വിശ്വാസം, അതാണല്ലോ പ്രധാനം!
Saturday, October 1, 2022 1:33 AM IST
‘പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോള്‍’ ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരുടെ പ്രധാന മുദ്രാവാക്യമായിരുന്നിത്. സ്വതന്ത്രഭാരതത്തില്‍ 1990കള്‍ വരെ കടലാസ് ബാലറ്റുകള്‍ ആയിരുന്നു. രാജ്യത്ത് ആദ്യമായി 1982ല്‍ കേരളത്തിലെ നോര്‍ത്ത് പറവൂര്‍ നിയമസഭാമണ്ഡലത്തിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചതോടെ ചരിത്രം വഴിമാറി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയിലാകെ പേപ്പര്‍ ബാലറ്റ് സംവിധാനം ഇല്ലാതാക്കിയത്. കടലാസ് ബാലറ്റുകള്‍ക്കു കടലാസിന്റെ വില പോലും ഇല്ലാതായി.
ആധുനികതയുടെ പ്രതീകമായ ഇലക്ടോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) രാജ്യത്തെല്ലായിടത്തും ഉപയോഗിച്ചതോടെ വോട്ടെടുപ്പും വോട്ടെണ്ണലും അതിവേഗമാകുമെന്നു ജനം മോഹിച്ചു. പക്ഷേ ഇപ്പോഴും വോട്ടെടുപ്പു കഴിഞ്ഞ് മൂന്നും അതിലേറെയും ദിവസം കഴിഞ്ഞാണു വോട്ടെണ്ണലും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനവും. വോട്ടിംഗ് യന്ത്രങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളിൽ ഒരു വിഭാഗം ജനങ്ങളെങ്കിലും സംശയം ഉയര്‍ത്തുന്നുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു കൃത്രിമവും ഇല്ലെന്നും ബഹുകേമമെന്നും സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ആണയിടുന്നു.
പരീക്ഷിക്കാത്ത വോട്ടിംഗ് യന്ത്രം
കേരളത്തിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ളതും ഒരു പാര്‍ലമെന്റ് മണ്ഡലത്തിലേതിലും കുറവ് വോട്ടര്‍മാര്‍ ആകെയുള്ളതുമായ കുവൈറ്റില്‍ പക്ഷേ ഇപ്പോഴും കടലാസ് ബാലറ്റാണ് ഉപയോഗിക്കുന്നത്. എത്ര മികച്ച വോട്ടിംഗ് യന്ത്രം വേണമെങ്കിലും സ്ഥാപിക്കാന്‍ സാമ്പത്തികഭദ്രതയുള്ള രാജ്യം എന്തിനാണു പഴയ രീതി തുടരുന്നതെന്നു സ്വാഭാവികമായും ചോദിക്കാം. കുവൈറ്റിലെ ദേശീയ അസംബ്ലിയിലേക്കു കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്ന ദീപിക ലേഖകന്‍ ഇതേക്കുറിച്ചു പഠിക്കാന്‍ ശ്രമിച്ചു.
സൂക്ഷ്മതയിലും ഫലപ്രഖ്യാപനത്തിലെ വേഗതയിലും വോട്ടിംഗ് യന്ത്രങ്ങളെക്കാള്‍ മെച്ചം കടലാസ് ബാലറ്റുകള്‍ തന്നെയാണെന്ന് കുവൈറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതിലേറെ വിശ്വാസ്യതയില്‍ പത്തര മാറ്റാണ് കടലാസ് ബാലറ്റുകള്‍. വോട്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമങ്ങള്‍ നടത്താനും അവ പിടിക്കപ്പെടാതിരിക്കാനും വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം കൂടുതല്‍ സാധ്യതയും അവസരവും ഒരുക്കുന്നുവെന്നാണു സാങ്കേതിക വിദഗ്ധരുടെയും വോട്ടര്‍മാരുടെയും അഭിപ്രായമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
രാവിലെ എട്ടിനു തുടങ്ങി രാത്രി എട്ടിനു തീരുന്ന വോട്ടെടുപ്പിന്റെ ഫലം അതേ രാത്രിയില്‍ തന്നെ കുവൈറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്. അതിനാല്‍ വേഗതയുടെ പ്രശ്നവുമില്ല. കുവൈറ്റ് പോലെയൊരു ചെറുരാജ്യവുമായി ഇന്ത്യക്ക് താദാത്മ്യമില്ല. പക്ഷേ കടലാസ് വോട്ടിംഗിലെ വിശ്വാസ്യതയുടെ കാര്യത്തില്‍ വ്യത്യാസമില്ല. പഴയ രീതിയില്‍ കടലാസ് ബാലറ്റുകള്‍ വേണമെന്ന ആവശ്യത്തോടു ഇന്ത്യയില്‍ പക്ഷേ തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസര്‍ക്കാരും മുഖം തിരിക്കുന്നു!
അര്‍ഥവത്താകണം ജനാധിപത്യം
പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറതന്നെ തെരഞ്ഞെടുപ്പിലെ വിശ്വാസ്യതയാണ്. ജനഹിതം അട്ടിമറിക്കപ്പെടാനുള്ള വിദൂര സാധ്യതകള്‍ പോലും ഇല്ലാതാക്കേണ്ടതുണ്ട്. വോട്ടിംഗ് യന്ത്രങ്ങളിലെ കണക്കുകളും മൊത്തം അതാതു ബൂത്തില്‍ വോട്ടു ചെയ്തവരുടെ എണ്ണത്തിൽ പോലും വ്യത്യാസം കണ്ടെത്തിയ നിരവധി സംഭവങ്ങളുണ്ട്. ഓരോ വോട്ടും ചെയ്യുമ്പോള്‍ താന്‍ അമര്‍ത്തിയ ബട്ടണിലുള്ള സ്ഥാനാര്‍ഥിക്കു തന്നെയാണു കിട്ടുന്നതെന്നു ഉറപ്പാക്കാന്‍ വോട്ടിംഗ് സ്ലിപ്പുകള്‍ കൂട്ടി ചേര്‍ത്തത് ഇത്തരം പരാതികള്‍ ഇല്ലാതാക്കാനാണ്.
വോട്ടിംഗ് സ്ലിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടും കൃത്രിമത്തിനു സാധ്യത നൂറു ശതമാനം ഇല്ലാതായെന്നു വിശ്വസിക്കാത്തവര്‍ നിരവധിയുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ വിദൂരത്തിരുന്ന് ഇന്റര്‍നെറ്റിലൂടെ വോട്ടു ചെയ്യുന്ന സംവിധാനം വരെയുള്ളവയും നിലവിലുണ്ട്. എന്നാൽ എവിടെയൊക്കെയോ സംശയത്തിന്റെ കുന്തമുനകള്‍ ഉയര്‍ന്നു നില്ക്കുന്നു. ആശങ്കകളും സംശയങ്ങളും ദുരീകരിക്കപ്പെടേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യം അര്‍ഥവത്താകൂ.
കടലാസ് ബാലറ്റുകള്‍ക്ക് വില
വികസിത രാജ്യങ്ങളില്‍ അടക്കം ഭൂരിപക്ഷം ലോകരാജ്യങ്ങളിലും കടലാസ് ബാലറ്റുകളാണ് ഇന്നും ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നത്. ‘എസിഇ ഇലക്ട്രല്‍ നോളജ് നെറ്റ്വര്‍ക്ക്’ വിവരം ശേഖരിച്ച 227 രാജ്യങ്ങളില്‍ 209 എണ്ണത്തില്‍ പേപ്പര്‍ ബാലറ്റുകള്‍ സ്വമേധയാ അടയാളപ്പെടുത്തിയാണു വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. മിക്ക രാജ്യങ്ങളിലും സ്ഥാനാര്‍ഥികളുടെ മുഴുവന്‍ പട്ടികയും അല്ലെങ്കില്‍ പാര്‍ട്ടികളുടെ പേരും അടങ്ങുന്ന പേപ്പര്‍ ബാലറ്റില്‍ - X, ക്രോസ് അല്ലെങ്കില്‍ ചെക്ക്മാര്‍ക്ക് പോലുള്ള ചിഹ്നമാണ് വോട്ടര്‍മാര്‍ രേഖപ്പെടുത്തേണ്ടത്.
ഇസ്രയേലും മാലിയും ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍, വോട്ടര്‍മാര്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ബാലറ്റ് തെരഞ്ഞെടുക്കുകയാണ്. തുടര്‍ന്ന് പേപ്പര്‍ ബാലറ്റില്‍ വോട്ടു അടയാളപ്പെടുത്തി ഒരു കവറിലിട്ട് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കും. ഇന്ത്യ, സിംഗപ്പൂര്‍ തുടങ്ങിയവ അടക്കം വെറും പത്തു ശതമാനം രാജ്യങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത്. മിക്കയിടത്തും ചില പ്രവിശ്യകളില്‍ കടലാസ് ബാലറ്റും മറ്റു ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിക്കുന്നു.
കാനഡ, സ്വിറ്റ്സര്‍ലന്‍ഡ്, അര്‍മേനിയ, എസ്തോണിയ എന്നീ നാലു രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടിംഗ് നടപ്പാക്കിക്കഴിഞ്ഞു. അതേസമയം, ഗാംബിയയില്‍ ഏറ്റവും പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡ്രമ്മുകളില്‍ മാര്‍ബിളുകള്‍ സ്ഥാപിക്കുന്ന സമ്പ്രദായത്തിലാണ്. നിരക്ഷരരായ വോട്ടര്‍മാരെ സഹായിക്കുന്നതിന് 1960കളില്‍ തുടങ്ങിയ രീതിയാണിത്.
വിദേശത്തെ പൗരനും അവകാശം
നിരവധി രാജ്യങ്ങള്‍ വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെ 151 രാജ്യങ്ങളില്‍ അവരുടെ പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലും പ്രവാസികള്‍ക്ക് വോട്ട് അനുവദിച്ചെങ്കിലും നിലവില്‍ നാട്ടിലെ പോളിംഗ് ബൂത്തില്‍ നേരിട്ടെത്തിയാല്‍ മാത്രമേ വോട്ടവകാശം വിനിയോഗിക്കാനാകുകയുള്ളൂ. യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകളില്‍ വിദേശത്തുള്ള അവരുടെ വോട്ടര്‍മാര്‍ക്ക് വോട്ടവകാശമുണ്ട്.
‘ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ്’ എന്ന സംഘടന വിലയിരുത്തിയ 216ല്‍ 152 രാജ്യങ്ങളില്‍ വിദേശത്തുള്ള അവരുടെ പൗരന്മാര്ക്കും വോട്ടവകാശമുണ്ട്. നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ (124), പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ (88), റഫറണ്ടം (74) എന്നിവയ്ക്കെല്ലാം ബാഹ്യവോട്ടിംഗ് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലും പല തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്കായി വിദേശത്തുനിന്നു വോട്ടുചെയ്യാന്‍ പൗരന്മാരെ അനുവദിക്കുന്നതില്‍ ഇനിയും തടസം പാടില്ല. യൂറോപ്പിലെ 23 രാജ്യങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ബാഹ്യ വോട്ടിംഗ് നല്‍കുന്നുണ്ട്. ലാറ്റിനമേരിക്ക, സബ്-സഹാറന്‍ ആഫ്രിക്ക, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിലെ 55 രാജ്യങ്ങളില്‍ മാത്രമാണ് വിദേശത്തു നിന്നുള്ള വോട്ട് ഇനിയും അനുവദിക്കാത്തത്. അനേകം കോടികളുടെ പണം ഇടപാടുകള്‍ക്കും പോലും ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ലോകത്തെവിടെനിന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഞൊടിയിടകൊണ്ട് ഇടപാടുകളും വിനിമയവും നടത്താന്‍ കഴിയുന്ന കാലമാണിത്.
ഇന്ത്യയില്‍ വേണ്ടത് തുറന്ന ചര്‍ച്ച
ജനാധിപത്യം ശക്തവും അര്‍ഥവത്തും സുതാര്യവും വിശ്വാസ്യത ഉള്ളതും ആകുകയെന്നത് സുപ്രധാനമാണ്. തങ്ങളുടെ വോട്ടവകാശത്തില്‍ എന്തെങ്കിലും തരത്തിലുള്ള തിരിമറി നടക്കപ്പെടുന്നില്ലെന്ന് ഓരോ വോട്ടര്‍ക്കും ബോധ്യം വരേണ്ടതുണ്ട്. പ്രയാസങ്ങളുണ്ടൈങ്കിലും ഇതിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും കൂടുതല്‍ ഫലപ്രദവും ബോധ്യപ്പെടുന്നതുമായ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം.
രാജഭരണമുള്ള മതാധിഷ്ഠിത രാജ്യങ്ങളില്‍പ്പോലും ജനാധിപത്യത്തിന്റെ വില തിരിച്ചറിഞ്ഞു. കുവൈറ്റ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ സ്വാഗതാര്‍ഹമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ലോകത്തിനാകെ കൂടുതല്‍ മാതൃകയാകാന്‍ കഴിയേണ്ടതുണ്ട്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പേ വോട്ടിംഗ് യന്ത്രം പരീക്ഷിച്ച ഇന്ത്യയില്‍ ഇന്നും പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളിലിരുന്നു വോട്ടു ചെയ്യാന്‍ കഴിയുന്നില്ല. ലോകത്തെവിടെയായാലും ഇന്ത്യന്‍ പൗരന്റെ സമ്മതിദാനാവകാശം പാഴാക്കാന്‍ പാടില്ല.
സുതാര്യവും കുറ്റമറ്റതും വിശ്വാസ്യത ഉറപ്പു വരുത്തുന്നതുമായ തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കും. വോട്ടിംഗ് യന്ത്രത്തില്‍നിന്നു കൂടുതല്‍ വിശ്വാസ്യതയുള്ള കടലാസ് വോട്ട് സമ്പ്രദായത്തിലേക്കു തിരികെ പോകുന്നതിനെ എതിര്‍ക്കുമ്പോള്‍ ജനത്തിന്റെ സംശയങ്ങള്‍ കൂടുകയേയുള്ളൂ. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച നടക്കട്ടെ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇതിനായി മുന്‍കൈയെടുക്കേണ്ടതുണ്ട്.