Monday, January 30, 2023 4:06 AM IST
ഈ രക്തസാക്ഷിത്വ ദിനത്തിൽ മൂന്നു സംഭവങ്ങൾ ഓർമപ്പെടുത്തട്ടെ.
ഒന്ന്- നീതിയുടെ ശബ്ദം
1947 ഓഗസ്റ്റ് ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ മാസമായിരുന്നു. സ്വാതന്ത്ര്യപ്പിറവിയുടെ ആനന്ദവും വേദനകളും വേർതിരിക്കാനാവാതെ കെട്ടുപിണഞ്ഞപ്പോൾ അതിൽക്കുരുങ്ങി ഏറ്റവുമധികം നൊന്പരപ്പെട്ടത് രാഷ്ട്രപിതാവിന്റെ മനഃസാക്ഷിയായിരുന്നുവെന്ന് ആ ദിനങ്ങളിലെ അദ്ദേഹത്തിന്റെ ദിനചര്യപുസ്തകത്തിലെ ഓരോ വരിയും വ്യക്തമാക്കുന്നു.
ഓർമപ്പെടുത്തുന്ന ആദ്യ സംഭവം: അധികാരക്കൈമാറ്റത്തെപ്പറ്റിയുള്ള ചർച്ചകളിൽ ഗാന്ധിജിയെ പങ്കെടുപ്പിക്കാതിരുന്നതിനെപ്പറ്റി വ്യാപകമായ അടക്കംപറച്ചിലുകൾ ഉണ്ടായി. ഹൈദരാബാദിൽനിന്ന് ഒരു പത്രപ്രവർത്തകൻ ഗാന്ധിജിയോടു ചോദിച്ചു: ‘അങ്ങ് ജീവനോടെ കബറടക്കപ്പെട്ടതുപോലുണ്ടല്ലോ! അനുയായികൾ അങ്ങയെ തള്ളിപ്പറഞ്ഞ് കൂറുമാറിയതുപോലെ കാണപ്പെടുന്നു. അങ്ങയുടെ മുഖ്യകർമപരിപാടികളായ സമുദായമൈത്രി, ഖാദി-ഗ്രാമവ്യവസായങ്ങൾ, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം അവർ പൂർണമായും വിസ്മരിച്ച മട്ടാണ്’. പത്രക്കാരന് ഗാന്ധിജി എഴുതി: ‘മേൽ സൂചിപ്പിച്ച പരിപാടികളിലുള്ള എന്റെ വിശ്വാസം പ്രോജ്വലമായിരിക്കുന്നിടത്തോളം കാലം കുഴിമാടത്തിലും ഞാൻ ജീവിക്കും. മാത്രമല്ല, കുഴിമാടത്തിൽനിന്നു സംസാരിക്കുകയും ചെയ്യും’.
ഒരുകാലത്തിനും ഒരു ശക്തിക്കും പൂർണമായി തടയാനാകാത്തതാണ് സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും ശബ്ദം. മഹാത്മാവിന്റേത് സത്യത്തിന്റെയും അഹിംസയുടെയും നീതിയുടെയും ശബ്ദമായിരുന്നു. അതുകൊണ്ടുതന്നെ അത് അപ്രതിഹതമാണ്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയും അദ്ദേഹത്തിന്റെ പ്രചോദകനും മാർഗദർശിയുമായിരുന്ന സവർക്കറും കൂട്ടാളികളും ധരിച്ചിരുന്നത് കായികമായി ഇല്ലായ്മ ചെയ്യപ്പെടുന്നതോടെ ഗാന്ധിശക്തി-ഗാന്ധിതേജോകണം-ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിൽനിന്ന് എന്നേക്കുമായി തുടച്ചുമാറ്റപ്പെടും എന്നായിരുന്നു.
രണ്ട്- സ്വര്ഗത്തിലെ കാര്ട്ടൂണ്
മഹാത്മാഗാന്ധിയും അദ്ദേഹത്തെ ഗുരുവും മാർഗദർശിയുമായി അംഗീകരിച്ച് അനുവർത്തിച്ച ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറും സ്വർഗത്തിൽ കണ്ടുമുട്ടിയപ്പോൾ കുശലം പറയുന്ന പ്രസിദ്ധമായ ഒരു കാർട്ടൂണാണത്. (1968ൽ ഡോ. കിംഗ് വധിക്കപ്പെട്ടതിനെത്തുടർന്ന് ഷിക്കാഗോ സൺ ടൈംസിൽ വന്നതാണ് ഇത്). കാർട്ടൂണിൽ ഗാന്ധിജി കിംഗിനോട് പറയുന്നു: ‘ഡോ. കിംഗ്, ഘാതകരെ സംബന്ധിച്ച വിചിത്രമായ കാര്യം, നമ്മെ യഥാർഥത്തിൽ വധിച്ചു എന്ന് അവർ വിചാരിക്കുന്നു എന്നതാണ്’.
കായികമായി വധിക്കപ്പെടുന്നതോടെ ഗാന്ധിജിയെപ്പോലുള്ള മഹാഗുരുക്കന്മാരുടെ സ്വാധീനവും പ്രസക്തിയും തിരസ്കൃതമാകും എന്ന ധാരണ ചരിത്രത്തിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന മൗഢ്യമാണല്ലോ. സോക്രട്ടീസ് മുതലുള്ള പ്രവാചക രക്തസാക്ഷികളുടെ സാക്ഷ്യമുണ്ടായിട്ടും ഈ മൂഢവിശ്വാസത്തിന് ഇളക്കം തട്ടിയിട്ടില്ല എന്നാണു ചരിത്രം കാട്ടിത്തരുന്നത്. ഗാന്ധിജിയുടേതായി കാർട്ടൂണിസ്റ്റ് എഴുതിച്ചേർത്ത ഈ വിഖ്യാതവാക്യം ഒരു മഹാസത്യം വീണ്ടും പറഞ്ഞുറപ്പിക്കുന്നു: മറയ്ക്കാനോ മറക്കാനോ കഴിയുന്നതല്ല പ്രവാചകശബ്ദം. രക്തസാക്ഷികളാക്കപ്പെട്ട അവരുടെ കുഴിമാടങ്ങൾ സ്പന്ദിച്ചുകൊണ്ടേയിരിക്കും, അവർ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
മൂന്ന്- ഗാന്ധി പുനഃഹത്യ
ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ തീവ്രഹിന്ദുത്വ വിശ്വാസികളുടെ സംഘമായ ഹിന്ദുമഹാസഭയിൽ അംഗമായിരുന്നു. ഗാന്ധിവധം എന്ന തന്റെ ലക്ഷ്യം നേടിത്തരാൻ വേണ്ടത്ര ശൗര്യം ആർഎസ്എസിന് ഇല്ല എന്ന തിരിച്ചറിവാണത്രേ ആർഎസ്എസ് വിട്ട് ഹിന്ദുമഹാസഭയിൽ ചേരാൻ നാഥുറാമിനെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിഹത്യയെപ്പെറ്റി വിശദമായി പഠിച്ച പലരും എഴുതിയിട്ടുണ്ട്.
നമുക്കെല്ലാം അറിയാവുന്നതുപോലെ, 1948 ജനുവരി 30ന് വൈകുന്നേരം അഞ്ചുമണി പതിനേഴാം മിനിറ്റിലാണ് നാഥുറാം ഗാന്ധിജിയെ വധിച്ചത്. മുന്പ് നടത്തിയ അഞ്ച് വധശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഒടുവിൽ തങ്ങളുടെ കൂട്ടാളി വംശശത്രുവായ ഗാന്ധിജിയെ വിജയകമരായി വധിച്ചപ്പോൾ ഹിന്ദുമഹാസഭക്കാരും കൂട്ടാളികളും അവരുടെ ആഹ്ലാദം മറച്ചുവച്ചില്ല. മധുരപലഹാരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചും അവർ ഗാന്ധിവധം ആഘോഷിച്ചു എന്നാണ് റിപ്പോർട്ട്. പല രീതിയിലും ശല്യക്കാരനായിത്തീർന്ന മഹാത്മാവ് പൊതുജീവിതത്തിൽനിന്നു നീക്കം ചെയ്യപ്പെട്ടതിൽ സ്വകാര്യമായി ആശ്വസിക്കുകയും ആഹ്ലാദിക്കുകയും ചെയ്ത മറ്റു ചില വിഭാഗക്കാരും ഉണ്ടായിരുന്നു അന്ന് എന്നത് പരസ്യമായ രഹസ്യമായിരുന്നു.
ശ്രദ്ധ ക്ഷണിക്കുന്ന മൂന്നാമത്തെ സംഭവം ഇതാണ്. 2019 ജനുവരി 30ന് ലോകമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം-ഹിന്ദുമഹാസഭയുടെ ദേശീയ ജനറൽ സെക്രട്ടറി സാധ്വി പൂജാശകുൻ പാണ്ഡെ മഹാത്മാഗാന്ധിയുടെ കോലത്തിൽ വെടിവച്ച് ഗാന്ധിവധം ആഘോഷിച്ചു.
അവർ ഗാന്ധിജിയുടെ കോലത്തിൽ വെടിയുതിർത്ത് വ്യാജരക്തപ്രവാഹമുണ്ടാക്കിയപ്പോൾ അവർക്കൊപ്പമുണ്ടായിരുന്ന മഹാസഭഹിന്ദുക്കൾ ‘മഹാത്മാ ഗോഡ്സെ അമർ രഹേ’ എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചു. പൂജാ ശകുൻ പാണ്ഡെയുടെ ഗാന്ധി പുനഃഹത്യയെ രാജ്യം ഭരിക്കുന്ന സംഘപരിവാർ പാർട്ടിയിലെ പ്രമുഖർ ആരും അപലപിച്ചില്ല എന്നതാണു കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം.
നെഹ്റു നല്കിയ പിടിവള്ളി
ഗാന്ധിവധത്തെത്തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നും പൊതുജീവിതത്തിൽനിന്നും ഏറെക്കുറെ പൂർണമായും ബഹിഷ്കൃതരായ ഹിന്ദുത്വവാദികൾക്ക് ആദ്യത്തെ പിടിവള്ളി നൽകിയത് ജവഹർലാൽ നെഹ്റുവാണ്. ഭൂതകാല ചെയ്തികൾ ചികഞ്ഞെടുക്കാൻ സമയം പാഴാക്കാതെ സമന്വയത്തിന്റെ മാർഗം അവലംബിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കണം എന്ന രാഷ്ട്രപിതാവിന്റെ ഉപദേശം സ്വീകരിച്ച പണ്ഡിറ്റ് നെഹ്റു, 1943 മുതൽ 46 വരെ ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
എന്നാൽ, വിഭജനത്തിന്റെ മുറിവുണക്കുന്നതിനുവേണ്ടി ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാർ 1950 ഏപ്രിലിൽ ഒപ്പിട്ട ലിയാക്കത്ത്-നെഹ്റു ഉടന്പടിയിൽ പ്രതിഷേധിച്ച് ശ്യാമപ്രസാദ് മുഖർജി മന്ത്രിസഭയിൽനിന്നു രാജിവച്ച്, 1951ൽ ആർഎസ്എസ് പിന്തുണയോടെ ഭാരതീയ ജനസംഘം രൂപീകരിച്ച് ഹിന്ദുത്വവാദികളുടെ പ്രത്യക്ഷ രാഷ്ട്രീയ അരങ്ങേറ്റം നടത്തി. തുടർന്ന് സംഘപരിവാർ സംഘടനകൾ നടത്തിയ നിശബ്ദ പ്രവർത്തനങ്ങളുടെയും ചാണക്യ കുതന്ത്ര പ്രയോഗങ്ങളുടെയും ഫലമായി അവർ രാഷ്ട്രത്തിന്റെ ഭരണം കൈക്കലാക്കി. ഇന്ന് അവർ കേന്ദ്രഭരണകൂടത്തിന്റെ സമസ്ത ശക്തിയുമുപയോഗിച്ച് ഇന്ത്യയെ തങ്ങളുടെ ദീർഘകാല സ്വപ്നമായ ഹിന്ദുരാഷ്ട്രമാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്.
ഒളിപ്പോരിന്റെ കൗടില്യതന്ത്രം
ഇന്ത്യൻ രാഷ്ട്രീയത്തിലും സാംസ്കാരികസത്തയിലും അലിഞ്ഞുചേർന്ന ഗാന്ധിയൻ പൈതൃകത്തെ നേരിട്ട് ആക്രമിച്ച് തകർക്കാനാവില്ല എന്ന് ബോധ്യപ്പെട്ട അധികാരിവർഗം കൗടല്യതന്ത്രങ്ങൾ പ്രയോഗിക്കുകയാണിന്ന്.
ചരിത്രത്തെ തിരുത്തിയും വ്യാഖ്യാനിച്ച് വക്രീകരിച്ചും ഗാന്ധിയൻ സ്ഥാപനങ്ങൾ പിടിച്ചെടുത്തും ഗാന്ധിമാർഗ സംഘടനകളിൽ നുഴഞ്ഞുകയറി ആഭ്യന്തര സംഘർഷങ്ങളുണ്ടാക്കിയും ഭാഗ്യാന്വേഷികളായ ഗാന്ധിമാർഗക്കാരെ സ്ഥാനമാനങ്ങളും കീർത്തിമുദ്രകളും നൽകി വശത്താക്കിയും ദുർബലരെ വിരട്ടി പാട്ടിലാക്കിയും മറ്റും ഗാന്ധിയൻ പൈതൃകത്തെ കാവിവത്കരിച്ച്, വന്ധ്യംകരിച്ച് തങ്ങളുടേതാക്കാൻ ശ്രമിക്കുകയാണവർ.
ഗാന്ധിജിയുടെ പ്രഥമ ആശ്രമമായ സബർമതി സത്യഗ്രഹ ആശ്രമം ഏറെക്കുറെ പൂർണമായും സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. തുടർന്ന് ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠ്-കല്പിതസർവകലാശാല-ഗുജറാത്ത് സർക്കാരിന്റെയും യുജിസിയുടെയും നിയന്ത്രണത്തിലാക്കി. സേവാഗ്രാം ആശ്രമമാണ് അടുത്ത ലക്ഷ്യം എന്നു വ്യക്തമാണ്.
ഗാന്ധിമാർഗ സ്ഥാപനങ്ങളും സംഘടനകളും അതിനുമുപരി ഗാന്ധിയൻ പൈതൃകവും ശക്തമായ വെല്ലുവിളി നേരിടുന്ന ആനുകാലിക സാഹചര്യത്തിൽ, ഈവർഷത്തെ രക്തസാക്ഷിത്വദിനം ഉയർത്തുന്ന ചോദ്യം ഇതാണ്: ഗാന്ധിയൻ പൈതൃകത്തെ സംരക്ഷിക്കാൻ-സൂക്ഷിക്കാൻ-ആരുണ്ട് മുന്നോട്ടുവരാൻ?
ഡോ. എം.പി. മത്തായി