ഇന്ത്യ പ്രത്യേക ക്ഷണിതാവായി പങ്കുചേരുമ്പോള്‍ ഈ രാജ്യങ്ങളെല്ലാം ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യന്‍ വിപണിയെന്നു വ്യക്തം. ഇന്ത്യന്‍ വിപണിയെ കീഴടക്കിയുള്ള കാര്‍ഷികോത്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതി പ്രഖ്യാപിക്കുന്ന സ്വതന്ത്ര വ്യാപാരമേഖല തുറന്നാല്‍ അതുയര്‍ത്തുന്ന വെല്ലുവിളി വന്‍തകര്‍ച്ചയുടെ രൂപത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആഞ്ഞടിക്കും. കോര്‍പറേറ്റ് ഫാമിംഗിലൂടെ രാജ്യാന്തര കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ ആധിപത്യം സൃഷ്ടിക്കപ്പെടുവാനുള്ള സാധ്യതകള്‍ തിരിച്ചറിയണമെങ്കില്‍ ഉച്ചകോടി പ്രഖ്യാപനങ്ങളിലേക്കും കാതോര്‍ക്കണം. ഒന്നുറപ്പാണ് ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒമ്പത്,10 തീയതികളില്‍ നടക്കുന്ന ജി 20യില ഈ ജി 7 രാജ്യങ്ങള്‍ സമ്മര്‍ദ ഗ്രൂപ്പായി മാറും.
ക്വാഡ് ഉച്ചകോടിഅമേരിക്ക, ജപ്പാന്, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാര് നേതൃത്വം നല്‍കുന്നതാണ് ക്വാഡ് ഉച്ചകോടി അഥവാ ചതുര്ഭുജ സുരക്ഷാ സംവാദം. ചൈനയ്ക്ക് തടയിടാനായി അമേരിക്ക രൂപപ്പെടുത്തിയ ഈ ബദല്‍ സംവിധാനം എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കരുത്താര്‍ജിക്കുന്നു. 2004ല്‍ ‘സുനാമി കോര്‍ഗ്രൂപ്പ്’ എന്ന അജണ്ടയില്‍ ആരംഭിച്ചുവെങ്കിലും പിന്നീട് ക്വാഡ് നിര്‍ജീവമായി. 2015നുശേഷം വീണ്ടും സുരക്ഷാ സംഭാഷണങ്ങളിലൂടെ ക്വാഡ് ഉണര്‍ന്നെഴുന്നേറ്റു. കാലക്രമേണ സുരക്ഷയുടെ മറവില്‍ വ്യാപാരവും അനിയന്ത്രിത ഇറക്കുമതിയും ലക്ഷ്യംവയ്ക്കുന്നു.
ലോകവ്യാപാരസംഘടന മിനിസ്റ്റീരിയല്‍ മീറ്റിംഗ്2024 ഫെബ്രുവരിയില്‍ യുഎഇ ആതിഥേയത്വം വഹിക്കുന്ന ലോകവ്യാപാരസംഘടന മന്ത്രിതല സമ്മേളനത്തിന്റെ മുന്നൊരുക്കമായി മിനി മിനിസ്റ്റീരിയല്‍ മീറ്റിംഗ് ജൂണ്‍ ഏഴിന് പാരീസില്‍ ചേരുന്നു. ആഗോളവത്കരണത്തിന്റെയും നികുതിരഹിത വിപണി ലക്ഷ്യംവയ്ക്കുന്ന ഉദാരവത്കരണത്തിന്റെയും അടിസ്ഥാനം ലോകവ്യാപാര സംഘടനയിലെ മന്ത്രിതലതീരുമാനങ്ങളാണ്. കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഇന്ന് മുറവിളികൂട്ടുന്ന റബറിനെ കാര്ഷികോത്പന്നമാക്കണമെന്ന വാദത്തിന് അംഗീകാരം ലഭിക്കേണ്ടത് ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തിലാണ്. കാരണം 1994ല്‍ ലോകവ്യാപാരസംഘടന രൂപീകരണവേളയില്‍ റബര്‍ വ്യാവസായിക അസംസ്കൃത വസ്തുവാണെന്നും കാര്ഷികോത്പന്നമല്ലെന്നും ഇന്ത്യ എഴുതിക്കൊടുത്തത് തിരുത്തി അംഗീകരിക്കേണ്ടത് ഈ വേദിയാണ്. അതേസമയം കോവിഡിനുശേഷം ആഗോളവിപണി ഉദാരവത്കരണത്തിന് മുന്‍തൂക്കം നല്കുന്ന സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കാവുന്ന ഈ സമ്മേളനം ഇന്ത്യയിലെ കര്‍ഷകരുടെ നിലനില്പിനെ ബാധിക്കും.
ബ്രിക്സ് - ജി20ഓഗസ്റ്റ് 22-24 തീയതികളിൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ചേരുന്ന ബ്രിക്സ് ഉച്ചകോടിയും ഇന്ത്യന്‍ കാര്‍ഷികമേഖല ഉറ്റുനോക്കുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരമേഖലകളുടെ ഭീഷണി ഇപ്പോള്‍ത്തന്നെ കാര്‍ഷികമേഖല നേരിടുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള ഗോതമ്പിന്റെ അനിയന്ത്രിത ഇറക്കുമതി പഞ്ചാബിന്റെ കാര്‍ഷിക സമ്പദ്ഘടന അട്ടിമറിച്ചു. സ്വതന്ത്രവ്യാപാരമില്ലെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യൻ വ്യാപാരമേഖലയുടെ 23 ശതമാനവും കീഴടക്കിയിരിക്കുന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. രാജ്യാന്തര വ്യാപാരത്തിന് അമേരിക്കന്‍ ഡോളര്‍ അല്ലാതെ പൊതു കറന്‍സി എന്ന നിര്‍ദേശവും ബ്രിക്സ് അംഗ രാജ്യങ്ങളില്‍ സജീവമായിരിക്കുന്നു.
സെപ്റ്റംബര്‍ ഒമ്പത്,10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി 20യും കാര്‍ഷിക മേഖലയെ സ്വാധീനിക്കും. ലോകമൊന്നാകെ നിയന്ത്രിക്കുന്ന 20 രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും ആഗോളസാമ്പത്തിക വ്യാപാര ഏജന്‍സികളും ഡല്‍ഹിയില്‍ സമ്മേളിക്കുമ്പോള്‍ റീ ഗ്ലോബലൈസേഷന് പുതിയ വഴികള്‍ തേടും. ജനസംഖ്യയിലും മാനവവിഭവശേഷിയിലും കുതിക്കുന്ന ഇന്ത്യയുടെ കാര്‍ഷിക വിപണിയെ വിലപേശിയെടുക്കുന്നതിനായി ഈ ഉച്ചകോടികള്‍ മാറുമോയെന്ന ആശങ്കയും കര്‍ഷകരിലുണ്ട്.
‘റീ ഗ്ലോബലൈസേഷന്’പുതിയതായി രൂപം കൊള്ളുന്ന വിവിധ ആഗോള സാമ്പത്തിക വ്യാപാരക്കൂട്ടായ്മകളും ‘റീ ഗ്ലോബലൈസേഷന്’ ലക്ഷ്യംവച്ചുള്ളതാണ്. ഇന്ത്യക്ക് ഈ ആഗോള കൂട്ടായ്മകളില്‍നിന്ന് മാറിനില്‍ക്കാനാവില്ല. ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി വിപണിയായി ഇന്ത്യ മാറുമ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയുടെ ജീവനോപാധിയായ കാര്‍ഷികമേഖലയെ സംരക്ഷിക്കുവാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകള്‍ അരങ്ങു തകര്‍ത്ത ആഗോളവത്കരണത്തിന്റെ ഇരകളാണ് ഇന്ത്യയിലെ കര്ഷകരെന്നുള്ള സത്യം അധികാരകേന്ദ്രങ്ങള്‍ മറക്കരുത്.
കര്‍ഷകര്‍ മാറിച്ചിന്തിക്കണംറീഗ്ലോബലൈസേഷന് യുഗത്തില്‍ കര്‍ഷകരും മാറിച്ചിന്തിക്കണം. 2000മാണ്ടിലെ ചെറുകിട കാര്‍ഷിക ചിന്തകള്‍ക്ക് ഇന്ന് പ്രസക്തിയില്ല. മാറ്റങ്ങള്‍ക്ക് തയാറാകുന്നില്ലെങ്കില്‍ വിലത്തകര്‍ച്ചയില്‍ വിലപിച്ച് സ്വയം നശിക്കുമെന്നല്ലാതെ ആരും സംരക്ഷിക്കാനില്ലെന്നും കര്‍ഷകര്‍ തിരിച്ചറിയണം. ചെറുകിട കര്‍ഷകരുടെ കൂട്ടായ്മകള്‍ ശക്തിപ്പെടണം. കര്‍ഷകര്‍ സംഘടിച്ചുള്ള നിക്ഷേപ സംരംഭങ്ങളുണ്ടാകണം. ഗ്രാമീണ കാര്‍ഷികവിപണികള്‍ ആഗോളവിപണിയുമായി മത്സരക്ഷമത കൈവരിക്കാതെ ഇനി നിലനില്‍പ്പില്ല. ആഗോളവിപണിയുടെ സാധ്യതകള്‍ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുമനുസരിച്ച് വിളമാറ്റ കൃഷിയുണ്ടാകണം. ജനങ്ങളുടെ ഭക്ഷ്യ ഉപയോഗ സംസ്കാരത്തിലെ മാറ്റങ്ങളും കാണാതെ പോകരുത്. ഫലവര്ഗക്കൃഷിയുടെ അനന്തസാധ്യതകള്‍ മനസിലാക്കി പ്രോത്സാഹനമേകുവാന് നിലവിലുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതുവാന്‍ സര്‍ക്കാരുകള്‍ക്കാകണം.