തട്ടിപ്പുകാർ വാഴും കാലമോ?
Saturday, June 25, 2022 11:41 PM IST
അനന്തപുരി/ദ്വിജന്
പണ്ടൊക്കെ വലതുപക്ഷക്കാരുടെ കുത്തകയായി കരുതപ്പെട്ടിരുന്ന തട്ടിപ്പുകൾ ഇന്ന് ഇടതുപക്ഷക്കാരുടെയും ഇടതുപക്ഷ ഭരണത്തിന്റെയും മുഖമുദ്രയാവുകയാണോ? പണ്ടൊക്കെ അഴിമതികൾ എന്നു കരുതിയിരുന്ന പലതും ഇന്ന് ആചാരമായിട്ടുണ്ടെന്നതും വാസ്തവം. എങ്കിലും ആർക്കും അംഗീകരിക്കാനാകാത്ത തട്ടിപ്പുകളുടെ എത്രയോ കഥകളാണ് നാട്ടിൽ പടരുന്നത്.
ഇടതുപാർട്ടികൾ ഭരിക്കുന്ന സർക്കാർ വകുപ്പുകളിൽ മാത്രമല്ല, പാർട്ടി ഫണ്ടുകളിലും രക്തസാക്ഷിഫണ്ടുകളി, എന്തിന് നാട്ടിലെ സഹകരണ സംഘങ്ങളിൽ പോലും അന്പരപ്പിക്കുന്ന തട്ടിപ്പുകൾ വ്യാപകമായിരിക്കുന്നു. സിപിഎമ്മിൽ മാത്രമല്ല സിപിഐയിലും ഇത്തരം തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നു. തട്ടിപ്പുകഥകളുടെ ഏറ്റവും ദയനീയമാനം തട്ടിപ്പിനെതിരേ വിരൽ ഉയർത്തുന്നവരാണ് ആദ്യം ‘മരണശിക്ഷ’യ്ക്ക് വിധേയരാകുന്നത് എന്നതാണ്.
കുഞ്ഞിക്കൃഷ്ണന്മാർ
കേരളത്തിലെ സിപിഎമ്മിന്റെ കോട്ടയായ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പാർട്ടി സമാഹരിച്ച രക്തസാക്ഷി ഫണ്ടും പാർട്ടി ഓഫീസിനായി നടത്തിയ ചിട്ടിയും തെരഞ്ഞടുപ്പു ഫണ്ടും ദുരുപയോഗിച്ചതിനെതിരേ പാർട്ടി നേതൃത്വത്തിനു പരാതി കൊടുത്തതിനും അതിനുവേണ്ട രേഖകൾ പാർട്ടി നേതൃത്വത്തിനു കൈമാറിയതിനും പാർട്ടിയുടെ ഏരിയാ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടിപദവികളിൽനിന്നു പുറത്താക്കപ്പെട്ടതാണ് ഏറ്റവും അവസാനം പുറത്തുവന്ന ദുരന്തകഥ. രേഖാമൂലം ആരോപണം ഉന്നയിക്കുന്നവർ പാർട്ടിയിൽനിന്നു പുറത്താക്കപ്പെടുന്നത് ആദ്യസംഭവമല്ല.
മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേ തെളിവുസഹിതം സ്ത്രീപീഡന പരാതി കൊടുത്ത യുവതിയും ഭർത്താവും ഇപ്പോൾ പാർട്ടിയിൽ ഇല്ല. ഇവർ കോണ്ഗ്രസിൽ അഭയം തേടിയതായാണു വാർത്ത. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ ഒളികാമറയിൽ പിടിച്ച സഖാക്കളും പുറത്തായി. പാലക്കാട്ടെ ശശിക്കെതിരേ പരാതി കൊടുത്ത യുവതിയും പാർട്ടിക്കു പുറത്തായി. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിക്കു വിധേയരായവർ ഇപ്പോൾ ഉന്നതപദവികളിൽ വിരാജിക്കുന്നു. അതാണ് സിപിഎമ്മിന്റെ തനിനിറം.
രക്തസാക്ഷി ഫണ്ടുകൾ
പൊതുജീവിതത്തിന് വല്ലാത്ത അപമാനകരമായ സംഭവങ്ങളാണു പയ്യന്നൂരിൽ നടന്നത്. 2011 ജൂലൈ 16ന് വധിക്കപ്പെട്ട വി. ധനരാജ് എന്ന സഖാവിനുവേണ്ടി പാർട്ടി ഫണ്ടുപിരിവു നടത്തി. 85 ലക്ഷം രൂപ പിരിഞ്ഞുകിട്ടി. അതിൽ 25 ലക്ഷം ചെലവിൽ ഒരു വീട് വാങ്ങിക്കൊടുത്തു. ഭാര്യയുടെയും രണ്ടു മക്കളുടെയും പേരിൽ അഞ്ചു ലക്ഷം വച്ച് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു. ധനരാജിന്റെ അമ്മയുടെ പേരിൽ മൂന്നു ലക്ഷം രൂപയും നിക്ഷേപിച്ചു.
മൊത്തം 43 ലക്ഷം രൂപ. ബാക്കി വന്ന 42 ലക്ഷം രൂപ രണ്ടു പാർട്ടി നേതാക്കളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു. പലിശകൊണ്ട് ധനരാജിനുണ്ടായിരുന്നു 15 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കുവാനായിരുന്നു പരിപാടി. എന്നാൽ ഏതാനും മാസത്തിനുള്ളിൽ നേതാക്കൾ തുക സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റി. ധനരാജിന്റെ വായ്പ തിരിച്ചടച്ചതും ഇല്ല.
രക്തസാക്ഷികളുടെ പേരിൽ സമാഹരിക്കുന്ന ഫണ്ട് അതിൽ വല്ലതും ആ കുടുംബത്തിനു കൊടുത്ത് ബാക്കി തുക പാർട്ടി എടുക്കുന്നത് ആദ്യസംഭവമല്ല. മുസ്ലീം തീവ്രവാദികൾ കോളജ് ഹോസ്റ്റലിൽ ചെന്ന് അതിരാവിലെ വിളിച്ചുണർത്തി വെട്ടിക്കൊന്ന അഭിമന്യുവിനായി സമാഹരിച്ച ഫണ്ടിന്റെ കണക്കും കൗതുകകരമാണ്. മൊത്തം സമാഹരിച്ചത് 3.10 കോടി.
ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷവും എറണാകുളം ജില്ലാ കമ്മറ്റി 2.3 കോടിയും സമാഹരിച്ചു. അതിൽ 25 ലക്ഷമാണ് അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരിൽ ബാങ്കിലിട്ടത്. 10 ലക്ഷം പെങ്ങളുടെ പേരിലും ബാങ്കിലിട്ടു. അഭിമന്യുവിന്റെ വീട് പണിതു. ബാക്കി തുക എറണാകുളത്ത് പാർട്ടി വിദ്യാർഥി സെന്ററിനായി ഉപയോഗിക്കുന്നു. അതു ക്രമക്കേടല്ലെന്നാണ് പാർട്ടി പറയുന്നത്. രക്തസാക്ഷികൾക്കു വേണ്ടി സമാഹരിക്കുന്ന തുക പാർട്ടിക്കായി ഉപയോഗിക്കുന്നതു തെറ്റല്ലത്രെ.
പയ്യന്നൂർ വിവാദം
സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലെ ഏറ്റവും ശക്തമായ കോട്ടയാണ് പയ്യന്നൂർ. സാക്ഷാൽ പിണറായി വിജയൻ ഒരിക്കൽ മത്സരിച്ചു ജയിച്ച മണ്ഡലം. കുറേക്കാലമായി അവിടെ അത്ര സുഗമമല്ല കാര്യങ്ങൾ. 2008ൽ പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് പയ്യന്നൂരിലെ ഏരിയ സെക്രട്ടറിയെ മാറ്റേണ്ടി വന്നു. അങ്ങനെ ഏരിയ സെക്രട്ടറിയായി വന്ന നേതാവാണ് കുഞ്ഞികൃഷ്ണൻ.
രക്തസാക്ഷി ഫണ്ട് ദുരുപയോഗിച്ച സഖാക്കൾക്കെതിരേ നടപടി ആവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തെ സമീപിച്ചു. ജില്ലാ നേതാക്കന്മാരുടെ അനുവാദത്തോടെ ആരോപണവിധേയരായവരുടെ ബാങ്ക് രേഖകൾ വരെ സമാഹരിച്ചു നേതൃത്വത്തിനു സമർപ്പിച്ചു. ധനരാജിന്റെ ഭാര്യക്കു സഹകരണബാങ്കിൽ ജോലി തരപ്പെടുത്തിയതുകൊണ്ട് വായ്പ തിരിച്ചടച്ചില്ലെന്നാണ് പാർട്ടി ഭാഷ്യം.
പിരിച്ചുകിട്ടിയതിൽ 42 ലക്ഷം രൂപ പാർട്ടി ഓഫീസ് നിർമാണത്തിന് എടുത്തു എന്നാണ് ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ മധുസൂദനൻ പറയുന്നത്. അത്തരം ഒരു തീരുമാനം ഏരിയ കമ്മിറ്റി എടുത്തിട്ടില്ലെന്നു കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാണിച്ചു. പാർട്ടി ഓഫീസ് നിർമാണത്തിനായി നടത്തിയ ചിട്ടിയുടെ കാര്യത്തിലും മധുസൂദനന്റെ തെരഞ്ഞെടുപ്പു ഫണ്ട് സംബന്ധിച്ചും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.
വ്യാജ രസീതുകൾ നൽകി ഫണ്ട് സമാഹരണം നടത്തിയതിനും തെളിവുകൾ പുറത്തുവന്നു. പാർട്ടി നേതൃത്വം ഇടപെട്ടു. കുറ്റക്കാരെ ശിക്ഷിക്കാൻ തീരുമാനിച്ചു. ഏറ്റവും വലിയ ശിക്ഷ പരാതി ഇന്നയിച്ച കുഞ്ഞിക്കൃഷ്ണനുതന്നെ ആയിരുന്നു. അദ്ദേഹത്തെ പാർട്ടി പദവികളിൽനിന്നു മാറ്റി. മറ്റുള്ളവർക്കെല്ലാം തരംതാഴ്ത്തലോ അതുപോലുള്ള ശിക്ഷകളോ മതി എന്നായിരുന്നു തീരുമാനം. 10 മണിക്കൂർ ദീർഘിച്ച സമ്മേളനത്തിൽ ഏരിയാ കമ്മിറ്റിയിലെ 21 അംഗങ്ങളിൽ 16 പേരും കുഞ്ഞിക്കൃഷ്ണനെതിരേ നടപടി എടുക്കുന്നതിനെ എതിർത്തു.
അഞ്ചുപേർ നിഷ്പക്ഷത പാലിച്ചു. പക്ഷേ പാർട്ടി തീരുമാനം നടപ്പാക്കി. നിരാശനായ കുഞ്ഞിക്കൃഷ്ണൻ പൊതുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നടത്തിയ അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെട്ടു. ഒരു ഇടതുപക്ഷ അനുഭാവി മാത്രമായി തുടരുന്നതേയുള്ളു എന്ന കട്ടായ സമീപനത്തിലാണ് കുഞ്ഞിക്കൃഷ്ണൻ.
കരുവന്നൂർ തട്ടിപ്പ്
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ 40 വർഷമായി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കാണ് കരൂവന്നുർ സഹകരണ ബാങ്ക്. 358 കോടി നിക്ഷേപവും 320 കോടി വായ്പയും ഉണ്ടായിരുന്ന സഹകരണ പ്രസ്ഥാനം. അവിടെ നടന്നത് 104 കോടിയുടെ തട്ടിപ്പാണ്. അത് ഔദ്യോഗിക കണക്ക്. പ്രതിപക്ഷം പറയുന്നത് 300 കോടിയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ്.
അംഗങ്ങളിൽ പലരും തങ്ങളുടെ ബാങ്ക് വായ്പയെക്കുറിച്ച് അറിയുന്നത് പണം തിരിച്ചടയ്ക്കുന്നതിനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ്. 2021 ജൂലൈ 19നാണു തട്ടിപ്പു പുറത്തുവന്നത്. നടപടികൾ ഉണ്ടായി. അതിന്റെ സ്ഥിതി എന്തായെന്ന് ആർക്കും ഉറപ്പില്ല. എങ്കിലും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ എല്ലാ പ്രതികളും ജോലിക്കു തിരിച്ചു കയറി.
കണ്ടല തട്ടിപ്പ്
തിരുവനന്തപുരം ജില്ലയിലെ കണ്ടലയിൽ 25 വർഷമായി സിപിഐക്കാർ ഭരിക്കുന്ന സഹകരണ സ്ഥാപനമാണ് കണ്ടല സഹകരണ ബാങ്ക്. അവിടെയും കണ്ടുപിടിച്ചിരിക്കുന്നത് 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. ബാങ്ക് പ്രസിഡന്റിന്റെ വീട്ടിലേക്കുതന്നെ എടുത്തിരിക്കുന്ന വായ്പ 90 ലക്ഷം രൂപയുടേതാണ്. തിരിച്ചടവു മുടങ്ങി. പ്രസിഡന്റിന്റെ പാർട്ടിക്കാരനായ മറ്റൊരു നേതാവിന്റെ വായ്പ 2.2 കോടി. തിരിച്ചടവില്ല.
101 കോടിയുടെ തട്ടിപ്പു നടന്നതായി റിപ്പോർട്ട് കിട്ടിയിട്ട് അഞ്ചുമാസമായെങ്കിലും ഭരണസമിതി തുടരുന്നു. പ്രസിഡന്റ് മിൽമയിലും കടന്നുകൂടിയിട്ടുണ്ട്. ഇനിയുള്ള തട്ടിപ്പുകൾ വേറെ ലെവലാകുമായിരിക്കും. എല്ലാ പാർട്ടിക്കാരും സഹകരണസംഘങ്ങൾ പിടിച്ചെടുക്കുന്നതുതന്നെ തട്ടിപ്പു നടത്താനോ എന്നു സംശയിക്കത്തക്ക വിധത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ട്രഷറി തട്ടിപ്പ്
സർക്കാരിന്റെ പണപ്പെട്ടിയായ ട്രഷറിയിൽനിന്നു പണം തട്ടിക്കുന്നതിന്റെ കഥ ആദ്യം വന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വഞ്ചിയൂർ ട്രഷറിയിൽനിന്നുമാണ്. ഇടതു യൂണിയൻ പ്രവർത്തകനായ എം.ആർ. ബിജുലാൽ ട്രഷറിയിൽനിന്നു സ്വന്തം അക്കൗണ്ടിലേക്ക് 2.73 കോടി രൂപയാണു മാറ്റിയത്. തട്ടിപ്പിന്റെ സൂചന കിട്ടി മൂന്നു മാസത്തോളം ഒരു നടപടിയും ഉണ്ടായില്ല. അവസാനം തട്ടിപ്പു പുറത്തുവന്നു.
പോലീസ് കേസന്വേഷിച്ചു. ബിജുലാലിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നു രണ്ടുകോടി തിരിച്ചുപിടിച്ചു. 73 ലക്ഷം നഷ്ടപ്പെട്ടു. ബിജുലാൽ മുൻകൂർ ജാമ്യം അടക്കമുള്ള വഴികൾ തേടിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതിക്കു പുറത്തിറങ്ങാനുള്ള അവസരമുണ്ടാക്കി. തട്ടിപ്പുകളോടുള്ള, പ്രതികൾക്കനുകൂലമായ, സർക്കാരിന്റെ ഈ സമീപനമാണ് അന്പരപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പെരുനാട് നടന്ന ട്രഷറി തട്ടിപ്പിലെ പ്രതിയും വലിയ പരിക്കുകളില്ലാതെ ജീവിക്കുന്നു.
അത്യുന്നതങ്ങളിലെ കഥകൾ
ഈ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം തട്ടിപ്പുകേസിൽ പ്രതികളായവർക്കു കിട്ടുന്ന സംരക്ഷണം മനസിലാക്കേണ്ടത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനു മാത്രമല്ല കേസുകളിലെ പ്രതികളായി സസ്പൻഡ് ചെയ്യപ്പെടുന്നവർക്കെല്ലാം പുതിയ ലാവണങ്ങൾ കിട്ടുകയാണ്.
സ്വർണക്കടത്തു കേസ് സംബന്ധിച്ചു സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലെ വിവരം ശേഖരിക്കാൻ അവരുടെ സൃഹൃത്ത് സരിത്തിനെ തട്ടിക്കൊണ്ടു പോയതിനു നേതൃത്വം കൊടുത്ത വിജിലൻസ് ഡയറക്ടർക്കു മൂന്നാംപക്കം പുതിയ തസ്തികയായി. അതിലെ ഏറ്റവും വലിയ വിചിത്രമായ കാര്യം അദ്ദേഹത്തിനു കൊടുത്തതു മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ചുമതലയാണെന്നതാണ്. മദ്യപിച്ചു വണ്ടി ഓടിച്ചു രാത്രി പത്രപ്രവർത്തകനെ ഇടിച്ചുകൊന്ന കേസിലെ പ്രതിയും തിരിച്ചുകയറി.
സ്വപ്നയുടെ കുരുക്കുകൾ
സ്വപ്ന പുറത്തുവിടുന്ന വാർത്തകൾ ശരിക്കും സംശയം വർധിപ്പിക്കുന്നവയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സംഭവിച്ച സ്പ്രിംഗ്ളർ ഇടപാടിനു പിന്നിൽ അക്കാലത്തു സംശയിച്ചിരുന്നതുപോലെ വലിയ അഴിമതിയുടെ ഏർപ്പാടുണ്ടെന്നു ശിവശങ്കർ തന്റെ വീട്ടിൽ വച്ചു പറഞ്ഞതായി സ്വപ്ന പറയുന്നു. തന്റെ മക്കൾപോലും അതു കേട്ടതാണെന്നും അവർ പറഞ്ഞു. ഇന്നു സ്വപ്ന പറയുന്ന ആരോപണങ്ങൾ അന്തരിച്ച പി.ടി. തോമസ് അക്കാലത്ത് ഉന്നയിച്ചിരുന്നതുമാണ്. പി.ടി. തോമസിനെ കുടുക്കാൻ കെണിയൊരുക്കിക്കൊണ്ടാണ് സഖാക്കൾ പ്രതികാരം ചെയ്തത്. തോമസ് പക്ഷേ രക്ഷപ്പെട്ടു.
സ്പ്രിംഗ്ളർ ഇടപാടിൽ മന്ത്രി ശൈലജ ശിവശങ്കറിനെ ശക്തമായി എതിർത്തിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. അതിലുള്ള രോഷവും അമർഷവും ശിവശങ്കർ തന്റെ വീട്ടിലിരുന്നു പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് സ്വപ്ന പറയുന്നത്. കോവിഡ് കാലത്ത് അനിവാര്യമായി വന്ന പിപിഇ കിറ്റ് കച്ചവടത്തിലെ കളികളെക്കുറിച്ചും ശിവശങ്കർ പറഞ്ഞിരുന്നതായി സ്വപ്ന വെളിപ്പെടുത്തുന്നു. കെ-ഫോണ് പദ്ധതിയിലും ഇത്തരം തട്ടിപ്പിന്റെ ചരടുകൾ ഉണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കർ നടത്തിയ എല്ലാ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കേണ്ട സ്ഥിതിയാണിത്. ഇനിയും പറയാൻ ഏറെ ബാക്കിയുണ്ടെന്നാണ് സ്വപ്ന പറയുന്നത്.