കാലത്തിനു മുന്പേ സഞ്ചരിച്ച ഗ്രിഗർ മെൻഡൽ
Tuesday, July 19, 2022 10:11 PM IST
ജനിതകശാസ്ത്രത്തിന്റെ പിതാവ് ജോൺ ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാമത് ജന്മദിനമാണിന്ന്. കത്തോലിക്കാ സഭയിലെ അഗസ്റ്റീനിയൻ സന്യാസ വൈദികനായിരുന്ന മെൻഡലിന്റെ മരണശേഷം 34 വർഷം കഴിഞ്ഞപ്പോഴാണ് ലോകം അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞത്. ഇന്നത്തെ ജനിതക ശാസ്ത്രജ്ഞർക്ക് ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമുണ്ട്. ഗ്രിഗർ മെൻഡലിന് ഈ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്താണ് പരീക്ഷണങ്ങൾ നടത്തിയിരുന്നത്. അസാമാന്യമായ ക്ഷമയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.
വൈദികജീവിതത്തിലേക്ക്
ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മൊറാവിയ സംസ്ഥാനത്ത് (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ) ഒരു കർഷകകുടുംബത്തിൽ 1822 ജൂലൈ 20നായിരുന്നു ജർമൻ വംശജനായ മെൻഡലിന്റെ ജനനം. അച്ഛൻ ആന്റണ് മെൻഡൽ. അമ്മ റോസിൻ മെൻഡൽ. അദ്ദേഹത്തിന് വെറോണിക്ക എന്ന ചേച്ചിയും തെരേസിയ എന്ന അനുജത്തിയും ഉണ്ടായിരുന്നു.
മെൻഡൽ കുട്ടിക്കാലത്തുതന്നെ തോട്ടക്കാരനായും തേനീച്ച വളർത്തുകാരനായും പിന്നീട് ട്യൂഷൻ ടീച്ചറായുമൊക്കെ ജോലി ചെയ്തു. തികഞ്ഞ കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്ന കുടുംബത്തിൽ ജനിച്ച്, ചിട്ടയും പരിശീലനവും നേടിക്കൊണ്ട് ദൈവപരിപാലനയിൽ ഉത്തമയുവാവായി വളർന്ന അദ്ദേഹത്തിന് വൈദിക വൃത്തിയിലായിരുന്നു താത്പര്യം.
തന്നെ ഭൗതികശാസ്ത്രം പഠിപ്പിച്ച ഒരു അഗസ്റ്റീനിയൻ വൈദികന്റെ നിർദേശപ്രകാരം 21-ാംമത്തെ വയസിൽ ബ്ര്യൂണി നഗരത്തിലെ സെന്റ് തോമസ് അഗസ്റ്റീനിയൻ ആബിയിൽ അദ്ദേഹം ചേർന്നു. ഇതോടെ ഗ്രിഗോർ എന്ന ഔദ്യോഗിക നാമവും സ്വീകരിച്ചു. കുട്ടിക്കാലം മുതലേ കൃഷികാര്യങ്ങളിൽ തത്പരനായിരുന്ന മെൻഡൽ വൈദികപഠനത്തോടൊപ്പം കൃഷിപഠനവും നടത്തി.
പയറുചെടിയിൽ പരീക്ഷണം
മെൻഡലിന് ജനിതക കാര്യങ്ങൾ സംബന്ധിച്ച ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു. കർഷകകുടുംബത്തിൽനിന്നുള്ള അദ്ദേഹം അതിനായി തെരഞ്ഞെടുത്തത് പയറുചെടികളായിരുന്നു. അദ്ദേഹം അതിൽ ചില പരീക്ഷണങ്ങൾ നടത്തി. ഉയരമുള്ള പയർചെടിയെ ഉയരം കുറഞ്ഞതുമായി ക്രോസ് ചെയ്തപ്പോൾ കിട്ടിയതൊക്കെയും ഉയരം കൂടിയ ചെടികളായിരുന്നു. ഈ രണ്ടാം തലമുറ ചെടികൾ തമ്മിൽ ക്രോസ് ചെയ്തപ്പോൾ നാലിൽ ഒന്നുവീതം ഉയരം കുറഞ്ഞ ചെടികളുമുണ്ടായി.
പ്രാണികൾ വഴി, അനഭിലഷണീയമായ രീതിയിൽ പരാഗണം നടന്നുപോകാതിരിക്കാൻ അവയെ പൊതിഞ്ഞു സൂക്ഷിച്ചു. കുറച്ചൊന്നുമല്ല, മുപ്പതിനായിരത്തോളം ചെടികളാണ് അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണ നിരീക്ഷണങ്ങൾ പൂർത്തിയാകാൻ. പയറുചെടിയിലുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയ മെൻഡൽ തേനീച്ചകളിലും മൃഗങ്ങളിലുമൊക്കെ പരീക്ഷണങ്ങൾ തുടർന്നു. ധാരാളം തേൻ ഉൽപാദിപ്പിക്കുന്ന ഒരു ഇനത്തെ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പക്ഷേ സസ്യങ്ങളിലെ പരീക്ഷണം പോലുള്ള വിജയം നേടാനായില്ല.
ആർക്കും ഒന്നും മനസിലായില്ല!
ഗ്രിഗർ മെൻഡൽ 1865 ഫെബ്രുവരി എട്ടിനാണ് തന്റെ ഗവേഷണഫലങ്ങൾ ഒരു സമിതിയുടെ മുന്പാകെ അവതരിപ്പിക്കുന്നത്. നൂറോളം പേജുകളിൽ എഴുതി തയാറാക്കിയ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധാവതരണം രണ്ട് ദിവസമായാണ് പൂർത്തിയാക്കിയത്. അന്ന് ആ സദസിലുണ്ടായിരുന്ന ആർക്കും ആ പ്രബന്ധത്തിന്റെ ഉള്ളടക്കവും പ്രാധാന്യവും മനസിലായില്ല.
ബ്ര്യൂണ് നഗരത്തിലെ ഒരു ദിനപത്രത്തിൽ മെൻഡലിന്റെ ഗവേഷണത്തക്കുറിച്ചുള്ള കുറിപ്പ് അച്ചടിച്ചുവന്നു. ഇതു മാത്രമായിരുന്നു എട്ടുവർഷത്തോളം നീണ്ട മെൻഡലിന്റെ ഗവേഷണത്തിനു ലഭിച്ച അംഗീകാരം. ഒരു കോപ്പി ചാൾസ് ഡാർവിനു വരെ അയച്ചുകൊടുത്തു. ചാൾസ് ഡാർവിൻ അതു വായിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് പല ജീവജാതികൾ ഉണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അന്നേ പിടികിട്ടിയേനെ. മെൻഡലിന്റെ ഗവേഷണം ലോകം ശ്രദ്ധിച്ചേനെ.
ഒടുവിൽ അംഗീകാരം
താൻ ജീവിച്ച കാലത്തിനും ഏറെ മുന്നിലായിരുന്നു മെൻഡൽ. ഒരു പുത്തൻ വിജ്ഞാന ശാഖയുടെ പിതാവ് എന്നു പോയിട്ട് ഒരു ശാസ്ത്രജ്ഞനായിപോലും അദ്ദേഹത്തെ ലോകം അംഗീകരിച്ചില്ല. 1900ൽ ജർമൻ ഗവേഷകനായ കാൾ കോറൻസ്, ഡച്ച് ശാസ്ത്രജ്ഞനായ ഹ്യൂഗോ ഡീവ്രീസ്, ഓസ്ട്രിയക്കാരനായ എറിക് ഷെർമാക്ക് എന്നീ ഗവേഷകരാണ് മെൻഡലിന്റെ ഗവേഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. വൈകിയാണെങ്കിലും ജനറ്റിക്സിന്റെ പിതാവായി ലോകം ഗ്രിഗർ മെൻഡലിനെ അംഗീകരിച്ചു. കേംബ്രിജിലെ ജന്തുശാസ്ത്ര പ്രഫസറായിരുന്ന ആദം സെഡ്വിക് 1905ലാണ് ജനറ്റിക്സ് എന്ന പദം ആദ്യമായി പ്രയോഗിക്കുന്നത്. മെൻഡലിന്റെ പഠനം കുറേക്കൂടി മുന്നോട്ടു കൊണ്ടുപോയത് തോമസ് ഹണ്ട് മോർഗൻ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പഴയീച്ചകളിൽ നടത്തിയ പഠനങ്ങളിലൂടെയാണ്. വൈകിയാണെങ്കിലും ലോകം അംഗീകരിച്ച ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാമത് ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്.