ജനങ്ങളാണ് യജമാനന്മാർതെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കാണു പാർലമെന്ററി ജനാധിപത്യത്തിൽ അധികാരവും പ്രാമുഖ്യവും. ഫലത്തിൽ ജനങ്ങളാണ് യജമാനന്മാർ. ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നയപരമായ തീരുമാനങ്ങളും റദ്ദാക്കാനോ മറികടക്കാനോ വച്ചുതാമസിപ്പിച്ചു തടസപ്പെടുത്താനോ ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമില്ലെന്ന വിധി ജനാധിപത്യത്തിന്റെ വിജയംകൂടിയാണ്. സർക്കാരിന്റെ ഉപദേശം പാലിക്കാൻ ലെഫ്. ഗവർണർ ബാധ്യസ്ഥനാണെന്ന 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി അഞ്ചംഗ ബെഞ്ച് ആവർത്തിച്ചതും ശ്രദ്ധേയമായി. രാജ്യതലസ്ഥാനത്തെ ഭരണനിർവഹണത്തിൽ നിയമനിർമാണ, എക്സിക്യൂട്ടീവ് അധികാരങ്ങൾ കേജരിവാൾ സർക്കാരിനുണ്ടെന്നാണു സുപ്രീംകോടതി വിധി.
സംസ്ഥാനങ്ങൾക്കു ചങ്ങല വേണ്ടലെഫ്റ്റനന്റ് ഗവർണറുടെ അധികാരം നിർവചിക്കുന്പോൾ സംസ്ഥാന സർക്കാരിനുമേൽ പൂർണ അധികാരം ഉണ്ടെന്ന് ഒരിക്കലും വ്യാഖ്യാനിക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രത്തിലെ ബിജെപി സർക്കാരും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും തമ്മിലുള്ള എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിനാണു സുപ്രീംകോടതി വിധി വിരാമമിട്ടത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി, ഹിമാ കോഹ്ലി, പി.എസ്. നരംസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 2023 ഫെബ്രുവരി 14 മുതൽ ഹർജിയിൽ വാദം കേൾക്കാൻ ആരംഭിച്ചിരുന്നു. ചീഫ് ജസ്റ്റീസാണ് വിധി എഴുതിത്തയാറാക്കിയത്.
ഡൽഹിയുടെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019ൽ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നതാണ്. പക്ഷേ തുടർന്നും സംസ്ഥാന ഭരണത്തിൽ ലെഫ്. ഗവർണറുടെ കൈകടത്തലുകൾ തുടർന്നതാണു ഞെട്ടിക്കുന്നത്.
ദൂരവ്യാപക പ്രത്യാഘാതങ്ങൾരാഷ്ട്രീയ പാർട്ടിയുടെ തീരുമാനങ്ങൾക്കാണു നിയമസഭാകക്ഷിയേക്കാൾ പ്രാമുഖ്യമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധിയും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമസഭകളിലും പാർലമെന്റിലും നടക്കുന്ന വോട്ടെടുപ്പിൽ എവിടെ വോട്ട് ചെയ്യണമെന്നതോ വോട്ടിംഗിൽനിന്നു വിട്ടുനിൽക്കുന്നതോ അതാതു പാർട്ടികളുടെ തീരുമാനമാകും. എംപിമാർ, അല്ലെങ്കിൽ എംഎൽഎമാരുടെ നിയമസഭാകക്ഷിക്ക് ഇക്കാര്യത്തിൽ പാർട്ടി നിർദേശം അംഗീകരിക്കുകയേ വഴിയുള്ളൂ. സാമാജികർക്ക് വിപ്പു നൽകാൻ അധികാരമുള്ള ചീഫ് വിപ്പിന്റെ നിയമനവും പാർട്ടിക്കാണ്.
വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനവും വിപ്പിനെ നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനവും തെറ്റായെന്നു ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഷിൻഡെ പക്ഷത്തെ ഗോഗാവാലെയെ ശിവസേനയുടെ വിപ്പായി നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനം നിയമവിരുദ്ധമാണ്.
ഇതേസമയം, സമാജികരെ അയോഗ്യരാക്കുന്നതിൽ സ്പീക്കർക്കുള്ള അധികാരത്തിലേക്കു കോടതി കടന്നുകയറിയില്ലെന്നതു ശ്രദ്ധേയമാണ്. സ്പീക്കർമാർ ഏകപക്ഷീയമായ തീരുമാനമെടുത്താൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്യാം. സ്വയം അവിശ്വാസപ്രമേയം നേരിടുന്പോൾ കൂറുമാറ്റ നിയമപ്രകാരം എംഎൽഎമാരെ പുറത്താക്കാൻ സ്പീക്കർക്കു സാധിക്കില്ല എന്നായിരുന്നു 2016ലെ നബാം റെബിയ കേസിലെ വിധി. സ്പീക്കറുടെ അധികാരം സംബന്ധിച്ച ഇക്കാര്യങ്ങളെല്ലാം ഇനി സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പരിശോധിക്കും.
രക്ഷ ഫെഡറലിസം, ജനാധിപത്യംഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് അന്തർലീനമായ കേന്ദ്ര പക്ഷപാതം ഉണ്ട്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ഉണ്ടാകേണ്ടതു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അനിവാര്യമാണ്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നത് ആപത്താകും. ഭരണപരവും സാന്പത്തികവുമായ സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് ഉണ്ടാകണം. പക്ഷേ രാഷ്ട്രീയ ഭിന്നതകൾ മൂലം നീതി ആയോഗ്, ജിഎസ്ടി കൗണ്സിൽ, അന്തർസംസ്ഥാന കൗണ്സിൽ തുടങ്ങിയ ഫോറങ്ങളെല്ലാം ദുർബലമായിക്കഴിഞ്ഞു.
രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്തുന്ന ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിർണാകയ വിധി. ജനാധിപത്യവും ഫെഡറൽ സഹകരണവും സംരക്ഷിക്കപ്പെടുമെന്ന വെള്ളിവെളിച്ചമാണു ഭരണഘടനാ ബെഞ്ചിന്റെ പുതിയ രണ്ടു വിധികൾ. ഭരണഘടന വിഭാവനം ചെയ്ത ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനും വേണം ഇനി ജനകീയ ബൂസ്റ്ററുകൾ.