Wednesday, January 25, 2023 10:20 PM IST
പ്രഫ. റോണി കെ. ബേബി
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നതിനുള്ള പ്രമേയമായ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അന്നത്തെ പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലി അവതരിപ്പിച്ചപ്പോൾ ലോകം ആദരിക്കുന്ന എക്കാലത്തെയും മികച്ച ബ്രിട്ടീഷ് നയതന്ത്രജ്ഞനും അന്നത്തെ പ്രതിപക്ഷ നേതാവുമായിരുന്ന വിൻസ്റ്റൻ ചർച്ചിൽ ഇപ്രകാരം പറഞ്ഞതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്: “ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകരുത്. അത് എനിക്ക് ഇന്ത്യക്കാരോട് വിദ്വേഷമോ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തോട് എതിർപ്പോ ഉണ്ടായിട്ടല്ല. മറിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയാൽ വെറും പത്തു വർഷത്തിനകം ലോകരാഷ്ട്രീയത്തിന്റെ ഭൂപടത്തിൽനിന്ന് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ മനോഹരവജ്രമായ ഇന്ത്യ എന്ന രാഷ്ട്രം തുടച്ചുനീക്കപ്പെടും. കാരണം ഇന്ത്യക്കാർക്ക് ഭരിക്കാൻ അറിയില്ല.’’ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് വിൻസ്റ്റൻ ചർച്ചിലിനെപ്പോലെ ഒരുപാട് ലോകനേതാക്കൾ പുലർത്തിയിരുന്ന അഭിപ്രായമായിരുന്നു ഇത്. പക്ഷേ, ചർച്ചിൽ പ്രകടിപ്പിച്ച ആശങ്കകൾക്കിപ്പുറം ഏഴു പതിറ്റാണ്ടുകൾക്കു ശേഷവും ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തലയുയർത്തി നിൽക്കുന്നു.
ഭരണഘടനയുടെ കരുത്ത്
ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള ഒട്ടനവധി രാജ്യങ്ങൾ പട്ടാളഭരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കറുത്ത ദിനങ്ങളിലൂടെ കടന്നുപോയപ്പോഴും ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നു. വിഭജനത്തിനു മുൻപ് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഒരു മണ്ണിന്റെയും ഭൂമികയുടെയും ഭാഗമായിരുന്നെങ്കിൽ അതിനുശേഷം പാക്കിസ്ഥാനും പിന്നീട് ബംഗ്ലാദേശും എത്ര തവണ പട്ടാളഭരണത്തിലൂടെ കടന്നുപോയി? എത്ര തവണ ജനാധിപത്യം അതിക്രൂരമായി കശാപ്പു ചെയ്യപ്പെട്ടു? ജനാധിപത്യം അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രം അയൽരാജ്യങ്ങളായ ശ്രീലങ്ക, മ്യാൻമർ, നേപ്പാൾ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽനിന്നും എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.
സുന്ദരകവചം
ഇന്ത്യയെ തകരാതെ ആരു കൈപിടിച്ചു നിറുത്തി, കൈപിടിച്ചു നടത്തി എന്നു ചോദിച്ചാൽ അതിന് ഒരുത്തരം മാത്രമേയുള്ളു; മഹത്തായ ഇന്ത്യൻ ഭരണഘടന. രണ്ടു വർഷവും പതിനൊന്നു മാസവും പതിനെട്ടു ദിവസവുമെടുത്ത് 299 അംഗങ്ങൾ അവിശ്രമം കഠിനാധ്വാനം ചെയ്ത് 395 വകുപ്പുകളിലായി എഴുതി തയാറാക്കിയ ലോകത്തെ ഏറ്റവും ബൃഹത്തും വിശദവുമായ ഭരണഘടനയാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇന്ത്യ എന്ന രാജ്യത്തെ ഐക്യത്തോടെ നിലനിർത്തിയതും ഇന്ത്യ എന്ന സുന്ദരമായ സങ്കൽപ്പത്തെ നിർവചിക്കുന്നതും സംരക്ഷിക്കുന്നതും. ‘എ നേഷൻ ഇൻ ദ മേക്കിംഗ്’ എന്ന നിർവചനത്തിലൂടെ, നാനാത്വത്തിൽ അധിഷ്ഠിതമായ ഏകത്വം എന്ന ആശയത്തിലൂടെ ആധുനിക ഇന്ത്യയുടെ ദേശീയതയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ മഹത്തായ ഈ ഭരണഘടനയാണ്. വൈവിധ്യങ്ങളും ഭിന്നതകളും അത്രമാത്രം രൂഢമൂലമായ ഇന്ത്യയിൽ ജാതി, മത, ഭാഷ, പ്രാദേശിക വേർതിരിവുകൾക്കു മുകളിൽ ഇന്ത്യ എന്ന സങ്കൽപ്പം കൃത്യമായി വ്യാഖ്യാനിക്കപ്പെടുന്നത് ശ്രേഷ്ഠമായ ഈ ഭരണഘടനയിലാണ്.
സുവ്യക്തമായ ലക്ഷ്യങ്ങൾ
വളരെ സുവ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഭരണഘടനാ ശിൽപ്പികൾ ഇത്രയും മഹത്തരമായ ഒരു ഗ്രന്ഥത്തിനു രൂപം നൽകിയത്. രാജ്യം നേരിടുന്നതും ഭാവിയിൽ ഉയർന്നുവന്നേക്കാവുന്നതുമായ വെല്ലുവിളികളെക്കുറിച്ച് അവർക്ക് എത്ര ആഴത്തിലുള്ള ആശങ്കകൾ ഉണ്ടായിരുന്നു എന്ന് ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകളിലൂടെ കണ്ണോടിച്ചാൽ മനസിലാകും. അതിലേക്ക് നമ്മുടെ ഹൃദയം ചേർത്തുവച്ചാൽ ആ 299 മനുഷ്യർ വിഭജനത്തിന്റെയും വർഗീയ കൊടുങ്കാറ്റിന്റെയും നടുവിൽ നിന്നുകൊണ്ട്, മഹത്തായ സ്വാതന്ത്ര്യസമര പ്രസ്ഥാനം മുന്നോട്ടുവച്ച ദർശനങ്ങളിൽ ഊന്നിക്കൊണ്ട്, രാജ്യത്തെക്കുറിച്ച് അവർ നെയ്തെടുത്ത വലിയ സ്വപ്നങ്ങളുടെ മിടിപ്പുകൾ നമുക്കുകേൾക്കാൻ കഴിയും.
‘മുസ്ലിം പാക്കിസ്ഥാന് ബദൽ ഹിന്ദു ഇന്ത്യ’ എന്ന മുദ്രാവാക്യങ്ങൾ ഭരണഘടനാ നിർമാണസഭയിൽ ഉൾപ്പെടെ ഉയർന്നുപൊങ്ങിയപ്പോഴും ആ സമ്മർദങ്ങളെയെല്ലാം ധീരമായി നേരിട്ടുകൊണ്ട് നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ധീരമായി പ്രഖ്യാപിച്ചത് ‘മുസ്ലിം പാക്കിസ്ഥാന് ബദൽ ഹിന്ദു ഇന്ത്യ അല്ല മറിച്ച് മതേതര ഇന്ത്യയാണ്’ എന്നാണ്. ഭൂരിപക്ഷാധിപത്യമല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്ക് ഇത് തങ്ങളുടെ രാജ്യമാണ് എന്ന വിശ്വാസം ഉറപ്പുവരുത്തി ഭൂരിപക്ഷ-ന്യൂനപക്ഷ സഹവർത്തിത്വവും സമഭാവനയും പ്രഘോഷിക്കലാണ് നമ്മുടെ മതേതരത്വം എന്ന് അടിവരയിട്ടു പറയുകയാണ് നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ചെയ്തത്.
നെഹ്റുവിന്റെ മായാത്ത വിരലടയാളങ്ങൾ
ഇതിന് നമ്മൾ ഏറെ കടപ്പെട്ടിരിക്കുന്നത് ഭരണഘടനയുടെ ആമുഖം സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന ദർശനങ്ങൾ ‘ഒബ്ജെക്ടീവ് റെസല്യൂഷനിലൂടെ’ ഭരണഘടനാ നിർമാണസഭയിൽ അവതരിപ്പിച്ച രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനോടാണ്. രാഷ്ട്രശില്പി എന്നതിനേക്കാൾ നെഹ്റുവിന് ഉത്തമം ഇന്ത്യയുടെ മതേതരത്വത്തിന്റെ ദീപസ്തംഭം എന്ന പ്രയോഗമായിരിക്കും. അത്രയേറെ ഈ മനുഷ്യനോട് രാജ്യവും ഭരണഘടനയും കടപ്പെട്ടിരിക്കുന്നു. കോൺഗ്രസിനു മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഭരണഘടനാ നിർമാണസഭ ഇന്ത്യയെ ഒരു ബഹുകക്ഷി ജനാധിപത്യ രാജ്യമായി പ്രഖ്യാപിച്ചതിലും സ്വന്തം പാർട്ടിയിൽനിന്ന് ഉൾപ്പെടെ ഹിന്ദു രാഷ്ട്രത്തിനുവേണ്ടി സമ്മർദങ്ങൾ ഉണ്ടായപ്പോൾ മതേതര ഇന്ത്യക്കുവേണ്ടി ധീരമായി നിന്നതും പോരാടിയതും നെഹ്റുവാണ്. സ്വാതന്ത്ര്യത്തിനു മുൻപ് ഗാന്ധി ഇന്ത്യയെ കണ്ടെത്തിയെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ കണ്ടെത്തിയത് നെഹ്റുവാണ്. ആ കണ്ടെത്തൽ നെഹ്റു പ്രകാശിപ്പിച്ചത് ഭരണഘടനയിലൂടെയായിരുന്നു. ഗാന്ധിയുടെ അഹിംസാവാദത്തിനൊപ്പം തല ഉയർത്തിനിൽക്കുന്നതാണ് നാനാത്വത്തിൽ ഏകത്വം എന്ന നെഹ്റു ദർശനം.ഏഴു പതിറ്റാണ്ടുകൾക്കിപ്പുറം നെഹ്റുവിന്റെ കയ്യൊപ്പുകളെ തൂത്തെറിയാനുള്ള ഏതു ശ്രമവും തകർക്കുന്നത് ഇന്ത്യ എന്ന മഹത്തായ സങ്കൽപ്പത്തെ തന്നെയാണ്.
വെല്ലുവിളികൾ കാണാതിരിക്കരുത്
ഭരണഘടനാ ശിൽപ്പികളുടെ മഹത്തായ സ്വപ്നങ്ങളിൽ പടുത്തുയർത്തപ്പെട്ട പവിത്രമായ ഭരണഘടനയിൽ വലിയ പോറലുകൾ ഏൽപ്പിക്കപ്പെടുന്നു എന്നതാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഭരണഘടനാ ശില്‍പ്പികൾ വളരെ ഗൗരവപൂർവം ആവേശഭരിതമായി നോക്കിക്കണ്ടിരുന്ന ഭൂതകാല ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ജനാധിപത്യ പെരുമാറ്റച്ചട്ടങ്ങള്‍, സ്ഥാപനങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പരസ്യമായിത്തന്നെ ആക്രമിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. നെഹ്റുവും അംബേദ്കറുമൊക്കെ പങ്കുവച്ച ആശങ്കകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തെയും മഹാന്മാരായ സ്വാതന്ത്ര്യസമര നേതാക്കളെയും തമസ്കരിക്കാനും പുതിയ ചരിത്രവും പുതിയ നേതാക്കളെ അവരോധിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ അരങ്ങേറുന്നു. മഹത്തായ ഒരു ചരിത്രംതന്നെ വികൃതമാക്കപ്പെടുകയാണ്.
അതോടൊപ്പം ഭരണഘടനാ ശില്‍പ്പികൾ ഹൃദയത്തോടു ചേർത്തുനിറുത്തിയ മതന്യൂനപക്ഷങ്ങൾ, കർഷകർ, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങിയ അധഃസ്ഥിത വിഭാഗങ്ങൾ എന്നിവരെല്ലാം ഇന്ന് അതിജീവനത്തിനുവേണ്ടി കനത്ത പോരാട്ടത്തിലാണ്. സ്ത്രീകൾക്കും പിഞ്ചുപെൺകുഞ്ഞുങ്ങൾക്കും ദലിതർക്കും എതിരേയുള്ള പീഡനങ്ങളുടെ വാർത്തകളാൽ പത്രമാധ്യമങ്ങൾ ഇന്നു നിറഞ്ഞിരിക്കുകയാണ്.
പൗരാവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് വർത്തമാന ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര രാഷ്ട്ര പുനർനിർമാണത്തിലും നിർണായക സംഭാവനകൾ നൽകിയ മതന്യൂനപക്ഷങ്ങൾ ഇന്ന് ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ഒരു രാജ്യത്ത് പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വെല്ലുവിളിക്കപ്പെടുക എന്നാൽ ഭരണഘടനതന്നെ വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അർഥം. ഭരണഘടനയാകണം ഒരു രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥം. ഭരണഘടനയുടെ എഴുപത്തിമൂന്നു വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ മൺമറഞ്ഞുപോയ നമ്മുടെ ഭരണഘടനാ ശില്‍പ്പികളും മഹത്തായ ഈ രാജ്യവും നമ്മളോട് ആവശ്യപ്പെടുന്നത് ഒരു വലിയ പോരാട്ടത്തിന്റെ സന്ദേശമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു ആദ്യത്തെ സ്വാതന്ത്ര്യസമരമെങ്കിൽ ആ സമരത്തിൽ നമ്മൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ തകരാതെ, ആ മൂല്യങ്ങൾ പ്രകാശിപ്പിക്കുന്ന ഭരണഘടനയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിന് സജ്ജരാകാമെന്ന് ഈ വേളയിൽ പ്രതിജ്ഞ ചെയ്യാം.