തായ്വാനുമേൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ
Wednesday, August 3, 2022 10:51 PM IST
ഡോ. സന്തോഷ് വേരനാനി
അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാൻ സന്ദർശനം ചൈനയും അമേരിക്കയും തമ്മിലുള്ള കൊമ്പുകോർക്കലിനു വഴിവച്ചിരിക്കുകയാണ്. സംഘർഷത്തിന്റെ കാർമേഘങ്ങൾ തായ്വാനുമേൽ ഉരുണ്ടുകൂടുകയും ചെയ്തിരിക്കുന്നു. ചൈനയുടെ കടുത്ത മുന്നറിയിപ്പുകൾ അവഗണിച്ചാണ് നാന്‍സി പെലോസി തായ്വാനിൽ എത്തിയത്. മലേഷ്യൻ സന്ദർശനം പൂർത്തിയാക്കിയാണ് ചൊവ്വാഴ്ച രാത്രി പെലൊസി തായ്പേയിൽ വിമാനമിറങ്ങിയത്.
തങ്ങളുടെ ഭൂപ്രദേശമായ തയ്വാനിൽ അമേരിക്ക ബോധപൂർവം പ്രകോപനം സൃഷ്ടിക്കുന്നു എന്നാണ് ചൈനയുടെ വിമർശനം. പെലോസിയുടെ സന്ദർശനത്തെത്തുടർന്ന് ചൈന യുദ്ധവിമാനങ്ങൾ വിന്യസിക്കുകവരെ ചെയ്തു. എന്നാൽ സന്ദര്‍ശനത്തെ സംഘര്‍ഷത്തിലേക്കു കൊണ്ടുപോകേണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രതികരണം. ഏതായാലും അമേരിക്കയുടെ നാലു യുദ്ധക്കപ്പലുകൾ നേരത്തേതന്നെ തായ്വാന്റെ കിഴക്കൻതീരത്ത് തമ്പടിച്ചിട്ടുണ്ട്. ഇതോടെ രണ്ടു വൻ ശക്തികൾ നേർക്കുനേർ വന്നുകഴിഞ്ഞിരിക്കയാണ്. രാജ്യത്തെ സ്വാതന്ത്ര്യവാദികൾക്ക് പിന്തുണയെന്നോണമാകും പെലോസിയുടെ സന്ദർശനം വിലയിരുത്തപ്പെടുക.1997ൽ അന്നത്തെ സ്പീക്കർ ന്യൂട്ട് ഗിംഗ്റിച്ചിനുശേഷം രാജ്യത്തെത്തുന്ന യുഎസിലെ ഉന്നതപദവിയുള്ള വ്യക്തിയാണ് പെലോസി. ‘ഏകീകൃത ചൈന’എന്ന നയത്തിൽ വിശ്വസിക്കുന്ന ചൈന, തായ്വാനെ അവരുടെ ഭാഗമായാണു കാണുന്നത്. എന്നാൽ, തായ്വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്നതാണ് യുഎസിന്റെ നിലപാട്.
ആശങ്കയോടെ ചൈന
തായ്വാൻ സന്ദർശിക്കാനുള്ള യുഎസ് സ്പീക്കറുടെ തീരുമാനം തായ്വാന്റെ അസ്തിത്വം ഊട്ടിയുറപ്പിക്കുന്ന നടപടിയായാണ് ചൈന കാണുന്നത്. അതാണ് ചൈനയെ ചൊടിപ്പിക്കുന്നതും. അമേരിക്കയിൽ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ എന്തെങ്കിലും സംഭവിച്ചാൽ, ജനപ്രതിനിധിസഭയിലെ സ്പീക്കർ അടുത്ത പ്രസിഡന്റാകേണ്ട വ്യക്തിയാണ്. അത്രത്തോളം ഉയർന്ന പദവി വഹിക്കുന്നയാൾ തായ്വാൻ സന്ദർശിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതമാണ് ചൈന ഭയപ്പെടുന്നത്.
പെലോസി എന്ന എൺപത്തിരണ്ടുകാരി ഏഷ്യാ സന്ദർശനത്തിനു തുടക്കമിട്ട് സിംഗപ്പൂരിലാണ് ആദ്യമെത്തിയത്. തുടർന്ന് മലേഷ്യയിലെത്തി അധോസഭാ സ്പീക്കർ അസർ അസീസൻ ഹാരൂണുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ദക്ഷിണകൊറിയ സന്ദർശിക്കുന്ന അവർ, ജപ്പാനിലുമെത്തും.
പെലോസി തായ്വാൻ സന്ദർശിച്ചാൽ ചൈനീസ് സൈന്യം നോക്കിനിൽക്കില്ലെന്ന് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയൻ നേരത്തെ പറഞ്ഞിരുന്നു. തായ്വാൻ വിഷയത്തിൽ തീക്കളി വേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പു നൽകി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉത്തരവാദിത്വം നിറവേറ്റിയിരുന്നു. ഇരുനേതാക്കളും നേരിട്ടു കൂടിക്കാഴ്ച നടത്താനുള്ള സാധ്യത പരിശോധിച്ചുവരുന്നതായി ഇതിനിടെ വൈറ്റ് ഹൗസ് അറിയിച്ചു. നവംബറിൽ ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടിയില്‍ ഷി പങ്കെടുക്കും. ഇതിനോടനുബന്ധിച്ചായിരിക്കും കൂടിക്കാഴ്ച.
കൂട്ടായി റഷ്യ
ചൈന ഇപ്പോൾതന്നെ ലോകത്തെ രണ്ടാമത്തെ ശക്തിയാണ്. റഷ്യ അവരുടെ കൂടെയുണ്ട്. ആധുനികചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരായി തുല്യശക്തികളെന്ന നിലയ്ക്ക് ചൈനയും റഷ്യയും ശാക്തിക മത്സരത്തിനൊരുമ്പെടുന്നത്. 2001 ഡിസംബറിൽ ചൈന വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (WTO) ഭാഗമായതോടെ ലോകമെമ്പാടും ഉപഭോഗവസ്തുക്കൾ കയറ്റി അയയ്ക്കുന്ന വാണിജ്യകേന്ദ്രമായി ചൈന മാറി. ഡോളറിന്റെ അപ്രമാദിത്വം ഇപ്പോൾ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. റഷ്യ എണ്ണവില ‘റൂബിളി’ലാണ് സ്വീകരിക്കുന്നത്.
റഷ്യയും ചൈനയും അവരുടെ സാമ്പത്തികസംവിധാനങ്ങൾ പരസ്പരം ലയിപ്പിക്കാൻ തീരുമാനിക്കുകയാണ്. ചൈനയുടെ യുവാൻ കറൻസി അന്താരാഷ്ട്രതലത്തിൽ ഡോളറിനു പകരം ഉപയോഗിക്കാവുന്നതാണെന്ന് റഷ്യ വാക്കു കൊടുത്തിരിക്കുന്നു. ഇത് അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ–പസഫിക് മേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും യുഎസിന്റെ പിൻതുണ വാഗ്ധാനവും ചൈനയെ ഉന്നംവച്ചുള്ളതാണ്.