട കാര്യമില്ല. വിഭാഗീയ വിദ്വേഷങ്ങൾ കൊണ്ടു കലിതുള്ളി നിൽക്കുന്ന തങ്ങളുടെ അണികളോടു തത്കാലം ഒന്നടങ്ങാൻ പറഞ്ഞു എന്നേ കണക്കാക്കേണ്ടതുള്ളൂ. ഗൾഫ് രാജ്യങ്ങളുടെ ശക്തമായ പ്രതിഷേധം നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും വിധി നിർണയിച്ചു. പക്ഷേ, ബിജെപി ഒരിക്കലും അവരുടെ ആരംഭകാലം മുതലുള്ള ന്യൂനപക്ഷ വിരോധത്തിൽ നിന്നു മുക്തരാകുമെന്നു പ്രതീക്ഷിക്കേണ്ടതു പോലുമില്ല.
മുസ്ലിം വിരോധം അതിതീവ്രമായപ്പോൾ നൂപുർ ശർമയും ജിൻഡാലും പ്രവാചകൻ മുഹമ്മദ് നബിയെ അപഹസിക്കുന്ന നിലയിലേക്കു വരെയെത്തി. അതല്പം കടന്നു പോയി എന്നുറപ്പായപ്പോൾ അവർക്കെതിരേ നടപടിയായി. പുറത്താക്കുക എന്നതല്ലാതെ സാഹചര്യത്തെ നേരിടാൻ മറ്റൊരു വഴിയും ബിജെപിക്കു മുന്നിലില്ലാതായി.
നയതന്ത്ര തലത്തിൽ സർക്കാർ വെട്ടിലായപ്പോൾ സ്വീകരിച്ച ഒരു രക്ഷാമാർഗം മാത്രമാണ് പാർട്ടി നേതാക്കളുടെ പുറത്താക്കൽ. ജൂലൈ കഴിയുന്നതോടെ ബിജെപിക്കു രാജ്യസഭയിൽ ഒരു മുസ്ലിം മുഖം പോലും ഇല്ലാതാകും എന്നതാണ് മറ്റൊരു വസ്തുത. മുഖ്താർ അബ്ബാസ് നഖ്വി, സയ്യദ് സഫർ ഇസ്ലാം, എം.ജെ. അക്ബർ എന്നിവർക്കു ശേഷം മുസ്ലിം സമുദായത്തിൽനിന്ന് ആരുമില്ല. 15 സംസ്ഥാനങ്ങളിൽനിന്നുള്ള 55 സീറ്റുകളിലേക്ക് പ്രഖ്യാപിച്ച രാജ്യസഭ സ്ഥാനാർഥികളിൽ മുസ്ലീം വിഭാഗത്തിൽനിന്ന് ഒരാളെപ്പോലും ബിജെപി ഉൾപ്പെടുത്തിയിട്ടില്ല.
ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ
2024 പൊതു തെരഞ്ഞെടുപ്പിലേക്കു വരാം. പത്തു വർഷമായി പയറ്റിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങളൊന്നും തന്നെ പോരാതെ വരും ബിജെപിക്കു പട നയിക്കാൻ. 2014 മുതൽ രണ്ടു ഡസനോളം സഖ്യകക്ഷികളാണ് ബിജെപിയിൽനിന്നകന്നുപോയത്. അതു വലിയൊരു നഷ്ടമല്ലെങ്കിലും ഇതര കക്ഷികൾക്കു ബിജെപിയോടുള്ള വിശ്വാസത്തിനുമേൽ കരിനിഴൽ വീണു കഴിഞ്ഞു എന്നുറപ്പാണ്.
തീവ്ര ഹിന്ദുത്വ അജണ്ടകളിലേക്കു പ്രത്യക്ഷമായി നീങ്ങിയതാണ് ഈ നിലയിലേക്കെത്തിച്ചതിനു പിന്നിലെ പ്രധാന കാരണം. 2024 തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഉണ്ടായത് പോലെ മറ്റൊരു മോദി തരംഗം ഉണ്ടാകുമോ എന്നുറപ്പുമില്ല. പത്തു വർഷത്തെ ഭരണ നേട്ടംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനുകുമെന്ന് ഉറപ്പില്ല. വാഗ്ദാനങ്ങൾ പലതും പാലിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ സാന്പത്തിക സ്ഥിതി 2024-25 ആകുന്പോൾ അഞ്ച് ട്രില്യൻ ഡോളർ ആകും എന്നു പറഞ്ഞതു ജലരേഖയായി. കർഷകരുടെ വരുമാനം ഇരട്ടിച്ചില്ല. ഇതെല്ലാം കണക്കാക്കുന്പോൾ രാജ്യത്തിന് മുന്നിൽ 2024 എന്നത് ഒരു സന്തോഷ വർഷമാകാൻ ഇടയില്ല.
തിരിച്ചടികൾ
പല സംസ്ഥാനങ്ങളിലും വേരോട്ടം വ്യാപിപ്പിക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങൾക്കും ഇക്കാലയളവിൽ പല കോണുകളിൽനിന്നു തിരിച്ചടി നേരിട്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്ച ഒഡീഷയിലാണ് പരാജയം. ബെജ്രാനഗർ അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനും പിന്നിൽ മൂന്നാം സ്ഥാനത്തായി ബിജെപിയുടെ നില. 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെഡി സ്ഥാനാർഥി അലാക മൊഹന്തി ജയിച്ചത്. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ അടക്കമുള്ള നേതാക്കളാണ് ഇവിടെ ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ എട്ടെണ്ണം ബിജെപി നേടിയിരുന്നു. എന്നാൽ, ഇപ്പോൾ ഒഡീഷയിലെ നില തീർത്തും പരുങ്ങലിലാണ്.
പശ്ചിമ ബംഗാളിൽ ഓരോ ദിവസവും തിരിച്ചടികൾ നേരിട്ടുകൊണ്ടേയിരിക്കുകയാണ്. തെലുങ്കാനയിലും ആന്ധ്രയിലും സ്ഥിതി ഒട്ടും തൃപ്തികരമല്ല. കേരളത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോലും നഷ്ടമായി. തമിഴ്നാട്ടിൽ ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാഡിഎംകെ അടിപതറി നിൽക്കുകയാണ്. ബിജെപി സഖ്യത്തിനെതിരേ പല പാർട്ടി നേതാക്കളും ശബ്ദം ഉയർത്തിത്തുടങ്ങി. കർണാടകയിൽ ഭരണമുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ പൊട്ടലും ചീറ്റലുമുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയോടു പിടിച്ചുനിൽക്കാനും പ്രയാസപ്പെടുന്നു. ബിഹാറിൽ മുഖ്യ സഖ്യകക്ഷിയായ ജെഡിയുവിനെ ബിജെപിക്ക് കണ്ണടച്ചു വിശ്വസിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ജെഡിയു തങ്ങളുടെ മുൻ സഖ്യകക്ഷിയായ ആർജെഡിയുമായി അടുക്കുന്നുണ്ടോ എന്നൊരു സംശയവും ബിജെപി പാളയത്തിലുണ്ട്. 2014ലും 2019ലും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കാഴ്ചവച്ച പ്രകടനം അതേപോലെ 2024ൽ പ്രതിഫലിക്കണമെങ്കിൽ ബിജെപി കുറച്ചധികം വിയർക്കേണ്ടി വരും. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ചത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ പാർട്ടി കരുത്താർജിച്ചുതന്നെ നിൽക്കുന്നു. രാജസ്ഥാനിൽ വസുന്ധര രാജ സിന്ധ്യക്കെതിരേയും മധ്യപ്രദേശിൽ ശിവ്രാജ് സിംഗ് ചൗഹാനെതിരേയും കർണാടകത്തിൽ ബസവ രാജ് ബൊമ്മെക്കെതിരേയും പാർട്ടിക്കുള്ളിൽനിന്നു തന്നെ എതിർശബ്ദങ്ങൾ ഉയർന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സഖ്യ കക്ഷികളുടെ കരുത്തു കൂടി അനിവാര്യമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള 25 ലോക്സഭാ സീറ്റുകളും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കു നിർണായകമാകും.
സെബി മാത്യു