ബാങ്ക് ഉദ്യോഗസ്ഥൻമയക്കുമരുന്ന് മനുഷ്യനെ എങ്ങനെ മൃഗമാക്കി മാറ്റുമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു തൊടുപുഴയിൽ അരങ്ങേറിയ ഈ ദുരന്തം. കൂടുതൽ ചോദ്യം ചെയ്യലിൽ നാലു വയസുകാരനെ ലൈംഗികമായി ദുരുപയോഗിച്ചതിന്റെ കഥകളും പുറത്തുവന്നു. തന്റെ യുവത്വം അടക്കം ജയിലിൽ തള്ളിനീക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് ഈ യുവാവ്.
അത്യാവശ്യം നല്ല ചുറ്റുപാടിൽ അന്തസായി കഴിയേണ്ട ഒരു യുവാവിന്റെ ജീവിതത്തെ മയക്കുമരുന്ന് തകർത്തു തരിപ്പണമാക്കുകയും മറ്റുള്ളവരുടെ സമാധാനജീവിതത്തിനു ഭീഷണിയായി വളർത്തുകയും ചെയ്തതിന്റെ ദുരന്തചിത്രമാണ് അരുണ്‍ ആനന്ദിന്റെ ജീവിതം.
പ്രമുഖ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അരുണ്‍ ആന്ദിന്റെ അച്ഛൻ. സഹോദരൻ മിലിട്ടറി ലെഫ്റ്റനന്റ് കേണൽ.
അച്ഛൻ ബാങ്ക് സർവീസിലിരിക്കെ മരിച്ചതിനെത്തുടർന്ന് ആ ജോലി അരുണ്‍ ആനന്ദിനു ലഭിച്ചു. മലപ്പുറത്തായിരുന്നു പോസ്റ്റിംഗ്. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു തിരുവനന്തപുരത്തിനു മടങ്ങി. ഇതിനകം ലഹരിഭ്രാന്ത് ഇയാളെ കീഴ്പ്പെടുത്തിയിരുന്നു.
ലഹരി-ഗുണ്ടാസംഘങ്ങളുമായി ബന്ധം, ലഹരിക്കടത്ത്, മണൽക്കടത്ത് തുടങ്ങി ഇരുണ്ട വഴികളിലൂടെ സഞ്ചാരം തുടങ്ങി. ലഹരി അകത്തുചെന്നാൽ വിരോധം തോന്നുന്നവരോടു പൈശാചികമായ രീതിയിലാണ് ഇയാൾ ഇടപെട്ടിരുന്നത്. അങ്ങനെ വധശ്രമം അടക്കമുള്ള കേസുകളിൽപ്പെട്ടു. ഭാര്യ ഉപേക്ഷിച്ചുപോയി. ഇതിനിടയിലാണ് ഭർത്താവ് മരിച്ച യുവതിയെ പരിചയപ്പെടുന്നതും വലയിലാക്കുന്നതും.
ഇരകൾ കുരുന്നുകൾകുട്ടികളോടു സ്നേഹം പ്രകടിപ്പിച്ചാണ് യുവതിയുമായി അടുപ്പമുണ്ടാക്കിയത്. ആ അടുപ്പം വേണ്ടെന്നു ബന്ധുക്കളടക്കം ഉപദേശിച്ചതു കണക്കാക്കാതെയാണ് രണ്ടു കുട്ടികളുമായി യുവതി അരുണിനൊപ്പം പോയത്. എന്നാൽ, ആഴ്ചകൾക്കു ശേഷമാണ് അരുണിന്റെ ലഹരിശീലവും മൃഗീയസ്വഭാവവുമൊക്കെ അവർ തിരിച്ചറിയുന്നത്. അപ്പോഴേക്കും ഭീഷണികൊണ്ടും മർദനംകൊണ്ടും അരുണ്‍ അവരെ വരുതിയിലാക്കിയിരുന്നു.
ഇതൊരു അരുണിന്റെ മാത്രം ചരിത്രമല്ല, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ലഹരി ഉപയോഗം മൂലം തങ്ങളുടെ ബാല്യം ഭീതിയിലും അരക്ഷിതാവസ്ഥയിലും പീഡനങ്ങളിലും തള്ളിനീക്കുന്ന നിരവധി കുട്ടികൾ ഇന്നു കേരളത്തിലുണ്ട്. പലപ്പോഴും ദുരന്തങ്ങളിൽ കലാശിച്ചുകഴിയുന്പോൾ മാത്രമേ അതു പുറംലോകം അറിയുന്നുള്ളൂ എന്നു മാത്രം. കുട്ടികളെ മറയാക്കി മയക്കുമരുന്നു കടത്തുന്ന സംഘങ്ങളും പെരുകിയിട്ടുണ്ട്. ഭാര്യയെയും കുട്ടികളെയും ഒപ്പം കൂട്ടി ഒഡീഷയിൽനിന്നു മയക്കുമരുന്നു കടത്തിയ സംഘം രണ്ടു ദിവസങ്ങൾക്കു മുന്‍പ് തിരുവനന്തപുരത്തു പിടിയിലായിരുന്നു.
ആരെ വിശ്വസിക്കും?നമ്മുടെ കുഞ്ഞുതലമുറയ്ക്ക് തീർത്തും അരക്ഷിതമായൊരു അന്തരീക്ഷമാണ് ഈ മയക്കുമരുന്നു വ്യാപനം സൃഷ്ടിച്ചു നൽകിയിരിക്കുന്നത്. സിനിമയിലെ ലഹരിവ്യാപനം മൂലം മകന് അഭിനയിക്കാൻ കിട്ടിയ അവസരം വേണ്ടെന്നുവച്ചെന്നു നടൻ ടിനി ടോം പറഞ്ഞത് വലിയ വാർത്തയായിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ലഹരിയിൽനിന്നും ലഹരി ഉപയോഗിക്കുന്നവരിൽനിന്നും മക്കളെ എങ്ങനെ സംരക്ഷിക്കണമെന്ന ആധിയിൽ കഴിയുന്ന മാതാപിതാക്കൾ നിരവധിയുണ്ട് ഈ നാട്ടിൽ. കലാലയ പരിസരങ്ങളിലും കളിക്കളങ്ങളിലുമെല്ലാം ലഹരിയുടെ കണ്ണികൾ വേരുറപ്പിച്ചുകഴിഞ്ഞു. പണ്ടൊക്കെ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്ന മക്കളെ എങ്ങനെയെങ്കിലും പറഞ്ഞു കളിമൈതാനങ്ങളിലേക്കു വിടാനായിരുന്നു മാതാപിതാക്കൾ ശ്രമിച്ചിരുന്നത്. എന്നാൽ, ഇന്നു മക്കളെ കളിക്കളങ്ങളിലേക്ക് പറഞ്ഞുവിട്ടിട്ട് എങ്ങനെ സമാധാനത്തോടെ വീട്ടിലിരിക്കുമെന്നാണ് മാതാപിതാക്കളിൽ പലരും ചോദിക്കുന്നത്.
മദ്യവും മറ്റും ഉപയോഗിച്ചെത്തുന്നവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. എന്നാൽ, രാസലഹരികളും മറ്റും ഉപയോഗിക്കുന്നവരെ സാധാരണക്കാർക്ക് അത്ര പെട്ടെന്നു തിരിച്ചറിയാൻ പോലും കഴിയില്ല. അവർ ഡ്രൈവർമാരായും തൊഴിലാളികളായും കച്ചവടക്കാരായും ഉദ്യോഗസ്ഥരായും എന്തിന് അധ്യാപകരായി പോലും നമ്മുടെ മുന്നിലെത്തുമെന്നാണല്ലോ കൊട്ടാരക്കര സംഭവം തെളിയിക്കുന്നത്. ഇവരൊക്കയുമായി ഇടപെടുന്ന നമ്മുടെ കുട്ടികൾ ഉൾപ്പെട്ടവർ സുരക്ഷിതരാണന്ന് എങ്ങനെ നമ്മൾ ഉറപ്പിക്കും?
(തുടരും)