Sunday, February 5, 2023 12:41 AM IST
അനന്തപുരി/ദ്വിജന്
കേരളനിയമസഭ ഏത് അസംബന്ധവും പറയാനുള്ള വേദിയാക്കാമോ? സഭാ നേതാവായ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ ആത്മരോദനം ഏറെക്കാലമായി കേരളത്തിലെ സുമനസുകളെ വേദനിപ്പിക്കുന്ന ചോദ്യംതന്നെയാണ്. പക്ഷേ ആ ചോദ്യം പിണറായി വിജയനിൽനിന്നുണ്ടായത് വല്ലാത്ത നടുക്കവും ഉണ്ടാക്കുന്നു. അസംബന്ധങ്ങൾ കാണിക്കുന്നതാണോ അതു നിയമസഭയിൽ ഉന്നയിക്കുന്നതാണോ അസംബന്ധം എന്ന ചോദ്യവും പ്രസക്തമായി.
കേരള നിയമസഭയിൽ ശാരീരികാക്രമണങ്ങൾ നടത്തുകയും സഭാനാഥനായ സ്പീക്കറുടെ ഇരിപ്പിടവും കംപ്യൂട്ടറുകളും അടക്കം തല്ലിത്തകർക്കുകയും ചെയ്ത നേതാക്കന്മാരുടെ പാർട്ടി നേതാവാണ് പിണറായി. അതു മാത്രമല്ല, ഈ സംഭവത്തിൽ കോടതിയിലുള്ള കേസ് ഇല്ലാതാക്കാൻ സുപ്രീംകോടതിയിൽ വരെ നാട്ടുകാരുടെ പണമുപയോഗിച്ച് കേസ് നടത്തി തോറ്റ നേതാവുമാണ് പിണറായി. 2013 മാർച്ച് 13ന് നടന്ന ആ സംഭവങ്ങളെ ന്യായീകരിക്കുന്ന അദ്ദേഹമാണ് മയക്കുമരുന്നു കേസിനെക്കുറിച്ചുണ്ടായ ചർച്ചയിൽ ഉയർന്ന വാക്കുകളെ അസംബന്ധമായി ചിത്രീകരിച്ചത്. കോണ്ഗ്രസിലെ ഡോ. മാത്യു കുഴൽനാടന്റെ വാക്കുകളെ ഭയക്കുന്നുവെന്ന വിധത്തിലുള്ള വികാരപ്രകടനമാണ് പിണറായിയിൽനിന്നുണ്ടാകുന്നത്.
മയക്കുമരുന്നുമായി ബന്ധം?
കരുനാഗപ്പള്ളിയിൽ മയക്കുമരുന്നുമായി ലോറി പിടിച്ച സംഭവത്തെക്കുറിച്ചുള്ള ചർച്ചയിൽ, സിപിഎമ്മിൽ പദവികൾ ചവിട്ടിക്കയറാൻ മയക്കുമരുന്ന് കച്ചവടത്തിലൂടെ ഉണ്ടാക്കുന്ന പണം ഉപയോഗിക്കുന്നതായി കുഴൽനാടൻ പറഞ്ഞതാണ് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയതും ‘അസംബന്ധം’ എന്നു ചിത്രീകരിക്കാൻ പ്രേരിപ്പിച്ചതും. മുഖ്യമന്ത്രിയുടെ വികാരപ്രകടനം കുഴൽനാടന്റെ വാക്കുകളെ കൂടുതൽ ശ്രദ്ധേയമാക്കി. കരുനാഗപ്പള്ളിയിൽ പാർട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ള ലോറി മയക്കുമരുന്നുമായി പിടിക്കാൻ ഇടയാക്കിയത് പാർട്ടിയിലെ ആഭ്യന്തരകലാപം കൊണ്ടാണെന്നു കുഴൽനാടൻ പറഞ്ഞു. പാർട്ടിയിൽ ഒരുസംഘം മയക്കുമരുന്ന് കച്ചവടത്തിലൂടെ പദവികൾ പിടിക്കുന്നതിൽ പാർട്ടിക്കുള്ളിലുള്ള സത്യസന്ധരായ സഖാക്കൾക്ക് അമർഷമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആലപ്പുഴയിലെ പാർട്ടി ഇത്തരത്തിലുള്ളവരുടെ കൈയിലായിട്ടുണ്ട് എന്ന സൂചന പുറത്തുവിടുന്നതു മുൻ മന്ത്രി ജി. സുധാകരനടക്കമുള്ളവരാണ്. കുഴൽനാടൻ നിയമസഭയിൽ പറഞ്ഞതുപോലെ മുഴുവൻ സിപിഎമ്മുകാരും ലീഗുകാരും ഈ പ്രവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് ആരും പറയുന്നില്ല. ഈ പ്രസ്ഥാനങ്ങളിലൊക്കെ പ്രവർത്തിക്കുന്ന മനഃസാക്ഷിയോ ദൈവഭയമോ ഇല്ലാത്തവർ ഇത്തരം കച്ചവടങ്ങളിൽ ഏർപ്പെടുന്നു. അവർ രാഷ്ട്രീയ പാർട്ടികളിലെ പദവികൾ പിടിക്കുന്നു. മാഫിയപ്പണം ഒഴുക്കി ആദർശനിഷ്ഠരേ പാർശ്വവത്കരിക്കുന്നു. മാധ്യമങ്ങളെ വരെ വരുതിയിലാക്കുന്നു. തങ്ങൾക്കെതിരായ ശബ്ദങ്ങൾ നിശബ്ദമാക്കുന്നു. അതിനായി നിയമയുദ്ധമടക്കം വലിയ പണച്ചെലവുള്ള ഏതു സംവിധാനവും ഉപയോഗിക്കാൻ നോക്കുന്നു. സുധാകരനെതിരേ എത്രയായിരുന്നു കേസുകൾ! പക്ഷേ എത്ര അടച്ചുപൂട്ടിയാലും സത്യം പുറത്തുവരും.
കേരളത്തിൽ നടക്കുന്ന ഒത്തുതീർപ്പുരാഷ്ട്രീയത്തിന്റെ കൃത്യമായ സൂചനകളും നിയമസഭയിലെ ചർച്ചയിൽ പുറത്തുവന്നു. മന്ത്രി എം.ബി. രാജേഷിന്റെ തിരിച്ചടിയിലാണ് ആ സൂചന തെളിഞ്ഞത്. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പേരിലുള്ള ആംബുലൻസും മയക്കുമരുന്നുമായി പിടികൂടപ്പെട്ടിട്ടുണ്ടെന്നും പ്രതിയായി ലീഗ് പ്രവർത്തകൻ അറസ്റ്റിലായെന്നും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യധാരാ മാധ്യമങ്ങളിലൊന്നും മന്ത്രിയുടെ ആ തിരിച്ചടി പ്രത്യക്ഷപ്പെട്ടില്ല എന്നത് കൗതുകകരമായ യഥാർഥ്യമാണ്. ഇവിടെയാണ് പാലാ മെത്രാന്റെ എട്ടുനോന്പ് പ്രസംഗത്തിലെ മുന്നറിയിപ്പ് എത്ര വാസ്തവമായിരുന്നുവെന്നും എന്തുകൊണ്ടാണ് ആ പ്രതികരണത്തെ ലീഗും സിപിഎമ്മും ഒന്നുപോലെ അപലപിച്ചതെന്നും ഭയപ്പെട്ടതെന്നും വ്യക്തമാകുന്നത്.
പിണറായിയെ ഭയമോ?
പട്ടം താണുപിള്ള, ആർ. ശങ്കർ, കെ. കരുണാകരൻ, സി. അച്യുതമേനോൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരൊക്കെ തങ്ങൾ പറയുന്നത് എല്ലാവരും അംഗീകരിക്കണമെന്ന് വാശിയുള്ളവരായിരുന്നു. എന്നാൽ, അവർക്കെല്ലാം പാർട്ടിയോ മുന്നണിയോ ഘടകകക്ഷി നേതാക്കളോ ഒക്കെ ശക്തമായ തടസങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരെതിർശബ്ദവും ഇല്ലാതെ സർക്കാരിലും മുന്നണിയിലും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഏതാണ്ട് ഏകാധിപതിയെപ്പോലെ കാര്യങ്ങൾ നടത്തുന്നു.
രണ്ടാമൂഴം കിട്ടിയപ്പോൾ പാർട്ടിയിലെ കരുത്തരെ ആരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. ഷൈലജ ടീച്ചറെപ്പോലും കരയ്ക്കിരുത്തി. മാത്രവുമല്ല. മകളുടെ ഭർത്താവിനെ സഹമന്ത്രിയാക്കി. അദ്ദേഹത്തിന് പ്രമുഖമായ മരാമത്ത്-ടൂറിസം വകുപ്പുകളും കൊടുത്തു. ആരും ചോദിച്ചില്ല. പ്രതിപക്ഷംപോലും വായ് തുറന്നില്ല. പിണറായിയോട് പാർട്ടിയും ഒന്നും ചോദിച്ചില്ല. അക്കാലത്തെ ആക്ടിംഗ് സെക്രട്ടറിയുടെ ഭാര്യയെ നിയമസഭയിൽ കന്നിക്കാരിയായിട്ടും മന്ത്രിസഭയിൽ ചേർത്തു. കണ്ണൂരിലെ ഭീഷണിയായിരുന്ന പി. ജയരാജനെ ഒതുക്കി ഒരു പരുവമാക്കി. അതിനു കൂട്ടുനിന്ന ഇ.പി. ജയരാജനെയും കൃത്യസമയത്ത് ഒതുക്കി ഗോവിന്ദൻ മാസ്റ്ററെ പ്രതിഷ്ഠിച്ചു.
ഘടകക്ഷികളിൽ കുറച്ചെങ്കിലും നട്ടെല്ലു കാണിച്ചിരുന്ന സിപിഐ നേതാവ് കാനം രാജേന്ദ്രനെ പാർട്ടി പിടിക്കുന്നതിനു സഹായിക്കുന്നതടക്കം പല ഇടപാടുകളിലൂടെ നിശബ്ദനാക്കി. മറ്റു കക്ഷികളെ അങ്ങനെ ഗൗനിക്കേണ്ട കാര്യമില്ലെന്നും പിണറായിക്കറിയാം. യജമാനന്റെ മേശപ്പുറത്തുനിന്നു വീഴുന്നവ തിന്നു വിശപ്പടക്കി തൃപ്തരാകുന്നവരാണ് അവർ. പ്രൈവറ്റ് സെക്രട്ടറിമാരെപ്പോലും നിയമിക്കാൻ അവകാശമില്ലാത്തവരാണ് ആ മന്ത്രിമാർ. അതെല്ലാം തീരുമാനിക്കുന്നത് സിപിഎം എന്ന പേരിൽ പിണറായി തന്നെയാണ്. ആ വകുപ്പുകളുടെ യഥാർഥ ഭരണം ഈ പ്രൈവറ്റ് സെക്രട്ടറിമാരാണ് നടത്തുന്നത്. വല്ല തട്ടുകേടും വന്നാൽ മന്ത്രി ചുമക്കേണ്ടിയും വരും. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സർക്കാർ വാഹനത്തിൽ നഗരത്തിൽ ചുറ്റിക്കറങ്ങി സ്ത്രീകളെ ആക്രമിച്ചു. പോലീസ് പിടിച്ചു. എന്നിട്ടും സെക്രട്ടറിക്ക് ഒരു കുലുക്കവും ഉണ്ടായില്ല.
ഇങ്ങനെ സർവശക്തനായ മുഖ്യമന്ത്രി അടുത്തകാലത്തു രണ്ട് സുപ്രധാന തീരുമാനങ്ങളെടുത്തു. വിജ്ഞാപനം വന്നപ്പോഴാണ് മാലോകർ അറിയുന്നത്. സിപിഐയുടെ കൈകളിൽനിന്നു ദുരന്തനിവാരണ വകുപ്പ് സ്വന്തമാക്കി, ന്യൂനപക്ഷ വകുപ്പ് അബ്ദുൾ റഹ്മാനു കൊടുത്തു. സാങ്കേതികമായി പറഞ്ഞാൽ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചാണ് ഓരോ മന്ത്രിക്കും വകുപ്പു കിട്ടുന്നത്. പക്ഷേ, മുന്നണി ഭരണത്തിൽ മുന്നണിയാണ് ഓരോ പാർട്ടിയുടെയും വകുപ്പു തീരുമാനിക്കുക. സ്വന്തം പാർട്ടിയുടെ വകുപ്പുകൾ മാത്രമാണു മുഖ്യമന്ത്രിക്ക് ഇഷ്ടാനുസരണം നിയോഗിക്കാനാവുക. നിരീക്ഷകർ ഈ പ്രവൃത്തിയെ എങ്ങനെ വിളിച്ചാലും ഏകകക്ഷി ഭരണകാലത്തേക്കാൾ സർവശക്തനാണ് അദ്ദേഹമെന്ന് വ്യക്തം.
ക്രൈസ്തവനിന്ദ
ന്യൂനപക്ഷ വകുപ്പ് അബ്ദുൾ റഹ്മാന് കൊടുത്തത് ക്രൈസ്തവസമൂഹത്തെ അപമാനിക്കുന്ന പ്രവൃത്തിയായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് കേരളത്തിലെ എല്ലാ ക്രൈസ്തവസഭകളും സംയുക്തമായി ഇരുമുന്നണി നേതൃത്വത്തോടും ഒരാവശ്യം ഉന്നയിച്ചു. തങ്ങളെക്കൂടി ബാധിക്കുന്ന ന്യൂനപക്ഷവകുപ്പ് ഇക്കുറി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണം. അതിന് ഒരു കാരണമുണ്ടായിരുന്നു. 2011 മുതൽ ഈ വകുപ്പ് മുസ്ലിം മന്ത്രിമാരുടെ കൈയിലാണ്. അതുകൊണ്ട് ക്രൈസ്തവർക്കു വലിയ നഷ്ടങ്ങൾ ഉണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ സിമി പ്രവർത്തകനായ കെ.ടി. ജലീൽ മന്ത്രിയായതോടെ ന്യൂനപക്ഷ സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും മുസ്ലിങ്ങളെ മാത്രം അറിയിക്കാൻ മഹൽസോഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയതടക്കം വിവേചനപരമായി പലതും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിതന്നെ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് ക്രൈസ്തവർ ആവശ്യപ്പെട്ടത്. പിണറായി സർക്കാർ ആ ആവശ്യം സമ്മതിച്ചു. വകുപ്പ് വിഭജനം സംബന്ധിച്ച അറിയിപ്പിൽ ന്യൂനപക്ഷവകുപ്പ് അബ്ദുൾ റഹ്മാന് കൊടുക്കുന്നുവെന്നു പറഞ്ഞെങ്കിലും മുഖ്യമന്ത്രിതന്നെ വകുപ്പ് എടുത്തു. മുഖ്യമന്ത്രിയുടെ ഭരണകാലത്ത് കാര്യമായ അനീതികൾ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി അബ്ദുൾ റഹ്മാന് കൊടുക്കുന്നത്. ക്രൈസ്തവർ എന്തു വേണേലും ചെയ്തോ എന്ന വെല്ലുവിളിപോലെ.
സിപിഐയുടെ വിധേയത്വം
സിപിഐയുടെ കൈവശമുള്ള വകുപ്പ് അവരുടെ അനുമതി ചോദിക്കാതെ മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് മുന്നണിമര്യാദകളുടെ ലംഘനം മാത്രമല്ല, തികഞ്ഞ ധിക്കാരവുമാണ്. പിണറായി എക്കാലവും ഈ മനോഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. 2009ൽ പൊന്നാനി ലോക്സഭാ സീറ്റ് സിപിഐയിൽനിന്നു പിണറായി പിടിച്ചെടുത്തു. അന്ന് വെളിയം ഭാർഗവനായിരുന്നു സിപിഐയുടെ സംസ്ഥാന സെക്രട്ടി. വികാരനിർഭരമായ പത്രസമ്മേളനത്തിൽ പിണറായിയുടെ ഏകാധിപത്യ നടപടിക്കെതിരേ വെളിയം പൊട്ടിത്തെറിച്ചു. കേന്ദ്രനേതാക്കൾ വരെ ഇടപെട്ടു. വെളിയം എവിടെ, കാനം എവിടെ? ഒരു വകുപ്പ് എടുത്തുകൊണ്ടു പോയിട്ടു കാര്യമായ പ്രതിഷേധം പോലും ഉണ്ടായില്ല.
കാവ്യനീതിയോ ദൈവിക ഇടപെടലോ?
വിഴിഞ്ഞം തുറമുഖനിർമാണം നാടിന് ആപത്താകുമെന്നതുകൊണ്ട് വീണ്ടും പഠനം നടത്തണമെന്നും അതുവരെ പദ്ധതി പ്രവർത്തനം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തീരദേശജനത നടത്തിയ സമരം തല്ലിക്കെടുത്തിയവരാണ് അദാനി ഗ്രൂപ്പ്. ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ അദാനിയുടെ തട്ടിപ്പുവാർത്ത പുറത്തുവന്ന് ആറുദിവസം കൊണ്ട് ഗ്രൂപ്പിന്റെ നഷ്ടം 8.2 ലക്ഷം കോടി! ലോകസന്പന്നരിലെ നാലാം സ്ഥാനത്തുനിന്ന് അദാനി 16-ാം സ്ഥാനത്തേക്ക് തലകുത്തിവീണു. രാഷ്ട്രീയസഹായംകൊണ്ട് അടച്ചു പൂട്ടൽ പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചാൽതന്നെ വിഴിഞ്ഞം പദ്ധതി പോലുള്ളവ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമോ എന്നു കണ്ടറിയണം. വിഴിഞ്ഞത്തെ നാട്ടുകാരുടെ അതിജീവനസമരത്തെ രാഷ്ട്രീയക്കാരെയും പോലീസിനെയും കോടതിയെയുംവരെ ഉപയോഗിച്ച് തോൽപ്പിക്കാൻ അദാനിക്കു കഴിഞ്ഞിരുന്നു. സമരത്തെ വർഗീയമായും സമരക്കാരെ ദേശവിരുദ്ധരായും ചിത്രീകരിച്ച അബ്ദുൾ റഹ്മാനും കിട്ടി തിരിച്ചടി. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ മനസിലുള്ള സമീപനം ക്രിക്കറ്റ് മത്സരവിവാദത്തിൽ പുറത്തുവന്നു.