ആശങ്കയില്ലാതെ രാഹുൽ“സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം’’ എന്ന ഗാന്ധിസൂക്തമായിരുന്നു, നാലുതവണ എംപിയായ 52 കാരനായ രാഹുല്‍ഗാന്ധി കോടതിവിധിയോടു പ്രതികരിക്കാൻ ഉപയോഗിച്ചത്. വരുംവരായ്കകളെക്കുറിച്ചോ സഭയിലെ അംഗത്വത്തെക്കുറിച്ചോ ആശങ്കയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തിലിരുന്ന ആളല്ല എന്നതിനാൽ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണം രാഹുലിനെ ബാധിക്കുകയേ ഇല്ല എന്നതാണ് ഇതിലെ വസ്തുത. മാത്രമല്ല ഏറെ വ്യത്യസ്തനാണ് അദ്ദേഹം. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ ഒരിക്കല്‍ ത്യജിച്ച കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി വീണ്ടും സ്വീകരിക്കാന്‍ അദ്ദേഹം വൈമനസ്യം കാണിക്കുന്നു.
അതിനുമുപരിയായി, ജനക്കൂട്ടത്തിനൊപ്പം നീങ്ങാനാകുമെന്ന് ഭാരത് ജോഡോ യാത്രയിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.
കന്യാകുമാരിയില്‍നിന്നു കാഷ്മീര്‍ വരെ സാധാരണക്കാര്‍ക്കൊപ്പം കാല്‍നടയായി സഞ്ചരിക്കാന്‍ കഴിയുന്ന ചുരുക്കംചില നേതാക്കളിലൊരാളാണ് രാഹുൽ. തുടക്കത്തിൽ ചില പരാമർശങ്ങൾ പ്രചോദനപ്രദമായിരുന്നില്ല, എങ്കിലും ഏറെ സ്വീകാര്യനായി രാഹുൽ മാറുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം പരിഗണിച്ച് നേതൃത്വത്തിലും പരിഗണിക്കപ്പെടാവുന്നയാളായി രാഹുൽ മാറി. എല്ലാവരിലും മികച്ചയാളാണു രാഹുൽ എന്നല്ല, മറിച്ച് നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ വലിയ ഭിന്നതയുണ്ടെങ്കിൽ ഒത്തുതീർപ്പ് സ്ഥാനാർഥിയായി അദ്ദേഹത്തെ ഉപയോഗിക്കാവുന്നതാണ്. മറ്റൊരുതരത്തിൽ നോക്കിയാൽ കോടതിവിധിക്കെതിരേ സ്റ്റേ ലഭിക്കാതിരിക്കുകയും എട്ടുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ വിലക്കു വരികയും ചെയ്താൽ രാഹുലിനും പാർട്ടിക്കും കനത്ത തിരിച്ചടിയാകും അത്.
ഇതിൽ അസാധാരണമായി ചല വസ്തുതകൾകൂടിയുണ്ട്. അപകീര്‍ത്തികരമെന്നു പറയപ്പെടുന്ന ഒരു തെരഞ്ഞെടുപ്പു പ്രസംഗത്തിന്റെ പേരിലാണു രാഹുൽ ശിക്ഷിക്കപ്പെടുന്നത്. രണ്ടു വര്‍ഷത്തെ തടവും ലോക്സഭാംഗത്വത്തിനു വിലക്കും ഉള്ളതരം അപകീർത്തിപരാമർശങ്ങൾ ഏറെയില്ലെന്നാണു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുപോലെ ‘മോദി’ എന്ന പരാമര്‍ശത്തെ ബിജെപി അധ്യക്ഷന്‍ ജാതീയമായാണു വ്യാഖ്യാനിച്ചിരിക്കുന്നത്. കൂടുതൽ പഠനവും വസ്തുതാശേഖരണവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായൊരു പ്രചാരണായുധമായി വരെ ഇതിനെ മാറ്റാനാകും.
പ്രതിപക്ഷത്തിന് ഒന്നും എളുപ്പമാവില്ല എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുന്പോഴെങ്കിലും പ്രതിപക്ഷം ഒന്നിക്കുമോ എന്നത് ഉറപ്പിക്കാനാവില്ല. എന്നാൽ ഇപ്പോഴത്തെ എൻഡിഎ ഭരണവും ഈ രീതികളും തുടർന്നാൽ പ്രതിപക്ഷ കക്ഷികൾ ഒട്ടേറെ വെല്ലുവിളികളെയും തടസങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും. പല മേഖലകളിലും ജനാധിപത്യക്രമം ദുർബലമാണ്. മാധ്യമസ്വാതന്ത്ര്യവും ഫലപ്രദമല്ല. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരും കുഴപ്പത്തിലാകും. പ്രതിപക്ഷത്തെ സംബന്ധിച്ചാണെങ്കിൽ പരസ്പരം പോരടിക്കുന്നതിനൊപ്പം എൻഡിഎക്കെതിരേ യുദ്ധംചെയ്യുക എന്നത് അത്ര എളുപ്പമല്ല.
കാര്യപ്രാപ്തിയും ആശയവിനിമയപാടവവുമുള്ള നരേന്ദ്ര മോദിയെപ്പോലൊരു നേതാവും വലിയ തോതിൽ സന്പത്തുമുള്ള ഒരു ദേശീയപാർട്ടിക്കെതിരേ പരിമിതമായ സ്വാധീനമേഖലയിൽ തുടരുന്ന പ്രാദേശികപാർട്ടികൾ പോരാടുക എന്നത് അപ്രായോഗികമാണ്. എന്നാൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടണമെങ്കിൽ പൊതുവായി കാര്യപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ഐക്യമുന്നണിയെന്നതാണു പ്രതിപക്ഷത്തെ ചിലരുടെയെങ്കിലും വികാരം എന്നതു വ്യക്തമാണ്.
ഉളളതു പറഞ്ഞാൽ / ഗോപാലകൃഷ്ണൻ